ഇന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.
ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം
എല്ലാ മിത്തുകളേയും പോലെ, ഇതു നടക്കുന്നതും ഏതോയൊരു പുരാതന കാലത്താണ്. കേട്ടപാതി ഓന്തുകള്‍ക്കും, ഡൈനോസറുകള്‍ക്കും മുന്‍പേയുള്ള കാലത്തിലേക്കൊന്നും തേരോടിക്കേണ്ട. അതിനുമൊക്കെ ശേഷം ജീവബിന്ദുക്കള്‍ പരിണമിച്ചു എഞ്ചിനീയര്‍മാരൊക്കെ ആവുന്ന കാലഘട്ടം, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ കേരളത്തില്‍ സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകള്‍ തുടങ്ങുന്ന കാലം. അതുകൊണ്ടു ഭാവന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കേണ്ട, കൊഡാക്കിന്‍റെ ഗോള്‍ഡ് ഫിലിം ലോഡ് ചെയ്താല്‍ സംഗതി കളറുമാവും, കാലഘട്ടത്തോട് നീതി പുലര്‍ത്തിയെന്നുമായി.
അതെ, തൊണ്ണൂറുകളുടെ പകുതിയിലാണ് എഞ്ചിനിയറാവാമെന്ന അത്യാഗ്രഹത്തോടെ റോബിന്‍ LBSന്‍റെ കാസറഗോഡ് കലാലയത്തിലേക്ക് കാലെടുത്തു വെക്കുന്നത്. മെക്കാനിക്കല്‍ ബ്രാഞ്ചിലാണ് റോബിന്‍ ജോയിന്‍ ചെയ്തിരിക്കുന്നതു. മെക്കാനിക്കലില്‍ എല്ലാവരും ആണ്‍കുട്ടികളാണെങ്കിലും, ഒന്നാഞ്ഞു പിടിച്ചാല്‍ രാജപദവി തന്നെ നേടാനുള്ള സുവര്‍ണ്ണാവസരമുണ്ടെന്നു റോബിന്‍ തിരിച്ചറിയുന്നു. കലാലയ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഒരു പ്രീ ഡിഗ്രീ പാരമ്പര്യത്തിനുടമയായിരുന്നു റോബിന്‍. NRI ക്വാട്ടയിലൂടെയും, പ്ലസ്സ് ടുവിലൂടെയുമൊക്കെ തന്‍റെ ക്ലാസ്സിലേക്കെത്തിയ സഹപാഠികളുടെ ഭൌതീക നേതാവായി ശിഷ്ടകാലം ചിലവഴിക്കണമെന്നു റോബിന്‍ മനസിലുറപ്പിച്ചു.
എഞ്ചിനിയറിംഗ് കോളേജിലെ മെക്കാനിക്കല്‍ - ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ തലമുറയും ആ വൈരാഗ്യ ബുദ്ധിയെ ചുട്ടുപഴുപ്പിച്ചു തല്ലിക്കൂര്‍പ്പിച്ച് അടുത്ത തലമുറക്ക് കൈമാറും. കായികമായ എല്ലാ പോരാട്ടങ്ങളിലും ആണ്‍കുട്ടികള്‍ മാത്രമുള്ള മെക്കാനിക്കല്‍ ബ്രാഞ്ചിനോട് നല്ലൊരു മത്സരം കാഴ്ച വെക്കാനുള്ള കെല്‍പ്പ് മറ്റു ബ്രാഞ്ചുകള്‍ക്കില്ലായിരുന്നു. തല്ല്, വടംവലി, അലമ്പ്, കള്ളുകുടി, ക്രിക്കറ്റ്, ഫുട്ട്ബോള്‍, കുളിക്കാതെയും നനക്കാതെയുമിരിക്കല്‍... ഇത്യാദി സകലമാന കായികയിനങ്ങളിലും തികഞ്ഞ അപ്രമാദിത്വമാണു മെക്കാനിക്കല്‍ ബ്രാഞ്ചിനുണ്ടായിരുന്നതു.
തങ്ങള്‍ സദാ വിജയിക്കുന്നുണ്ടെങ്കിലും, വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വിരസവും ഏകപക്ഷീയവുമായ മത്സരങ്ങളില്‍ റോബിന്‍ തൃപ്തനായിരുന്നില്ല. താന്‍ വിഭാവനം ചെയ്യുംവിധമുള്ള ഒരു ചക്രവര്‍ത്തി പട്ടം നേടാനിത് മതിയാവില്ലെന്ന് റോബിന്‍ തിരിച്ചറിയുന്നു. അങ്ങിനെ ആരാലും ചോദ്യം ചെയ്യപ്പെടാത്ത ഒരേയൊരു നേതാവായി ഉയരാന്‍ വേണ്ടിയാണ് റോബിന്‍ തന്‍റേതു മാത്രമായ പുതിയൊരു പോര്‍മുഖം തുറക്കുന്നതു. ഇലക്ട്രിക്കലുമായുള്ള മെക്കാനിക്കലിന്‍റെ യുദ്ധമെന്നത് കേവലം വിദ്യാര്‍ത്തികള്‍ തമ്മിലുള്ള ചക്കുളത്തി പോരാട്ടമെന്ന നിലയില്‍ നിന്നും, ആക്രമണം അദ്ധ്യാപകരിലേക്ക് കൂടി റോബിന്‍ വ്യാപിപ്പിക്കുന്നതങ്ങിനെയാണ്.
ഇലക്ട്രിക്കല്‍ അദ്ധ്യാപകരില്‍ കരുണന്‍ മാഷിനാണ് ഏറ്റവും മൂപ്പ് കൂടുതല്‍. അടിക്കുമ്പോള്‍ തലക്ക് തന്നെ അടിക്കണമെന്നു റോബിനും കേട്ടിട്ടുണ്ട്. യാതൊരു ദാക്ഷിണ്യവുമില്ലാതെ ഒളിഞ്ഞും തെളിഞ്ഞും ഇലക്ട്രിക്കല്‍ വിഭാഗത്തിലെ അദ്ധ്യാപകരെ, വിശിഷ്യാ കരുണന്‍ മാഷിനെ റോബിന്‍ അപമാനിച്ചു കൊണ്ടേയിരുന്നു. കരുണന്‍ മാഷിനെതിരെയുള്ള റോബിന്‍റെ ആക്രമണങ്ങള്‍ക്ക്, തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രോത്സാഹനം മെക്കാനിക്കല്‍ മാഷുന്മാര്‍ എപ്പോഴും നല്‍കിയിരുന്നു. നോട്ടം കൊണ്ടും പുഞ്ചിരി കൊണ്ടും ഇന്റേണല്‍ മാര്‍ക്കുകള്‍ കൊണ്ടും അവര്‍ അവനെയനുഗ്രഹിച്ചു. പതുക്കെ പതുക്കെ കരുണന്‍ മാഷിനെതിരെയുള്ള മെക്കാനിക്കല്‍ വിഭാഗത്തിന്‍റെ വജ്രായുധമായി റോബിന്‍ മാറി. ഇതിനെടയിലെപ്പോഴോ എഞ്ചിനിയറാവുകയെന്ന സ്വപ്നം, റോബിന്‍റെ മുന്‍ഗണന ലിസ്റ്റില്‍ നിന്നും പുറത്തുപോയിരുന്നു.
കാലത്തിന് വല്ലാത്തൊരു വേഗതയാണ്, പ്രത്യേകിച്ച് ജീവിതത്തിലെ സുവ്വര്‍ണ്ണ കാലഘട്ടത്തിന്. ഇയര്‍ ഔട്ട് ഒന്നുമില്ലാതിരുന്നത് കൊണ്ട്, അനര്‍ഗള നിര്‍ഗളം റോബിന്‍ ആറാം സെമെസ്റ്ററിലെത്തി. കാലത്തിന്‍റെ ഈ മലവെള്ളപ്പാച്ചിലിനിടയില്‍ റോബിന്‍ കുറച്ച് പരീക്ഷകള്‍ മാത്രം എഴുതുകയും, കുറച്ചധികം സ്കൂട്ട് ചെയ്യുകയും ചെയ്തു. എഴുതിയവയിലധികവും പൊട്ടി. പൊതുവില്‍ എല്ലാവരും പാസ്സാവുന്ന ലാബ് എക്സാമുകള്‍ വരെയുണ്ട് റോബിന്‍റെ പറ്റു പുസ്തകത്തില്‍. റെക്കോഡ് ബുക്ക് വാങ്ങിക്കണം, കളം വരച്ചതിലെഴുതണം, ഗ്രാഫ് വരക്കണം, ഓരോ ആഴ്ചയിലും മാഷിന്‍റെ ഒപ്പ് വാങ്ങിക്കണം... ഇങ്ങിനെ സമയബന്ധിതമായി ഒരു പാട് കടമ്പകള്‍ ചാടിക്കടക്കണമെന്നുള്ളത് കൊണ്ടും, ഒരു തരത്തിലുമുള്ള ഉദ്യോഗസ്ഥാധിപത്യം അംഗീകരിച്ചു കൊടുക്കാന്‍ മനസില്ലാത്തതു കൊണ്ടും ലാബ് എക്സാമുകളോടു പോലും തികഞ്ഞ അവഗണനയായിരുന്നു.
