February 05, 2017

ലോ അക്കാദമിയിലെ SFIയുടെ ഉരുളലോടുരുളല്‍

കലാലയ രാഷ്ട്രീയത്തിന്‍റെ ആവശ്യകത തത്വത്തില്‍ തള്ളിക്കളയാനാവില്ല. പക്ഷെ കലാലയങ്ങളില്‍ ഇതു വലിയ തോതില്‍ ദുരുപയോഗപ്പെടുന്നതായാണ് അനുഭവം. പ്രായോഗികവല്‍ക്കരണത്തിലെ ദീര്‍ഘകാലമായുള്ള പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ അഭിപ്രായം പറയാന്‍, തടിക്ക് കൊള്ളുന്നില്ലെങ്കില്‍ എളുപ്പമാണ്. ഫെയ്സ്ബുക്കിലൊക്കെ കലാലയ രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കുന്നത് അരാഷ്ട്രീയപട്ടം ഇരന്നു വാങ്ങുന്നതിന് തുല്യമാണ്. പക്ഷെ എന്തുകൊണ്ട് മഹാഭൂരിപക്ഷം രക്ഷിതാക്കളും കലാലയ രാഷ്ട്രീയത്തിനെതിരെയുള്ള "അരാഷ്ട്രീയ" നിലപാടു പിന്‍പറ്റുന്നുവെന്നു ആലോചിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തി ആയാലും വിദ്യാഭ്യാസം രക്ഷിതാവിന്‍റെ ഉത്തരവാദിത്തമാവുന്ന സമൂഹത്തില്‍ രക്ഷിതാവിനെ പരിപൂര്‍ണ്ണമായി മാറ്റിനിര്‍ത്തികൊണ്ടുള്ള അഭിപ്രായങ്ങള്‍ പ്രയോഗത്തിലെത്തിക്കാന്‍ സാധിക്കില്ല. രക്ഷിതാക്കളുടെ കൂടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കലാലയരാഷ്ട്രീയത്തിന് കഴിയേണ്ടതുണ്ട്

സ്കൂളുകളില്‍ നിന്നു വിഭിന്നമായി പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നാണ് അന്നുമിന്നും കരുതുന്നതു. അതെ സമയം നമ്മുടെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പിതൃസംഘടനയുടെ ഇടപെടലുകള്‍ കാരണം പലപ്പോഴും കഴിയുന്നില്ല എന്ന പരാതി ഉണ്ടുതാനും. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അതിനു വേണ്ട പ്രാധാന്യം കൊടുക്കാതെ റദ്ദ് ചെയ്യുന്നതിനും, വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ വലിയ ബോധ്യമില്ലാത്ത വിഷയങ്ങളില്‍ പിതൃസംഘടനയുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി രൂക്ഷമായ സമരങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്നതിനുമൊക്കെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇപ്പോള്‍ കത്തിനില്‍ക്കുന്ന ലോ അക്കാദമിയിലെ സമരം തന്നെ പരിശോധിക്കാം. അതിനു മുന്‍പൊരു മുന്‍‌കൂര്‍ ജാമ്യം. മൂന്നാം ക്ലാസ്സില്‍ വെച്ചു SFI എന്നെ പിച്ചിയിട്ടുണ്ട്, നാലില്‍ പഠിക്കുമ്പോള്‍ പിണറായി വിജയന്‍ എന്നെ നോക്കി കോക്രി കാണിക്കുകയും ചെയ്തു. അതുകൊണ്ട് ഇവര്‍ രണ്ടുപേരും മുച്ചൂടും മുടിയണമെന്നാണ് ആഗ്രഹം, അതു ഇനിയുള്ള എഴുത്തില്‍ പ്രതിഫലിക്കും.

സമരത്തില്‍ മാത്രമല്ല ജീവിതത്തിലുടനീളം തന്ത്രം/startegy, വിട്ടുവീഴ്ച്ചകള്‍/ middle ground ഒക്കെ വേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടെന്നൊക്കെ പറയാനേ കൊള്ളൂ, ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ പരാജയപ്പെടാനാണ് സാധ്യത. ഇതിനര്‍ത്ഥം തെറ്റും കാപട്യവുമൊക്കെ അനുവദനീയമാണെന്നോ, അതിനെയൊക്കെ ഇതുകൊണ്ട് മറച്ചു പിടിക്കാമെന്നോ അല്ല. പലപ്പോഴും തെറ്റിദ്ധരി(പ്പി)ക്കുന്ന പോലെ പരസ്പര വിരുദ്ദമായ കാര്യങ്ങളല്ല സത്യസന്ധതയും വിട്ടുവീഴ്ച്ചകളും. സത്യസന്ധതയോടെ നീതിക്ക് വേണ്ടി നിലകൊള്ളുകയെന്നതു ജീവിതത്തില്‍ പുലര്‍ത്തേണ്ട ഗുണമാണ്. ഇവിടെ സമരത്തിനു എന്തെങ്കിലും തരത്തിലുള്ള പ്രത്യേക ഒഴിവുകഴിവ് ഒന്നുമാവശ്യമില്ല. സത്യസന്ധത ബലി കഴിച്ചു കൊണ്ടല്ല തന്ത്രവും വിട്ടുവീഴ്ച്ചകളുമൊക്കെ ഉണ്ടാക്കേണ്ടത്. സത്യസന്ധതയോടെ തന്നെ പരമാവധി നീതി ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രങ്ങള്‍ മെനയാനും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാനുമൊക്കെ കഴിയും.

നിര്‍ഭാഗ്യവശാല്‍ ലോ കോളേജ് സമരത്തില്‍ SFIക്കു ആദ്യാവസാനം ആ സത്യസന്ധത പുലര്‍ത്താന്‍ കഴിഞ്ഞില്ല. പ്രിന്‍സിക്കെതിരെ കുറച്ചു കുട്ടികള്‍ ആരംഭിച്ച പ്രതിഷേധത്തില്‍ മറ്റെല്ലാ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളും പിന്തുണയുമായി എത്തിയപ്പോഴും SFI അതിനു തയ്യാറായില്ല. സമരം വളരെ പെട്ടെന്ന് ശക്തമാവുകയും കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വരാനും തുടങ്ങി. അപ്പോഴേക്കും ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള സമരരൂപം ആ പ്രതിഷേധം കൈവരിച്ചു തുടങ്ങി. അതോടെ SFIയും സമരം ചെയ്യാന്‍ നിര്‍ബന്ധിതമായി, അപ്പോഴും മറ്റുള്ളവരുടെ കൂടെ കൂടി സമരം ശക്തിപ്പെടുത്താനല്ല SFI തയ്യാറായതു. ഓരോ ദിവസവും കൂടുതല്‍ ഗൌരവമുള്ള വിഷയങ്ങള്‍ കോളേജ് മാനേജ്മെന്റിനെതിരെ ഉയര്‍ന്നു വരാന്‍ തുടങ്ങി. സമരക്കാരുടെ ആവശ്യങ്ങളും കൂടി കൂടി വന്നു. ഈ സാഹചര്യത്തില്‍ സമരം ഇനിയും തുടരുന്നത് മാനേജുമെന്റിനെ വളരെ മോശമായി ബാധിക്കുമെന്ന അവസ്ഥയിലെത്തി. അതോടെ മാനേജ്മെന്റ് ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നു. എല്ലാ സംഘടനകളുമുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കാതലായ ആവശ്യങ്ങളില്‍ മാനേജ്മെന്റ് ധിക്കാരപരമായ സമീപനം തന്നെ തുടരുന്നു. SFI ഒഴികെയുള്ള വിദ്യാര്‍ഥികള്‍ ചര്‍ച്ച ബഹിഷ്കരിക്കുന്നു. SFIയും മാനേജ്മെന്റും തമ്മിലുള്ള തുടര്‍ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുവെന്നു അവകാശപ്പെട്ടുകൊണ്ട്‌ SFI സമരം അവസാനിപ്പിക്കുന്നു.

മാനേജ്മെന്റു മുട്ടുകുത്തുക ആയിരുന്നില്ല, SFIയെ ഉപയോഗിച്ച് സമരത്തിന്‍റെ മുനയൊടിക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞ SFI ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നു. സമരത്തെ പൊളിക്കാനായി സമരത്തെ ഏറ്റെടുക്കുന്ന തന്ത്രം SFIയെ അകത്തി നിര്‍ത്തിയത് കൊണ്ടു ഇവിടെ വിജയകരമായി നടത്താനായില്ല, ബാക്കിയുള്ളവര്‍ സമരം തുടര്‍ന്നതോടെ “വിജയ”ത്തിന്‍റെ ക്രെഡിറ്റ് അവകാശപ്പെട്ടതും പരിഹാസ്യമായി. മാത്രമല്ല സമരം അവസാനിപ്പിച്ചതോടെ SFIയുടെ വേഷം കാഴ്ച്ചക്കാരനിലേക്ക് പരിമിതപ്പെടുകയും ചെയ്തു. "സമരം വിജയിച്ചുവെന്ന" SFIയുടെ കെണിയില്‍ പെട്ടു സമരം അവസാനിപ്പിക്കാതിരുന്ന വിദ്യാര്‍ഥികളുടെ തീരുമാനത്തിനു പിന്നില്‍ വൈകാരികമായ കാരണങ്ങള്‍ ആവാം പ്രവര്‍ത്തിച്ചത്, പക്ഷെ അതുകൊണ്ട് അതൊരു മോശം തന്ത്രം ആവുന്നില്ല.

SFI വിജയിച്ച സമരത്തില്‍, മറ്റു വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ വിജയിച്ചതായി തോന്നാത്തത് പലരും ആരോപിക്കുന്നത് പോലെ SFI ക്രെഡിറ്റ് അടിച്ചു കൊണ്ടു പോയ വിഷമം കൊണ്ടല്ല. ഇതൊരു വിജയമാണെന്നും, ക്രെഡിറ്റ് തങ്ങള്‍ക്കാണെന്നും SFIക്കല്ലാതെ മറ്റാര്‍ക്കും തോന്നില്ല. SFI ഈ വിഷയത്തില്‍ ഇടപെട്ടതിനുള്ള ക്രെഡിറ്റ് പോലും അവിടെ സമരം ചെയ്ത മറ്റുള്ളവര്‍ക്കുള്ളതാണ്. പന്യനും മുരളീധരന്മാരും വിഎസുമൊക്കെ നടത്തിയ ഇടപെടലുകള്‍ക്ക് സര്‍ക്കാരില്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആയിട്ടുണ്ട്‌. സമരത്തിന്‍റെ വിജയം എത്ര ഗംഭീരമായി SFI ആഘോഷിച്ചാലും ഇതൊക്കെ മനസിലാക്കേണ്ടവര്‍ മനസിലാക്കുന്നുണ്ട്. സമരത്തില്‍ തോറ്റ മാനേജ്മെന്റും പ്രിന്‍സിപ്പാളും സംസാരിക്കുന്നതു പരാജപ്പെട്ടവരുടെ ഭാഷയിലാണെന്ന് SFIക്കാരല്ലാത്ത ആര്‍ക്കും തോന്നില്ല. അവശേഷിക്കുന്നതൊക്കെ കേവലം വൈകാരിക വിഷയങ്ങള്‍ മാത്രമല്ലേ എന്നാണു SFI ചോദിക്കുന്നത്. ആണെന്നു തന്നെ കരുതുക, എന്നാല്‍ പോലും സമരം തുടങ്ങിയവരുടെ, തുടരുന്നവരുടെ വൈകാരികത അത്ര നിസ്സാരമായി അവഗണിക്കാവുന്ന ഒന്നല്ല. സമരം തുടര്‍ന്നാല്‍ നാളെ പ്രിന്‍സിപ്പാള്‍ രാജി വെക്കുമെന്നോ, അവരെ അറസ്റ്റ് ചെയ്യുമെന്നോ യാതൊരുറപ്പുമില്ല. പക്ഷെ അതുകൊണ്ട് ഈ സമരത്തില്‍ പങ്കെടുത്ത SFI ഒഴികെയുള്ള വിദ്യാര്‍ത്ഥികളെയും അവരുടെ സംഘടനകളെയും പരാജയപ്പെട്ടവരായി കാണാന്‍ കഴിയില്ല. ഇതുവരെ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍, ഇനിയെന്തെങ്കിലും നേടാനായാലും അതിനൊക്കെ അര്‍ഹര്‍ അവരാണ്.

