Skip to main content

മലയോളമുണ്ട് ഗതകാലസുഖസ്‌മരണ

എല്ലാ ദിവസവും മഴ പെയ്യുന്ന പ്രഭാതങ്ങളായിരിക്കും, സ്വര്‍ഗ്ഗത്തിലേതു. മഴ പെയ്യുന്ന പ്രഭാതങ്ങളില്‍ സ്വര്‍ഗ്ഗത്തിലെ വീട്ടുവരാന്തകളില്‍ ആവിയൂറുന്ന ചായയുമായി അന്തേവാസികള്‍ പത്രം വായിക്കും. വെളുപ്പാന്‍കാലത്തു തന്നെ പകല്‍ക്കിനാവു കാണുന്നതാരും കാണാതിരിക്കാനായി സുബൈര്‍ പത്രം തുറന്നു മുഖം മറച്ചു. പതിമൂന്നു മണിക്കൂര്‍ നീളുന്ന റമളാനിലെ കൊടും ഉഷ്ണത്തില്‍ നിന്നും തോരാത്ത ഇടവപാതിയിലേക്ക് സുബൈര്‍ വിമാനമിറങ്ങിയത് ഇന്നലെയാണ്. അതും നീണ്ട ഏഴു വര്‍ഷത്തിനു ശേഷം, ഇവിടം സ്വര്‍ഗ്ഗമെന്ന മതിഭ്രമം ഉണ്ടായില്ലെങ്കിലാണ് അത്ഭുതം.

പാലില്ലാത്തതിനാല്‍ കട്ടന്‍ ചായ കുടിക്കേണ്ടി വരുന്നതാണ്, ഇപ്പോഴീ സ്വര്‍ഗ്ഗത്തിലെ ഏക കല്ലുകടി. സൌദിയില്‍ വെച്ചു ചായകുടി പതിവില്ല, പാല്‍ച്ചായ  തീരെയില്ല. ടിന്നില്‍ വരുന്ന ഒരുതരം കട്ടിപ്പാലാണ് അവിടെ ഉപയോഗിക്കുക. അതിനു റബ്ബര്‍ പാലുമായാണ് കൂടുതല്‍ സാമ്യം, ഓര്‍ക്കുമ്പോള്‍ തന്നെ ഓക്കാനം വരും. ആദ്യകാലത്ത് കട്ടഞ്ചായ കുടിച്ചിരുന്നു, പിന്നീടതും നിന്നു. സൌദിയില്‍ വന്നകാലം മുതല്‍ സഹമുറിയനായിരുന്നു കിഷോര്‍. ഒരുദിവസം പണി കഴിഞ്ഞു മുറിയിലെത്തിയപ്പോള്‍ കിഷോര്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്നു. കെട്ടിത്തൂങ്ങി മരിക്കുന്നവരെ ടീ ബാഗിനോടുപമിക്കുന്ന അറബി ഭാവനയെ ആദ്യമായറിയുന്നതു അന്നാണ്. അന്നത്തോടെ കട്ടന്‍ചായ കുടിച്ചിരുന്നതും നിന്നു. 

ചായ ചിന്തകള്‍ക്കു വിരാമമിട്ടു കൊണ്ടൊരു പെണ്‍കുട്ടി ഗേറ്റ് തുറന്നു, കയ്യില്‍ പാല്‍ക്കുപ്പിയുണ്ട്. അങ്ങിനെ ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തില്‍ പാലിലെന്ന പരാതിക്കും അറുതിയായി. ഉമ്മാ... പാലെന്നു നീട്ടിവിളിച്ചു കൊണ്ടു സുബൈര്‍ പത്രത്തിലേക്ക് ഊളിയിട്ടതായി ഭാവിച്ചു. കഴുകി വെടിപ്പാക്കിയ ഒഴിഞ്ഞ പാല്‍ക്കുപ്പി ഉമ്മ തിണ്ണയില്‍ വെച്ചിട്ടുണ്ട്. കൊണ്ടുവന്ന പാല്‍ക്കുപ്പി തിണ്ണയില്‍ വെച്ചു, ഒഴിഞ്ഞ കുപ്പിയുമെടുത്തു ആ കുട്ടി പതിയെ തിരിഞ്ഞു നടന്നു. അപ്പോഴേക്കും ഉമ്മ എവിടെ നിന്നോ ഓടിയെത്തി, അവരതു പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നി. കയ്യില്‍ ചുരുട്ടി പിടിച്ചിരുന്ന കാശ് ഉമ്മ ആ കുട്ടിക്ക് കൊടുത്തു. കയ്യില്‍ വെച്ചു കൊടുക്കുകയായിരുന്നില്ല, താഴേക്കിട്ട നോട്ടുകള്‍ വായുവില്‍ നിന്നും റാഞ്ചിയെടുക്കുകയായിരുന്നു.