പക്ഷെ കാര്യങ്ങള്‍ ഇപ്പോള്‍ പഴയപോലെ നിസ്സാരവല്‍ക്കരിച്ച് കാണാന്‍ കഴിയില്ല. ബാക്ക് പേപ്പറുകളുടെ കൃത്യമായ കണക്ക് ആരോ വീട്ടിലെത്തിച്ചിരിക്കുന്നു. അതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ സംഘട്ടനങ്ങള്‍ കലാപങ്ങള്‍ ഏറ്റുപറച്ചിലുകള്‍ കണ്ണീര്‍ചാലുകള്‍ സത്യപ്രതിജ്ഞകള്‍... ഹോ അതൊന്നും വിവരിക്കാന്‍ വയ്യ. എല്ലാ പരീക്ഷകളുമെഴുതി, എല്ലാം എങ്ങിനെയും പാസ്സാവുകയെന്നൊരു വഴി മാത്രമേ നമ്മുടെ മഹാരാജാവ് റോബിന്‍റെ മുന്നില്‍ ഇപ്പോള്‍ ബാക്കിയുള്ളൂ.
ആദ്യ പരീക്ഷ ഇലക്ട്രിക്കല്‍ ലാബ്. തികച്ചും നീതിപൂര്‍വവും നിക്ഷ്പക്ഷവുമായ രീതിയിലാണ് ലാബ് എക്സാമുകള്‍ നടത്തി വരുന്നതു. പരീക്ഷയ്ക്കുള്ള എല്ലാ പരീക്ഷണങ്ങളും ഓരോ കടലാസിലെഴുതി ചുരുട്ടി ഒരു പാത്രത്തില്‍ ഇട്ടേക്കും. ഊഴമനുസരിച്ച് ഓരോരുത്തരായി വന്ന് ഓരോന്നെടുക്കണം, അതിലെഴുതി വെച്ചിട്ടുണ്ടാകും ഓരോരുത്തന്‍റെയും തലവര. സ്വയം തിരഞ്ഞെടുക്കുന്നതായത് കൊണ്ട് വിധിയെ പഴിക്കണോ, ദൈവത്തെ സ്തുതിക്കണോ എന്നുള്ളതൊക്കെ വ്യക്തിസ്വാതന്ത്ര്യം.
ലാബ് എക്സാമൊക്കെ വെറും ചീള് കേസ് കെട്ടാണെന്ന് റോബിനും കേട്ടിട്ടുണ്ട്. പോരാത്തതിന് സകല പരീക്ഷണങ്ങളുടെയും കൃത്യമായ അളവുകള്‍ രേഖപ്പെടുത്തിയ റെഡ്യുസ്ട് ഫോട്ടോകോപ്പി, പതിനാറായി മടക്കി അരയില്‍ തിരുകിയിട്ടുമുണ്ട്. ലാബ് അറ്റന്‍ഡര്‍മാരുടെ പിന്തുണ ഉറപ്പിച്ചുട്ടുണ്ടു. റോബിന്‍റെ പകുതി ചെയ്ത് കഴിഞ്ഞു, ഇനിയെല്ലാം ദൈവത്തിന്‍റെ കയ്യിലാണ്. സഖാവ് റോബിന്‍ മൂത്രപ്പുരയില്‍ കേറി മനസ്സുരുകി പ്രാര്‍ത്ഥിച്ചു. എരക്കലും ഏറ്റുപറച്ചിലുമൊക്കെ കഴിഞ്ഞ് ലാബില്‍ എത്തിയപ്പോഴേക്കും, ബാക്കി പിള്ളേരെല്ലാം പരിപാടികള്‍ തുടങ്ങി കഴിഞ്ഞിരുന്നു.
നവവധു മണിയറയിലേക്ക് കേറും പോലെ മന്ദം മന്ദം നടന്നടുത്ത റോബിന്‍ നാണത്തോടെ തലയുയര്‍ത്തി ഒന്നു നോക്കി. ഒന്നേ നോക്കിയുള്ളൂ, തന്‍റെ പ്രിയ കുരുവായ കരുണന്‍ മാഷ്! മാഷ് ചിരിക്കുകയാണ്, വല്ലാത്തൊരു ചിരി!! എങ്ങിനെയിത്ര കൃത്യമായി കരുണന്‍ മാഷിന് തന്നെയിന്ന് ലാബിന്‍റെ ചാര്‍ജ്ജ് കിട്ടി!!! ലാബ് പരീക്ഷകള്‍ക്ക് ഇത്രയും മൂത്ത അദ്ധ്യാപകര്‍, പ്രത്യേകിച്ചു കരുണന്‍ വരുന്ന പതിവില്ലല്ലോ!!!!
മാഷ് : എന്താ റോബീ ഈ വഴിയൊക്കെ?
റോബിന്‍ : അത് മാഷേ... ഞാന്‍ പിന്നെ... പരീക്ഷക്ക്...
മാഷ് : നീ എന്തായെന്നെ വിളിച്ചത്? മാഷെന്നോ!
റോബിനൊന്നും മിണ്ടിയില്ല, മിണ്ടാന്‍ കഴിയുമായിരുന്നില്ല. കരുണന്‍ മാഷിന് "കറണ്ട് കരുണന്‍" എന്ന സ്ഥാനപ്പേര് സമ്മാനിച്ചതിലും, അതിന്‍റെ പ്രചുരപ്രചാരണത്തിലുമുള്ള തന്‍റെ പങ്കിനെകുറിച്ചാണ് മാഷ് പ്രതിപാദിച്ചതെന്നറിയാന്‍ പരീക്ഷ പാസാവേണ്ട കാര്യമൊന്നുമില്ല.
മാഷ് : വല്ലതുമൊക്കെ പഠിച്ച് പാസ്സായാല്‍ നിനക്ക് കൊള്ളാം, ആ ഇരിക്ക്
റോബിന്‍ : വേണ്ട സാറേ, ഞാനിവിടെ നിന്നോളാം ...
മാഷ് : ഇരിക്കെടോ. മാഷിന്‍റെ ശബ്ദം ഉയര്‍ന്നു.
അതിവിനയം ഇനിയിവിടെ വിലപ്പോവില്ലെന്ന് മനസിലാക്കിയ റോബിന്‍ ചാടിക്കേറി സ്റ്റൂളിന്‍റെ അരിക് ചേര്‍ന്നിരുന്നു. മേശപ്പുറത്തിരിക്കുന്ന ചൂടന്‍ ചായയുടെ ആവിയും, പരിപ്പുവടയുടെ മണവും മൂക്കിലേക്കടിച്ച് കയറി. എന്‍റെ മാര്‍ക്സ് മുത്തപ്പാ... കരുണന്‍ മാഷ് നമ്മുടെ പാര്‍ട്ടിക്കാരനായിരുന്നോ! കോളേജുമാഗസിനില്‍ ഞാനെഴുതിയ "വിപ്ലവം പരിപ്പുവടയിലൂടെ" എന്ന എന്‍റെ കവിത മാഷ് വായിച്ചു കാണുമോ?
മാഷ് : എടുത്തോ റോബീ...
റോബിന്‍ പ്ലേറ്റില്‍ നിന്ന് കണ്ണെടുത്തു. മാഷിന്‍റെ ശബ്ദം നന്നേ സൗമ്യമായിരിക്കുന്നു. റോബിന്‍റെ മനസ്സില്‍ ഒരായിരം ചുവന്ന ലഡ്ഡുക്കള്‍ പൊട്ടി. കേവലമായ വ്യക്തി വിദ്വേഷങ്ങള്‍ക്കും മുകളിലാണ് ഏതൊരു സഖാവിനും പാര്‍ട്ടിയോടുള്ള കൂറ്.
റോബിന്‍ : വേണ്ട മാഷേ
മാഷ് : എടുക്ക് റോബീ ...
റോബിന്‍ : ഇല്ല സഖാവേ, ഇപ്പൊ ആവശ്യമില്ല....