അതോടെ സമരം ആരംഭിച്ച, വിദ്യാര്‍ത്ഥികള്‍ക്കായി ശക്തമായി നിലനില്‍ക്കുന്ന AISFനോടായി കലി മുഴുവന്‍. അവരെ കാണാന്‍ വന്ന അവരുടെ നേതാക്കള്‍ അവിടെ നിരാഹാരസമരം ചെയ്യുന്ന മുരളീധരനെ നോക്കി ചിരിച്ചത് മഹാപാതകമായി ചിത്രീകരിച്ചു. സിപിഐക്കാരുടെ കണക്കെടുക്കുന്ന, സിപിഐ ഇല്ലാത്ത ഇടതുമുന്നണിയുടെ സാധ്യതകള്‍ അന്വേഷിക്കുന്ന... തരത്തിലുള്ള ഭീഷണികള്‍ ഒരു വശത്തു. കനയ്യകുമാറിനെ പിന്തുണച്ച സിപിഎമ്മിനോട്‌ തിരിച്ചു സിപിഐ നന്ദി കാണിക്കണമെന്ന തരത്തിലുള്ള തികച്ചും പരിഹാസ്യമായ ആവശ്യങ്ങള്‍ വരെ ഉണ്ടായി. സമരത്തിലൂടെ നഷ്ടപ്പെടുന്ന അധ്യയന ദിനങ്ങളെ കുറിച്ചുള്ള SFIയുടെ ആകുലതകളെ നോക്കി അവരുടെ ചരിത്രം തകുമ ചിരിച്ചു കാണും. ലോ അക്കാദമിയിലെ സമരമെന്ന പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ SFIക്കു കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് സന്ദര്‍ഭത്തിനു ചേരാത്ത ചരിത്രങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമൊക്കെ നിരന്തരം ഉന്നയിക്കേണ്ടി വന്നത്. സമരത്തിന്‍റെ സന്ദര്‍ഭം തന്നെയാണ് പ്രധാനം. ലോ അക്കാദമിയുടെ ആനുകൂല്യങ്ങള്‍ പറ്റിയിട്ടുള്ളത് സിപിഎം മാത്രമല്ല. പക്ഷെ ഇവിടെ വിദ്യാര്‍ത്ഥികളുടെ സമരത്തിനോട് കൂടെനില്‍ക്കാന്‍ ബാക്കിയുള്ളവര്‍ക്ക് കഴിഞ്ഞു. അല്ലെങ്കില്‍ അവരെ അതിനു നിര്‍ബന്ധിതരാക്കാന്‍ ലോ കോളേജിലെ അവരുടെ വിദ്യാര്‍ഥി സംഘടനകള്‍ക്ക് കഴിഞ്ഞു. സിപിഎമ്മിനു ഇവിടെയതിനു കഴിയാത്തതിനും, മറ്റുള്ളവര്‍ അതിനു തയ്യാറായതിനും നമുക്കറിയാത്ത കാരണങ്ങള്‍ കണ്ടേക്കാം. പക്ഷെ രക്ഷിതാക്കള്‍ അടക്കമുള്ള പുറമേ നില്‍ക്കുന്നവരുടെ കലാലയ രാഷ്ട്രീയത്തോടുള്ള സമീപനം രൂപപ്പെടുന്നത് ഇത്തരം കാഴ്ചകളില്‍ നിന്നാണ്.
എതിര്‍പക്ഷത്തെ താറടിക്കാനുള്ള SFIയുടെ ശ്രമങ്ങളും പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെടുന്നു. അങ്ങിനെയാണ് SFI പരിപൂര്‍ണ്ണമായി വിജയിച്ച വിദ്യാര്‍ഥി സമരത്തില്‍ വീണ്ടുമൊരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിദ്യാഭ്യാസ മന്ത്രി തയ്യാറാവുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളോട് അനുഭാവം പുലര്‍ത്താതെ, മാനേജ്മെനറിന്റെ ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടു അംഗീകരിപ്പിക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസ മന്തി ആ ശ്രമത്തില്‍ പരാജിതനായി ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി. തന്‍റെ പതിവു സൌമ്യപുച്ഛത്തോടെ പിണറായി വിജയനും വിഷയത്തില്‍ വ്യക്തമായി പ്രതികരിച്ചു. ഇനി ചെയ്യാനുള്ളത് അഭ്യന്തര മന്ത്രിക്കാണ്, സമരക്കാരെ പോലീസുകാരെ കൊണ്ടു തല്ലിയോടിച്ചു നേരത്തെ വിജയിച്ച സമരത്തില്‍ ഒന്നുകൂടി വിജയിക്കാന്‍ ശ്രമിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

