Skip to main content

കാറ്റാടി തണലും, മതിലില്ലാ മനസ്സുകളുടെ മതില്‍ ചാടലും

പത്താം ക്ലാസ്സ്‌ കഴിഞ്ഞ്, പ്രീ-ഡിഗ്രി കാലം സമ്മാനിച്ച  സ്വാതന്ത്ര്യത്തിലന്തോം കുന്തോം വിട്ട് നടക്കുന്ന കാലം. ക്ലാസ്സ് കട്ട് ചെയ്യുക, സിനിമക്ക് പോവുക, തിരക്കുള്ള ബസ്സില്‍ ജാക്കി വെക്കുക തുടങ്ങിയ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ പലതവണ ചെയ്തു മുഷിഞ്ഞ്‌ തുടങ്ങിയിരിക്കുന്നു. ഇനിയെന്ത്? 


എടാ നമ്മുക്ക് സ്മാളടിച്ചാലോ അബു? രണ്ടാമതൊന്നാലോചിക്കുന്ന പതിവ് അന്നുമില്ല അബുവിന്. 
പണ്ടെങ്ങോ നടന്നൊരു മദ്യദുരന്തത്തിന്‍റെ പാപഭാരവും ചുമന്നാണ് ഒരോ വൈപ്പിന്‍കരക്കാനും ഇന്നും ജീവിക്കുന്നത്. എന്നിട്ടും രണ്ടെണ്ണമടിക്കാമെന്നാണ് തോന്നിയതും തീരുമാനിച്ചതും. മദ്യത്തിന്‍റെ ഉന്മാദലഹരിയില്‍ പറന്നു  നടക്കാനുള്ള കൊതി കൊണ്ടൊന്നുമല്ല. ഹറാമായതാരുമറിയാതെ ചെയ്യുന്നതിന്റെയൊരു ഹരം, അത് മാത്രം മതി. ആദമിന്‍റെ പിന്മുറക്കാരനായ അബുവിന്‍റെ ജീനിലും കാണാതിരിക്കുമോ വിലക്കപ്പെട്ടതെന്തെന്നറിയാനുള്ളാഗ്രഹം?


സുരക്ഷിതമായ സ്ഥലം കണ്ടെത്തി, നാട്ടില്‍ നിന്നഞ്ചെട്ട് കിലോമീറ്റര്‍ മാറി ആളൊഴിഞ്ഞ ചെറായി കടപ്പുറം.  ക്ലാസ്സിലെ ഒരു നസ്രാണി പയ്യനെ കൊണ്ട് അവന്‍ പറഞ്ഞ പൈസ കൊടുത്ത് ഒരു ഫുള്‍ ബോട്ടില്‍ ബിയര്‍ തരപ്പെടുത്തി.  സോഡാ, മിക്സ്ചറ്, അച്ചാറ്, സിഗററ്റ് അങ്ങിനെ കള്ളടിക്കാന്‍ അവശ്യം വേണ്ട സാധനസാമഗ്രികളെല്ലാം ഒപ്പിച്ചു. രാവിലെ തന്നെ കോളേജില്‍ പോവുകയാണെന്ന വ്യാജേന നാല് പേരും വീട്ടില്‍ നിന്നിറങ്ങി. രണ്ട് പേരുടെ സൈക്കിള്‍ ബസ്സ്‌സ്റ്റോപ്പില്‍ പൂട്ടി വച്ചു. മറ്റ് സൈക്കിളുകളില്‍ ഡബിള്‍സും വച്ച്, പടിഞ്ഞാട്ട് വെച്ച് പിടിച്ചു. മഞ്ഞണിഞ്ഞ പ്രഭാതത്തില്‍, കണ്ണൂള കെട്ടിലെ തുരുത്തുകള്‍ക്ക് അന്ന് വരെ കാണാത്തൊരു പ്രത്യക ഭംഗി. പ്രകൃതി പോലും കുടിക്കാന്‍ പ്രലോഭിപ്പിക്കുന്ന പോലെ.  ഇരുവശവും കാറ്റിലുലയുന്ന നീളന്‍ പുല്ലുകള്‍ നിറഞ്ഞ് നില്‍ക്കുന്ന വഴിയിലൂടെ സൈക്കിളിലിരുന്നും നിന്നും മാറിമാറി ചവിട്ടി. വിചാരിച്ചതിലും പെട്ടെന്ന് തന്നെ കാറ്റാടി മരങ്ങള്‍ തണല്‍ തീര്‍ത്ത ചെറായി കടപ്പുറത്തെത്തി.  