മാഷ് : സഖാവോ, നീ ആള് കൊള്ളാമല്ലെടാ! എടുക്കുന്നുണ്ടെങ്കില്‍ വേഗം എടുക്ക്, ഇല്ലെങ്കില്‍ പുറത്തു പോ. വെറുതെ മനുഷ്യന്‍റെ സമയം മെനക്കെടുത്താതെ...
മാഷിന്‍റെ ശബ്ദം വീണ്ടുമുയര്‍ന്നു. കര്‍ശനമെങ്കിലും സ്നേഹനിര്‍ഭരമായ ആ ക്ഷണം ഇനിയും നിരസിക്കുന്നത് അനുചിതമായേക്കുമെന്ന് മനസ്സിലാക്കിയ റോബിന്‍, ചാടിക്കേറി പ്ലേറ്റില്‍ നിന്നൊരു പരിപ്പ് വടയെടുത്ത് കഴിച്ച് തുടങ്ങി.
അന്തംവിട്ട കരുണന്‍ മാഷ് ചിരിച്ചു തുടങ്ങുന്നതിനു മുന്‍പേ, ചുറ്റിലും നിന്നുള്ള ചിരിയുടെ എക്കോകള്‍ ലാബില്‍ അലയടിച്ചു. കൃത്യമായി ഒന്നും മനസിലായില്ലെങ്കിലും, ഇറങ്ങി പോടായെന്ന കരുണന്‍ മാഷിന്‍റെ അലര്‍ച്ചയ്ക്ക് മുന്നേ, റോബിന്‍ ലാബില്‍ നിന്നും പുറത്തേക്ക് നടന്നു തുടങ്ങിയിരുന്നു. ചോരയും നീരും കൊടുത്ത് താന്‍ പ്രചരിപ്പിച്ച കറണ്ട് കരുണനെന്ന പേരിനേക്കാള്‍ ജനസമ്മതി, ചുരുങ്ങിയ കാലം കൊണ്ടു "പരിപ്പുവട റോബിനെ"ന്ന പേരിന് ലഭിച്ചുവെന്നത് ചരിത്രം.
ആദ്യമായാണ് കരുണന്‍ മാഷിനോട് ഇങ്ങിനെ പരാജയപ്പെടുന്നത്. സഹിക്കാന്‍ കഴിയുന്ന അപമാനമല്ല നേരിട്ടതു. ഒരു തിരിച്ചടി റോബിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ അതിനൊന്നിനുമുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല റോബിന്‍. വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ധം, മാറിയ സാഹചര്യങ്ങള്‍… ഇതിനകം മാനേജ്മെന്‍റ് ക്വാട്ടയില്‍ ജോയിന്‍ ചെയ്ത തന്‍റെ ആരാധകരും, താനും തമ്മിലുള്ള അന്തരം റോബിന്‍ മനസിലാക്കിയിരുന്നു. റോബിന്‍റെ മുന്നില്‍ ഇപ്പോഴുള്ളതു, ഇനിയാകെ ബാക്കിയുള്ള രണ്ട് സെമെസ്റ്ററുകളും, ഇതുവരെ സമ്പാദിച്ചു കൂട്ടിയിട്ടുള്ള ഇരുപതു ബാക്ക് പേപ്പറുകളും മാത്രമാണ്. എല്ലാ അദ്ധ്വാനവും ശ്രദ്ധയും പഠനത്തിലേക്ക് മാത്രമായതോടെ റോബിന്‍റെ മനസ്സിലും, നാക്കിലും ടിമോഷെങ്കോയും, തെരെജയും, ഭട്ടും, ഭാട്ട്യയുമെല്ലാം മാത്രമായി. അതുകൊണ്ടു ഭക്തരെ പിരിച്ച് വിടാന്‍ കണ്ണീര്‍ വാതകമൊന്നും റോബിന് പൊഴിക്കേണ്ടി വന്നില്ല. കൂട് മാറിയ റോബിനെ, അന്നേവരെ അവനു അധകൃത വര്‍ഗ്ഗമായിരുന്ന ബുജികള്‍ ഏറ്റെടുത്തു. പിന്നെയങ്ങ്ട് കമ്പയിന്‍ സ്റ്റഡികളുടെയും നൈറ്റൌട്ടുകളുടെയും പരീക്ഷാ സീസണുകളുടെയും ദിനരാത്രങ്ങള്‍....
പരീക്ഷകള്‍ എഴുതി തുടങ്ങിയപ്പോഴാണ് റോബിന് പലതും മനസ്സിലായത്. ആകെ നൂറ്റമ്പതിലാണത്രേ പരീക്ഷ! അതില്‍ എഴുപത്തിയഞ്ച് മാര്‍ക്കുണ്ടെങ്കിലെ പാസ്സാവുകയുള്ളൂ പോലും!! ആകെയുള്ള നൂറ്റമ്പതില്‍ നൂറ് മാര്‍ക്ക് യൂണിവേര്‍സിറ്റി പരീക്ഷക്കും, ബാക്കി അമ്പത് മാര്‍ക്ക് ഇന്‍റെര്‍ണലിനുമാണത്രേ! എന്തൊക്കെ വിചിത്രങ്ങളായ നിയമങ്ങളാണല്ലേ! ഈ ഇന്‍റെര്‍ണല്‍ മാര്‍ക്ക് എന്നാല്‍ പഠിപ്പിക്കുന്ന മാഷുമാരുടെ ഇഷ്ട്ടദാനമാണു. മാഷുമാരെ കാണുമ്പോള്‍ എണീറ്റു നില്‍ക്കുന്നതിനും, തല ചൊറിയുന്നതിനും, സോപ്പിടുന്നതിനും, കുശുമ്പ് പറയുന്നതിനും അങ്ങിനെ എല്ലാത്തിനും പ്രത്യേകം പ്രത്യേകം മാര്‍ക്കുണ്ട്. ഇന്‍റെണലിന് സാധാരണ ഗതിയില്‍ എല്ലാവര്‍ക്കും അമ്പതില്‍ മുപ്പത്തിയഞ്ചില്‍ താഴാതെയുള്ള മാര്‍ക്ക് കൊടുക്കും.
നിര്‍ഭാഗ്യവശാല്‍ പല വിഷയങ്ങളിലും റോബിനു മുപ്പത്തിയഞ്ച് മാര്‍ക്ക് പോലും ഇന്റെര്‍ണലിന് ലഭിച്ചിട്ടില്ല. ഇപ്പോള്‍ മാത്രമാണു കുരുത്തക്കേടില്‍ തനിക്കെതിരാളികളുണ്ടാവാതിരുന്നതിന്‍റെയും, പ്രതീക്ഷിച്ചിരുന്ന പരസ്യപിന്തുണകള്‍ പലപ്പോഴും കിട്ടാതെ പോയിരുന്നതിന്‍റെയുമൊക്കെ യഥാര്‍ത്ഥ കാരണം റോബിന് വെളിവായത്. സകലരും യൂണിവേര്‍സിറ്റി പരീക്ഷയില്‍ നൂറില്‍ നാല്‍പ്പത് മാര്‍ക്ക് വാങ്ങി പാസാവുമ്പോള്‍, റോബിന് ആ കടമ്പ കടക്കണമെങ്കില്‍ അമ്പതും അറുപതും എഴുപതും മാര്‍ക്ക് വേണമെന്ന സ്ഥിതിയാണുള്ളത്!
ഒരു വിഷയം ചുമ്മാ പാസാവാന്‍, യൂണിവേഴ്സിറ്റി പരീക്ഷയില്‍ നൂറില്‍ എഴുപത് മാര്‍ക്കു വേണമെന്നോ! അതെ, തന്‍റെ പ്രിയ കുരു കരുണന്‍ മാഷ് ഇന്‍റ്റേണല്‍ മാര്‍ക്കായി റോബിന് സമ്മാനിച്ചത് വെറും അഞ്ച് മാര്‍ക്കായിരുന്നു. മുടങ്ങാതെ കരുണന്‍ മാഷിന്‍റെ ക്ലാസില്‍ കയറിയതിനുള്ള പ്രതിഫലം! യൂണിവേര്‍സിറ്റിയുടെ ചരിത്രത്തില്‍ ഇന്നേ വരെ ആ വിഷയത്തിന് കിട്ടിയ ഏറ്റവുമുയര്‍ന്ന മാര്‍ക്ക് അറുപത്തി എട്ടാണെന്ന് കൂടിയറിഞ്ഞതോടെ, ഇതിനകം ആറു മണിക്കൂറായി ചുരുക്കിയ ഉറക്കത്തെ റോബിന്‍ വീണ്ടും ചുരുക്കി. പരീക്ഷയുടെ തലേന്ന് മുന്നൂറ് പേജോളം വരുന്ന ടെക്സ്റ്റ്ബുക്കിന്‍റെ ആദ്യാവസാനം "തത്തമ്മേ പൂച്ച പൂച്ച"യെന്ന മട്ടില്‍ പറയാന്‍ റോബിന് കഴിയുമായിരുന്നു. പരീക്ഷയുടെ തലേ ദിവസം മുതലേ വല്ലാത്തൊരു ടെന്‍ഷന്‍, ഇങ്ങിനെയും മനുഷ്യര്‍ മാറുമോ!!