December 08, 2016

എന്നാലും എന്തിനായിരിക്കും! എന്തിനായാലും even economics is a moral subject

നിയമപ്രകാരം ഏതൊരു കച്ചവടവും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴിലാളികളുടെ കണക്ക് കൃത്യമായി സമര്‍പ്പിക്കേണ്ടതുണ്ട്. ബില്‍ കൃത്യമായി സൂക്ഷിക്കണം. കച്ചവടം ലാഭമായാലും നഷ്ടമായാലും വര്‍ഷാവര്‍ഷം കണക്ക് സമര്‍പ്പിക്കണം. ഇങ്ങിനെയൊക്കെ ചെയ്തില്ലെങ്കില്‍ നികുതി തട്ടിക്കാനും, തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കാനും, പരിശോധനകള്‍ ഒഴിവാക്കാനുമൊക്കെ കഴിയും. അപ്പോള്‍ ഇതൊക്കെ എല്ലാവരും ചെയ്യേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ.
.
ഇനി നാട്ടില്‍ കച്ചവടം ചെയ്തു ജീവിക്കുന്ന നിങ്ങള്‍ക്ക് നേരിട്ടറിയാവുന്ന പത്തു സാധാരണക്കാരെ എടുക്കുക. ഇതിലെത്ര പേര്‍ നൂറു ശതമാനം നിയമാനുസൃതമായി കച്ചവടം ചെയ്യുന്നുണ്ടെന്ന് പരിശോധിക്കുക. മിക്കവാറും ആരും കാണില്ല. എന്തുകൊണ്ട് എന്നന്വേഷിച്ചാല്‍ പല കാരണങ്ങള്‍ കാണാന്‍ സാധിക്കും. അതില്‍ അപ്രായോഗികമായ നിയമങ്ങള്‍ ഉണ്ടാവും, കൈക്കൂലി ഉണ്ടാവും, കാര്യക്ഷമമല്ലാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടാവും, നിയമാനുസൃതമല്ലാതെ കച്ചവടം നടക്കുന്ന ഒരു മാര്‍ക്കറ്റില്‍ പൂര്‍ണ്ണമായി നിയവിധേയമായി കച്ചവടം ചെയ്തു മത്സരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവും, അറിവില്ലായ്മ ഉണ്ടാവും, സമയ പരിമിതികള്‍ കാണും, മടി കാണും, എങ്ങിനെയും പണം ഉണ്ടാക്കാനുള്ള ആര്‍ത്തിയും കാണും. ശ്രദ്ധിക്കേണ്ട കാര്യം ഇതില്‍ പല കാരണങ്ങളുടെയും ഉത്തരവാദിത്വം കച്ചവടക്കാരന്‍റെയല്ല, ഉത്തരവാദിത്വം ഭരണകൂടത്തിനുമുണ്ട്. ഭരണകൂടം തന്‍റെ ഉത്തരവാദിത്തങ്ങളില്‍ നിന്നു മുഴുവന്‍ കൈകഴുകി മാറി നിന്നുകൊണ്ട് സാധാരണക്കാരെ കള്ളന്മാരായി ചിത്രീകരിക്കുന്നത് ക്രൂരമാണ്. നിയമാനുസൃതമായി കച്ചവടം ചെയ്തു മത്സരിക്കാന്‍ കഴിയുന്നൊരു അന്തരീക്ഷം നിലവിലില്ലാത്തിടത്തുള്ള കള്ളപണത്തില്‍ ഭരണകൂടത്തിനും പങ്കുണ്ട്.
.
നിയമാനുസൃതമല്ലാതെ കച്ചവടം ചെയ്യുന്ന സാധാരണക്കാരെ പോലെയല്ല വന്‍കിട സ്ഥാപനങ്ങള്‍. സ്വന്തമായി സാമ്പത്തിക വിഭാഗവും നിയമ വിഭാഗവുമൊക്കെയുള്ള വന്‍കിട കച്ചവട സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം കുറേകൂടി നിയമാനുസൃതമായി കച്ചവടം ചെയ്യാന്‍ കഴിയും. നിയമത്തിന്‍റെ പഴുതുകള്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുന്ന വിദഗ്ദരെ വാങ്ങിക്കാനുള്ള പ്രാപ്തി അവര്‍ക്കുണ്ട്. അധികാരവും സ്വാധീനവും കൊണ്ടു നേടുന്ന അനര്‍ഹമായ ഇളവുകള്‍ തല്‍ക്കാലം അവഗണിക്കാം.
.
ഒറ്റബുദ്ധിയില്‍ ആലോചിക്കുമ്പോഴാണ് നിയമാനുസൃതം കച്ചവടം ചെയ്യാത്ത ചെറുകിട കച്ചവടക്കാരെ ധാര്‍മികതയുടെ പുറത്തു പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കഴിയുക. പ്രസക്തമായ പല ഘടകങ്ങളെ പരിഗണിച്ചു, സമഗ്രമായി കാര്യങ്ങളെ അവലോകനം ചെയ്യാന്‍ വൈദഗ്ധ്യം ആവശ്യമുണ്ട്, ഒറ്റമൂലിയൊട്ടു ലഭിക്കുകയുമില്ല. ഒറ്റബുദ്ധികളെ സംബന്ധിച്ചിടത്തോളം പ്രശ്നവും പരിഹാരവും ഒക്കെ വളരെ ലളിതമാണ്. പക്ഷെ അത്തരം ഒറ്റമൂലി പരിഹാരങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിക്കില്ലെന്നു മാത്രമല്ല, പലപ്പോഴും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
.
ചെറുകിട വ്യവസായികള്‍ കറന്‍സി ഇല്ലാതെ വലയുന്നു, ശമ്പളം കൊടുക്കാന്‍ പോലും കഴിയുന്നില്ല… എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടവര്‍ക്ക് ബാങ്ക് വഴി അവര്‍ക്ക് ശമ്പളം കൊടുത്തുകൂടാ, പര്‍ച്ചേസ് ചെയ്തുകൂടാ എന്നൊക്കെ ചോദിക്കാന്‍ എളുപ്പമാണ്. ബാങ്ക് ആക്കൌണ്ട് ഇല്ലാത്ത തൊഴിലാളികള്‍, നിയമാനുസൃതം രജിസ്ടര്‍ ചെയ്യാത്ത തൊഴിലാളികള്‍, ബാങ്ക് ട്രാന്‍സാക്ഷന്‍ അനുവദിക്കാത്ത  പര്‍ച്ചേസര്‍സ്… അങ്ങിനെ നൂറായിരം പ്രായോഗിക ബുദ്ധിമുട്ടുകളാണ് ചെറുകിട വ്യവസായികള്‍ക്ക് ഉണ്ടാവുക. ഇതെല്ലാം ശരിയാക്കുന്നതിനേക്കാള്‍ എളുപ്പം കച്ചോടം പൂട്ടലായിരിക്കും, പലപ്പോഴും ശരിയാക്കല്‍ അസാധ്യവുമായിരിക്കും. കറന്‍സി ഇല്ലാത്തതു കൊണ്ടു അടച്ചു പൂട്ടിയ ഒരു ജൂട്ട് മില്ലിനെ കുറിച്ചുള്ള വാര്‍ത്ത‍ ഇന്നലെ കണ്ടിരുന്നു. രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടപ്പെട്ടത്. നാലു ലക്ഷത്തിലധികം പേര്‍ക്ക് ജോലി പോയേക്കുമെന്ന് കണക്കാക്കുന്നു. അതുകൊണ്ട് കള്ളപ്പണക്കാരനായ കച്ചവടക്കാരന്‍ ചൊവ്വാ ഗ്രഹത്തിലാണെന്ന തെറ്റിധാരണ ഇനിയെങ്കിലും ഉപേക്ഷിക്കേണ്ടതുണ്ട്. https://goo.gl/XFZz8T https://goo.gl/VbCH9h    
.
മറ്റൊരുദാഹരണം നോക്കാം. ഭക്ഷണ വസ്തുക്കളുടെ സമീപത്തു രാസവസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ അപകടസാധ്യതയുണ്ട്. ഇക്കാരണം കൊണ്ടു ഭക്ഷണ വസ്തുക്കളും രാസവസ്തുക്കളും തമ്മില്‍ ചുരുങ്ങിയത് ഇരുപതു മീറ്റര്‍ അകലം കടകളില്‍ പാലിക്കണമെന്നൊരു നിയമം കൊണ്ടുവരുന്നതില്‍ ധാര്‍മികമായി  തെറ്റൊന്നും ഇല്ലല്ലോ? പക്ഷെ അതോടെ സോപ്പും സവാളയും രണ്ടുംകൂടി കടയില്‍ വെച്ചു വില്‍ക്കാന്‍ ചെറുകിട പലചരക്ക് കച്ചവടക്കാര്‍ക്ക് കഴിയില്ല. പാലിനും പച്ചക്കറിക്കും കോഴിക്കും വെവ്വേറെ ഫ്രീസര്‍ വേണമെന്ന് പറയുമ്പോള്‍ അതു ബാധിക്കുക ചെറുകിട കച്ചവടക്കാരെ മാത്രമാണ്. അവരുടെ ക്ഷീണം, അടച്ചുപൂട്ടല്‍ ഭാവിയില്‍ സഹായിക്കുക വന്‍കിട പലചരക്ക് കടക്കാരായ ബിഗ്‌ ബസാര്‍, റിലയന്‍സ് ഫ്രഷ്, ലുലു പോലെയുള്ളവരെയാണ്. ഒറ്റബുദ്ധിയില്‍ ആലോചിക്കുമ്പോള്‍ നിയമം കൂടുതല്‍ ശരിയാവുകയാണ്, പക്ഷെ അതല്ല വാസ്തവം. തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ചെറുകിടക്കാരെ ബാധിക്കുന്ന ഇത്തരം ധാര്‍മികമായി ശരിയെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവന്നു അവരെ കൂട്ടത്തോടെ പൂട്ടിക്കുകയെന്നതാണ് പലപ്പോഴും അണിയറയില്‍ സംഭവിക്കുക.
.
ഇത്തരം പല ചതികളിലൂടെയാണ് വമ്പന്മാര്‍ വീണ്ടും വലിയ വമ്പന്മാരായിട്ടുള്ളത്, ആയികൊണ്ടിരിക്കുന്നത്. തെളിവൊന്നും എന്നോട് ചോദിക്കേണ്ട, പോക്കറ്റില്‍ തെളിവൊന്നും കൊണ്ടു നടക്കുന്നില്ല. അതുകൊണ്ട് ഇതൊരു സാങ്കല്‍പ്പിക ഉദാഹരണമായി കണ്ടാല്‍ മതി, അങ്ങിനെയൊരു സാധ്യത ഉണ്ടെന്നെങ്കിലും മനസിലാക്കിയാല്‍ മതി. കാരണം നോട്ടുനിരോധനത്തിനു പുറകില്‍ അഴിമതിയും കാലേക്കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയും ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫലം ഒന്നാണ്. ഇത്തരമൊരു നീക്കം അസംഘടിത മേഘലയുടെ, ചെറുകിട വ്യാപാര വാണിജ്യ വ്യവസായങ്ങളുടെ നടുവൊടിക്കും. അതു ഭാവിയില്‍ വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഉപകാരപ്പെടും. അംബാനിയോ യൂസഫലിയോ കുറച്ചു കൂടി കാശ് ഉണ്ടാക്കുന്നതില്‍ വിഷമിക്കേണ്ടതില്ല, നാട്ടിലെ സമ്പത്തും കറന്‍സിയുമൊക്കെ അക്ഷയപാത്രം ആയിരുന്നെങ്കില്‍. നിര്‍ഭാഗ്യവശാല്‍ അതല്ല വസ്തുത, കൂടുതല്‍ ദരിദ്രരെ സൃഷ്ട്ടിക്കാതെ സമ്പന്നര്‍ക്ക് അതിസമ്പന്നരാവാന്‍ കഴിയില്ല. അതുകൊണ്ടാണ് സമ്പത്തിന്‍റെ നീതിപൂര്‍വ്വമായ വിതരണം ഉറപ്പുവരുത്തേണ്ടി വരുന്നത്.
.
കള്ളപണമെന്ന ഏക വില്ലനെ നിഗ്രഹിച്ചു സകല പ്രശ്നങ്ങളും പരിഹരിക്കുന്ന ഫോര്‍മുലയുടെ ഭക്തര്‍ വായിച്ചിരിക്കേണ്ട കൌശിക് ബസുവിന്‍റെ ഒരു നിരീക്ഷണമുണ്ട്. ലോകമെമ്പാടും ബാധിച്ച സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ ബാങ്കുകളെ വലുതായി ബാധിക്കാതെ പോയതു കള്ളപണം കൊണ്ടായിരുന്നുവെന്നു അങ്ങേര്‍ സ്ഥാപിക്കുന്നുണ്ട്. ഇക്കാര്യം ആവര്‍ത്തിച്ച അഖിലേഷ് യാദവ്‌ അടക്കം പലരും പരിഹസിക്കപ്പെടുക ആയിരുന്നു. ഈ ലിങ്കില്‍ അദ്ദേഹത്തിന്‍റെ വാദം വായിക്കാം http://www.bbc.com/news/world-asia-india-35610332 . എനിക്കിത് യുക്തിസഹമായി തോന്നി. ലോകത്താകമാനം ഭൂമിയുടെ വില കുത്തനെ ഉയര്‍ന്നപ്പോള്‍ ഇന്ത്യയിലും അതു സംഭവിച്ചു, മറ്റു പല വികസിത രാജ്യങ്ങളെക്കാള്‍ വലിയ തോതില്‍ തന്നെ. പക്ഷെ അപ്പോഴും യദാര്‍ത്ഥ വിലയുടെ പകുതി വിലക്കൊക്കെയാണ് ഇവിടെ രജിസ്ട്രേഷന്‍ നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭൂമി പണയപ്പെടുത്തി നല്‍കിയ ലോണുകളുടെ വാല്യൂവേഷനും ഇന്ത്യയില്‍ കുറവായിരുന്നു. മാന്ദ്യത്തോടെ ഭൂമിയുടെ വില കുറഞ്ഞപ്പോള്‍ പുറം രാജ്യങ്ങളിലെ ബാങ്കുകള്‍ ലോണ്‍ തിരിച്ചു പിടിക്കാന്‍ കഴിയാതെ പൊട്ടി. അതെസമയം ഇന്ത്യയിലും സ്ഥലത്തിന്‍റെ വിലയില്‍ കുറവ് വന്നെങ്കിലും, ലോണ്‍ കൊടുത്ത തുക രജിസ്ടര്‍ ചെയ്ത തുകക്ക് ആനുപാതികം ആയതുകൊണ്ട് ബാങ്കിനെയതു വലുതായി ബാധിച്ചില്ല. അതുകൊണ്ട് ഇന്ത്യന്‍ ബാങ്കുകള്‍ ഒന്നുപോലും സാമ്പത്തികമാന്ദ്യത്തില്‍ പൂട്ടിപോയില്ല. ഇതൊരു വസ്തുതയാണ്, അതിനര്‍ത്ഥം നികുതി വെട്ടിച്ചു വില കുറച്ചു ഭൂമി രജിസ്ടര്‍ ചെയ്യാന്‍ സമ്മതിക്കണം എന്നല്ല. തെറ്റായ കാര്യങ്ങള്‍ പോലും ചില സാഹചര്യങ്ങളില്‍ ഉപകാരപ്രദമാവുമെന്നു ചൂണ്ടികാട്ടിയതാണ്.
.
http://malayalamvaarika.com/2016/December/05/report3.pdf - അനൂപ്‌ പരമേശ്വരന്‍ എഴുതിയ ഈ ലേഖനത്തിലും ഇക്കാര്യം ക്വോട്ട് ചെയ്യുന്നുണ്ട്, വായിക്കേണ്ട ലേഖനമാണ്. Economics is not a moral subject എന്ന കൌശിക്കിന്‍റെ വാദം ഇതിലും ആവര്‍ത്തിക്കുന്നുണ്ട്. പക്ഷെ എനിക്കു തോന്നിയത് സാമ്പത്തിക ശാസ്ത്രവും സദാചാര വിഷയം തന്നെയാണെന്നാണു. അതെസമയം സദാചാരവും സാമ്പത്തിക ശാസ്ത്രത്തെ പോലെതന്നെ ലളിതമല്ലെന്നു മനസ്സിലാക്കണമെന്നു മാത്രം. വെളുപ്പും കറുപ്പും കള്ളികള്‍ മാത്രമുള്ള ഒറ്റബുദ്ധിയില്‍ ധാര്‍മികതയെ നിര്‍വചിക്കുന്നതിലാണ് പ്രശ്നമുള്ളത്. സങ്കീര്‍ണമായ ഒട്ടനവധി പ്രശ്നങ്ങളെ ഒറ്റയടിക്ക് പരിപൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയില്ല. പടിപടിയായുള്ള മെച്ചപ്പെടുത്തലുകള്‍ മാത്രമേ ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയൂ, അങ്ങിനെയേ ചെയ്യാവൂ.
.
പക്ഷെ സാമ്പത്തിക ശാസ്ത്രത്തിലെ സദാചാര ചര്‍ച്ചയൊക്കെ പ്രസക്തമാവുന്നത് ലക്ഷ്യങ്ങളിലെങ്കിലും നന്മ ഉണ്ടാവുമ്പോഴാണ്. ഇവിടെ അക്കാര്യത്തില്‍ പോലും എനിക്കു സംശയമുണ്ട്‌. എന്തുകൊണ്ട് നോട്ടുനിരോധനം ചെറുകിടക്കാരെ പൂട്ടിക്കാനും അതുവഴി കോര്‍പറേറ്റുകളെ സഹായിക്കാനും വേണ്ടി നടപ്പിലാക്കിയൊരു പദ്ധതി ആയിക്കൂടാ? അങ്ങിനെയാണെങ്കില്‍ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നത് പോലെ ഇതൊരു മോശം നടപ്പിലാക്കല്‍ അല്ല, എല്ലാവരെയും കബളിപ്പിച്ചു കൊണ്ടു വളരെ കാര്യക്ഷമമായി തന്നെ നടപ്പിലാക്കിയ ഒന്നാണ് നോട്ട് നിരോധനം. അതൊരു മണ്ടന്‍സ്വപ്നവുമല്ല, മറിച്ചു ബുദ്ധിപൂര്‍വ്വമായൊരു കുതന്ത്രമാണ്.
.
നോട്ട് നിരോധനത്തില്‍ ഡെയിലി ഫിക്സുകളുമായി വന്നത് സര്‍ക്കാര്‍ മാത്രമല്ല. പൊതുജനാഭിപ്രായവും മാറി മാറി കൊണ്ടേയിരുന്നു. ആദ്യ നാളുകളില്‍ നോട്ടുനിരോധനം നല്ല നടപടി ആയിരുന്നു. പിന്നീടത്‌ നല്ല ആശയവും മോശം നടപ്പാക്കലുമായി. ഇപ്പോഴത്‌ നല്ല ഉദ്ദേശവും, മണ്ടന്‍ സ്വപ്നവും, മോശം നടപ്പാക്കലുമാണ്. നാളെയത് ചീത്ത ലക്ഷ്യവും, കാര്യക്ഷമമായ നടപ്പാക്കലും ആവില്ലെന്ന് ആരു കണ്ടു. അതിലേക്കിനി അധികം ദൂരമില്ല.