സുബൈര്‍ അതു ശ്രദ്ധിച്ചെന്നു ഉമ്മാക്ക് മനസ്സിലായി, അതാരാണെന്നു നിനക്കു മനസിലായില്ലേ? ഇല്ലത്തെ കുട്ടിയാണ് ഗീത, ശങ്കരന്‍ തമ്പ്രാന്‍റെ പേരക്കുട്ടി. എങ്ങിനെ വളരേണ്ട കുട്ടിയാണ്, ഇപ്പോഴീ പാല്‍ വിറ്റു കിട്ടുന്നതു കൊണ്ടാണ് ആ കുടുംബം കഴിഞ്ഞു പോവുന്നതു. നമ്മളാണെങ്കില്‍ ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളെ പാലുമായി  ഇങ്ങിനെ അന്യവീടുകളിലേക്ക് വിടോ! സകല സങ്കടങ്ങളും അടക്കം ചെയ്തൊരു ദീര്‍ഘനിശ്വാസം ഉമ്മ പുറത്തേക്കു വിട്ടു. 

ഉമ്മ പറഞ്ഞപ്പോഴാണ് സുബൈറിനു ആളെ മനസിലായതു. പതിനാറാം വയസ്സില്‍ സുബൈര്‍ കള്ള പാസ്പോര്‍ട്ട് സംഘടിപ്പിച്ചു സൌദിയിലേക്ക് പോവുമ്പോള്‍ ഗീത ചെറിയ കുട്ടിയാണ്. ഗീതയുടെ അച്ഛന്‍ വാസുദേവന്‍‌ നമ്പൂതിരി വഴിയാണ് ടൌണില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന സന്തോഷിനെ വാപ്പ പരിചയപ്പെടുന്നത്. വാസുദേവന്‍‌ നമ്പൂതിരിയുടെ നാട്ടുകാരനാണ് സന്തോഷ്‌. തമ്പ്രാന്‍റെ ശുപാര്‍ശയില്‍ വന്നതുകൊണ്ട് ഞങ്ങള്‍ക്ക് പ്രത്യേക പരിഗണന സന്തോഷ്‌ തന്നു. രജിസ്ട്രേഷന്‍ ഫീസ്‌ സന്തോഷ്‌ ഞങ്ങളില്‍ നിന്നും വാങ്ങിച്ചില്ല, അതിനു പുറമേ വിസക്കുള്ള കാശില്‍ ആയിരം രൂപ കിഴിവും ചെയ്തു തന്നു. 

അന്നൊക്കെ എങ്ങിനേയും ഈ നശിച്ച നാട്ടില്‍ നിന്നും രക്ഷപ്പെട്ടു നാലു കാശുണ്ടാക്കണമെന്നായിരുന്നു സുബൈറിനു. ആ മനസ്സു മാറുന്നതിനു മുന്‍പ് സുബൈറിനെ പേര്‍ഷ്യയിലേക്ക് വിടാനുള്ള തത്രപാടിലായിരുന്നു വാപ്പയും. അതിനായി കാറ്റും കോളുമൊന്നും വകവെക്കാതെ വാപ്പ ദിവസവും കടലില്‍ പോയി. വിസക്കുള്ള കാശിന്‍റെ മുക്കാലും വാപ്പ സംഘടിപ്പിച്ചു. അപ്പോഴാണ്‌ കടല്‍ഭിത്തി പണിയാന്‍ കല്ലിറക്കാന്‍ വന്ന ടിപ്പര്‍ലോറി വാപ്പയെ കൊണ്ടുപോയതു.  