പരീക്ഷ തുടങ്ങി. വിറകൈയ്യോടെ ചോദ്യപേപ്പര്‍ വാങ്ങിയ റോബിന്‍ ആര്‍ത്തിയോടെ ചോദ്യങ്ങള്‍ മറിച്ചു നോക്കി. ഭാഗ്യം ഔട്ട് ഓഫ് സിലബസ്സ് ഒന്നുമില്ല. റോബിന്‍റെ പേനയില്‍ നിന്ന് ഉത്തരങ്ങള്‍ അണമുറിയാതെ പ്രവഹിച്ചു. ഏതെങ്കിലും അഞ്ചെണ്ണം, രണ്ടിലൊന്നു മാത്രം... അങ്ങിനെ ചോദ്യകര്‍ത്താവ് വച്ച് നീട്ടിയ ഔദാര്യങ്ങളെല്ലാം റോബിന്‍ തിരസ്കരിച്ചു. ചോദ്യപേപ്പറിലെ സകലമാന ചോദ്യങ്ങള്‍ക്കും, ടെക്സ്റ്റ്ബുക്കിലെ പ്രസക്തഭാഗങ്ങളില്‍ നിന്ന് പേജ് നമ്പറൊഴികെ ബാക്കി മുഴുവനും എഴുതി. ഉത്തരങ്ങള്‍ പലയാവര്‍ത്തി വായിച്ച് നോക്കി, തിരുത്താനൊന്നും ഉണ്ടായിരുന്നില്ല. റോബിന്‍ വാച്ച് നോക്കി, ഇനിയും പതിനഞ്ചു മിനിറ്റോളം ബാക്കിയുണ്ട്. എണീറ്റ് പോവാന്‍ തോന്നിയില്ല, അവിടെ തന്നെയിരുന്നു.
പരീക്ഷ തുടങ്ങി അര മണിക്കൂര്‍ കഴിയാതെ ആരെയും ഹാള്‍ വിട്ട് പോവാന്‍ അനുവദിക്കരുതെന്നാണ് നിയമം. കഴിഞ്ഞ വര്‍ഷം വരെ ആ അര മണിക്കൂര്‍ തള്ളി നീക്കാന്‍ റോബിന്‍ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. 'ചോദ്യകടലാസ്സ് ഉത്തരകടലാസില്‍ പകര്‍ത്തി വെക്കുക', 'ഉത്തരകടലാസ് നോക്കുന്ന അജ്ഞാതമായ ടീച്ചറിനു പ്രേമലേഖനമെഴുതുക', 'മോഡേണ്‍ ആര്‍ട്ടിന്‍റെ അനന്തസാധ്യതകളെ തൊട്ടറിയുക'... തുടങ്ങിയ കലാപരിപാടികളിലൂടെയാണ് ഇത്രനാളും ഈ അരമണിക്കൂര്‍ ബോറടിയെ റോബിന്‍ നേരിട്ടിരുന്നത്. ഇതേ വിഷയത്തിലെ ഇന്റെര്‍ണല്‍ പരീക്ഷക്ക് ട്രാന്‍സ്ഫോര്‍മറിന്‍റെ സര്‍ക്ക്യുട്ട് വരക്കാനുള്ള ചോദ്യത്തിനുത്തരമായി കവലയില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോര്‍മറും, ട്രാന്‍സ്ഫോര്‍മറെ താങ്ങിനിര്‍ത്തുന്ന നാലു പോസ്റ്റും, അതിലെ അപായ ബോര്‍ഡും, അതില്‍ കാക്ക തൂറിയതും, അപ്പണി പറ്റിച്ച കാക്കയുമെല്ലാമുള്ള സമഗ്രമായ ചിത്രം വരച്ചതും, അതിന് കരുണന്‍ മാഷിന്‍റെ പ്രത്യേക പരാമര്‍ശം നേടിയതുമെല്ലാം റോബിന്‍ അവിടെയിരുന്നോര്‍ത്തു. മൂന്ന് മണിക്കൂര്‍ തികഞ്ഞപ്പോള്‍ മാഷ് വന്ന് ഉത്തരകടലാസ്സുകള്‍ വാങ്ങിച്ചു. ആ പരീക്ഷ സീസണില്‍ റോബിന്‍ റെഗുലര്‍ പേപ്പറുകള്‍ അടക്കം ഇരുപതോളം പരീക്ഷകള്‍ എഴുതിത്തള്ളി.
പരീക്ഷയൊക്കെ എഴുതി, നടുനിവര്‍ത്തേണ്ട താമസം അടുത്ത സീസണ്‍ ഇങ്ങെത്തി. കഴിഞ്ഞ സീസണിലെ റിസള്‍ട്ടുകള്‍ വരി വരിയായി എത്തിത്തുടങ്ങി. ഇലക്ട്രിക്കലിന് യൂണിവേര്‍സിറ്റിയിലെ സര്‍വ്വകാല റെക്കോര്‍ഡ് തിരുത്തിക്കുറിച്ച റോബിന്‍ അറുപത്തിയൊമ്പത് മാര്‍ക്ക് വാങ്ങിച്ചു പരീക്ഷയില്‍ തോറ്റു! അത്തവണ റോബിന്‍ പരാജയപ്പെട്ട ഏക വിഷയവും അതായിരുന്നു. റോബിന് തളരാനാവില്ലായിരുന്നു, റീ-വാല്യുവേഷന് അപ്ലൈ ചെയ്തു. അറുപത്തി ഒമ്പത് മാര്‍ക്ക് കിട്ടിയിട്ടും തൃപ്തിയായില്ലെന്നു വാദിക്കുന്ന അഹങ്കാരിയെ അവഗണിക്കാനുള്ള വിവേകമെല്ലാം യൂണിവേര്‍സിറ്റി ക്ലാര്‍ക്കുമാര്‍ക്ക് ഉണ്ടെന്നറിഞ്ഞ് കൊണ്ടുതന്നെ പുനര്‍നിര്‍ണയത്തിനു അപേക്ഷ സമര്‍പ്പിച്ചു.
ഈ കഥയെല്ലാമറിഞ്ഞ കരുണന്‍ മാഷ്, റോബിനെ സ്റ്റാഫ് റൂമില്‍ വിളിപ്പിച്ചു. എല്ലാം കണ്ടു കൊണ്ടിരിക്കുന്ന ദൈവത്തെ പ്രകീര്‍ത്തിച്ചുകൊണ്ട്, കരുണന്‍ മാഷ് റോബിനെ കടിച്ചുകീറി. ഈ സെമസ്ററിലും കരുണന്‍ മാഷ് ഒരു വിഷയം പഠിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍, റോബിന്‍ വിനയനായി തന്നെ നിലകൊണ്ടു. ശകാരിച്ചും വെല്ലുവിളിച്ചും ക്ഷീണിച്ചപ്പോള്‍ കരുണന്‍ മാഷ് എഴുന്നേറ്റു പോയി, പുറകെ റോബിനും.
ഏഴാം സെമസ്റ്റര്‍ ദൃക്സാക്ഷിയായത് ഒന്നാം ബെഞ്ചില്‍ ഒന്നാമതായിരുന്നു പഠിക്കുന്ന റോബിനെയാണ്. വിനീതവിധേയനായ സര്‍വ്വംസഹനായ റോബിനെ മുഴുവന്‍ അദ്ധ്യാപകരും സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ചു. അപ്പോഴും ചാഞ്ഞ കൊമ്പില്‍ ഓടി കേറാന്‍ തന്നെയായിരുന്നു കരുണന്‍ മാഷിന് താല്‍പ്പര്യം. പക്ഷെ റോബിന്‍ അതൊന്നും വകവച്ചില്ല, കരുണന്‍ മാഷിനെ വീണ്ടും വീണ്ടും സ്നേഹിച്ചു, ബഹുമാനിച്ചു. മാഷും ഇതൊന്നും വകവെച്ചില്ല. സെമസ്റര്‍ തീരാനായി. ഇതിനിടെ റീ-വാല്യുവേഷന്‍റെ ഫലം വന്നു, അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കഴിഞ്ഞ തവണ അറുപത്തൊമ്പത് വാങ്ങിക്കാമെങ്കില്‍ ഇത്തവണ എഴുപത് വാങ്ങിക്കാന്‍ കഴിയുമെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ റോബിന്‍ ശ്രമിച്ചു.