November 13, 2016

ശരിക്കും മണ്ടനാണോ അതോ!

വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ഇപ്പൊഴുണ്ടായി കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ എളുപ്പത്തില്‍ മുന്‍കൂട്ടി കാണാവുന്നവ മാത്രമാണ്, പ്രത്യേകിച്ചു എല്ലാതരം അറിവുകളും വൈദഗ്ധ്യവും ലഭ്യമായ അധികാര സ്ഥാനത്തുള്ളവര്‍ക്കു. നിരോധനത്തിന് കാരണമായി പ്രധാനമന്ത്രി പ്രധാനമായും ഉയര്‍ത്തികാട്ടിയത് കാലങ്ങളായി ഇവിടെയുള്ള കള്ളപണത്തെയാണ്‌. ഈ കള്ളപണത്തെ വെളുപ്പിക്കാന്‍ പറ്റിയൊരു സാഹചര്യം പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇന്നലെ ഇവിടെ ഉണ്ടായിട്ടുമില്ല. കള്ളപ്പണത്തെ കൈകാര്യം ചെയ്യാന്‍ പഴുതുകളടച്ചും ആസൂത്രിതമായും ഇതിലും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കാലക്രമേണ നടപ്പിലാക്കാമെന്നിരിക്കെ നോട്ട് നിരോധനമെന്ന കാരണം ഒട്ടും വിശ്വസനീയമല്ല. അതുകൊണ്ട് നമുക്ക് അജ്ഞാതമായ എന്തോ യദാര്‍ത്ഥ കാരണം/ലക്ഷ്യങ്ങള്‍ കൊണ്ടാണ് നിരോധനം നടപ്പിലാക്കിയതെന്നാണ് എനിക്കു തോന്നുന്നത്. അതെന്തു തന്നെ ആയാലും ഈ നടപടിയുടെ പരാജയം പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് അതുണ്ടായിട്ടുള്ളത്. ജപ്പാനില്‍ നിന്നും തിരിച്ചെത്തുന്ന പ്രധാനമന്ത്രി, ഈ നടപടി മൂലം ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചു നോട്ട് നിരോധനം പിന്‍വലിച്ചേക്കും.


അതോടെ ഫലത്തില്‍ സാധാരണ മനുഷ്യര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്കു പുറമേ ബാക്കിയാവുന്നതു രണ്ടായിരമെന്ന പുതിയ കറന്‍സിയാണ്. കൂടുതല്‍ വലിയ ഈ കറന്‍സി കൊണ്ട് ആര്‍ക്കാണ് ഗുണം ഉണ്ടാവുക! വലിയ കറന്‍സിയിലൂടെ വിലകയറ്റത്തെ അംഗീകരിക്കുകയല്ലേ യദാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌!... പക്ഷെ ഇത്തരം ചോദ്യം ചെയ്യലുകളാവില്ല അന്തരീക്ഷത്തില്‍ നിലനില്‍ക്കുക. മറിച്ചു റെഡി_ടു_വെയിറ്റുകാരായ പാണന്മാര്‍ നോട്ടു നിരോധിക്കലിനെ പ്രശംസിച്ചതു പോലെ, നിരോധനത്തെ പിന്‍വലിച്ചതിനെയും പാടി പുകഴ്ത്തും. ആദ്യഘട്ടത്തില്‍ പാണമാരുടെ കൂടെ കൂടിയത് കള്ളപണത്തെ എതിര്‍ക്കുന്നവരാണെങ്കില്‍, രണ്ടാം ഘട്ടത്തില്‍ അവരോടു കൂടെ നിരോധനത്തില്‍ ഗതികെട്ട ജനങ്ങളും നിരോധനം പിന്‍വലിച്ച നടപടിയെ കയ്യടിച്ചു പാസാക്കും. അജ്ഞാതമായ നിരോധനത്തിന്‍റെ ലക്‌ഷ്യം ഈ ദിവസങ്ങള്‍ക്കുള്ളില്‍ നിറവേറ്റപ്പെട്ടു കഴിഞ്ഞെങ്കില്‍ ഈ നാടകത്തിനു ഇതോടെ തിരശീല വീഴും.


കള്ളപണത്തെ നിയമപരമായി വെളുപ്പിച്ചു കൊടുക്കുകയെന്ന ലക്ഷ്യം കൂടി ഈ നടപടിയിലൂടെ നിറവേറ്റാന്‍ ലക്‌ഷ്യം വെക്കുന്നുണ്ടെങ്കില്‍ ഒരുപക്ഷെ നാടകം തുടര്‍ന്നേക്കും. പക്ഷെ ഇരുന്നൂറു ശതമാനം ഫൈന്‍ എന്ന നിലവിലെ നിയമം വഴി ഈ നാടകം മുന്നോട്ടു പോവില്ല. അപ്പോള്‍ സംഭവിക്കാവുന്നത്‌ നികുതിയും പിന്നെ എന്തെങ്കിലും ചെറിയൊരു ഫൈനും കൂടി അടച്ചു കള്ളപണത്തെ ബാങ്കിലെത്തിക്കാന്‍ അനുവദിക്കുകയാണ്. അതോടെ നാടകം തീരും, ബാക്കി പണി പാണന്മാര്‍ക്കുള്ളതാണ്. നികുതിയിലൂടെ ലഭിച്ച അധിക വരുമാനം, ബാങ്ക് നിക്ഷേപത്തിലെ വളര്‍ച്ച, സമ്പത്ത് വ്യവസ്ഥയുടെ ഉണര്‍ച്ച... തുടങ്ങിയ അനവധി നിരവധി തള്ളലുകളിലൂടെ ഈ കള്ളനാണയങ്ങളെ വെളുപ്പിച്ചെടുക്കേണ്ട ബാധ്യത പാണന്മാര്‍ സ്വയം ഏറ്റെടുത്തു നടപ്പിലാക്കും. ശുഭം


* സംഘിസംവാദത്തിനു വയ്യാത്തത് കൊണ്ടു ഒരു ഡിസ്കൈമള്‍: ബാലന്‍ കെ നായരും, അമരീഷ് പുരിയും, നരേന്ദ്രമോഡിയും, കൂട്ടൂസനുമൊക്കെ അബദ്ധത്തില്‍ പോലും നന്മ ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു ദോഷൈകദൃക്കിന്‍റെ അടിസ്ഥാനമില്ലാത്ത വിഹ്വലതകളായി മാത്രം ഇതിനെ കണ്ടാല്‍ മതി. അതിര്‍ത്തിയില്‍ മഞ്ഞു കൊള്ളുന്ന പട്ടാളക്കാര്‍ക്കും ദേശസ്നേഹികള്‍ക്കും നല്ലതു മാത്രം വരട്ടെ. കള്ളപണക്കാരായ മുസ്ലിങ്ങള്‍ പണ്ടാറമടങ്ങി പോവട്ടെ.

June 24, 2016

വിയര്‍പ്പ്


എല്ലാ ദിവസവും മഴ പെയ്യുന്ന പ്രഭാതങ്ങളാവും സ്വര്‍ഗ്ഗത്തിലേതു. അവിടത്തെ ഓരോ വീടിന്‍റെ വരാന്തകളിലും ആരെങ്കിലുമൊക്കെ ചായ കുടിച്ചുകൊണ്ട് പത്രം വായിക്കുന്നുണ്ടാവും. വെളുപ്പാന്‍കാലത്ത്‌ പകല്‍കിനാവു കാണുന്നതു മറ്റാരും കാണാതിരിക്കാന്‍ സുബൈര്‍ പത്രം തുറന്നു പിടിച്ചു. പതിമൂന്നു മണിക്കൂര്‍ നീളുന്ന റമളാനിലെ ചൂടന്‍ പകലുകളില്‍ നിന്നും, തോരാത്ത ഇടവപാതിയിലേക്ക് ഇന്നലെയാണ് അയാള്‍ വിമാനമിറങ്ങിയത്. അതും നീണ്ട ഏഴു വര്‍ഷത്തിനു ശേഷം, 'ഇവിടം സ്വര്‍ഗ്ഗ'മെന്ന മതിഭ്രമം ഉണ്ടായില്ലെങ്കിലാണ് അത്ഭുതം.


പാല്‍ എത്തിയിട്ടില്ലാത്തതു കൊണ്ടു കട്ടന്‍ ചായ കുടിക്കേണ്ടി വന്നുവെന്നതാണ് ഇപ്പോഴീ സ്വര്‍ഗ്ഗത്തിലെ ഏക കല്ലുകടി. സൌദിയില്‍ കട്ടന്‍ചായയാണ് പതിവു, അവിടത്തെ 'റബ്ബര്‍' പാലൊഴിച്ച ചായയുമായി പൊരുത്തപ്പെടാന്‍ ഇനിയുമായിട്ടില്ല. തിളച്ച വെള്ളത്തില്‍ ചായപൊടിയെ തൂക്കികൊല്ലുന്ന കലാപരിപാടി ഇഷ്ടമുണ്ടായിട്ടല്ല, എന്തെങ്കിലും കുടിക്കണ്ടേ എന്നു കരുതി കുടിക്കുന്നതാണ്. പാലില്ലെന്ന പരാതിക്കും, ചായ ചിന്തകള്‍ക്കും അറുതിവരുത്തിക്കൊണ്ടു ഗേറ്റ് തുറന്നു പാലുമായി ഒരു പെണ്‍കുട്ടി വന്നു. ഉമ്മാ... പാലെന്നു നീട്ടിവിളിച്ചു കൊണ്ടു സുബൈര്‍ പത്രത്തിലേക്ക് ഊളിയിട്ടതായി ഭാവിച്ചു. തിണ്ണയില്‍ വെച്ചിരുന്ന ഒഴിഞ്ഞ പാല്‍ കുപ്പിയുമെടുത്തു മടങ്ങാന്‍ തുടങ്ങിയപ്പോഴേക്കും, ഉമ്മ ഓടിയെത്തി അവരെ തിരിച്ചു വിളിച്ചു. അങ്ങിനെയൊരു പിന്‍ വിളി അവര്‍ പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നി. കയ്യില്‍ ചുരുട്ടിപിടിച്ചിരുന്ന ഒരു മാസത്തെ പാലിന്‍റെ കാശ് ഉമ്മ അവര്‍ക്ക് കൊടുത്തു. കൊടുത്തുവെന്നല്ല,  ഉമ്മ താഴേക്കിട്ട ചുരുട്ടിയ നോട്ടുകള്‍ അവര്‍ അനായാസേന വായുവില്‍ നിന്നും റാഞ്ചിയെടുക്കുകയായിരുന്നു.

സുബൈര്‍ അതു ശ്രദ്ധിച്ചെന്നു ഉമ്മാക്ക് മനസ്സിലായി. അതാരാണെന്നു നിനക്കു മനസിലായില്ലേ? ഇല്ലത്തെ കുട്ടിയാണ് ഗീത, ശങ്കരന്‍ തമ്പ്രാന്‍റെ പേരകുട്ടി. എങ്ങിനെ വളരേണ്ട കുട്ടിയാണ്, പാല്‍ വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് ഇപ്പോഴാ കുടുംബം കഴിഞ്ഞു പോവുന്നതു. ഈ പ്രായത്തിലുള്ള കുട്ടികളെ പാലുമായി അന്യവീടുകളിലേക്ക് നമ്മളാണെങ്കില്‍ വിടോ! സകല സങ്കടങ്ങളും അടക്കം ചെയ്തൊരു ദീര്‍ഘനിശ്വാസം ഉമ്മ പുറത്തേക്കു വിട്ടു.