വാപ്പ മരിച്ചതിനു ശേഷം സുബൈര്‍ തമ്പ്രാനെ പോയി കണ്ടിരുന്നു. തമ്പ്രാന്‍ സന്തോഷിനോട് പറഞ്ഞാല്‍ വിസക്കുള്ള പൈസയില്‍ എന്തെങ്കിലും കൂടി ഇളവുകള്‍ കിട്ടിയേക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. വേളി കഴിച്ചു ഇന്നാട്ടിലേക്ക് വന്നതോടെ പഴയ നാട്ടുകാരുമായി വല്യ ബന്ധമൊന്നുമില്ലെന്ന മറുപടിയാണ് ഇത്തവണ തമ്പ്രാനില്‍ നിന്നും കിട്ടിയത്. സന്തോഷിനെ നേരിട്ടു കണ്ടു സങ്കടം പറഞ്ഞു നോക്കി, ഗുണം ഒന്നുമുണ്ടായില്ല. നേരത്തെ പറഞ്ഞുറപ്പിച്ച  തുക രണ്ടു മാസത്തിനുള്ളില്‍ കൊടുത്താല്‍ വിസ കിട്ടും. വാപ്പയുടെ അനിയന്‍ അല്ലു കൊച്ചാപ്പയുടെ അടുത്ത് സങ്കടം പറഞ്ഞു. വാപ്പാക്കും കൊച്ചാപ്പക്കും കൂടി വല്ല്യുമ്മ കൊടുത്ത മൂന്നു സെന്റ്‌ ഭൂമിയുണ്ട്. അതു വിറ്റ് കാശ് എടുത്തോളാന്‍ കൊച്ചാപ്പ സമ്മതിച്ചു. ബാക്കിയുള്ള കാശു ഇടതടവില്ലാതെ ബോട്ടില്‍ പണിക്ക് കേറി ഉണ്ടാക്കി. വാപ്പ മരിച്ചു മൂന്നാം മാസം സൌദിയിലേക്ക് പ്ലെയിന്‍ കേറി, സന്തോഷ് വഴി തന്നെ.   

നമ്മുടെ സൈനുവും, ഇല്ലത്തെ ഗീതയും, വടക്കാപ്പുറത്തെ ലിസിയുമൊക്കെ ജ്യോതിസ് കോളേജില്‍ പ്രീഡിഗ്രീക്ക് ഒരുമിച്ചായിരുന്നു.പഴയ കഥകള്‍ പറയാന്‍ ഉമ്മാക്കും, അതു കേട്ടിരിക്കാന്‍ സുബൈറിനും വലിയ ഇഷ്ടമാണ്. ഉമ്മ ചരിത്രത്തിന്‍റെ ചുരുള്‍ നിവര്‍ത്തി, ലിസി പഠിക്കാന്‍ മിടുക്കിയായിരുന്നു. പ്രീഡിഗ്രി പാസായ അവള് ബാംഗ്ലൂര്‍ പോയി നഴ്സിങ്ങ്‌ പഠിച്ചു, ഇപ്പോള്‍ കാനഡയിലാണ്. കല്യാണം ഉറപ്പിച്ചത് കൊണ്ടാണ് നേരാവണ്ണം പഠിക്കാഞ്ഞതെന്നാണ് സൈനു പറയുന്നതു, മടിച്ചികോത. പിന്നെ ഗീത പാസായിട്ടും കാര്യമൊന്നുമില്ലല്ലോ! അവരുടെ കൂട്ടര്‍ക്ക് സര്‍ക്കാര്‍ ജോലിയൊന്നും കിട്ടില്ലല്ലോ. അങ്ങിനെ ഗീതയും സൈനുവും തോറ്റു. സൈനൂന്‍റെ കല്യാണത്തലേന്ന് ഗീതയും തമ്പ്രാനും കൂടി ഇവിടെ വന്നിരുന്നു. ആ കുട്ടിയുടെ വളരെ നല്ല ജാതകമാണ്, അതുകൊണ്ട് പുത്യാപ്ലയെ കിട്ടാന്‍ പാടാണത്രേ. അത്രേം നല്ലൊരു ജാതകമുള്ള പയ്യനെ അന്വേഷിച്ചിട്ട് ഇപ്പോഴുമവര്‍ക്ക് കിട്ടിയിട്ടില്ല. ഉമ്മ പിന്നേം ദീര്‍ഘനിശ്വാസമിട്ടു.

