പണ്ടെപ്പോഴോ തൊമ്മന്‍കുത്ത് പോയപ്പോള്‍ എടുത്ത ഫോട്ടോ. ഇതെന്ത് കൂത്ത്?? അതൊക്കെ ഇപ്പൊ ഇവിടെ എഴുന്നുള്ളിക്കുന്നതിനെന്തിന് എന്നാണ് ചോദ്യമെങ്കില്‍. അടുത്ത ആഴ്ച നാട്ടില്‍ പോവുന്നതാലോചിക്കുമ്പോള്‍ ഒരിത്. ആ ഒരിത് വരുമ്പോ പഴയ ഫോട്ടോസ് ഒക്കെ ഒന്ന് എടുത്ത് നോക്കും, അപ്പൊ കുറച്ചൊരാശ്വാസം. പതിവ് പോലെ ഒരാഴ്ച മുന്‍പ് തന്നെ ഉറക്കം പോലും ശെരിയാവുന്നില്ല. നാട്ടിലേക്ക് പോവുന്നതില്‍ പരം, സന്തോഷം തോന്നുന്നൊരു കാര്യമില്ല. പറഞ്ഞു കേട്ട പ്രവാസി ജീവിതത്തിന്‍റെ യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത ജോലിയാണ് എന്‍റെത്. കുടുംബവും കൂട്ടുകാരും എല്ലാമുള്ള സന്തോഷപ്രദമായ പ്രവാസജീവിതം. പക്ഷെ ഇതൊന്നും നാടിനോടുള്ള ആകര്‍ഷണീയത ഒരല്‍പ്പം പോലും കുറക്കുന്നില്ല.
നാട്ടില്‍ നല്ല ജോലിയുണ്ടായിരുന്നു, ഇപ്പോള്‍ പോയാലും നല്ല ജോലി കിട്ടും. പറയുന്നതില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ ... എന്തോ, വാപ്പ പറഞ്ഞ് കേട്ടിട്ടുള്ള വളരെ പ്രശസ്തമായൊരു കഥ ഓര്‍മ്മ വന്നു, ആര് എഴുതിയതാണെന്ന് ഓര്‍മ്മയില്ല. എന്തായാലും കഥ പറയാം
ഒരിടത്തൊരിടത്തൊരു കോടീശ്വരന്‍, ആളൊഴിഞൊരു കടപ്പുറത്ത് അവധിക്കാല വസതിക്കായി കുറെ സ്ഥലം വാങ്ങി. സ്ഥലം കാണാനെത്തിയപ്പോളാണ് കോടിശ്വരന്‍ തന്‍റെ പറമ്പിനോട് ചേര്‍ന്നിരിക്കുന്ന കുടില്‍ കണ്ടത്. കണ്ണേറിലൊന്നും വിശ്വാസമില്ലാത്ത കോടിശ്വരന്‍, പറയുന്ന കാശ് കൊടുത്ത് അത് കൂടി കൈക്കലാക്കാന്‍ തീരുമാനിച്ചു. കുടിലിന്‍റെ ഉടമസ്ഥന്‍ ഒരു പാവം മുക്കുവനാണ്, പിഞ്ഞിപഴകിയ ഒരു ബനിയന്‍ ധരിച്ച് തെങ്ങിന്‍റെ തണലില്‍ വിശ്രമിക്കുന്ന മുക്കുവനെ വിലക്ക് വാങ്ങാന്‍ കോടീശ്വരനങ്ങോട്ടു ചെന്നു. കച്ചവടത്തിന്‍റെ രസതന്ത്രമറിയാവുന്ന കോടീശ്വരന്‍ വിഷയം നേരെ അവതരിപ്പിച്ചില്ല.
കോടീശ്വരന്‍: എന്തേ ഇന്ന് പണിക്ക് പോയില്ലേ?
മുക്കുവന്‍: പോയി
കോടീശ്വരന്‍: നേരം ഉച്ചയാവുന്നതല്ലേ ഉള്ളൂ
മുക്കുവന്‍: രാവിലെ പിടിച്ച മീന്‍, ചന്തയില്‍ കൊണ്ട് പോയി കൊടുത്തു കാശാക്കി. ഇന്നത്തെ പണി കഴിഞ്ഞു.
കോടീശ്വരന്‍: ഇപ്പോള്‍ ചൂണ്ടയിട്ടാലും കിട്ടുമല്ലോ കുറേ കൂടി മീന്‍
മുക്കുവന്‍: എന്നിട്ട്?
