ശരിക്കും മണ്ടനാണോ അതോ!

വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ഇപ്പൊഴുണ്ടായി കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ എളുപ്പത്തില്‍ മുന്‍കൂട്ടി കാണാവുന്നവ മാത്രമാണ്, പ്രത്യേകിച്ചു എല്ലാതരം അറിവുകളും വൈദഗ്ധ്യവും ലഭ്യമായ അധികാര സ്ഥാനത്തുള്ളവര്‍ക്കു. നിരോധനത്തിന് കാരണമായി പ്രധാനമന്ത്രി പ്രധാനമായും ഉയര്‍ത്തികാട്ടിയത് കാലങ്ങളായി ഇവിടെയുള്ള കള്ളപണത്തെയാണ്‌. ഈ കള്ളപണത്തെ വെളുപ്പിക്കാന്‍ പറ്റിയൊരു സാഹചര്യം പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇന്നലെ ഇവിടെ ഉണ്ടായിട്ടുമില്ല. കള്ളപ്പണത്തെ കൈകാര്യം ചെയ്യാന്‍ പഴുതുകളടച്ചും ആസൂത്രിതമായും ഇതിലും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കാലക്രമേണ നടപ്പിലാക്കാമെന്നിരിക്കെ നോട്ട് നിരോധനമെന്ന കാരണം ഒട്ടും വിശ്വസനീയമല്ല. അതുകൊണ്ട് നമുക്ക് അജ്ഞാതമായ എന്തോ യദാര്‍ത്ഥ കാരണം/ലക്ഷ്യങ്ങള്‍ കൊണ്ടാണ് നിരോധനം നടപ്പിലാക്കിയതെന്നാണ് എനിക്കു തോന്നുന്നത്. അതെന്തു തന്നെ ആയാലും ഈ നടപടിയുടെ പരാജയം പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് അതുണ്ടായിട്ടുള്ളത്. ജപ്പാനില്‍ നിന്നും തിരിച്ചെത്തുന്ന പ്രധാനമന്ത്രി, ഈ നടപടി മൂലം ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചു നോട്ട് നിരോധനം പിന്‍വലിച്ചേക്കും.


അതോടെ ഫലത്തില്‍ സാധാരണ മനുഷ്യര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്കു പുറമേ ബാക്കിയാവുന്നതു രണ്ടായിരമെന്ന പുതിയ കറന്‍സിയാണ്. കൂടുതല്‍ വലിയ ഈ കറന്‍സി കൊണ്ട് ആര്‍ക്കാണ് ഗുണം ഉണ്ടാവുക! വലിയ കറന്‍സിയിലൂടെ വിലകയറ്റത്തെ അംഗീകരിക്കുകയല്ലേ യദാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌!... പക്ഷെ ഇത്തരം ചോദ്യം ചെയ്യലുകളാവില്ല അന്തരീക്ഷത്തില്‍ നിലനില്‍ക്കുക. മറിച്ചു റെഡി_ടു_വെയിറ്റുകാരായ പാണന്മാര്‍ നോട്ടു നിരോധിക്കലിനെ പ്രശംസിച്ചതു പോലെ, നിരോധനത്തെ പിന്‍വലിച്ചതിനെയും പാടി പുകഴ്ത്തും. ആദ്യഘട്ടത്തില്‍ പാണമാരുടെ കൂടെ കൂടിയത് കള്ളപണത്തെ എതിര്‍ക്കുന്നവരാണെങ്കില്‍, രണ്ടാം ഘട്ടത്തില്‍ അവരോടു കൂടെ നിരോധനത്തില്‍ ഗതികെട്ട ജനങ്ങളും നിരോധനം പിന്‍വലിച്ച നടപടിയെ കയ്യടിച്ചു പാസാക്കും. അജ്ഞാതമായ നിരോധനത്തിന്‍റെ ലക്‌ഷ്യം ഈ ദിവസങ്ങള്‍ക്കുള്ളില്‍ നിറവേറ്റപ്പെട്ടു കഴിഞ്ഞെങ്കില്‍ ഈ നാടകത്തിനു ഇതോടെ തിരശീല വീഴും.


കള്ളപണത്തെ നിയമപരമായി വെളുപ്പിച്ചു കൊടുക്കുകയെന്ന ലക്ഷ്യം കൂടി ഈ നടപടിയിലൂടെ നിറവേറ്റാന്‍ ലക്‌ഷ്യം വെക്കുന്നുണ്ടെങ്കില്‍ ഒരുപക്ഷെ നാടകം തുടര്‍ന്നേക്കും. പക്ഷെ ഇരുന്നൂറു ശതമാനം ഫൈന്‍ എന്ന നിലവിലെ നിയമം വഴി ഈ നാടകം മുന്നോട്ടു പോവില്ല. അപ്പോള്‍ സംഭവിക്കാവുന്നത്‌ നികുതിയും പിന്നെ എന്തെങ്കിലും ചെറിയൊരു ഫൈനും കൂടി അടച്ചു കള്ളപണത്തെ ബാങ്കിലെത്തിക്കാന്‍ അനുവദിക്കുകയാണ്. അതോടെ നാടകം തീരും, ബാക്കി പണി പാണന്മാര്‍ക്കുള്ളതാണ്. നികുതിയിലൂടെ ലഭിച്ച അധിക വരുമാനം, ബാങ്ക് നിക്ഷേപത്തിലെ വളര്‍ച്ച, സമ്പത്ത് വ്യവസ്ഥയുടെ ഉണര്‍ച്ച... തുടങ്ങിയ അനവധി നിരവധി തള്ളലുകളിലൂടെ ഈ കള്ളനാണയങ്ങളെ വെളുപ്പിച്ചെടുക്കേണ്ട ബാധ്യത പാണന്മാര്‍ സ്വയം ഏറ്റെടുത്തു നടപ്പിലാക്കും. ശുഭം


* സംഘിസംവാദത്തിനു വയ്യാത്തത് കൊണ്ടു ഒരു ഡിസ്കൈമള്‍: ബാലന്‍ കെ നായരും, അമരീഷ് പുരിയും, നരേന്ദ്രമോഡിയും, കൂട്ടൂസനുമൊക്കെ അബദ്ധത്തില്‍ പോലും നന്മ ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു ദോഷൈകദൃക്കിന്‍റെ അടിസ്ഥാനമില്ലാത്ത വിഹ്വലതകളായി മാത്രം ഇതിനെ കണ്ടാല്‍ മതി. അതിര്‍ത്തിയില്‍ മഞ്ഞു കൊള്ളുന്ന പട്ടാളക്കാര്‍ക്കും ദേശസ്നേഹികള്‍ക്കും നല്ലതു മാത്രം വരട്ടെ. കള്ളപണക്കാരായ മുസ്ലിങ്ങള്‍ പണ്ടാറമടങ്ങി പോവട്ടെ.

Comments

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0