അതൊക്കെ വെറുതെ പറയുന്നതാണ് ഉമ്മാ, കാശു കൊടുത്താല്‍ നല്ല മണി മണി പോലുള്ള പയ്യന്മാര്‍ ഇല്ലത്ത് വന്നു ക്യൂ നില്‍ക്കും. എത്ര ഭൂസ്വത്തുണ്ട്! മടല് വിറ്റുകിട്ടുന്ന കാശെങ്കിലും ചിലവാക്കാന്‍ പറ ഉമ്മാ. ഉമ്മയെ വെറുതെ ദേഷ്യം പിടിപ്പിക്കാനായാണ് സുബൈര്‍ ഇല്ലത്തുള്ളവരുടെ പിശുക്കിനെ സൂചിപ്പിച്ചതു. നിനക്കെന്തറിയാമെന്ന മട്ടിലൊന്നു ചിരിച്ചതല്ലാതെ ഉമ്മാക്ക് ദേഷ്യം പിടിച്ചില്ല. നിനക്കറിയോ മുരിങ്ങോത്തെ കേശവനുള്ളത്ര സ്വത്തു ഇന്നു വാസുദേവന്‍‌ തമ്പ്രാനുണ്ടാവില്ല. ഉള്ള സ്വത്തു തന്നെ എത്രയോ കാലങ്ങളായി തര്‍ക്കവും കോടതിയും കേസും ഒക്കെയായി കിടക്കുകയാണ്. 

ഇതുവരെ ഇല്ലത്തെ ഭാഗം കഴിഞ്ഞിട്ടില്ല, അവകാശികളൊക്കെ പല ദിക്കിലാണ്. എല്ലാവര്‍ക്കും ആവശ്യങ്ങളുണ്ട്, പക്ഷെ ആരുമാരും വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല. ശങ്കരന്‍ തമ്പ്രാന്‍റെ കാര്യസ്ഥനായിരുന്നു മുരിങ്ങോത്തെ കേശവന്‍. ശങ്കരന്‍ തമ്പ്രാന്‍ മരിച്ചപ്പോള്‍ കേശവന്‍ വാസുദേവനങ്ങുന്നിന്‍റെ കൂടെ കൂടി. അന്നൊക്കെ കൃഷിയും, അതില്‍ നിന്നും നല്ല വരുമാനവും ഉണ്ടായിരുന്നു. കേശവന്‍റെ മക്കളൊക്കെ നന്നായി പഠിച്ചു, എല്ലാവരും നല്ല നിലകളിലായി. അതോടെ കേശവന്‍ കാര്യസ്ഥന്‍ പണി നിര്‍ത്തി. അതില്‍ പിന്നെ ഇല്ലത്തെ പറമ്പും കണ്ടവുമൊക്കെ തരിശായി കിടക്കുകയാണ്. പണ്ടും കാശിനാവശ്യമുള്ളപ്പോള്‍ കേശവനോട് ചോദിക്കുമെന്നല്ലാതെ കണക്കു നോക്കുന്ന പരിപാടിയൊന്നും തമ്പ്രാക്കന്മാര്‍ക്കുണ്ടായിരുന്നില്ല. 