കോടീശ്വരന്‍: അപ്പോള്‍ കുറെ കൂടി പൈസ കിട്ടും. അത് കൂട്ടി വച്ച് ഒരു വഞ്ചി വാങ്ങണം.
മുക്കുവന്‍: എന്നിട്ട്?
കോടീശ്വരന്‍: ശെരിക്കും അധ്വാനിച്ചാല്‍ കൂടുതല്‍ വഞ്ചികള്‍ വാങ്ങിക്കാന്‍ കഴിയും. അതില്‍ വേറെ പണിക്കാരെ വെക്കണം.മുക്കുവന്‍: എന്നിട്ടോ?
കോടീശ്വരന്‍: കുറച്ച് കൂടി കഴിഞ്ഞാല്‍ കടലില്‍ പോവേണ്ടി വരില്ല. കരക്കിരുന്നു കണക്ക് നോക്കിയാല്‍ മതിയാവും.
മുക്കുവന്‍ കുടിച്ച് തീര്‍ന്ന കരിക്കിന്‍ തൊണ്ട് വലിച്ചെറിഞ്ഞതിന് ശേഷമൊരു ബീഡിക്ക് തീ കൊളുത്തി. കോടീശ്വരനാവട്ടെ ഉപദേശിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തില്‍, താന്‍ ജീവിതം കൊടുത്ത് പഠിച്ച വിപണന തന്ത്രങ്ങളെ കുറിച്ച് വാചാലനായി. കടലില്‍ നിന്ന് കണ്ണെടുക്കാതെ, കേള്‍ക്കുന്നുണ്ടെന്ന് വരുത്താനായി മുക്കുവന്‍ ഇടക്കിടക്ക് മൂളികൊടുത്തു.
കോടീശ്വരന്‍: ....അങ്ങിനെ ഒരു പാട് ഫിഷിംഗ് ബോട്ടുകള്‍ ഉള്ള ഒരു കോടീശ്വരനായി നിങ്ങള്‍ക്ക് മാറാന്‍ കഴിയും.
മുക്കുവന്‍: എന്നിട്ട്?
കോടീശ്വരന്‍: അപ്പോഴേക്കും ഒരു പാട് പൈസയും, പ്രായവും ആയിട്ടുണ്ടാവും. അപ്പോള്‍ ഏതെങ്കിലും ഒരൊഴിഞ്ഞ കടപ്പുറത്ത് ഒരു ഹട്ടെല്ലാം പണിത്, എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ്, സമാധാനപൂര്‍ണമായി ജീവിക്കാം. പ്രഭാതങ്ങളില്‍ അല്‍പ്പനേരം കടലില്‍ ചൂണ്ടയിടാം. ബാക്കി സമയം കടല്‍കാറ്റ് കൊണ്ട് വിശ്രമിക്കാം. പിന്നെ...
അത്രയുമായപ്പോഴേക്കും മുക്കുവന്‍ പൊട്ടിച്ചിരിച്ച് കൊണ്ട് അവിടെ നിന്നെണീറ്റ് തന്‍റെ കുടിലിലേക്ക് നടന്നു.
അവധിയ്ക്ക് പോവുകയാണല്ലേ? സന്തോഷകരമായ ദിനങ്ങള്‍ ആശംസിക്കുന്നു.
ReplyDeleteനന്ദി അജിത്, അതെ രണ്ടു ദിവസം കൂടി എങ്ങിനെയെങ്കിലും തള്ളി നീക്കണം :)
Deleteഎന്നിട്ടോ?
ReplyDeleteഎന്നിട്ട്, നേരില്‍ കാണുമ്പോള്‍ പറയാം :)
Deleteഇത് തന്നെയല്ലേ ഞാനിപ്പോഴും ചെയ്യുന്നത് എന്നായിരുന്നു മൂപ്പരുടെ മനസ്സില്‍ .ഉബൈദ് ..പക്ഷെ റോഷന്‍ ആ കഥയുടെ ഇവിടത്തെസാങ്ങത്യം കൂടെ ഒന്ന് വ്യക്തമാക്കിക്കൂടെ ?