അങ്ങിനെയിരിക്കെയാണ് ആ വാര്‍ത്ത ഇടിത്തീ പോലെ റോബിന് മേല്‍ വന്ന് പതിച്ചത്. ഇത്തവണയും കരുണന്‍ മാഷ് റോബിനു ഇന്റേണല്‍ മാര്‍ക്ക് ചവിട്ടാനുള്ള പദ്ധതിയിലാണത്രേ! ബുജി കേന്ദ്രത്തില്‍ നിന്നുള്ള വാര്‍ത്തയായത് കൊണ്ട് പൂര്‍ണ്ണമായി തള്ളിക്കളയാന്‍ കഴിയില്ല. നിദ്രാവിഹീനങ്ങളായ രാവുകളില്‍ റോബിന്‍ പല തവണ കൂട്ടിയും കിഴിച്ചും നോക്കി. ഒരു വഴിയും തെളിഞ്ഞ് വരുന്നില്ല. പുസ്തകങ്ങളിലോ ക്ലാസ്സ് മുറികളിലോ മനസ്സുറക്കുന്നില്ല. ഇനിയും ഈ അനിശ്ചിതത്വം താങ്ങാന്‍ കഴിയില്ലെന്നു റോബിന് ബോദ്ധ്യമായി. മാര്‍ക്ക് പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് കരുണന്‍ മാഷിനെ കണ്ടു കാലുപിടിച്ചു നോക്കാമെന്ന തീരുമാനത്തിലെത്തി.
അന്നൊരു ദിവസം കോളേജ് വിട്ടിട്ടും പോവാതെ, കരുണന്‍ മാഷെ കാത്ത് റോബിന്‍ നിന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ കരുണന്‍ മാഷ് ആളൊഴിഞ്ഞ ഇടനാഴിയിലൂടെ നടന്നടുത്തു. മാഷിന്‍റെ കാലടി ശബ്ദത്തെക്കാള്‍ ഉച്ചസ്ഥായില്‍ റോബിന്‍റെ ഹൃദയമിടിച്ചു. ഇരുട്ട് വീണ ക്ലാസ്സ്മുറിയുടെ വാതില്‍ക്കല്‍ നിന്ന് ദയനീയമായി അവന്‍ മാഷിനെ വിളിച്ചു.
റോബിന്‍ : മാഷേ
മാഷ് : ഇതാര് നമ്മുടെ റോബിനോ? എന്താടാ ഈ സമയത്തിവിടെയൊരു ചുറ്റിക്കളി?
റോബിന്‍ : ഞാന്‍ മാഷേ കാത്ത് നില്‍ക്കുകയായിരുന്നു
മാഷ് : എന്തിനാണാവോ?
റോബിന്‍ : മാഷിനോട് ക്ഷമ ചോദിക്കാന്‍.
മാഷ് : വോ.. വരവ് വെച്ചടേയ്.... കരുണന്‍ മാഷ് മുന്നോട്ട് നടക്കാനാഞ്ഞു.
റോബിന്‍ : പിന്നെ മാഷേ..,
മാഷ് : ഹും ?
റോബിന്‍ : ഇത്തവണ എനിക്ക് ഇന്‍റെണല്‍ മാര്‍ക്ക് മുപ്പത്തഞ്ചെങ്കിലും വേണം മാഷേ..
മാഷ് : ഹ ഹ ഹാ അപ്പൊ അതിനായിരുന്നു ഈ മാപ്പ് പറച്ചിലും വിനയകുനീതനാവലും കുമ്പസാരവുമെല്ലാം. എടാ നിന്‍റെ ഈ നാടകാഭിനയം കണ്ട് കരളലിയുന്നവരുണ്ടാവും, അവരോട് മതി ഈ വേഷംകെട്ടലൊക്കെ
റോബിന്‍ : മാഷേ… കഴിഞ്ഞ തവണ മാഷെനിക്ക് അഞ്ച് മാര്‍ക്കാണ് തന്നത്, ഒരു മാര്‍ക്ക് കൂടി തന്നിരുന്നെങ്കില്‍ ഞാനതിപ്പോ പാസ്സായേനെ
മാഷ് : സോറിയെടാ, അന്നെനിക്കറിയില്ലായിരുന്നല്ലോ നീ കൂട്ടിയാലിത്രയും കൂടുമെന്ന്! എന്തായാലും ഇത്തവണ എന്‍റെ കയ്യില്‍ നിന്ന് ആ അഞ്ച് പോലും നീ പ്രതീക്ഷിക്കേണ്ട.
കണ്ണിലിരുട്ടും, മനസ്സില്‍ പകയും പുകഞ്ഞ് കേറിയൊരു നിമിഷത്തില്‍ അതിവിനയത്തിന്‍റെ തോട് പൊളിച്ച് യഥാര്‍ത്ഥ റോബിനവതരിച്ചു. പടാ.. പടാന്ന് ഉള്ള അടി കൊണ്ടുവീണ കരുണന്‍ മാഷ് എണീറ്റ് പൊടിതട്ടുമ്പോള്‍, റോബിന്‍ പതിയെ ഇടനാഴിയിലൂടെ പുറത്തേക്ക് നടന്നു.
റോബിന്‍റെ മരവിച്ച മനസ്സില്‍ നാളെക്കുറിച്ചുള്ള ആകുലതകളുണ്ടായിരുന്നില്ല. ആരോടുമൊന്നും പറയാന്‍ തോന്നിയില്ല, ഇനി പറഞ്ഞിട്ടെന്ത് കാര്യം? അവസാന ദിനമെന്നുറപ്പിച്ചു കൊണ്ടുതന്നെ, തികഞ്ഞ നിസ്സംഗതയോടെ പിറ്റേന്ന് കോളേജില്‍ പോയി. പക്ഷെ അന്നോ പിന്നീടുള്ള ദിവസങ്ങളിലോ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല, ഇത്തവണ എല്ലാ വിഷയങ്ങള്‍ക്കും നാല്‍പ്പതിനു മുകളില്‍ ഇന്‍റെര്‍നല്‍ മാര്‍ക്ക് കിട്ടിയെന്നതൊഴിച്ചാല്‍
കാലം വീണ്ടും മുന്നോട്ട് തന്നെ നീങ്ങി, കാലത്തിനതിനേ കഴിയൂ. റോബിന്‍, അവന്‍റെ പ്രതീക്ഷ പോലെ തന്നെ ലാഗ് ചെയ്യാതെ കോഴ്സ് കൃത്യസമയത്തു പൂര്‍ത്തിയാക്കി. ഉടനെ തന്നെ നല്ലൊരു ജോലി കിട്ടി, പെണ്ണ് കെട്ടി, കുട്ടികളായി. കരുണന്‍ മാഷ് പി എച്ച് ഡി എടുത്തു, കോളേജ് പ്രിന്‍സിപ്പളായി, ഇപ്പോഴും അതെ കോളേജില്‍ തന്നെ ജോലി ചെയ്യുന്നു.
റോബിന്‍റെ ബാച്ച് കോളേജില്‍ നിന്നിറങ്ങിയിട്ട് നീണ്ട പതിനഞ്ച് വര്‍ഷമായി. ഇത് പ്രമാണിച്ച് ഒരു ഗെറ്റ് ടു ഗെതര്‍ സംഘടിപ്പിക്കാനുള്ള പങ്കപ്പാടിലാണ് സകലരും. മിക്കവരും ബാന്ഗ്ലൂരില്‍ ഉണ്ട്, അവിടെയാക്കിയാലോ? അത് വേണ്ട കേരളത്തനിമ നഷ്ട്ടപ്പെടും. എറണാകുളം പോരെ? ദുബായിക്കെന്താ കൊഴപ്പം?... അങ്ങിനെ ചര്‍ച്ചകള്‍ നീണ്ടുനീണ്ടു പോയി. അവസാനം പഠിച്ച കോളേജില്‍ തന്നെ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അതിനൊരു അന്താരാഷ്ട്ര സംഘാടന കമ്മിറ്റിയും, അതിന്‍റെ തലൈവരായി സുമേഷിനെയും തീരുമാനിച്ചു. സുമേഷ് ഇപ്പോള്‍ അതെ കോളേജിലെ മാഷാണ്.