ഇല്ലത്ത് പണിക്ക് പോയിരുന്ന കാലം മുതല്‍ സുബൈറിനു കേശവനെയറിയാം. പ്രത്യേകിച്ചൊരു പണിയും ചെയ്യാതെ ഇല്ലത്തുള്ളവര്‍ സുഭിക്ഷമായി ഉണ്ടുറങ്ങി കഴിഞ്ഞുവെങ്കില്‍ അതു കേശവന്‍റെ മിടുക്കായിരുന്നു. സുബൈറടക്കമുള്ള പണിക്കാരെ നന്നായി പിഴിഞ്ഞാണ് കേശവന്‍ ഇല്ലത്തുള്ളവരെ ഊട്ടിയിരുന്നതു. കാര്യസ്ഥനെന്ന നിലയില്‍ കേശവന്‍റെ കാര്യശേഷിയിലും ആത്മാര്‍ത്ഥതയിലും സുബൈറിനു ഒരു തരിമ്പു പോലും സംശയമില്ല.അതാവണം കേശവനെ കുറ്റപ്പെടുത്തുന്ന ധ്വനിയോടെ ഉമ്മ സംസാരിച്ചത് സുബൈറിനത്ര രസിച്ചില്ല. അതിനു പ്രതികാരമായി സുബൈര്‍ ഉമ്മയോടൊരു പാല്‍ ചായ ചോദിച്ചു, ഉമ്മ അതെടുക്കാന്‍ അടുക്കളയിലേക്കു പോയി.  

ഏഴു വര്‍ഷമായിട്ടും താനെന്തു കൊണ്ട് നാട്ടില്‍ വന്നില്ലെന്ന് ഉമ്മാക്ക് അറിയില്ലല്ലോ, സുബൈറിന്‍റെ മനസ്സ് വീണ്ടും സൌദിയിലേക്ക് മടങ്ങി. ഫ്രീ വിസയില്‍ സൌദിയിലെത്തിയ ആദ്യത്തെയൊരു വര്‍ഷം അറിയാവുന്നതും അറിയാത്തതുമായ എന്തൊക്കെയോ പണികള്‍ ചെയ്തു. ഇതിനിടയിലാണ് ബാബുക്കയെ പരിചയപ്പെടുന്നത്. എഞ്ചിനിയര്‍ ബാബു പഴയ ഐ ടി ഐയാണ്. മൂപ്പര്‍ക്ക് ദമാമില്‍ ഒരു ഇലക്ട്രോണിക്സ് കടയുണ്ട്. ടിവി, വിസിആര്‍ റിപ്പയറിങ്ങില്‍ ബാബുക്കയെ വെല്ലാന്‍ അന്നാരുമില്ല. അറബികളുടെ വില്ലകളില്‍ നിന്നും കേടായ ടിവി എടുത്തുകൊണ്ടു വരാനും, തിരിച്ചു കൊടുക്കാനുമൊക്കെ ആയാണ് ബാബുക്ക ആദ്യം സുബൈറിനെ വിളിക്കുന്നത്‌. പിന്നെ പിന്നെ പണിയില്ലാത്ത സമയത്ത് സുബൈര്‍ വന്നിരിക്കുന്ന സ്ഥലമായി ബാബുക്കയുടെ കട. പതുക്കെ ബാബുക്കയുടെ കട, സുബൈറിന്‍റെ ഓഫിസ് പോലെയായി. വെറുതെയിരിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ട് സുബൈറിന്‍റെ സാന്നിധ്യം ബാബുക്കാക്കും അനുഗ്രഹമായിരുന്നു. 

ആയിടക്കാണ് കമ്പ്യൂട്ടറുകള്‍ പ്രചാരത്തില്‍ വരുന്നതു. ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകള്‍ എടുത്തു അമ്മാനമാടുന്ന ബാബുക്കയെ സംബന്ധിച്ച് കംബ്യൂട്ടര്‍ അസമ്പിള്‍ ചെയ്യുകയെന്നത് വെറും പിള്ളേരുകളി മാത്രമായിരുന്നു. അതുകൊണ്ട് ആ പണി ബാബുക്ക സുബൈറിനെ കൊണ്ട് ചെയ്യിച്ചു തുടങ്ങി. സൌദിയിലെ ആദ്യത്തെ മൂന്നു വര്‍ഷം കൊണ്ട് തന്നെ നല്ലോണം അറബി ഭാഷയും, കുറച്ചു ഇലക്ട്രോണിക്സും, മോശമല്ലാത്തൊരു സമ്പാദ്യവും സുബൈര്‍ സ്വായത്തമാക്കി. സൈനുവിന്‍റെ നിക്കാഹായിരുന്നു സുബൈറിന്‍റെ ആദ്യത്തെ മുന്‍ഗണന. അതിനുള്ള കാശ് ഏതാണ്ട് ആയതോടെ, പറ്റിയ ഒരാളെ കണ്ടെത്തി അവളുടെ കല്യാണം ഉറപ്പിച്ചോളാന്‍ ഉമ്മയോടും കൊച്ചാപ്പയോടും പറഞ്ഞു. കല്യാണം വിചാരിച്ചതിലും പെട്ടെന്ന് ശരിയായി, കുറച്ചു പൈസ ബാബുക്കയുടെ കയ്യില്‍ നിന്നും മറിച്ചു. കല്യാണത്തിന് നാട്ടില്‍ പോവണമെന്നുണ്ടായിരുന്നു, പക്ഷെ അക്കാര്യം പറഞ്ഞാല്‍ അര്‍ബാബ് ഇടയുമെന്ന കാര്യം തീര്‍ച്ച. അതുകൊണ്ട് തല്‍ക്കാലം കല്യാണത്തിന് പോവേണ്ടെന്നു തീരുമാനിച്ചു.  

