Skip to main content

ജിജ്ഞാസുവായ വാസു - The Inquisitive Man by Krilov

ഒരിടത്തൊരിടത്ത്... അല്ലേല്‍ വേണ്ട. 1814ല്‍ റഷ്യയിലെ ഒരു തെരുവില്‍ വെച്ചു വാസു തന്‍റെ ചങ്ങാതിയായ ശശിയെ കണ്ടുമുട്ടുന്നു.

ശശി: ഈയിടെയായി നിന്നെ കാണാന്‍ കിട്ടുന്നില്ലല്ലോ അളിയാ! ഇതിപ്പോള്‍ എവിടന്നു കുറ്റീം പറിച്ചോണ്ട് വരണ്?
വാസു:  ഒന്നും പറയേണ്ട ശശി, ഞാനിന്നു നമ്മുടെ മൃഗശാല കാണാന്‍ പോയി. എത്ര സമയം അവിടെ ചിലവഴിച്ചുവെന്നു എനിക്കു തന്നെ തിട്ടമില്ല. അവിടത്തെ ഓരോ മണല്‍ത്തരിയിലും പുല്‍നാമ്പിലും വരെ പ്രകൃതി അങ്ങിനെ തത്തിക്കളിക്കുകയാണ്. ഒന്നൊഴിയാതെ അവ ഓരോന്നും മതിവരോളം നോക്കിനിന്നു. ആ കാഴ്ച്ചകള്‍ അതു വര്‍ണ്ണനാതീതമാണ്, അനുഭവിച്ചു തന്നെ അറിയണം. നമ്മെ അമ്പരപ്പിക്കുന്ന വൈവിധ്യവും സൗന്ദര്യവുമാണ് പ്രകൃതിക്ക്. നമ്മുടെ എല്ലാ ഭാവനകള്‍ക്കും അപ്പുറത്താണ്  അവരുടെ പക്ഷിമൃഗാദികളുടെ ശേഖരം. എന്തിനു എത്ര തരം പൂമ്പാറ്റകളും ചിത്രശലഭങ്ങളുമാണ് യഥേഷ്ഠം പാറിപറക്കുന്നതു! മഞ്ചാടിയേക്കാള്‍ ചുവന്ന, മരതകത്തെ വെല്ലുന്ന പച്ചനിറമുള്ള പൂമ്പാറ്റകള്‍. കുന്നികുരുവോളം പോന്നൊരു പ്രാണിയുടെ ഉടലില്‍, മഴവില്‍ വിരിഞ്ഞ പോലെ നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നതു നിനക്കൂഹിക്കാന്‍ കഴിയുമോ!
ശശി: ഒരു പൊടിക്കടങ്ങ് പയലേ. ഇക്കണക്കിനു പോയാല്‍ അവിടത്തെ ആനക്ക് ഹിമാലയത്തേക്കാള്‍ ഉയരമുണ്ടെന്നു തള്ളുമല്ലോ!
വാസു: അതിനവിടെയെങ്ങും ഒരു ആനയുമില്ലല്ലോ
ശശി: ബെസ്റ്റ് കണ്ണാ, മുഖ്യായിട്ടും ആനയെ കാണാനല്ലേ ഇക്കണ്ട ജനം മുഴുവന്‍ അങ്ങോട്ട്‌ വെച്ചു പിടിക്കണത്. നീ എന്നിട്ട്...
വാസു: ഞാന്‍ കണ്ടില്ലടേയ്! പറ്റിയതു പറ്റി, നീയിനി ഇക്കാര്യം പറഞ്ഞോണ്ട് നടക്കണ്ട.

* പഴയൊരു റഷ്യന്‍ നാടോടികഥ പരിഭാഷപ്പെടുത്തി നോക്കിയതാണ്. ബാങ്ക്സിയുടെ പ്രശസ്തമായ ഇന്സ്റ്റളേഷനാണ് ചിത്രത്തില്‍ ഉള്ളതു. "അതിനു ഇതിലെവിടെയാണ് ഭായി ജാതി!" എന്ന ചോദ്യം  കേള്‍ക്കുമ്പോള്‍ മഹാഭൂരിപക്ഷം സമയത്തും എനിക്കീ കഥയും ചിത്രവും ഓര്‍മ്മ വരും.  

Comments

Popular posts from this blog

ഗുരു ദേവോ ഭവ:

ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.  ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ രാജേഷ്‌ ഇവിടെ എടുത്തെഴുതുന്നു..... http://chayilyam.com/miscellaneous/personal/%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

കൈപ്പത്തി

പുറത്ത് നിര്‍ത്താതെ നിലവിളിക്കുന്ന ഫയര്‍ അലാറം കേട്ടിട്ട് പേടിയൊന്നും തോന്നിയില്ല. ആവശ്യമുള്ളപ്പോഴൊന്നും  ഒരലാറവും മുന്നറിയിപ്പ് തന്നിട്ടില്ല, ഇതും മോക്ക്‌ ഡ്രില്ലാവാനെ തരമുള്ളൂ. ബോയിലര്‍ റൂമില്‍ കേറി, പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തിയിട്ട് പുറത്തേക്കിറങ്ങി. അസംബ്ലി പോയന്‍റില്‍ ഏതാണ്ടെല്ലാവരും എത്തിയിട്ടുണ്ട്. അരികെയുള്ളോരു  മരച്ചുവട്ടില്‍ കുടയും ചോറ്റുപാത്രവും ഒളിപ്പിച്ച്, ഞാനും ആ കൂട്ടത്തിലേക്ക് ലയിച്ചു.  സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആറു മാസം കൂടുമ്പോള്‍ പണിയെടുക്കാന്‍ കിട്ടുന്ന ഏക അവസരമാണ്, അതവര്‍ നന്നായി ആഘോഷിക്കുന്നുമുണ്ട്. കമ്പനിയില്‍ പുതുതായി ചേര്‍ന്നവരെല്ലാം മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. മീനസൂര്യനോട് കെറുവിച്ച് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ കുറച്ച് പേര്‍ ഏറ്റവും പുറകിലും.