അങ്ങിനെയാ സെപ്റ്റംബര്‍ അഞ്ച് ഞായറാഴ്ച, ലോകമാകെ പടര്‍ന്ന് കിടക്കുന്ന 99 ബാച്ചുകാര്‍ LBS കാസര്‍ഗോഡ് കോളേജ് ക്യാംപസിലേക്ക് ഒഴുകിയെത്തി. ഭാര്യയും കുട്ടികളുമായി റോബിനും പരിപാടിയില്‍ പങ്കെടുക്കാനായി കാമ്പസിലെത്തി. കാലത്തിനു പുറകോട്ട് സഞ്ചരിക്കാനാവില്ലെന്ന് ഏത് വിഡ്ഢിയാണാവോ പറഞ്ഞത്!
ഈ കിളവികളോടൊപ്പമാണോ നമ്മള്‍ പഠിച്ചിരുതെന്ന് ഡൈ ചെയ്ത കിളവന്മാരും, വൈസ് വേഴ്സയും ആശ്ചര്യം കൊണ്ടു. പഴയ കെട്ടുകഥകളില്‍ വീണ്ടും മസാല പുരട്ടി സത്യകഥയെന്ന മട്ടില്‍ തട്ടി ഓരോരുത്തരും മത്സരിച്ചു ആളായി. വിവാഹത്തില്‍ കലാശിക്കാതെ പോയ പഴയ കാമുകി കാമുകന്മാര്‍ കണ്ണില്‍ കണ്ണില്‍ നോക്കി ദീര്‍ഘശ്വാസം വിട്ടു. അരങ്ങില്‍ കുട്ടികളുടെ കലാപരിപാടികള്‍, അരങ്ങിനു മുന്നില്‍ സ്ത്രീകളുടെ ഫാഷന്‍ ഷോ, മൂലക്ക് പുരുഷ കേസരികള്‍ വെള്ളമടി സെറ്റപ്പ് ചെയ്യുന്ന തിരക്കില്‍...
പതിയെ തിരക്കുകളില്‍ നിന്നും തെന്നി, പഴയ ക്ലാസ് മുറി ലക്ഷ്യമാക്കി റോബിന്‍ നടന്നു. ഇവിടത്തെ ഓരോ മരത്തണലുകളും ഇടനാഴികളും ജനാലപ്പടികളും തന്നോടൊരായിരം കഥകള്‍ മന്ത്രിക്കുന്ന പോലെ. പഴയ ക്ലാസ് മുറിയിലെ തന്‍റെ ഇഷ്ട് സീറ്റായിരുന്ന, ബാക്ക്ബെഞ്ചിലെ ജനാലക്കടുത്തുള്ള സീറ്റില്‍ പോയി റോബിനിരുന്നു. അന്ന് ജീവന്‍ പണയപ്പെടുത്തി മേല്‍ക്കൂരയിലെഴുതിയ "കരണ്ട് കരുണന്‍" മങ്ങിയെങ്കിലും മായാതെ കിടക്കുന്നുണ്ട്. നൂറായുസ്സാണല്ലോ മാഷ്‌ക്ക്. കരുണന്‍ മാഷ് ദാ പുറത്ത് കൂടി പോവുന്നു.
റോബിന്‍ : മാഷേ...
മാഷ് ക്ലാസിലേക്ക് കേറി, ഏറ്റവും പുറകിലത്തെ ബെഞ്ചില്‍ പഴയ റോബിന്‍!
മാഷ് : റോബീ... നീ വീണ്ടും ബാക്ക് ബെഞ്ചിലേക്ക് തന്നെ തിരിച്ചു പോയോ?
റോബിന്‍ ചിരിച്ച് കൊണ്ട് മാഷിനടുത്തേക്ക് ചെന്നു.
റോബിന്‍ : മാഷ് പഴയ പോലെതന്നെ, ഒരു മാറ്റവുമില്ല
മാഷ് : കാഴ്ചയില്‍ മാത്രമല്ലെടാ, കരുണന്‍ മാഷ് ഇപ്പോഴും പഴയ കരുണന്‍ മാഷ് തന്നെയാണ്.
റോബിന്‍: മാഷിപ്പോള്‍ പ്രിന്‍സിപ്പാളല്ലേ?
മാഷ് : എങ്കിലും ഞാനിന്നും ക്ലാസ്സ് എടുക്കുന്നുണ്ട്. ഇപ്പോഴും കരുണന്‍ മാഷെന്ന് കേട്ടാല്‍ പിള്ളേര്‍ക്കൊരു ഉള്‍ക്കിടിലമാണ്
റോബിന്‍ : മാഷേ അന്ന്… ഞാനങ്ങിനെയൊക്കെ സംഭവിക്കുമെന്ന് കരുതിയല്ല… അന്നത്തെ സംഭവത്തില്‍ മാഷിന് എന്നോട്...
കരുണന്‍ മാഷ് റോബിനെ പൂര്‍ത്തിയാക്കാനാനുവദിച്ചില്ല, തോളത്തു കൈവെച്ചു ചേര്‍ത്തു പിടിച്ചു.
മാഷ് : നീ അതൊക്കെ ഇപ്പോഴും മനസ്സില്‍ വെച്ചിരിക്കുകയാണോ! ഞാന്‍ അതൊക്കെ എന്നേ മറന്നെടാ!
റോബിന്‍ : നീയതു മറന്നോ! താനതു ഇനിയീ ജന്മത്ത് മറക്കരുത് കരുണാ!
പറഞ്ഞ് തീരലും, അടി വീണതും ഒരുമിച്ചായിരുന്നു. അടികൊണ്ടു വീണ കരുണന്‍ മാഷ് എണീറ്റ് പൊടി തട്ടുമ്പോള്‍, റോബിന്‍ പതിയെ ക്ലാസിന് പുറത്തേക്ക് നടന്നു.
ഹ്ഹ്ഹ്ഹ് ...രസകരമായ നല്ലൊരു കുറിപ്പ് .ക്ലൈമാക്സില്‍ മാഷുടെ കാലില്‍ വീണു മാപ്പിരക്കും എന്നാണ് കരുതിയത്.പക്ഷെ വിനയന്‍ ആരാ മോന്‍ .നല്ല പോലെ ഓരോ വരിയും ആസ്വദിച്ചു വായിച്ചു.അഭിനന്ദങ്ങള്‍ സുഹൃത്തേ അധ്യാപക ദിനത്തിലെ ഒര്മക്കുരിപ്പിന്.
ReplyDeleteനന്ദി അനാമിക. കാലില്‍ വീണ് മാപ്പിരക്കുന്നതിലൊന്നും വലിയ കഥയില്ലെന്ന് വിനയന്‍ പണ്ടേ പഠിച്ചതല്ലേ? കരുണന്‍ മാഷ് മാത്രമല്ല, വിനയനും പഴയ വിനയന്‍ തന്നെയാണെന്ന് കരുണന്‍ മാഷ് ഓര്‍ക്കണമായിരുന്നു :)
Deleteഅവസാനത്തെ വരികളില്ലായിരുന്നെങ്കില്‍ 90/100
ReplyDeleteഇപ്പോള്‍ 40/100
അയ്യോ അജിത് സാറേ, ഇങ്ങനെയൊന്നും ചെയ്യല്ലേ... ഒന്നാമത് ഇന്റെര്നാല്‍ മാര്‍ക്ക് ഇല്ലാത്തതാണ്, അവസാനത്തെ വരി ഇപ്പൊ തട്ടിയേക്കാം 75 മാര്‍ക്ക് തരുമെങ്കില്‍ :)
Deleteപ്രതീക്ഷിക്കാത്ത ക്ലൈമാക്സ്..!
ReplyDeleteഅല്‍പ്പം നീണ്ടു പോയെങ്കിലും, എഴുത്ത് നന്നായിട്ടുണ്ട്.
ആശംസകള്‍ നേരുന്നു..പുലരി
പറയുന്നത് നീണ്ടു പോവുകയെന്നത് ഒരു പാരമ്പര്യ പ്രശ്നമാണെന്നാണ് തോന്നുന്നത്, ശെരിയാക്കാം. :( കോളേജു ജീവിതമെന്നത് എനിക്ക്, പരസ്പരബന്ധിതമായ കുറേ തമാശകളാണ്, എത്രയെന്ന് വെച്ചിട്ടാണ് കട്ട് ചെയ്ത് കളയുക.
Delete
ReplyDeleteഎന്റെ സുഹൃത്ത് പരീക്ഷ പേപ്പറില്‍ എഴുതി വെച്ചു. "ഇന്റെര്‍ണല്‍ ഒമ്പത് മാര്‍ക്കെ ഉള്ളൂ സാര്‍..' . 66 മാര്‍ക്ക് തന്നു സഹായിക്കണം."
ഗുരുവിനു കരുണ തോന്നി 65 മാര്‍ക്ക് കൊടുത്തു.