ആയിടക്കാണ് ബാബുക്കയുടെ സ്ഥിരം കസ്റ്റമറായ ഒരറബി കംബ്യൂട്ടര്‍ കട തുടങ്ങുന്ന ഒരാശയം മുന്നോട്ടുവെച്ചത്‌. ഉള്ള പണി തന്നെ തീര്‍ക്കാന്‍ ബാബുക്ക ബുദ്ധിമുട്ടുന്ന സമയമാണ്. പുതിയൊരു സംരഭം കൂടി തുടങ്ങാന്‍ മാത്രമൊരു തീ ബാബുക്കാക്ക് അന്നില്ലായിരുന്നു. കംബ്യൂട്ടര്‍ അസംബിളിങ്ങ് മാത്രമായതു കൊണ്ടു ബാബുക്ക അറബിയോട് സുബൈറിനെ ശുപാര്‍ശ ചെയ്തു. ബാബുക്കയുടെ ഉറപ്പിലാവണം, സുബൈറിനെ പരിപൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കാന്‍ അറബി തയ്യാറായി. മുഴുവന്‍ പണവും മുടക്കാന്‍ അറബി തയ്യാറാണ്, ഒരേയൊരു നിബന്ധന മാത്രം. ഇനിമുതല്‍ സുബൈറിന്‍റെ മുഴുവന്‍ സമയവും ഇതിലേക്കായി വിനിയോഗിക്കണം, എല്ലാക്കാര്യങ്ങളും സുബൈര്‍ നേരിട്ടു തന്നെ നടത്തണം, പുറത്തെ പണിയൊന്നും എടുക്കരുതു. 

അടുത്തൊന്നും നാട്ടില്‍ പോവാന്‍ കഴിയില്ലെന്ന വേദനിക്കുന്ന സത്യം അംഗീകരിച്ചു കൊണ്ടു തന്നെ  ആ അറബിയുമായി ചേര്‍ന്ന് സുബൈര്‍ പുതിയ കടയിട്ടു. മിനിസ്ട്രിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ആ അറബിയുടെ സ്വാധീനം മൂലം, തുടക്കത്തിലേ ഓര്‍ഡറുകള്‍ക്ക് പഞ്ഞം ഉണ്ടായിരുന്നില്ല. ആദ്യത്തെ കുറെനാള്‍ രാപകലില്ലാതെ അദ്ധ്വാനിച്ചിട്ടും സുബൈറിനു കാര്യമായ മെച്ചമൊന്നും ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടര്‍ വില്‍പ്പനയില്‍ നിന്നുള്ള ലാഭത്തിന്‍റെ സിംഹഭാഗവും ഓര്‍ഡര്‍ പിടിച്ചു നല്‍കുന്ന ആ അറബിക്ക് അവകാശപ്പെട്ടതായിരുന്നു. പഴയപോലെ പണിക്കു പോവുന്നതായിരുന്നു മെച്ചമെന്ന് പലതവണ തോന്നിയ ദിവസങ്ങള്‍. 