ഇപ്പോഴാണ് സുബൈറിനു ആളെ മനസിലായതു. പതിനാറാം വയസ്സില്‍ കള്ള പാസ്പോര്‍ട്ട് സംഘടിപ്പിച്ചു സുബൈര്‍ സൌദിയിലേക്ക് പോവുമ്പോള്‍ ഗീത ചെറിയ കുട്ടിയാണ്. ഗീതയുടെ അച്ഛന്‍ വാസുദേവന്‍‌ നമ്പൂതിരി വഴിയാണ് വാപ്പ ട്രാവല്‍ എജന്റിനെ പരിചയപ്പെടുന്നത്. വാസുദേവന്‍‌ നമ്പൂതിരിയുടെ നാട്ടുകാരനാണ് ടൌണില്‍ ട്രാവല്‍സ് നടത്തിയിരുന്ന വര്‍ഗീസ്‌ മാപ്ല. വാസുദേവന്‍‌ നമ്പൂതിരി പറഞ്ഞിട്ടു വന്നതാണെന്ന് പറഞ്ഞതോടെ വര്‍ഗീസ്‌ മാപ്ല വാപ്പയുടെ കാലില്‍ വീണില്ല എന്നേയുള്ളൂ. വിസാ കാശില്‍ നിന്നും അറുന്നൂര്‍ രൂപ കിഴിവും, ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മുസംബി ജ്യൂസും വാങ്ങിച്ചു തന്നിട്ടാണ്  മാപ്ല ഞങ്ങളെയന്നു മടക്കി അയച്ചതു. അന്നൊക്കെ എങ്ങിനേയും ഈ നശിച്ച നാട്ടില്‍ നിന്നും രക്ഷപ്പെട്ടു രണ്ടു കാശുണ്ടാക്കണമെന്നായിരുന്നു സുബൈറിനു. മനസ്സു മാറുന്നതിനു മുന്‍പ് സുബൈറിനെ പേര്‍ഷ്യയിലേക്ക് വിടാനുള്ള തത്രപാടിലായിരുന്നു വാപ്പയും. കാറ്റും കോളുമൊന്നും വകവെക്കാതെ കടലില്‍ പോയി വിസക്കുള്ള കാശിന്‍റെ മുക്കാലും വാപ്പ സംഘടിപ്പിച്ചു. പെട്ടെന്നൊരു ദിവസം വാപ്പ മരിച്ചപ്പോള്‍ സുബൈര്‍ വാസുദേവന്‍‌ നമ്പൂതിരിയെ പോയി കണ്ടിരുന്നു. അദ്ദേഹം പറഞ്ഞാല്‍ വിസക്കുള്ള പൈസയില്‍ എന്തെങ്കിലും കുറവോ കാലാവധിയോ കിട്ടിയേക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഇല്ലത്തെ തമ്ബ്രാട്ടിയെ വേളി കഴിച്ചു ഈ നാട്ടിലേക്ക് വന്നതോടെ പഴയ നാട്ടുകാരുമായി ബന്ധമില്ലെന്ന മറുപടിയാണ് കിട്ടിയത്. പിന്നെ ആരോടും സഹായം അഭ്യര്‍ത്ഥിക്കാന്‍ നിന്നില്ല. കിട്ടുന്ന പണിയെല്ലാം ചെയ്തു ബാക്കി കാശും സംഘടിപ്പിച്ചു മാപ്ലക്ക് കൊടുത്തു, സൌദിയിലേക്ക് പ്ലെയിന്‍ കേറി.   


നമ്മുടെ സൈനുവും, ഗീതയും, വടക്കാപ്പുറത്തെ ലിസിയുമൊക്കെ ജ്യോതിസ് കോളേജില്‍ പ്രീഡിഗ്രീക്ക് ഒരുമിച്ചായിരുന്നു.പഴയ കഥകള്‍ പറയാന്‍ ഉമ്മാക്കും, അതു കേട്ടിരിക്കാന്‍ സുബൈറിനും വലിയ ഇഷ്ടമാണ്. ലിസി പഠിക്കാന്‍ മിടുക്കിയായിരുന്നു. പ്രീഡിഗ്രി പാസായ അവള് ബാംഗ്ലൂര്‍ പോയി നഴ്സിങ്ങ്‌ പഠിച്ചു, ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്. ഗീത പാസായിട്ടും കാര്യമൊന്നുമില്ല, അവരുടെ കൂട്ടര്‍ക്ക് സര്‍ക്കാര്‍ ജോലിയൊന്നും കിട്ടാന്‍ പോവുന്നില്ലല്ലോ. അതുകൊണ്ട് ഗീതയും സൈനുവും തോറ്റ്. സൈനൂന്‍റെ കല്യാണത്തിനു തലേന്ന് ഗീതയും തമ്പ്രാനും കൂടി ഇവിടെ വന്നിരുന്നു. ആ കുട്ടിയുടെ വളരെ നല്ല ജാതകമാണ്, അതുകൊണ്ട് പുത്യാപ്ലയെ കിട്ടാന്‍ പാടാണത്രേ. ഇപ്പോഴും കിട്ടിയിട്ടില്ല. ഉമ്മ പിന്നേം ദീര്‍ഘനിശ്വാസമിട്ടു.


അതൊക്കെ വെറുതെ തോന്നുന്നതാണ് ഉമ്മാ, കാശു കൊടുത്താല്‍ നല്ല മണി മണി പോലുള്ള പയ്യന്മാര്‍ വന്നു ഇല്ലത്ത് ക്യൂ നില്‍ക്കും. എത്ര ഭൂസ്വത്തുള്ള കുടുംബമാണ്, ഓല വിറ്റുകിട്ടുന്ന കാശെങ്കിലും ചിലവാക്കാന്‍ പറ. ഉമ്മയെ വെറുതെ ദേഷ്യം പിടിപ്പിക്കാനായാണ് സുബൈര്‍ ഇല്ലത്തുള്ളവരുടെ പിശുക്കിനെ സൂചിപ്പിച്ചതു. നിനക്കെന്തറിയാമെന്ന മട്ടിലൊന്നു ചിരിച്ചതല്ലാതെ ഉമ്മ ദേഷ്യം പിടിച്ചില്ല. നിനക്കറിയോ ഇന്നു മുരിങ്ങോത്തെ കേശവനുള്ളത്ര സ്വത്തു വാസുദേവന്‍‌ തമ്പ്രാനുണ്ടാവില്ല. ഉള്ള സ്വത്തു തന്നെ എത്രയോ കാലങ്ങളായി കേസില്‍ കിടക്കുകയാണ്. ശങ്കരന്‍ തമ്പ്രാന്‍റെ സ്വത്തുക്കള്‍ ഇതുവരെ ഭാഗം കഴിഞ്ഞിട്ടില്ല, അവകാശികളൊക്കെ പല ദിക്കിലാണ്. എല്ലാവര്‍ക്കും ആവശ്യങ്ങളുണ്ട്, പക്ഷെ ആരും വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല. ശങ്കരന്‍ തമ്പ്രാന്‍റെ കാര്യസ്ഥനായിരുന്നു മുരിങ്ങോത്തെ കേശവന്‍. തമ്പ്രാന്‍ മരിച്ചപ്പോള്‍ വാസുദേവന്‍‌ തമ്പ്രാന്‍റെ കൂടെ കൂടി. അന്നൊക്കെ കൃഷിയും വരുമാനവുമൊക്കെ  ഉണ്ടായിരുന്നു. കേശവന്‍റെ മക്കളൊക്കെ നന്നായി പഠിച്ചു, എല്ലാവരും വലിയ നിലകളിലായി. കേശവന്‍ കാര്യസ്ഥന്‍ പണി നിര്‍ത്തിയതോടെ ഇല്ലത്തെ പറമ്പും കണ്ടവുമൊക്കെ തരിശായി കിടക്കുകയാണ്. കാശിനാവശ്യമുള്ളപ്പോള്‍ കേശവനോട് ചോദിക്കുമെന്നല്ലാതെ പണ്ടേ കണക്കു നോക്കുന്ന പരിപാടിയൊന്നും തമ്പ്രാക്കന്മാര്‍ക്കുണ്ടായിരുന്നില്ല.


പണ്ട് ഇല്ലത്തെ പണിക്ക് പോയിരുന്ന കാലം മുതല്‍ സുബൈറിനു കേശവനെയറിയാം. പ്രത്യേകിച്ചൊരു പണിയും ചെയ്യാതെ തലമുറകളായി ഇല്ലത്തുള്ളവര്‍ സുഭിക്ഷമായി ഉണ്ടുറങ്ങി കഴിഞ്ഞുവെങ്കില്‍ അതു കേശവന്‍റെ കാര്യശേക്ഷി കൊണ്ടാണെന്ന് സുബൈറിനു നേരിട്ടറിയാം. തമ്പ്രാക്കന്മാരെ ഊട്ടാനായി സുബൈറടക്കമുള്ള പണിക്കാരെ കേശവന്‍ പിഴിഞ്ഞതിന്‍റെ കെറുവ് ഇപ്പോഴും ഉണ്ടെങ്കിലും, കേശവനെ കുറ്റപ്പെടുത്തുന്ന ധ്വനിയോടെയുള്ള ഉമ്മയുടെ സംസാരം സുബൈറിനത്ര രസിച്ചില്ല. അതിനു പ്രതികാരമായി സുബൈര്‍ ഉമ്മയോട് ഒരു പാല്‍ ചായ ചോദിച്ചു, ഉമ്മ അതെടുക്കാന്‍ അടുക്കളയിലേക്കു പോയി.  


ഏഴു വര്‍ഷമായിട്ടും താനെന്തു കൊണ്ട് നാട്ടില്‍ വന്നില്ലെന്ന് ഉമ്മാക്ക് അറിയില്ലല്ലോ, സുബൈര്‍ ഓര്‍ത്തു. ഫ്രീ വിസയില്‍ സൌദിയിലെത്തിയ ആദ്യത്തെ ഒരു വര്‍ഷം അറിയാവുന്നതും അറിയാത്തതുമായ എന്തൊക്കെയോ പണികള്‍ ചെയ്തു. ഇതിനിടയിലാണ് ബാബുക്കയെ പരിചയപ്പെടുന്നത്. ആള് എഞ്ചിനിയറാണ്, പഴയ ഐ ടി ഐ. ബാബുക്കാക്ക് ദമാമില്‍ ഒരു ഇലക്ട്രോണിക്സ് കടയുണ്ട്. ടിവി, വിസിആര്‍ റിപ്പയറിങ്ങില്‍ ബാബുക്കയെ വെല്ലാന്‍ അന്നാരുമില്ല. അറബികളുടെ വില്ലകളില്‍ നിന്നും കേടായ ടിവി എടുത്തുകൊണ്ടു വരാനും, തിരിച്ചു കൊണ്ട് കൊടുക്കാനുമൊക്കെ ആയാണ് ബാബുക്ക ആദ്യം സുബൈറിനെ വിളിക്കുന്നത്‌. പിന്നെ പിന്നെ പണിയില്ലാത്ത സമയത്ത് സുബൈര്‍ വന്നിരിക്കുന്ന സ്ഥലമായി ബാബുക്കയുടെ കട. ബാബുക്കയുടെ കട സുബൈറിന്‍റെ ഓഫിസ് പോലെയായി. വെറുതെയിരിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ട് സുബൈറിന്‍റെ സാന്നിധ്യം ബാബുക്കാക്കും അനുഗ്രഹമായിരുന്നു.