എന്നാല്‍ അവന്‍ 65 മാര്‍ക്ക് വാങ്ങി തോറ്റില്ല. ഇന്റെര്‍ണല്‍ 10 മാര്‍ക്ക് ഉണ്ടായിരുന്നു. ഭൂരിഭാഗം മാഷന്മാരുടെയും കോമ്പ്ലെക്സ് അറിയാവുന്നത് കൊണ്ട് ഒരു കളവു പറഞ്ഞതാണ്.
ഇതാണ് പറയുന്നത്, പഠിക്കുമ്പോള്‍ കൊള്ളാവുന്ന എഞ്ചിനീയറിംഗ് കോളേജ് ല്‍ പഠിക്കണം.
കൊള്ളാവുന്ന കോളേജില്‍ പഠിച്ചിട്ട്, പാര്‍ട്ടിക്കാരുടെ കൊറേ തല്ല് കൊണ്ടുവെന്നല്ലാതെ, വേറെ ഗുണമൊന്നും ഉണ്ടായിട്ടില്ലല്ലോ? നമുക്ക് കൊള്ളാത്ത കോളേജ് മതിയേ, മറ്റേതിന് ഭയങ്കര പുളിയാ :)
Deleteഎന്തായാലും മാഷല്ലെ..
ReplyDeleteരണ്ടു പ്രാവശ്യം തല്ലിയത് മോശായിപ്പോയി..
അല്ല, എന്താ മാഷ്ടെ കൈ പുളി പറിക്കാൻ പൂവ്വോ ?
മാഷുന്മാരെ തല്ലി നോക്കിയിട്ടുള്ളോര്‍ക്കൊന്നും ഈ സംശയം കാണില്ല മനോജേ. പ്രതീക്ഷിക്കാത്ത ഒരടിയില്‍ നിന്ന് സമനില തിരിച്ചെടുക്കാന്‍ ആര്‍ക്കും കുറച്ച് സമയം വേണ്ടി വരും. പിന്നെ ആലോചിക്കുമ്പോള്‍ കിട്ടിയത് വാങ്ങിച്ച് മിണ്ടാതിരിക്കുന്നതല്ലേ, നാലാളെയറിയിക്കുന്നതിനേക്കാള്‍ ബുദ്ധി?
Deleteഎഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ നടുക്കുന്ന ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി പോകാന്‍ കഴിഞ്ഞു ഈ പോസ്റ്റിലൂടെ ..എഴുതിയിട്ടും തീരാത്ത പരീക്ഷകളും ,ലാബുകളും എല്ലാം ദുസ്വപ്നം പോലെ മറന്നു തുടങ്ങിയതെ ഉള്ളു .ഇത് എഞ്ചിനീയറിംഗ് പഠിച്ച ഓരോ വ്യക്തികളുടെയും ഓര്‍മ്മയാണ് , നന്നായിടുണ്ട് .ആശംസകള്‍ .
ReplyDeleteസത്യം അതായിരുന്നെങ്കിലും ഇപ്പോഴോര്‍ക്കുമ്പോള്‍ ഒരു രസമൊക്കെ ഉണ്ട്.
Delete
ReplyDeleteനല്ല രസമുള്ള പോസ്റ്റ്. പക്ഷെ അവസാന വരികളോട് യോജിക്കാനാവില്ല. അതുവരെ ഉണ്ടായ ബഹുമാനം പോയി
വിനയന്‍റെ ബഹുമാനം അതിന് മുന്നേ പോയതാണ് ജെഫു. :)
Deleteനല്ല ഹാസ്യരസം തുളുമ്പുന്ന പോസ്റ്റ് ,ഒടുവിലത്തെ വരി പോസ്റ്റിന്റെ മുഴുവന്‍ ചന്തവും കളഞ്ഞു എന്ന് പ്രത്യേകം പറയേണ്ടല്ലോ .പിന്നെ ശ്രദ്ധക്കുറവു കൊണ്ടാകാം വിനയന് ഇന്റെര്നാല്‍ മാര്‍ക്ക് നാല്പത്തില്‍ കൊടുത്താല്‍ ഉണ്ടായിരുന്നു എന്നതിന് പകരം കരുണനു നാല്പതില്‍ കൂടുതലുണ്ടായിരുന്നു എന്നാണു എഴുതി വെച്ചിരിക്കുന്നത് .
ReplyDeleteനന്ദി സിയാഫ്. തിരക്കിനിടയിലെഴുതി തീര്‍ത്തതാണ്, രണ്ടാമതൊരാവര്‍ത്തി വായിച്ച് നോക്കാന്‍ പോലും സമയം കിട്ടിയില്ല. തെറ്റ് ചൂണ്ടികാണിച്ചതിന് നന്ദി സിയാഫ്.
Deleteഎന്ത് കാരണതിനായാലും അദ്ധ്യാപകരെ തല്ലുന്നത് ശരിയല്ല.
ReplyDeleteതല്ല് ഇരന്ന് വാങ്ങുന്നവനെ, പ്രൊഫെഷന്‍ കാരണംകൊണ്ട് നിരാശപെടുത്തരുത്. പലരും ഒന്ന് കിട്ടിയാല്‍ നന്നാവും, അപൂര്‍വ്വം ചിലര്‍ക്ക് ചില ഓര്‍മ്മപെടുത്തലുകള്‍ വേണ്ടി വരും. വെറുതെ അനര്‍ഹമായ ബഹുമാനം നല്‍കി അവരെ വഷളാക്കാതിരുന്നാല്‍ മതി. :)
Deleteകൊള്ളാമായിരുന്നു. രസമുള്ള ലേഖനം... പക്ഷെ, അവസാനത്തെ ക്ലൈമാക്സ് .. അത് കയ്യീന്ന് ഇട്ടതാണോ?
ReplyDeleteകേട്ടതും കണ്ടതും അനുഭവിച്ചതും ഒക്കെയുണ്ട്. കയ്യീന്നിടാന്‍ മാത്രം പ്രതിഭയില്ല. :(
Deleteകൊള്ളാം
ReplyDeleteനല്ല എഴുത്ത്, അനുഭവം തന്നെ ആയിരിക്കും അല്ലേ
അനുഭവം തന്നെയാണ്, വിനയന്‍റെ...
Deleteഅദ്ധ്യാപഹയന്മാരുടെ ഓർമ്മദിവസത്തിന് പറ്റിയ പോസ്റ്റ്.
ReplyDeleteനല്ല വായനാസുഖമുള്ള എഴുത്ത്.....
ഇനി ചോദിക്കട്ടെ. ഈ വിനയനാരാ.... ആത്മാംശത്തിന്റെ അളവ് ഇവിടെ എത്രയുണ്ട്.
വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും, എന്നെ വഴക്ക് പറയാതിരുന്നതിനുമെല്ലാം നന്ദി മാഷേ. വിനയന്‍ ഒരു മിത്ത് മാത്രമാണെന്നാണ് എന്‍റെ വിശ്വാസം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഇത്തരം ചില അദ്ധ്യാപഹയന്മാരെ കൊണ്ട് പൊറുതിമുട്ടിയ, നിസ്സഹായരായ കുറേ വിദ്യാര്‍ത്ഥികള്‍ വെള്ളവും വളവും നല്‍കി താലോലിക്കുന്നൊരു സ്വപ്നം.
