എവിടെയോ കത്തിച്ചു വച്ചൊരു ചന്ദനത്തിരി പോലെ എരിയുവോന്‍ രക്തസാക്ഷി


അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു -
രക്തതാരകം രക്തസാക്ഷി.....മെഴുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു -
ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി....
പ്രണയവും പൂക്കളും ശബളമോഹങ്ങളും -
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും.......
നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശ -
വേരിന്നു വെള്ളവും വളവുമായൂറിയോന്‍....

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........

ശലഭവര്‍ണ്ണക്കനവ്‌ നിറയുന്ന യവ്വനം -
ബലിനല്‍കി പുലരുവോന്‍ രക്തസാക്ഷി...
അന്ധകാരത്തില്‍ ഇടയ്ക്കിടയ്ക്കെത്തുന്ന -
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി...

അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍-
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍..
പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല സത്യത്തിനൂര്‍ജ്ജമായ് ഊറ്റിയോന്‍ രക്തസാക്ഷി..
എവിടെയോ കത്തിച്ചു വച്ചൊരു ചന്ദനത്തിരി പോലെ എരിയുവോന്‍ രക്തസാക്ഷി.....

തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി..........
രക്തം നനച്ചു മഹാകല്പവൃക്ഷമായ് സത്യ സമത്വ സ്വാതത്ര്യം വളര്‍ത്തുവോന്‍....
അവഗണന അടിമത്വ അപകര്‍ഷ ജീവിതം
അധികാര ധിക്കാരമധിനിവേശം.....
എവിടെയീ പ്രതിമാനുഷധൂമമുയരുന്നതവിടെ-
കൊടുങ്കാറ്റു രക്തസാക്ഷി......
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി..........

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........

ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍ -
ഒരിടതവന്നു ഭഗത്സിംഗ് പേര്‍.........
ഒരിടത്തവന്‍ യേശു ദേവനെന്നാണ്-
വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍.........

ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും.....
രക്തസാക്ഷീ നീ മഹാ പര്‍വതം
കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ....
രക്തസാക്ഷീ നീ മഹാ സാഗരം -
എന്‍റെ ഹൃത്ച്ചക്രവാളം നിറഞ്ഞേ കിടപ്പു നീ.....

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........


Comments

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0