ആയിടക്കാണ് കമ്പ്യൂട്ടറുകള്‍ പ്രചാരത്തില്‍ വരുന്നതു. ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകള്‍ എടുത്തു അമ്മാനമാടുന്ന ബാബുക്കയെ സംബന്ധിച്ച് കംബ്യൂട്ടര്‍ അസംബിള്‍ ചെയ്യുകയെന്നത് വെറും പിള്ളേരുകളി മാത്രമായിരുന്നു. അതുകൊണ്ട് ആ പണി ബാബുക്ക സുബൈറിനെ കൊണ്ട് ചെയ്യിച്ചു. സൌദിയിലെ ആദ്യത്തെ മൂന്നു വര്‍ഷത്തെ അദ്ധ്വാനം കൊണ്ട് കുറച്ചു പൈസയും, നല്ലോണം അറബി ഭാഷയും, കുറച്ചു ഇലക്ട്രോണിക്സും സുബൈര്‍ സ്വായത്തമാക്കി. ആയിടക്കാണ് ബാബുക്കയുടെ സ്ഥിരം കസ്റ്റമറായ ഒരറബി ഒരു കംബ്യൂട്ടര്‍ കട തുടങ്ങുന്ന ഒരാശയം മുന്നോട്ടുവെച്ചത്‌. കംബ്യൂട്ടര്‍ അസംബിളിങ്ങ് മാത്രമായതുകൊണ്ട് ബാബുക്കാക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. നാട്ടില്‍ പോവാനുള്ള കലശലായ ആഗ്രഹം അടക്കിവെച്ചു കൊണ്ട്, ആ അറബിയുമായി ചേര്‍ന്ന് സുബൈര്‍ പുതിയ കടയിട്ടു. മിനിസ്ട്രിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ആ അറബിയുടെ സ്വാധീനം മൂലം തുടക്കത്തിലേ ഓര്‍ഡറുകള്‍ക്ക് പഞ്ഞം ഉണ്ടായിരുന്നില്ല. ആദ്യത്തെ കുറെനാള്‍ രാപകലില്ലാതെ അദ്ധ്വാനിച്ചിട്ടും സുബൈറിനു കാര്യമായ മെച്ചമൊന്നും ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടര്‍ വില്‍പ്പനയില്‍ നിന്നുള്ള ലാഭത്തിന്‍റെ സിംഹഭാഗവും ഓര്‍ഡര്‍ പിടിച്ചു നല്‍കുന്ന ആ അറബിക്ക് അവകാശപ്പെട്ടതായിരുന്നു. പഴയപോലെ പണിക്കു പോവുന്നതായിരുന്നു മെച്ചമെന്ന് പലതവണ തോന്നിയ ദിവസങ്ങള്‍.


പതുക്കെപ്പതുക്കെ വിറ്റ കമ്പ്യൂട്ടറുകളുടെ മെയിന്റനന്‍സ് പണികള്‍ വന്നുതുടങ്ങി. അത്തരം പണികളുടെ പൈസ പൂര്‍ണ്ണമായും സുബൈറിനു അവകാശപ്പെട്ടതാണെന്നു അറബി നിര്‍ദ്ദേശിച്ചു. പിന്നീടുള്ള ഓരോ  വര്‍ഷങ്ങളിലും ഇതേ അറബിയുമൊത്തു ഓരോ പുതിയ കടകള്‍ തുടങ്ങാന്‍ കഴിഞ്ഞു. നാട്ടില്‍ നിന്നും പരിചയക്കാരായ മൂന്നുനാല് പേരെ അവിടേക്ക് പണിക്കു കൊണ്ടുവന്നു. പക്ഷെ അപ്പോഴും കടകളുടെ ഉത്തരവാദിത്തം ആരെയെങ്കിലും ഏല്‍പ്പിച്ചു കൊണ്ട്, നാട്ടിലേക്ക് ഒരവധിക്ക് വരാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അറബി തന്നെ നാട്ടില്‍ പോയി വരാന്‍ നിര്‍ബന്ധിച്ച ധൈര്യത്തിലാണ് ഈ അവധി. ഇവിടെ എത്തിയിട്ടും മനസ്സ് മുഴുവന്‍ അവിടത്തെ കാര്യങ്ങളാണ്.


അപ്പോഴേക്കും ചായയുമായി ഉമ്മ തിരിച്ചെത്തി, അവസാനിപ്പിച്ചേടത്തു നിന്നുതന്നെ തുടങ്ങി. തമ്പ്രാക്കന്മാര്‍ക്കു കേശവനെ പൂര്‍ണ്ണ വിശ്വാസമായിരുന്നു. അവര്‍ ഒരുകാര്യത്തിലും ഇടപെട്ടിരുന്നില്ല, എല്ലാം കേശവനാണ് നടത്തിയിരുന്നത്. പതുക്കെപ്പതുക്കെ കേശവന്‍ വളരുകയും ഇല്ലം ശോഷിക്കുകയും ചെയ്തുവന്നു. സുബൈറിനതു രസിച്ചില്ല, കേശവന്‍ കള്ളനൊന്നുമല്ലെന്ന് അവന്‍ തറപ്പിച്ചുപറഞ്ഞു. അങ്ങിനെയെങ്കില്‍ അങ്ങിനെ, എന്നാലും കേശവന്‍ കാര്യസ്ഥന്‍ പണി ഉപേക്ഷിച്ചത് ശരിയല്ലെന്നായി ഉമ്മ. കഴിഞ്ഞ ദിവസം ഉമ്മ ഇല്ലത്ത് പോയിരുന്നപ്പോള്‍ തമ്പ്രാട്ടി പറഞ്ഞ സങ്കടകഥകള്‍ ഉമ്മയുടെ മനസ്സിലിരുന്നു വിങ്ങുകയാണ്. പറയുന്ന കൂലി കൊടുക്കാമെന്നു വെച്ചാലും പറമ്പിലെ പണിക്കോ തെങ്ങു കേറാനോ ഒരാളെയും ഇക്കാലത്ത് കിട്ടാനില്ലത്രേ. ആഴ്ചയില്‍ അഞ്ചു ദിവസം മുടങ്ങാതെ ഈവക പണികള്‍ക്ക് പോയാല്‍ സ്കൂളിലെ ടീച്ചര്‍മ്മാര്‍ക്ക് കിട്ടുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ പൈസ കിട്ടും, എന്നിട്ടാണ് പണിക്കാരെ കിട്ടാത്ത  അവസ്ഥ! പണ്ടൊക്കെ ഇല്ലത്തെ പണിക്ക് കൂലിയൊന്നും ഇല്ലായിരുന്നു. കഴിക്കാന്‍ എന്തെങ്കിലും കിട്ടും, ഭാഗ്യമുണ്ടെങ്കില്‍ പണി കഴിഞ്ഞു പോവാന്‍ നേരത്ത് ചക്കയോ മറ്റോ വീട്ടിലേക്ക് കൊണ്ടു പോവാന്‍ കിട്ടിയാലായി. എന്നിട്ടും അന്നൊക്കെ പുര നിറയെ പണിക്കാരായിരുന്നു. കഴിഞ്ഞ ദിവസം മാതു പെലക്കള്ളിയെ വിളിച്ചു മുറ്റത്തെ പുല്ലു പറിപ്പിച്ചതിനു, പണി കഴിഞ്ഞു വൈകീട്ട് പോകാന്‍ നേരത്ത് ഇരുന്നൂര്‍ രൂപ കൂലി തമ്പ്രാട്ടിയുടെ മുഖത്ത് നോക്കി ചോദിച്ചുവത്രേ!


ജീവിതത്തിലാദ്യമായാണ് ഉമ്മയുടെ പഴങ്കഥകള്‍ സുബൈറിനു ഇഷ്ടപ്പെടാതിരിക്കുന്നത്. മുറ്റത്തെ പുല്ലു അവര്‍ക്ക് തന്നെ പറിച്ചാല്‍ പോരെ ഉമ്മാ? വീട്ടിനുള്ളില്‍ അടയിരിക്കുന്ന ഇല്ലത്തെ ആണുങ്ങള്‍ക്ക് കുളം വെട്ടാന്‍ പോയ്കൂടെ? തെങ്ങു കേറാന്‍ പോവാലോ? നല്ലോണം പണിയും കൂലിയും കിട്ടും. അതെങ്ങിനെ ഇപ്പോഴും മനുഷ്യരെ തൊടാന്‍ അറപ്പാണല്ലോ! നോമ്പ് തുറക്കുമ്പോള്‍ ഞാനും എന്‍റെ മുദീറും ഒരു പ്ലേറ്റില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്, ഉമ്മാക്കറിയോ? സുബൈറിന്‍റെ വിപ്ലവം ഉമ്മാക്കും രസിച്ചില്ല. ഇല്ലെടാ പഴയപോലെ ഒന്നുമല്ല, ഇല്ലത്തുള്ളവര്‍ക്ക് അങ്ങിനെയൊരു തൊട്ടുകൂടായ്മയൊന്നും ഇപ്പോഴില്ല. വിട്ടുകൊടുക്കാന്‍ സുബൈര്‍ തയ്യാറായിരുന്നില്ല.


എങ്കില്‍ പിന്നെ ഉമ്മാക്കാണ് തൊട്ടുകൂടായ്മ. നിങ്ങളെന്തിനാണ് ആ ഗീതക്ക് പാലിന്‍റെ കാശ് എറിഞ്ഞു കൊടുത്തതു, കയ്യില്‍ വെച്ചു കൊടുത്താല്‍ പോരായിരുന്നോ?

June 19, 2016

ജിജ്ഞാസുവായ വാസു - The Inquisitive Man by Krilov

ഒരിടത്തൊരിടത്ത്... അല്ലേല്‍ വേണ്ട. 1814ല്‍ റഷ്യയിലെ ഒരു തെരുവില്‍ വെച്ചു വാസു തന്‍റെ ചങ്ങാതിയായ ശശിയെ കണ്ടുമുട്ടുന്നു.

ശശി: ഈയിടെയായി നിന്നെ കാണാന്‍ കിട്ടുന്നില്ലല്ലോ അളിയാ! ഇതിപ്പോള്‍ എവിടന്നു കുറ്റീം പറിച്ചോണ്ട് വരണ്?
വാസു:  ഒന്നും പറയേണ്ട ശശി, ഞാനിന്നു നമ്മുടെ മൃഗശാല കാണാന്‍ പോയി. എത്ര സമയം അവിടെ ചിലവഴിച്ചുവെന്നു എനിക്കു തന്നെ തിട്ടമില്ല. അവിടത്തെ ഓരോ മണല്‍ത്തരിയിലും പുല്‍നാമ്പിലും വരെ പ്രകൃതി അങ്ങിനെ തത്തിക്കളിക്കുകയാണ്. ഒന്നൊഴിയാതെ അവ ഓരോന്നും മതിവരോളം നോക്കിനിന്നു. ആ കാഴ്ച്ചകള്‍ അതു വര്‍ണ്ണനാതീതമാണ്, അനുഭവിച്ചു തന്നെ അറിയണം. നമ്മെ അമ്പരപ്പിക്കുന്ന വൈവിധ്യവും സൗന്ദര്യവുമാണ് പ്രകൃതിക്ക്. നമ്മുടെ എല്ലാ ഭാവനകള്‍ക്കും അപ്പുറത്താണ്  അവരുടെ പക്ഷിമൃഗാദികളുടെ ശേഖരം. എന്തിനു എത്ര തരം പൂമ്പാറ്റകളും ചിത്രശലഭങ്ങളുമാണ് യഥേഷ്ഠം പാറിപറക്കുന്നതു! മഞ്ചാടിയേക്കാള്‍ ചുവന്ന, മരതകത്തെ വെല്ലുന്ന പച്ചനിറമുള്ള പൂമ്പാറ്റകള്‍. കുന്നികുരുവോളം പോന്നൊരു പ്രാണിയുടെ ഉടലില്‍, മഴവില്‍ വിരിഞ്ഞ പോലെ നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നതു നിനക്കൂഹിക്കാന്‍ കഴിയുമോ!
ശശി: ഒരു പൊടിക്കടങ്ങ് പയലേ. ഇക്കണക്കിനു പോയാല്‍ അവിടത്തെ ആനക്ക് ഹിമാലയത്തേക്കാള്‍ ഉയരമുണ്ടെന്നു തള്ളുമല്ലോ!
വാസു: അതിനവിടെയെങ്ങും ഒരു ആനയുമില്ലല്ലോ
ശശി: ബെസ്റ്റ് കണ്ണാ, മുഖ്യായിട്ടും ആനയെ കാണാനല്ലേ ഇക്കണ്ട ജനം മുഴുവന്‍ അങ്ങോട്ട്‌ വെച്ചു പിടിക്കണത്. നീ എന്നിട്ട്...
വാസു: ഞാന്‍ കണ്ടില്ലടേയ്! പറ്റിയതു പറ്റി, നീയിനി ഇക്കാര്യം പറഞ്ഞോണ്ട് നടക്കണ്ട.

