ഹര്‍ത്താല്‍ പൂര്‍ണ്ണം; സമാധാനപരം !!!

"ഹര്‍ത്താല്‍ പൂര്‍ണ്ണം; സമാധാനപരം" - മിക്കവാറും ഹര്‍ത്താലുകള്‍ക്ക് ശേഷം ഹര്‍ത്താല്‍ നടത്തിയവര്‍ അഭിമാനത്തോടെ അവകാശപ്പെടുന്ന ഒന്നാണിത്. അക്ഷരാര്‍ത്ഥത്തില്‍ സമാധാനവും സമ്പൂര്‍ണ്ണവുമായ ഹര്‍ത്താലാണ് നടന്നതെങ്കില്‍ പോലും, ഇവിടെ കാലങ്ങളായി ഹര്‍ത്താല്‍ നടത്തുന്ന രീതിയും നമ്മുടെ സമൂഹത്തെയും പരിഗണിക്കുമ്പോള്‍ ഹര്‍ത്താലിന്റെ പൂര്‍ണ്ണതയില്‍ കൊട്ടിഘോഷിക്കാന്‍ മാത്രം ഒന്നുമില്ല എന്നതാണ് സത്യം.

ഹര്‍ത്താല്‍ അനുകൂലികള്‍ ഉപദ്രവിക്കില്ലെന്ന ഉറപ്പ് ഉണ്ടെങ്കില്‍ കേരളത്തില്‍ ഒരു ഹര്‍ത്താലിനും ഇന്ന് അവകാശപ്പെടുന്ന തരമുള്ള ഒരു പൂര്‍ണ്ണ വിജയം ലഭിക്കില്ല. ഹര്‍ത്താല്‍ പരിപൂര്‍ണ്ണ വിജയമെന്ന് അവകാശപ്പെടുമ്പോള്‍ ഗുണ്ടായിസം വിജയിച്ചു എന്നെ അര്‍ത്ഥമുള്ളൂ. ഹര്‍ത്താലുകളുടെ പൂര്‍ണ്ണത നിര്‍ണ്ണയിക്കുന്നത് ഹര്‍ത്താലിന്റെ കാരണമല്ല, മറിച്ചു ഹര്‍ത്താല്‍ നടത്തുന്നവരുടെ വ്യാപ്തിയാണ്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ബലപ്രയോഗം നടത്താന്‍ കെല്‍പ്പുള്ളവര്‍ക്ക് ഭാരത ബന്തും, കേരളത്തില്‍ കഴിയുന്നവര്‍ക്ക് കേരള ഹര്‍ത്താലും, മലപ്പുറത്ത്‌ കഴിയുന്നവര്‍ക്ക് മലപ്പുറം ഹര്‍ത്താലും, കോട്ടയത്ത്‌ കഴിയുന്നവര്‍ക്ക് കോട്ടയം ഹര്‍ത്താലും പരിപൂര്‍ണ്ണം ആക്കാന്‍ കഴിയും. ഹര്‍ത്താല്‍ അഴിമതിക്കെതിരെയാണോ അതോ സദ്ദാം ഹുസൈനെ വധിച്ചതിനെതിരെയാണോ എന്നതല്ല, മറിച്ചു എവിടെ ആരാണ് നടത്തുന്നത് എന്നതാണ് ഹര്‍ത്താലിന്റെ പൂര്‍ണ്ണത നിശ്ചയിക്കുന്നത്.