ഇക്കാലം കൊണ്ടിത്തരം എത്രയെത്ര കുറുമ്പുകള്‍ സാക്ഷ്യം വഹിച്ചു കാണും ഈ മരങ്ങള്‍ . കാറ്റാടി മരങ്ങള്‍ തീരുന്നിടത്ത് കടല്‍ ഭിത്തി തുടങ്ങുന്നു. കടലിനെ, വലിയ  പാറകഷ്ണങ്ങള്‍ കൊണ്ട് മതില്‍ കെട്ടി അതിര് തീര്‍ക്കാന്‍ ശ്രമിക്കുകയാണ് മനുഷ്യര്‍ ! അതെന്തായാലും  മദ്യപിക്കാന്‍, കടല്‍ഭിത്തിയോളം നല്ലൊരു സ്ഥലം വേറെ കാണില്ല. കടലിനും കാറ്റാടിക്കും ഇടയിലെ കടല്‍ഭിത്തിയില്‍ നാലു ചെകുത്താന്മാര്‍ ഇരിപ്പുറപ്പിച്ചു. കൂട്ടത്തില്‍ മുകള്‍ ഭാഗം പരന്നൊരു പാറക്ക് മുകളില്‍ പത്രം വിരിച്ച്, അതിനൊത്ത നടുക്കായി ബിയര്‍കുപ്പി വെച്ചു. പത്ര കടലാസുകള്‍ പറന്നു പോവുന്നതിന് മുമ്പായി, അവയില്‍ ഗ്ലാസുകള്‍ നിരത്തി. ഗ്ലാസുകള്‍ക്ക് സമീപത്തായി കല്ല്‌ സോഡ പ്രതിഷ്ട്ടിച്ചു. കയ്യില്‍ കരുതിയിരുന്ന പത്ത് പൈസയുടെ പലതരം പാക്കെറ്റ് അച്ചാറുകള്‍ ചുറ്റിലും വിതറിയിട്ടു. എല്ലാവരുടെയും കൈപാങ്ങില്‍ തന്നെയായി സിഗരറ്റ്‌ പാക്കെറ്റും, മിക്സ്ച്ചറും വച്ചു. വളരെ വേഗത്തില്‍, എന്നാല്‍ കണിശമായ കണക്കുകൂട്ടലുകളോടെ, കലാപരമായ സൌന്ദര്യം ചോരാതെ തന്നെ അബു ഓരോ സാധനങ്ങളും  നിരത്തിവക്കുന്നതും നോക്കി കൂട്ടുകാരിരുന്നു. കോളേജില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിവരാറുള്ള പൂക്കളമത്സരത്തിന് അബുവിന്‍റെ പേരെന്തായാലും കൊടുക്കണമെന്ന് അവര്‍ മനസ്സിലുറപ്പിച്ചു.

ഇനി കാത്തിരിക്കാന്‍ വയ്യ! നേതൃസ്ഥാനം സ്വയമേറ്റെടുത്ത അബു, ശിഷ്യര്‍ക്കായി നടത്തിയ പ്രഭാഷണത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ 

"ഒറ്റയടിക്ക് കമത്തിയാല്‍ പെട്ടെന്ന് തലക്ക് പിടിക്കും. വാള് വെക്കാനും സാധ്യത കൂടുതലാണ്. അത് കൊണ്ട് പതുക്കെ പതുക്കെ നുണഞ്ഞ് നുണഞ്ഞ് വേണം കുടിക്കാന്‍. ഓരോ സിപ്പിനു ശേഷവും അല്‍പനേരം കടലോ, കാറ്റാടി മരങ്ങളോ നോക്കിയിരിക്കുന്നത് വളരെ നല്ലതാണ്. നാല് കുപ്പി സോഡായെ കയ്യിലുള്ളൂവെന്നും, അത് കൊണ്ട് വേണം ഈ ഫുള്‍ തീര്‍ക്കാനെന്നും ആരും മറക്കരുത്."


വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷം അബു എല്ലാരുടെയും ഗ്ലാസില്‍ പകുതിയില്‍ താഴെയായി ബിയറൊഴിച്ചു, ഏതാണ്ടത്ര തന്നെ സോഡയും. പെട്ടെന്ന് മനം മടുപ്പിക്കുന്ന ബിയറിന്റെ നാറ്റം അബുവിന്‍റെ മൂക്കിലടിച്ചു കേറി. തികട്ടി വന്ന ഓക്കാനത്തെ ആരുമറിയാതെ കുറച്ച്  പാട്പെട്ടാണെങ്കിലും തിരിച്ചു വിഴുങ്ങി. മനസ്സിലെവിടെ നിന്നോ കുറ്റബോധത്തിന്‍റെ ഒരു നീറ്റല്‍  ഒരുള്‍വിളി! പേടിച്ചു പോയെന്നും പറയാം. അബു ഒരു സിഗരറ്റ്‌ എടുത്ത് കത്തിച്ചു. കൊളുത്തിയ സിഗററ്റിന്‍റെ പുകരൂപങ്ങള്‍ പകര്‍ന്ന് തന്ന ആത്മവിശ്വാസത്തില്‍ , അബു നുര പതയുന്ന ഗ്ലാസ്  ആകാശത്തേക്കുയര്‍ത്തി. പിന്‍പേ ഗമിക്കും നിഴലുകളും, അവരവരുടെ ഗ്ലാസ് അബുവിന്‍റെ ഗ്ലാസ്സിനോട് ചേര്‍ത്ത് പിടിച്ചു. ചിയേര്‍സ്!!

കണ്ണും മൂക്കുമടച്ച് എങ്ങിനെയൊക്കെയോ കൊറച്ചകത്താക്കി. പൊകച്ചില്‍ മാറ്റാന്‍ കുറച്ച് അച്ചാറും, കുറേ മിക്സ്ചറും വാരി വായിലിട്ടു. ഇത്രക്ക് അസ്സഹ്യമായ രുചിയും മണവുമുള്ള ഒന്നും തന്നെ അവരാരും ഇന്നേ വരെ കുടിച്ചിട്ടുണ്ടായിരുന്നില്ല. ആവശ്യത്തിന് സോഡാ കരുതേണ്ടതായിരുന്നുവെന്ന് മനസ്സില്‍ പറഞ്ഞു. എന്തായാലും ഇറക്കാനുള്ള ബുദ്ധിമുട്ട് ഓരോ തവണ കഴിയുംതോറും കുറഞ്ഞ് കുറഞ്ഞ് വന്നു. ഇതാണോയിനി മാഷ്‌ ആവശ്യത്തിനും അനാവശ്യത്തിനും എടുത്തുപയോഗിക്കുന്ന ലോ ഓഫ് ഡിമിനിഷിംഗ് മാര്‍ജിനല്‍ യൂട്ടിലിറ്റി!

ഗ്ലാസിലെ അവസാനത്തെ തുള്ളിയും കുടിച്ചു തീര്‍ത്തെന്നുറപ്പ് വരുത്തിയ അബു, കാലി കുപ്പിയുമെടുത്ത്‌ കടല്‍ തീരത്തേക്കിറങ്ങി. സര്‍വ്വശക്തിയുമെടുത്ത് കൈയിലിരുന്ന കാലികുപ്പി കടലിന്‍റെ അഗാതതയിലേക്ക് വലിച്ചെറിഞ്ഞു. നനഞ്ഞ മണ്ണില്‍ വീണ കുപ്പി, മെല്ലെ കടല്‍ ലക്ഷ്യമാക്കിയുരുണ്ടു. ഇതോ ഇക്കണ്ട ജനം മുഴുവന്‍ കൊട്ടിഘോഷിക്കുന്ന മദ്യ ലഹരി! ലോകം കീഴടക്കിയ സന്തോഷത്തില്‍ , നാല്‍വര്‍സംഘം തോളോട് തോള്‍ ചേര്‍ന്ന് കടലിനെയും നോക്കിയങ്ങിനെ കുറേ നേരം നിന്നു. ദൂരെ ചക്രവാളത്തില്‍ നിന്ന് വീശിയടിക്കുന്ന തണുത്ത കടല്‍കാറ്റ്‌, അവരിലെ ലഹരിയെ ആളികത്തിച്ച് കൊണ്ടിരുന്നു.



പെട്ടെന്ന് കാറ്റാടി മരങ്ങള്‍ക്കിടയിലെന്തോ ഒരനക്കം പോലെ! നാട്ടുകാരാരെങ്കിലുമായിരിക്കുമോ? മണിക്കൂറുകളെടുത്തു  പണിപ്പെട്ടകത്താക്കിയ മദ്യത്തിന്‍റെ വീര്യം ഒരു നിമിഷം കൊണ്ടില്ലാതായി. ലഹരിയുടെ മായാലോകത്തിലെ മന്നന്മാര്‍‍ , ഒരിലയനക്കം കൊണ്ട് നിസ്സഹായരായ നാല് യുവാക്കളായി മാറി കഴിഞ്ഞിരിക്കുന്നു. എന്തായാലും ഇവിടെ വച്ച് തന്നെ സമസ്താപരാധങ്ങളുമേറ്റ് പറഞ്ഞ്, കീഴടങ്ങി സന്ധിയാവുന്നതാവും ബുദ്ധി. നാല്പേരും കടല്‍ ഭിത്തിയില്‍ നിന്ന് താഴേക്കിറങ്ങി അനക്കം തോന്നിയ ഭാഗത്തേക്ക്‌ നടന്നു.