* പഴയൊരു റഷ്യന്‍ നാടോടികഥ പരിഭാഷപ്പെടുത്തി നോക്കിയതാണ്. ബാങ്ക്സിയുടെ പ്രശസ്തമായ ഇന്സ്റ്റളേഷനാണ് ചിത്രത്തില്‍ ഉള്ളതു. "അതിനു ഇതിലെവിടെയാണ് ഭായി ജാതി!" എന്ന ചോദ്യം  കേള്‍ക്കുമ്പോള്‍ മഹാഭൂരിപക്ഷം സമയത്തും എനിക്കീ കഥയും ചിത്രവും ഓര്‍മ്മ വരും.  

April 14, 2016

Difret (2015) - പങ്കജാക്ഷിയും ഷൈനമോളും പിന്നെ ഡീഫ്രെറ്റും

തനിക്കു വിവാഹം ചെയ്യണമെന്നു ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതു എത്യോപ്യയില്‍ പരമ്പരാഗതമായി തുടരുന്ന ഒരാചാരമാണ്. വിവാഹത്തിനു തടസ്സമുന്നയിച്ചു കൊണ്ട് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വരാതിരിക്കാനായി കഴിവതും വേഗത്തില്‍ ബലാല്‍ക്കാരത്തിനു വിധേയമാക്കും. ഇപ്പോഴിതു വളരെ പ്രാകൃതമായി നമുക്ക് തോന്നുന്നുവെങ്കിലും, അവിടെയിതു ഇന്നും സമൂഹം അംഗീകരിക്കുന്ന ഒരു പൌരാണിക ആചാരം മാത്രമാണ്. ഈ പാരമ്പര്യ ആചാരത്തിനു എത്യോപിയില്‍ നിയമസാധുതയില്ല. പക്ഷെ സമൂഹം പിന്തുടരുന്ന പാരമ്പര്യ ആചാരങ്ങള്‍ അതു നിയമവിരുദ്ദം ആണെങ്കില്‍ പോലും കണിശമായി പിന്തുടരുന്ന കാഴ്ച്ച നമുക്കും പരിചിതമാണ്. 

ഇനി പറയാന്‍ പോവുന്നത് ഈ ആചാരം പരിപൂര്‍ണ്ണമായി പിന്തുടരാന്‍ കഴിയാതെ പോയ ഒരപൂര്‍വ്വ സംഭവത്തെ കുറിച്ചാണ്. എത്യോപ്യയുടെ തലസ്ഥാന നഗരിയില്‍ നിന്നും വളരെയൊന്നും ദൂരെയല്ലാത്ത ഒരു ഗ്രാമത്തിലെ ഒരു പെണ്‍കുട്ടി സ്കൂള്‍ വിട്ടു വീട്ടിലേക്ക് മടങ്ങുന്ന വഴി, അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ഒരുവന്‍ തന്‍റെ കൂട്ടുകാരുമൊത്ത് വന്നു പാരമ്പര്യ വിധി പ്രകാരം അവളെ തട്ടിക്കൊണ്ടു പോയി, ബലാല്‍സംഘം ചെയ്തു, ഒരു മുറിയിലടക്കുന്നു. ബലാല്‍സംഘത്തിനു ശേഷം മുറിയുടെ പുറത്തേക്ക് പോയ അവളുടെ ഭാവി ഭര്‍ത്താവ് അയാളുടെ തോക്ക് ആ മുറിയില്‍ വെച്ചു മറന്നിരുന്നു. ബോധം വന്നപ്പോള്‍ പെണ്‍കുട്ടി ഈ തോക്കും കൈക്കലാക്കി അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇതുകണ്ട വരനും കൂട്ടുകാരും അവളെ പിന്തുടര്‍ന്നു കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. ആ ഏറ്റുമുട്ടലില്‍ പ്രാണരക്ഷാര്‍ത്ഥം പെണ്‍കുട്ടി തന്‍റെ ഭാവി ഭര്‍ത്താവിനു നേരെ നിറയൊഴിക്കുകയും, അയാള്‍ മരിക്കുകയും ചെയ്യുന്നു. കൂടെയുള്ള സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കീഴ്പ്പെടുത്തി, കഴുത്തറക്കാനായി കത്തി കഴുത്തില്‍ വെച്ച നിമിഷം യാദൃശ്ചികമായി അവിടേക്ക് പോലിസ് എത്തുന്നു. അങ്ങിനെ അവര്‍ക്ക് അവളെ കൊല്ലാന്‍ സാധിക്കുന്നില്ല. ഇവിടെ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, പെണ്‍കുട്ടി തന്‍റെ ഭാവി ഭര്‍ത്താവിനെ വധിക്കുകയും, അങ്ങിനെ ചെയ്ത പെണ്‍കുട്ടിയെ കൊല്ലാന്‍ പോലും സാധിച്ചുമില്ല. സമൂഹത്തിലെ പൌരാണിക പാരമ്പര്യ ആചാരം തെറ്റിയതിനാല്‍ ഇതൊരു പത്രവാര്‍ത്തയായി. 

ഈ വാര്‍ത്ത‍ എത്യോപ്യയുടെ തലസ്ഥാന നഗരിയിലുള്ള ഒരു സ്‌ത്രീവിമോചനവാദിയുടെ ശ്രദ്ധയില്‍ പെടുന്നു. തന്റേടിയായ ആ സ്ത്രീ ധീരയായ ഈ പെണ്‍കുട്ടിക്ക് വേണ്ടി നടത്തുന്ന നിയമപോരാട്ടങ്ങളുടെ കഥയാണ് ധൈര്യം എന്നര്‍ത്ഥം വരുന്ന ഡിഫ്രെറ്റ് എന്ന സിനിമ പറയുന്നത്. അന്നു വനിതകളുടെ അവകാശങ്ങള്‍ക്കായുള്ള നിയമപോരാട്ടത്തിനായൊരു സ്ഥാപനം നടത്തുകയായിരുന്നു മുന്‍പ് ജഡ്ജിയായിരുന്ന മഅസാ. പ്രമുഖയും പ്രശസ്തയുമായിരുന്നിട്ടു കൂടി ഹിറൂത് (യദാര്‍ത്ഥ പേര് അബെറാഷ്) എന്ന പെണ്‍കുട്ടിയെ രക്ഷിക്കാനായി മഅസാക്ക് കഠിനമായി പ്രയത്നിക്കേണ്ടി വരുന്നുണ്ട്. ഈയൊരു പോരാട്ടത്തില്‍ പല സമയങ്ങളായി അവര്‍ക്ക് തുണയായി വരുന്നവരില്‍ ഏതാണ്ട് എല്ലാവരും തന്നെ വനിതകളാണ്. ഇതു കേവലമൊരു യാധൃശ്ചികതയല്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒട്ടുമിക്ക പാരമ്പര്യ ആചാരങ്ങളും ആണധികാരം അരക്കിട്ടുറപ്പിക്കാനോ ആഘോഷിക്കാനോ വേണ്ടിയുള്ളതാണ്. അതുകൊണ്ട് പാരമ്പര്യത്തിന്‍റെ മറപറ്റി വരുന്ന നീതിനിഷേധങ്ങള്‍  ഇരകള്‍ക്ക് അഥവാ സ്ത്രീകള്‍ക്ക് എളുപ്പം ബോധ്യപ്പെടും. പുരുഷനതു മനസിലാക്കാന്‍ അവന്‍ ബോധപൂര്‍വ്വം ശ്രമിക്കേണ്ടതുണ്ട്‌, മാത്രമല്ല ആ ബോധ്യപ്പെടല്‍ അവനൊരു നഷ്ടകച്ചവടം കൂടിയാണ്. ഇന്നു കേരള സമൂഹം മുഴുവന്‍ കുറ്റബോധത്താല്‍ തല താഴ്ത്തി നില്‍ക്കുമ്പോഴും, തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നതു പങ്കജാക്ഷിയും ഷൈനമോളും മാത്രമാവുന്നതും തികച്ചും യാധൃശ്ചികമാവണമെന്നില്ല. നൂറാളെ കൊന്നിട്ടും തീരാത്ത നമ്മളുടെ പൂരമഹാത്മ്യവും പാരമ്പര്യവും ജീവിതത്തില്‍ ഇന്നേവരെ ഈ സ്ത്രീകള്‍ അനുഭവിച്ചിട്ടുണ്ടാവില്ല, അതുകൊണ്ടു നമ്മളെത്ര ആവര്‍ത്തിച്ചാലും അവര്‍ക്കതു മനസിലാവുകയുമില്ല.   
*ഡിഫ്രെറ്റ് അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമായൊന്നും തോന്നിയില്ല. പക്ഷെ ഓരോ മൂന്നു സെക്കന്റിലും ഒരു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വിവാഹം ചെയ്യപ്പെടുന്ന ലോകത്ത് ജീവിക്കുന്ന നമ്മളെല്ലാം കാണേണ്ടൊരു  സിനിമയാണ്. അതുകൊണ്ട് കാണാനൊരവസരം കിട്ടിയാല്‍ മിസ്സ്‌ ആക്കേണ്ട.

March 28, 2016

literal modifier

var y = 0f; // f is single
var z = 0d; // z is double
var r = 0m; // r is decimal
var i = 0U; // i is unsigned int
var j = 0L; // j is long (note capital L for clarity)
var k = 0UL; // k is unsigned long (note capital L for clarity)

February 03, 2016

ss.ini Not Found for the 'USER_NAME' - Sourcesafe

Today I was not able to login to VSS without any specific reason. "ss.ini Not Found for the USER_NAME" - This was the error message. To fix this issue go to source safe database path\users\USER_NAME and rename the most recent temp file to ss.ini.

March 16, 2015

ഹര്‍ത്താല്‍ പൂര്‍ണ്ണം; സമാധാനപരം !!!

"ഹര്‍ത്താല്‍ പൂര്‍ണ്ണം; സമാധാനപരം" - മിക്കവാറും ഹര്‍ത്താലുകള്‍ക്ക് ശേഷം ഹര്‍ത്താല്‍ നടത്തിയവര്‍ അഭിമാനത്തോടെ അവകാശപ്പെടുന്ന ഒന്നാണിത്. അക്ഷരാര്‍ത്ഥത്തില്‍ സമാധാനവും സമ്പൂര്‍ണ്ണവുമായ ഹര്‍ത്താലാണ് നടന്നതെങ്കില്‍ പോലും, ഇവിടെ കാലങ്ങളായി ഹര്‍ത്താല്‍ നടത്തുന്ന രീതിയും നമ്മുടെ സമൂഹത്തെയും പരിഗണിക്കുമ്പോള്‍ ഹര്‍ത്താലിന്റെ പൂര്‍ണ്ണതയില്‍ കൊട്ടിഘോഷിക്കാന്‍ മാത്രം ഒന്നുമില്ല എന്നതാണ് സത്യം.

ഹര്‍ത്താല്‍ അനുകൂലികള്‍ ഉപദ്രവിക്കില്ലെന്ന ഉറപ്പ് ഉണ്ടെങ്കില്‍ കേരളത്തില്‍ ഒരു ഹര്‍ത്താലിനും ഇന്ന് അവകാശപ്പെടുന്ന തരമുള്ള ഒരു പൂര്‍ണ്ണ വിജയം ലഭിക്കില്ല. ഹര്‍ത്താല്‍ പരിപൂര്‍ണ്ണ വിജയമെന്ന് അവകാശപ്പെടുമ്പോള്‍ ഗുണ്ടായിസം വിജയിച്ചു എന്നെ അര്‍ത്ഥമുള്ളൂ. ഹര്‍ത്താലുകളുടെ പൂര്‍ണ്ണത നിര്‍ണ്ണയിക്കുന്നത് ഹര്‍ത്താലിന്റെ കാരണമല്ല, മറിച്ചു ഹര്‍ത്താല്‍ നടത്തുന്നവരുടെ വ്യാപ്തിയാണ്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ബലപ്രയോഗം നടത്താന്‍ കെല്‍പ്പുള്ളവര്‍ക്ക് ഭാരത ബന്തും, കേരളത്തില്‍ കഴിയുന്നവര്‍ക്ക് കേരള ഹര്‍ത്താലും, മലപ്പുറത്ത്‌ കഴിയുന്നവര്‍ക്ക് മലപ്പുറം ഹര്‍ത്താലും, കോട്ടയത്ത്‌ കഴിയുന്നവര്‍ക്ക് കോട്ടയം ഹര്‍ത്താലും പരിപൂര്‍ണ്ണം ആക്കാന്‍ കഴിയും. ഹര്‍ത്താല്‍ അഴിമതിക്കെതിരെയാണോ അതോ സദ്ദാം ഹുസൈനെ വധിച്ചതിനെതിരെയാണോ എന്നതല്ല, മറിച്ചു എവിടെ ആരാണ് നടത്തുന്നത് എന്നതാണ് ഹര്‍ത്താലിന്റെ പൂര്‍ണ്ണത നിശ്ചയിക്കുന്നത്.

