എലി എറങ്ങി എന്ന് കേട്ട പാതി കേക്കാത്ത പാതി, വലിയ ഒരു എലിപെട്ടിയുമായി സംഭവസ്ഥലത്ത് കുതിച്ചു എത്തിയ വനപാലകരെ വരവേറ്റത് ഒരു പുലി. എവനായാലും ഒന്ന് അന്തിച്ചു പോകില്ലേ. പുലിയെ കണ്ട വനപാലകര്‍ അഞ്ച് ആറു മണിക്കൂര്‍ അമ്പരന്നു നിന്ന് പോയി. എന്തായാലും ഈ കാലതാമസം പിന്നീടുള്ള നടപടികളില്‍ ഉണ്ടാകിയില്ല. പുലി എന്ന് വ്യക്തം ആയി റിപ്പോര്‍ട്ട് ചെയ്യാത്തതിനും, തദ്വാരാ വനപാലകരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതിനും, വിവരം വിളിച്ചു പറഞ്ഞ ആള്‍ക്കെതിരെ പല തരം ഐ.പി.സി വകുപ്പുകള്‍ ചേര്‍ത്ത് ഗൂഡാലോചന, വധ ശ്രമം, പുലി ബന്ധം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മേലാല്‍ ഈ പണി ഒരുത്തനും ചെയ്യാതിരിക്കാന്‍ മാതൃകാപരം ആയി ഇവനെ ശിക്ഷിക്കും എന്ന ഉറപ്പും കിട്ടിയിട്ടുണ്ട്.
നാല് വയസ് മാത്രം പ്രായം ഉള്ള ഒരു പാവം പെണ്‍പുലിയെ പരസ്യം ആയി ആക്രമിച്ചു കീഴ്പെടുത്തിയ കുട്ടന്‍ എന്ന പ്രതിക്കെതിരെയും പീഡനം അടക്കം പലവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മല്‍പിടിത്തത്തിലൂടെ കീഴടക്കിയ ഈ പാവം നാല് വയസ്സ്കാരിയെ, വെറി പൂണ്ട് നില്‍ക്കുന്ന ഒരു ജനകൂട്ടത്തിന് എറിഞ്ഞ് കൊടുക്കുക ആയിരുന്നത്രേ! വികാരങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടു ഇത് മുഴുവന്‍ സുരക്ഷിത സ്ഥാനത്ത് നിന്ന് കണ്ട വനപാലകരുടെ ആത്മസംയമനം പുലിയുടെ ഡെഡ്ബോഡി കൂടുതല്‍ വികൃതം ആവാതിരിക്കാന്‍ സഹായം ആയി. തുടര്‍ന്ന് നടന്ന അന്വേഷണങ്ങളില്‍ പ്രതി മുന്‍പും പുലികളും ആയി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആള് ആണെന്ന് അറിയാന്‍ കഴിഞ്ഞു. കൂടാതെ നിരോധിക്കപ്പെട്ട ദയ എലെഫന്റ് സ്ക്വാഡ് പ്രവര്‍ത്തകനും, കേരളാ ഗജപരുപാലന സംഘം പ്രവര്‍ത്തനും ആയിരുന്നു അത്രേ ഈ വിദ്വാന്‍.
ഇത്തരം സന്ദര്‍ഭങ്ങളെ ശാസ്ത്രീയം ആയി കൈ കാര്യം ചെയ്യാന്‍ അറിയാത്ത കുട്ടനെയും, നാട്ടുകാരെയും, തീര്‍ത്തും ശാസ്ത്രീയം ആയ രീതിയില്‍ ശിക്ഷിക്കും എന്ന് വനം വകുപ്പിലെ ശാസ്ത്രഞ്ജര്‍ ഉറപ്പ് തന്നിട്ടുണ്ട്.
പുലിയെ പിടിക്കാന്‍ സഹായിച്ചില്ലെങ്കിലും, ഇരഞ്ഞു കേറിയ ജനകൂട്ടത്തെ എങ്കിലും നിയന്ത്രിച്ചിരുന്നെങ്കില്‍ തനിക്ക് പുലിയെ രക്ഷിക്കാന്‍ കഴിഞ്ഞേനെ എന്ന കുട്ടന്‍റെ അവകാശവാദം ഇക്കാര്യത്തില്‍ ഉള്ള അവന്‍റെ അശാസ്ത്രീയ സമീപനം വിളിച്ചോതുന്നത് ആണ്. മനുഷ്യരെ പിടിച്ചു മാറ്റുക എന്നത് വനം വകുപ്പിന്‍റെ ജോലി അല്ല എന്നത് പോലും അറിയാത്ത ഒരു വിഡ്ഢി.
Comments
Post a Comment