ഹാവൂ ഇതൊരു പാവം ചേച്ചിയാണല്ലോ. മലം പോലെ വന്നത് വെറും വളിയായി പോയതിലാശ്വാസം കൊണ്ട നാല്‍വര്‍സംഘം തിരിച്ചു കടല്‍ഭിത്തി ലക്ഷ്യമാക്കി നടന്നു. നേരത്തെ ഇരുന്നിടത്ത് തന്നെയാണ് ഇപ്പോഴും അവരിരുന്നത്. ഇത്തവണ അബു, കാറ്റാടിമരങ്ങള്‍ക്കെതിരായി ഇരിക്കാന്‍ പ്രത്യകം ശ്രദ്ധിച്ചു. എവിടെക്കോ ഓടിയൊളിച്ച ലഹരി പൂര്‍വ്വാധികം ശക്തിയോടെ അവരിലേക്ക് തിരിച്ചെത്തി. വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ, വലിയ വായില്‍ കോളേജിലെ സുന്ദരികളായ ടീച്ചര്‍മാരെയും സഹപാടികളെയും കുറിച്ച് ചര്‍ച്ച ചെയ്തു. ക്രമേണ ഓരോരുത്തരായി അവരുടെ മനസ്സ് തുറന്ന് തുടങ്ങി. 
പരസ്പരം, പലകുറി പലവഴിക്കും ശ്രമിച്ചിട്ടും പുറത്തു വിടാതെയൊളിപ്പിച്ച രഹസ്യങ്ങളെ കൂട് വിട്ട് പുറത്തേക്ക് പറത്താന്‍ അവര്‍ പരസ്പരം മത്സരിച്ചു. പറയാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം, കേള്‍വിക്കാരനായി അബു മാത്രം.

പക്ഷെ അബു ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അബുവിന്‍റെ മനസ്സും കണ്ണും അപ്പോഴും കാറ്റാടിമരങ്ങള്‍ക്കിടയില്‍ എന്തോ തേടുകയാണ്. അധികം വൈകിയില്ല ആ 'പാവം ചേച്ചി' വീണ്ടും മിന്നി മറഞ്ഞു. ഇപ്പോഴുമുണ്ട് മുഖത്തൊരു കള്ളത്തരം. അബു തന്നെ കണ്ടുവെന്നറിഞ്ഞതും ചേച്ചി ഒരു ചെറു ചിരിയോടെ മരങ്ങള്‍ക്കിടയിലേക്ക് മറഞ്ഞു. കണക്ക് കൂട്ടലുകള്‍ പിഴച്ചില്ല. അബുവിന് തന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഇത്തരമൊരവസരം പാഴാക്കി കളഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ അതോര്‍ത്ത് ദുഖിക്കേണ്ടി  വരുമെന്ന് മനസിലാക്കിയ അബു മെല്ലെയെണീറ്റു. കൂട്ടുകാരോട്  ഒന്ന് മൂത്രമൊഴിച്ചിട്ടു വരാമെന്ന് പറഞ്ഞ അബു, മെല്ലെ കാറ്റാടി ലക്ഷ്യമാക്കി നടന്നു. ഒരു പാട് അന്വേഷിക്കേണ്ടി വന്നില്ല, അല്‍പ്പമൊന്നു മാറി മുഖത്തിന് താങ്ങായ മുട്ടുകാലില്‍ കുന്തിച്ചിരിപ്പുണ്ട് നമ്മുടെ കഥാനായികയായ പാവം കറുത്തമ്മ. സൌഭാഗ്യങ്ങളുടെ ചാകരകൊയ്ത്താണല്ലോ ഇന്നീ ചെറായി കടപ്പുറത്ത്! അബുവിന്‍റെ മനസ്സില്‍ ഒരായിരം ലഡ്ഡു-കള്‍ ഒരുമിച്ച്  പൊട്ടി. അബുവിനെ കണ്ടതും, നാണത്തോട് കൂടിയ ഒരു ചെറുചിരിയുമായി കറുത്തമ്മ അവിടെ നിന്നെണീറ്റ്, പരിസരത്തുള്ള ഒരു കുറ്റികാട്ടിലേക്ക് മറഞ്ഞു. മടിച്ച് നില്‍ക്കാതെ തൊട്ടു പുറകിലായി അബുവും
. പിന്നെ കേട്ടത് ദിക്കുകള്‍ പൊട്ടുമാറുള്ള  ഒരലര്‍ച്ചയാണ്.