അടുത്ത വാദം സമാധാനപരമായ ഹര്‍ത്താലിന്‍റെയാണ്. എതിര്‍പ്പിന്‍റെ സ്വരങ്ങളെ തലപൊക്കാന്‍ അനുവദിക്കാത്ത ഒരിടത്ത് സമാധാനം അളന്നു നോക്കുന്നത് പരിഹാസ്യമാണ്. ഹര്‍ത്താല്‍ ദിവസം കടകമ്പോളങ്ങള്‍ തുറക്കാനും വാഹനങ്ങള്‍ ഓടിക്കാനും ജനം തയ്യാറായ അവസരങ്ങളിലൊക്കെ ഹര്‍ത്താലിന്റെ സമാധാന-ചെമ്പ് വെളിവായിട്ടുണ്ട്. ഹര്‍ത്താല്‍ ആഹ്വാനത്തിന് വഴങ്ങാത്തവരെ ബലപ്രയോഗത്തിലൂടെ പാഠം പഠിപ്പിക്കേണ്ടാതാണെന്ന  കാര്യത്തില്‍ ഹര്‍ത്താല്‍ നടപ്പിലാക്കുന്നവരില്‍ രണ്ടഭിപ്രായം ഉണ്ടാവില്ല. ഹര്‍ത്താലിനോട് മനസ്സില്‍ വിയോജിപ്പ്‌ ഉണ്ടെങ്കിലും ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ സമൂഹം പൊതുവില്‍ തയ്യാറല്ല, മറിച്ചു ഹര്‍ത്താലിന് വഴങ്ങികൊടുക്കുക എന്ന എളുപ്പവും സുരക്ഷിതവുമായ മാര്‍ഗ്ഗമാണ് സമൂഹം സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹര്‍ത്താല്‍ സമാധാനപൂര്‍ണ്ണമെന്നു അവകാശപ്പെടുമ്പോള്‍, പ്രഖ്യാപിത ബലപ്രയോഗം സമൂഹം അംഗീകരിച്ചു കൊടുക്കുന്നു എന്നേ അര്‍ത്ഥമുള്ളൂ. അതുകൊണ്ട് സമാധാനപൂര്‍ണ്ണമായ ഹര്‍ത്താലിലും അഭിമാനിക്കത്തക്ക ഒന്നും സമൂഹത്തിനോ ഹര്‍ത്താല്‍ നടത്തിയവര്‍ക്കോ ഇല്ല.

 കുഴപ്പം മുഴുവന്‍ സ്വന്തം കാര്യം മാത്രം നോക്കുന്ന അരാഷ്ട്രീയ സമൂഹത്തിന്‍റെ തലയില്‍ കെട്ടിവക്കുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. ഒരുകാര്യം ഉറപ്പാണ് ഹര്‍ത്താലുകളുടെ അപര്യാപ്തത കൊണ്ടല്ല കേരള സമൂഹം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതു :) ഹര്‍ത്താല്‍ നശീകരണ വാര്‍ത്തകള്‍ തികച്ചും ഏകപക്ഷീയമായി പൊലിപ്പിച്ചു കൊണ്ടാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നതു എന്നതൊരു സത്യമാണ്. പക്ഷെ മാധ്യമങ്ങളെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ശരിയല്ല. ഹര്‍ത്താലുകളുടെയും പ്രതിഷേധങ്ങളുടെയും അതിപ്രസരം ഇതിനൊക്കെ എതിരെയുള്ള ഒരു പൊതുബോധം സമൂഹത്തില്‍ രൂപപ്പെടുത്താന്‍ കാരണം ആയിട്ടുണ്ടോ എന്ന് വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ ഹര്‍ത്താല്‍ പാര്‍ട്ടികള്‍ തയ്യാറാവേണ്ടതുണ്ട്. ഇങ്ങിനെയൊരു പൊതുബോധം രൂപപ്പെട്ടു കഴിഞ്ഞ ഒരു സമൂഹത്തില്‍ എത്ര ന്യായമായ ആവശ്യത്തിനു വേണ്ടിയാണെങ്കില്‍ പോലും ഹര്‍ത്താല്‍ എന്ന സമരരീതി രാഷ്ട്രീയമായി ഗുണം ചെയ്യുമോ എന്നതും പരിശോധിക്കേണ്ടതാണ്, പ്രത്യേകിച്ച് ഹര്‍ത്താലുകള്‍ക്കെതിരെയുള്ള പൊതുബോധം സമര്‍ത്ഥമായി ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്കെതിരെ ഹര്‍ത്താല്‍ നടത്തുമ്പോള്‍ :) 

March 07, 2015

ഇന്ത്യയുടെ മകളും എന്‍റെ മക്കളും

മുഖം നന്നാക്കാന്‍ ആദ്യം കണ്ണാടി നോക്കണം. മുഖത്തെ വൈകൃതങ്ങള്‍ സ്വയം പരിശോധിച്ചു കണ്ടെത്താനതു നമ്മെ സഹായിക്കും. വൈകൃതം കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്‌താല്‍ മാത്രമേ പരിഹാരം സാധ്യമാവൂ. കണ്ണാടികള്‍ തല്ലിപൊട്ടിക്കുക വഴി വൈകൃതം നമ്മില്‍ നിന്നുതന്നെ ഒളിപ്പിക്കാന്‍ മാത്രമേ സാധിക്കൂ. ചെറിയകുട്ടികള്‍ മുഖം മാത്രം പൊത്തി ഒളിച്ചുകളിക്കുന്നത് കണ്ടിട്ടില്ലേ അത്ര ബാലിശമാണ് ഈ നിരോധനങ്ങള്‍. പ്രശ്നത്തെ നിരോധനങ്ങള്‍ വഴി നേരിടാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിഷേധാത്മകമായ സമീപനമാണ്, ഇതുവഴി ലോകസമക്ഷം നാം കൂടുതല്‍ പരിഹാസ്യരാക്കുകയാണ് ചെയ്യുക. ഡല്‍ഹി ബലാല്‍സംഘവും അനുബന്ധ സംഭവങ്ങളും രേഖപ്പെടുത്തുന്നുവെന്നതില്‍ കവിഞ്ഞൊരു പ്രത്യേകതയുമില്ലാത്ത ഈയൊരു ഡോക്യുമെന്ററി ഇതിനകം തന്നെ നമ്മുടെ നിരോധനങ്ങള്‍ വഴി കൂടുതല്‍ ലോകശ്രദ്ധ ആര്‍ജ്ജിച്ചു.

ഇന്ത്യയെ യാഥാര്‍ത്ഥ്യ ബോധത്തോടെ വീക്ഷിക്കുന്ന ഏതൊരു മനുഷ്യനും ഈ ഡോക്യുമെന്ററിയില്‍ കൌതുകം ജനിപ്പിക്കുന്ന ഒന്നുമില്ല. എന്നാല്‍ വസ്തുനിഷ്ടമായി ഇന്ത്യയെ വിലയിരുത്താന്‍ ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും കഴിവില്ല എന്നിടത്താണ് ഇത്തരം രേഖപ്പെടുത്തലുകള്‍ പ്രസക്തമാവുന്നത്. നിര്‍ഭാഗ്യവശാല്‍ രാജ്യത്തിനകത്തെ ഇതിന്‍റെ പ്രദര്‍ശനം പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിരോധിച്ചു കുഴിച്ചുമൂടാമെന്ന വ്യാമോഹത്തിലാണ് നാമിപ്പോഴും. പ്രശ്നങ്ങളില്‍ നിന്ന് അനന്തമായി ഒളിച്ചോടാന്‍ നമ്മുക്ക് കഴിയില്ല. നിരോധനങ്ങള്‍ വഴി ഇന്ന് പരിഹരിക്കേണ്ട പ്രശ്നത്തെ നാളത്തേക്ക് മാറ്റിവെക്കാന്‍ മാത്രമേ കഴിയൂ, അത് നാളെയോ മറ്റന്നാളോ നാം നേരിടുകയും പരിഹരിക്കുകയും ചെയ്യും. ഏറെകുറെ നിസ്സംഗമായി ഞാന്‍ കണ്ട ഇതേ ഡോക്യുമെന്ററി അടുത്ത തലമുറകള്‍ക്ക് അവിശ്വസനീയമായിരിക്കും. അയിത്തവും മുലക്കരവും രാജഭരണവും നിലനിന്ന നമ്മുടെ ഭൂതകാലത്തെ കുറിച്ച് നാമിന്ന് പറയുന്ന അതെ മനോഭാവത്തോടെ ആയിരിക്കും ഇനിവരുന്ന തലമുറകള്‍ ഓരോ മിനിറ്റിലും ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്ന ഇന്നത്തെ ഇന്ത്യയെന്ന പുരുഷാധിപത്യസമൂഹത്തെ കുറിച്ച് സംസാരിക്കുക.

നമുക്കെത്ര അറിയാവുന്ന സത്യമാണെങ്കിലും, പലയാവര്‍ത്തി കേട്ടതാണെങ്കിലും ചില കാര്യങ്ങള്‍ ഓരോ തവണ കേള്‍ക്കുബോഴും അതെ തീവ്രതയോടെ നമ്മെ വേദനിപ്പിക്കും, ഈ ഡോക്യുമെന്ററിയും അതുപോലെ ഒന്നാണ്. സങ്കടം തോന്നിയെങ്കിലും, ഇന്ത്യക്കാരന്‍ ആയതിലോ പുരുഷന്‍ ആയതിലോ എനിക്ക് ലജ്ജ തോന്നിയില്ല. എവിടെ എന്തായി ജനിക്കണം എന്നത് നമ്മുടെ ചോയിസ് അല്ലാത്തതുകൊണ്ട് ജന്മനാ കിട്ടിയ ഒന്നിനെ കുറിച്ചും അഭിമാനമോ അപമാനമോ തോന്നേണ്ടതില്ല. ഈ ജീവിതം മറ്റുള്ളവരെ കഴിവതും ഉപദ്രവിക്കാതെ പരമാവധി ആസ്വദിച്ചു തീര്‍ക്കുകയെന്ന പരിമിതമായ സ്വാര്‍ത്ഥ ലക്ഷ്യം മാത്രമാണ് എനിക്കുള്ളത്. അതുകൊണ്ടാവും ഇന്നും ഇന്ത്യന്‍ സമൂഹം മുകേഷ് സിംഗുകളെ ഉല്‍പ്പാദിപ്പിക്കുന്നതില്‍ എനിക്ക് കുറ്റബോധമോ നാണക്കേടോ തോന്നാത്തത്. പൊതുബോധത്തെക്കാള്‍ മെച്ചപ്പെട്ട സദാചാരബോധമുള്ള മനുഷ്യനാണെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഞാന്‍ അങ്ങിനെ ആയതു എനിക്ക് ചുറ്റുമുള്ള ഒരുപിടി കാര്യങ്ങളുടെ സ്വാധീനം കൊണ്ടാണ്, ഇതില്‍ ഏറ്റവും പ്രധാനം എന്‍റെ വാപ്പയാണ്. ഇതുപറയുമ്പോള്‍ എന്‍റെ ഉത്തരവാദിത്തം കൂടി ഞാന്‍ മനസിലാക്കുന്നു, അവിടെ തീരുന്നു എന്‍റെ സമൂഹത്തോടുള്ള പ്രതിബദ്ധതയും വ്യക്തിപരമായ ഉത്തരവാദിത്തവും. എന്‍റെ മക്കള്‍ കാലത്തിനു മുന്നില്‍ നടന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ലജ്ജിക്കും.