അടുത്ത വാദം സമാധാനപരമായ ഹര്‍ത്താലിന്‍റെയാണ്. എതിര്‍പ്പിന്‍റെ സ്വരങ്ങളെ തലപൊക്കാന്‍ അനുവദിക്കാത്ത ഒരിടത്ത് സമാധാനം അളന്നു നോക്കുന്നത് പരിഹാസ്യമാണ്. ഹര്‍ത്താല്‍ ദിവസം കടകമ്പോളങ്ങള്‍ തുറക്കാനും വാഹനങ്ങള്‍ ഓടിക്കാനും ജനം തയ്യാറായ അവസരങ്ങളിലൊക്കെ ഹര്‍ത്താലിന്റെ സമാധാന-ചെമ്പ് വെളിവായിട്ടുണ്ട്. ഹര്‍ത്താല്‍ ആഹ്വാനത്തിന് വഴങ്ങാത്തവരെ ബലപ്രയോഗത്തിലൂടെ പാഠം പഠിപ്പിക്കേണ്ടാതാണെന്ന  കാര്യത്തില്‍ ഹര്‍ത്താല്‍ നടപ്പിലാക്കുന്നവരില്‍ രണ്ടഭിപ്രായം ഉണ്ടാവില്ല. ഹര്‍ത്താലിനോട് മനസ്സില്‍ വിയോജിപ്പ്‌ ഉണ്ടെങ്കിലും ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ സമൂഹം പൊതുവില്‍ തയ്യാറല്ല, മറിച്ചു ഹര്‍ത്താലിന് വഴങ്ങികൊടുക്കുക എന്ന എളുപ്പവും സുരക്ഷിതവുമായ മാര്‍ഗ്ഗമാണ് സമൂഹം സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹര്‍ത്താല്‍ സമാധാനപൂര്‍ണ്ണമെന്നു അവകാശപ്പെടുമ്പോള്‍, പ്രഖ്യാപിത ബലപ്രയോഗം സമൂഹം അംഗീകരിച്ചു കൊടുക്കുന്നു എന്നേ അര്‍ത്ഥമുള്ളൂ. അതുകൊണ്ട് സമാധാനപൂര്‍ണ്ണമായ ഹര്‍ത്താലിലും അഭിമാനിക്കത്തക്ക ഒന്നും സമൂഹത്തിനോ ഹര്‍ത്താല്‍ നടത്തിയവര്‍ക്കോ ഇല്ല.

 കുഴപ്പം മുഴുവന്‍ സ്വന്തം കാര്യം മാത്രം നോക്കുന്ന അരാഷ്ട്രീയ സമൂഹത്തിന്‍റെ തലയില്‍ കെട്ടിവക്കുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. ഒരുകാര്യം ഉറപ്പാണ് ഹര്‍ത്താലുകളുടെ അപര്യാപ്തത കൊണ്ടല്ല കേരള സമൂഹം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതു :) ഹര്‍ത്താല്‍ നശീകരണ വാര്‍ത്തകള്‍ തികച്ചും ഏകപക്ഷീയമായി പൊലിപ്പിച്ചു കൊണ്ടാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നതു എന്നതൊരു സത്യമാണ്. പക്ഷെ മാധ്യമങ്ങളെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ശരിയല്ല. ഹര്‍ത്താലുകളുടെയും പ്രതിഷേധങ്ങളുടെയും അതിപ്രസരം ഇതിനൊക്കെ എതിരെയുള്ള ഒരു പൊതുബോധം സമൂഹത്തില്‍ രൂപപ്പെടുത്താന്‍ കാരണം ആയിട്ടുണ്ടോ എന്ന് വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ ഹര്‍ത്താല്‍ പാര്‍ട്ടികള്‍ തയ്യാറാവേണ്ടതുണ്ട്. ഇങ്ങിനെയൊരു പൊതുബോധം രൂപപ്പെട്ടു കഴിഞ്ഞ ഒരു സമൂഹത്തില്‍ എത്ര ന്യായമായ ആവശ്യത്തിനു വേണ്ടിയാണെങ്കില്‍ പോലും ഹര്‍ത്താല്‍ എന്ന സമരരീതി രാഷ്ട്രീയമായി ഗുണം ചെയ്യുമോ എന്നതും പരിശോധിക്കേണ്ടതാണ്, പ്രത്യേകിച്ച് ഹര്‍ത്താലുകള്‍ക്കെതിരെയുള്ള പൊതുബോധം സമര്‍ത്ഥമായി ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്കെതിരെ ഹര്‍ത്താല്‍ നടത്തുമ്പോള്‍ :) 

Comments

  1. അങ്ങിങ്ങ് ചില അക്രമങ്ങള്‍ നടന്നതൊഴിച്ചാല്‍....................!!

    ReplyDelete

Post a Comment

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0