~ന്മാര്‍‍! വെള്ളുപ്പാന്‍ കാലത്തൊന്നു വെളിക്കിരിക്കാനും സമ്മതിക്കില്ലാന്ന് വെച്ചാല്‍...



ശബ്ദം കേട്ട് സുഹൃത്തുക്കളോടിയെത്തുമ്പോഴേക്കും അബു സൈക്കിളില്‍ കേറി കഴിഞ്ഞിട്ടുണ്ടായിരുന്നു.



Note: ഇതൊരു സങ്കല്‍പ്പസൃഷ്ട്ടിയല്ല.  ഭാവനയെക്കാളും വിചിത്രമായ യാഥാര്‍ത്ഥ്യങ്ങളാവും പലപ്പോഴും നമ്മളെ കാത്തിരിക്കുക. ഇതില്‍ ഭാവന അബുവെന്ന പേര് മാത്രം. സംഭവം  നടക്കുന്നത് ചുരുങ്ങിയത് ഇരുപത്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കാലം അബുവിനെ ഒരു പാട് മാറ്റി. ഒസാമ ബിന്‍ ലാദന് ശേഷം അബു എന്ന മട്ടിലാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ കിടപ്പ്. താടിയുടെ ഭാരം താങ്ങാനാവത്തതു കൊണ്ടെന്നവണ്ണം, തല ഉയര്‍ത്താതെ നടന്ന് നീങ്ങുന്ന അബുവിനെ കണ്ടപ്പോള്‍, ഞാന്‍ ഞെട്ടി തരിച്ചുനിന്നിട്ടുണ്ട്.

Comments

  1. ബുഹഹഹ.. മാഷേ നന്നായിട്ടുണ്ട് .. തുടക്കം പാളിയെങ്കിലും പിന്നീടങ്ങോട്ട് വച്ചടി വച്ചടി തകര്‍പ്പല്ലാര്‍ന്നോ :-P

    ReplyDelete
    Replies
    1. തുടക്കം പാളിയത് കൊണ്ടാണോ എന്നറിയില്ല അപ്പു, അബു പിന്നെയാ പണിക്ക് നിന്നിട്ടില്ല എന്നാണറിവ്.

      Delete
  2. എന്തൊക്കെയോ എവിടൊക്കെയോ ചീഞ്ഞു നാറുന്നു....ദോശപ്പോ !!!

    ReplyDelete
    Replies
    1. പോയി പല്ല് തേച്ചിട്ട് വാടാ

      Delete
    2. ഉവ്വാ ഉവ്വേ.... എന്തായാലും ഹലാല്‍ ലിമിറ്റ് വിട്ടിട്ടില്ലാത്തത് കൊണ്ട് 'കൊഴപ്പല്യ '

      Delete
    3. മഞ്ഞപിത്തത്തിന്റെ മരുന്ന് ഡോക്ടര്‍ക്ക്‌ ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലോ

      Delete
  3. പോകേനയെന്ന വ്യാജേനയെന്നോണം...:)

    ReplyDelete
    Replies
    1. "പടിഞ്ഞാട്ട് വെച്ച് പിടിച്ചു" -> എത്രയൊക്കെ നമ്പൂതിരിയാവാന്‍ നോക്കിയാലും, അറിയാതെ ഇടക്കിടക്ക് പാറശാല സെല്‍വന്‍ പൊങ്ങി വരും :(

      Delete

Post a Comment

Popular posts from this blog

ഗുരു ദേവോ ഭവ:

ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.  ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ രാജേഷ്‌ ഇവിടെ എടുത്തെഴുതുന്നു..... http://chayilyam.com/miscellaneous/personal/%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

Multiple CSS Classes on One Element/Control

You can apply multiple css styles on one element. For example, let's assume we have two css classes in the style sheet named "nrml" and "center" respectively .nrml { font-family: Arial, Verdana; font-size:10px;} .center { text-align: center;} You can apply both the above 2 styles to a div using the following syntax. <div class="nrml center" id="Layer2"> It will render with both classes applied in Internet Explorer 5.0+, Netscape 7+ and Opera 7. CSS 2.0 is really cool and there are lot of powerful unexplored areas