ReplyDeleteവാലും തുമ്പും ഒന്നുമില്ലാത്തതായി പോയല്ലേ സിയാഫ്. നാട്ടില്‍ പോവുന്നതിന്‍റെ ഒരു ത്രില്‍ നിങ്ങള്‍ക്ക് മനസിലാവില്ല ഭായി, ആ ദിവസമടുക്കുന്തോറും ഒരു ലഹരിയാണ്. തല്‍ക്കാലം ആയൊരു മത്ത് കിട്ടാനായി ഒരു വഴി പറയാം, ഒന്ന് ശ്രമിച്ച് നോക്കൂ.
Deleteഏതെങ്കിലുമൊരു മദ്യം സേവിച്ച് നല്ല പൂസാവുക. കള്ളടിക്കുന്നതില്‍ നിര്‍ബന്ധങ്ങളില്ല, എന്‍ജിന്‍ എവിടെയാണോ അവിടത്തെ സൗകര്യമനുസരിച്ച് പാക്കെറ്റ് ചാരായമോ, ബാങ്ങോ, സ്കോച്ചോ, അതോ ഇതെല്ലാം കൂടിയോ ആവാം. നല്ല പൂസായിയെന്നുറപ്പ് വരുത്തിയതിന് ശേഷം മാത്രം, പുറകില്‍ രണ്ട് കഞ്ചാവ് ബീഡി കൂടി വലിച്ച് വിടുക. ഇതിന് ശേഷം ഒരു മഞ്ച് മിട്ടായിയും തിന്ന്, സ്പീഡില്‍ പോവുന്ന ട്രെയിനിന്‍റെ, ഏറ്റവും മുന്‍പില്‍ ചുരുങ്ങിയത് അര മണിക്കൂര്‍ നില്‍ക്കുക. അഥവാ വീട്ടിലാണ് ഉള്ളതെങ്കില്‍ ഒരിരുട്ട് മുറിയില്‍ കേറി, കമ്പുട്ടെറില്‍ കറങ്ങുകയും ചലിക്കുകയും ഒക്കെ ചെയ്യുന്ന ഏതെങ്കിലുമൊരു സ്ക്രീന്‍ സേവറും നോക്കി അര മണിക്കൂര്‍ ഇരുന്നാലും മതിയാവും.
ഇപ്പോള്‍ കിട്ടുന്ന ഒരു കിക്കുണ്ടല്ലോ, അതാണ് നാട്ടില്‍ പോവുന്നതിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ കിട്ടുന്നത്. അപ്പോള്‍ പറയുന്നതില്‍ വലിയ സാന്ഗത്യമോ വ്യക്തതയോ ഒന്നും ഉണ്ടാവില്ല. :)
ഗുണപാഠങ്ങൾ കഥയ്ക്കു കൊള്ളാം. ജീവിതത്തിൽ നമുക്കും കോടീശ്വരനാകണം. :(
ReplyDeleteഇതൊക്കെ ചുമ്മാ പറയാനേ കൊള്ളൂ നാസര്‍ :) സീസര്‍ക്കുള്ളത് സീസറിന് വേണം
Deleteഎന്നീട്ടും നമ്മളൊക്കെ ഇവിടെ തന്നെ.., പ്രവാസിയായ് :(
ReplyDeleteThis comment has been removed by the author.
ReplyDeleteഅതെ!
ReplyDeleteഇപ്പോള്‍ ആ മുക്കുവന്‍ ആസ്വദിക്കുന്ന മനസുഖവും ശാന്ത സുന്ദരമായ ജീവിതത്തെയും കുറിച്ച് ഓര്‍ത്തുതന്നെയാണ് അദ്ദേഹം കുടിലിലെയ്ക്ക് കയറിപ്പോയത്.
പ്രവാസിക്ക് കഴിയാത്തതും ആയാസമായ ആ തിരിച്ചുപോക്കാണ് :(
ചെറിയ കഥ, വലിയ ചിന്തകള്‍!!!!!
നന്ദി റോഷന്‍
(പിന്നെ ചിത്രങ്ങള്‍ രണ്ടും സുന്ദരം, ഫോര്‍ട്ട്കൊച്ചിയുടെ കായലിന്‍റെ ആ കളര്‍ടോണും നന്നായിട്ടുണ്ട്)
സുന്ദരൻ ചിത്രങ്ങൾ.. നമുക്കങ്ങനെ കുടിലേക്ക് കയറിപ്പോകാൻ പറ്റുന്നില്ല. നമ്മൾ കയറിപ്പോകുന്ന കുടിലാണ് എയറിന്ത്യാ എക്സ്പ്രെസ്സ്..
ReplyDelete