Delete"വിനയന്‍ ഞാനാണ്" എന്നൊക്കെ വീമ്പിളക്കണമെന്നുണ്ട്, പക്ഷേങ്കില് ചുരുങ്ങിയത് തിരോന്തരം എഞ്ചിനിയറിംഗ് കോളേജിലെ കുറേ പേരെങ്കിലും അത് സമ്മതിക്കൂല്ല. അവര്‍ അവകാശപ്പെടുന്നത് ഇതവരുടെ കാലത്ത് യഥാര്‍ത്ഥത്തില്‍ നടന്നതാണെന്നാണ്. ഈ അവകാശവാദം, കെട്ടുകഥകളെ യാഥാര്‍ത്ഥ്യവല്ക്കരിക്കാനുള്ള എവിടെയും എപ്പോഴും കാണുന്ന ആസൂത്രിത ശ്രമങ്ങളിലൊന്നാണെന്ന് തല്‍ക്കാലം കരുതാം. പക്ഷെ കഥാ നായകനെ നന്നായിയറിയാവുന്നവര്‍ക്ക് ഇത് മുഴുവനായി തള്ളാനും കഴിയില്ല. ഇന്ന് പൂക്കളെക്കാള്‍ മണമുള്ള ചില eലകള്‍ക്ക്, പണ്ടിത്ര മണമൊന്നുമുണ്ടായിരുന്നില്ല മാഷേ... ഇനിയുമെന്നോട് ചോദിക്കരുത് "വിനയനാരാ" എന്ന്. :)
നല്ല എഴുത്ത്.. പണ്ടൊക്കെ പറയാമായിരുന്നു ഗുരുവിനെ തല്ലുന്നത് നിന്ദയാണെന്ന്.. അതിപ്പോലും പ്രസക്തമാണ്.. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇന്ന് നമുക്ക് ഗുരുക്കള്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു.. അധ്യാപകര്‍ എന്ന പ്രൊഫഷണലുകള്‍ മാത്രമാണ് ബാക്കിയുള്ളത്.. പലപ്പോഴും വിദ്യാര്‍ഥികള്‍ അവരുടെ 'പ്രൊഫഷണല്‍ ശത്രുക്കള്‍ ' ആകുന്നു.. ഈ കാലത്ത് തല്ലൊക്കെ കിട്ടിയില്ലെങ്കിലെ അത്ഭുതമുള്ളൂ
ReplyDeleteപ്രൊഫെഷണല്‍ കോളേജുകളില്‍ പഠിപ്പിക്കാന്‍ നല്ല പ്രൊഫെഷണല്‍സ് തന്നെയല്ലേ വേണ്ടത്. ഇക്കാലത്ത് സേവനം മാത്രം ലാക്കാക്കിയുള്ള ഗുരുക്കളെ മാത്രം കാംക്ഷിക്കുന്നതൊക്കെ അത്യാഗ്രമായി പോവില്ലേ നിസ്സാര്‍ ? എങ്കിലും എത്രയൊക്കെ ശ്രമിച്ചിട്ടും ആരോഗ്യരംഗവും വിദ്യാഭ്യാസവും പൂര്‍ണ്ണമായും പ്രോഫെഷനലൈസ് ചെയ്യുന്നതിനോട് ഒരു ദഹനക്കേട് എനിക്കുമുണ്ട്, ഈ ആകുലതകളും താങ്ങളുടെത് മാത്രമല്ല. :)
Deleteഇത് ടോം ആന്‍ഡ് ജെറി പോലെ ഉണ്ടാരുന്നു... പരിപ്പ് വട സംഭവം എന്‍റെ സുഹൃത്തിനും ഉണ്ടായതാന്... എടുത്തത് പഴംപൊരി ആയിരുന്നു എന്ന് മാത്രം... കലാലയങ്ങള്‍ എന്നും കഥകളുടെ വറ്റാത്തുരവിടം ആണല്ലോ....
ReplyDeleteവിഗ്നേഷ് ഏതു കോളേജിലാ പഠിച്ചത് ? :)
Deleteഎഴുത്തു നന്നായി. ആശംസകൾ.
ReplyDeleteനന്ദി
Deleteഒട്ടും പ്രതീക്ഷിക്കാത്ത വ്യത്യസ്ഥമായ ക്ലൈമാക്സ് ആയി..... ആശംസകള്‍ ....
ReplyDeleteമാഷും പ്രതീക്ഷിച്ചില്ല അതാ പറ്റിപോയത് :)
Deletevinayan ithu vayicho?
ReplyDeleteവിനയന് ലിങ്ക് അയച്ച് കൊടുത്തിരുന്നു, മറുപടിയൊന്നും ഇത് വരെ കണ്ടില്ല ജിഷി. :)
Deleteഅവസാനത്തെ തല്ല് വേണ്ടിയിരുന്നില്ല.. ശൈലി ഇഷ്ടപെട്ടു
ReplyDeleteചേ വേണ്ടീരുന്നില്ല, എന്ന് ഇപ്പൊ തോന്നുന്നു. എന്ത് ചെയ്യാന്‍ കൈ വിട്ട അടിയും, പബ്ലിഷ് ചെയ്ത മാര്‍ക്കും തിരിച്ചെടുക്കാന്‍ ആവില്ലല്ലോ സുമേഷ്..
Deleteക്യാംപസ് അനുഭവങ്ങള്‍ ഞാനും ഒന്ന്‍ അയവിറക്കി, റോഷന്‍! നല്ല എഴുത്ത്!
ReplyDeleteആഡി വേണോ, വേണ്ടേ എന്ന്‍ ചര്ച്ച തുടരട്ടെ! എന്റെ ഇത്തരം ഒരു അനുഭവം ഞാന്‍ മറ്റൊരു രീതിയ്ല് ആണ് നേരിട്ടത്. അത് ഒരു പോസ്റ്റ് ആക്കാന്‍ പറ്റുമോ എന്ന്‍ നോക്കട്ടെ. :)
ഒരു സംശയം.... ഇന്‍റ്റേണല്‍ മാര്‍ക്ക് 35-ല്‍ താഴെ ആണെങ്കില്‍, യൂണിവേര്‍സിറ്റി എക്സാമില്‍ നൂറില്‍ 50 വാങ്ങിയാല്‍ മതിയായിരുന്നല്ലോ എന്റെ കാലത്ത്, ജയിക്കാന്‍. ഇന്റീര്‍ണല്‍ പൂജ്യം ഉള്ള മിക്ക സഖാക്കളും, ഇങ്ങനെയായിരുന്നൂ, പരീക്ഷകള്‍ കടന്നിരുന്നത്. ആകെ ശതമാനം കുറയും എന്നെ ഉള്ളൂ... ആ നിയമം മാറിയോ? (കോഴിക്കോട് സര്‍വ്വകലാശാല)
പോസ്റ്റ് അല്ല നോവല്‍ ആക്കാന്‍ പറ്റും ഉറപ്പ് :)
Deleteകോഴിക്കോട് സര്‍വ്വകലാശാലയില്‍ അത് മതി, പാവം കേരളക്കാര്‍ക്ക് അത് പോര. ഇപ്പോഴത്തെ നിയമം എനിക്കും പിടിയില്ല പതിനഞ്ച് കൊല്ലം മുന്‍പത്തെ കാര്യമേ എനിക്കും അറിയൂ
കഥ നന്നായിപ്പറഞ്ഞു
ReplyDeleteഎന്നാലും ആ അവസാനത്തെ അടി
ഒഴിവാക്കാമായിരുന്നു
ഇങ്ങനെ ഗുരു നിന്ന വാങ്ങിക്കൂട്ടാണോ?
ആശംസകള്‍
പ്രോത്സാഹനത്തിന് നന്ദി. ഇതെന്തായാലും അവസാനത്തെ അടിയാണ്, ഇനി കൊന്നാലും അടിക്കൂല്ല. :)
Deleteസുന്ദരമായ എഴുത്ത്.
ReplyDeleteവായനയില്‍ ഇങ്ങിനെ ഒഴുകുന്നത് പോലെ അനുഭവപ്പെട്ടു.
അവസാനം മാഷ് മറന്നിട്ടില്ലെന്ന് പറയുകയും വിനയനെ തിരിച്ചടിക്കുകയും ചെയ്യും എന്നാണു ഞാന്‍ കരുതിയത.
കാടിറങ്ങിയ പുലിയുടെ ഈ പ്രോത്സാഹനത്തിന് വളരെ നന്ദി. അത് മതിയായിരുന്നു റാംജി, ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നിയില്ലല്ലോ!!
Deleteഎഴുത്തിന്ടെ രീതി കലക്കി പക്ഷെ എവിടെയൊക്കെയോ നീണ്ടുപോയോ എന്നൊരു സംശയം. ഒരുപാട് സംഭവങ്ങൾ വേഗത്തിൽ പറയാൻ നോക്കിയതു കൊണ്ടായിരിക്കാം എന്ന് തോന്നുന്നു. എഴുത്തിനുള്ള കഴിവിനെയും താത്പര്യത്തെയും അഭിനന്ദിക്കുന്നു.ആസംസിക്ക്കുന്നു. ബ്ലോഗിലേക്ക് വന്നാൽ വിനയനെ ഞാൻ അങ്ങേയറ്റം ആരാധിക്കുന്നു. കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല അവസാനം .ഈ അധ്യാപകദിനം ഒരുപിടി വിനയന്മാരെ കൂടെ സൃഷ്ട്ടിട്ടക്ട്ടെ ഒപ്പം തിരിച്ചഅടിക്കാൻ കഴിയുന്ന കരുണൻ മാഷു മാരെയും .. അങ്ങനെ അങ്ങനെ അധ്യാപക വിദ്യാർത്തി വിവേചനമില്ലാത്ത നല്ല ഒരു ഭാവി നമുടെ പോതുരംഗ തുണ്ടാകട്ടെ.. പ്രതീക്ഷയോടെ...പ്രത്യാസയോടെ ഒരു വിനയാൻ ഫാൻ ...
ReplyDeletekollam...parippu vada sambhavam vayichu najan chirichu pandaram adangiiii
ReplyDelete