പതുക്കെപ്പതുക്കെ വിറ്റ കമ്പ്യൂട്ടറുകളുടെ മെയിന്റനന്‍സ് പണികള്‍ വന്നുതുടങ്ങി.  മെയിന്റനന്‍സ് പണി വഴി കിട്ടുന്ന തുക പൂര്‍ണ്ണമായും സുബൈറിനു അവകാശപ്പെട്ടതാണെന്നു അറബി സമ്മതിച്ചു. പിന്നീടുള്ള ഓരോ  വര്‍ഷങ്ങളിലും ഇതേ അറബിയുമൊത്തു ഓരോ പുതിയ കടകള്‍ തുടങ്ങാന്‍ കഴിഞ്ഞു. നാട്ടില്‍ നിന്നും പരിചയക്കാരായ മൂന്നുനാല് പേരെ അവിടേക്ക് പണിക്കു കൊണ്ടുവന്നു. പക്ഷെ അപ്പോഴും കടകളുടെ ഉത്തരവാദിത്തം ആരെയെങ്കിലും ഏല്‍പ്പിച്ചു കൊണ്ട്, നാട്ടിലേക്ക് ഒരവധിക്ക് വരാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അറബി തന്നെ നാട്ടില്‍ പോയി വരാന്‍ നിര്‍ബന്ധിച്ച ധൈര്യത്തിലാണ് ഈ അവധി. ഇവിടെ എത്തിയിട്ടും മനസ്സ് മുഴുവന്‍ അവിടത്തെ കാര്യങ്ങളാണ്. 

അപ്പോഴേക്കും ഉമ്മ ചായയുമായി തിരിച്ചെത്തി, അവസാനിപ്പിച്ചിടത്തു നിന്നുതന്നെ ഉമ്മ തുടങ്ങി. തമ്പ്രാക്കന്മാര്‍ക്കു കേശവനെ പൂര്‍ണ്ണ വിശ്വാസമായിരുന്നു. അവര്‍ ഒരുകാര്യത്തിലും ഇടപെട്ടിരുന്നില്ല, എല്ലാം കേശവനാണ് നടത്തിയിരുന്നത്. പതുക്കെപ്പതുക്കെ കേശവന്‍ വളരുകയും, ഇല്ലം ശോഷിക്കുകയും ചെയ്തു. ഉമ്മ എങ്ങോട്ടാണ് വണ്ടി ഓടിക്കുന്നതെന്ന് സുബൈറിന് വ്യക്തമായി.കേശവന്‍ കള്ളനൊന്നുമല്ലെന്ന് സുബൈര്‍ തറപ്പിച്ചുപറഞ്ഞു. അങ്ങിനെയെങ്കില്‍ അങ്ങിനെ, എന്നാലും കേശവന്‍ കാര്യസ്ഥന്‍ പണി ഉപേക്ഷിച്ചത് ശരിയല്ലെന്നായി ഉമ്മ. 

കഴിഞ്ഞ ദിവസം ഉമ്മ ഇല്ലത്ത് പോയിരുന്നപ്പോള്‍ തമ്പ്രാട്ടി പറഞ്ഞ കദനകഥകള്‍ ഉമ്മയുടെ മനസ്സിലിരുന്നു വിങ്ങുകയാണ്. പറയുന്ന കൂലി കൊടുക്കാമെന്നു വെച്ചാലും ഒരാളെയും പറമ്പിലെ പണിക്കോ തെങ്ങു കേറാനോ ഇക്കാലത്ത് കിട്ടാനില്ല. പഴയപോലെ ഒന്നുമല്ല, ഇപ്പോള്‍ ഈ വക പണികള്‍ക്ക് നല്ല കൂലിയാണ്. ആഴ്ച്ചയില്‍ അഞ്ചു ദിവസം മുടങ്ങാതെ പണിക്കു പോയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ കിട്ടും. എന്നിട്ടാണ് പണിക്കാരെ കിട്ടാത്ത  അവസ്ഥ! 

പണ്ടൊക്കെ ഇല്ലത്തെ പണിക്ക് കൂലിയൊന്നും ഇല്ലായിരുന്നു. കഴിക്കാന്‍ എന്തെങ്കിലും കിട്ടും. ഭാഗ്യമുണ്ടെങ്കില്‍ പണി കഴിഞ്ഞു പോവാന്‍ നേരത്ത് ചക്കയോ മറ്റോ വീട്ടിലേക്ക് കൊണ്ടു പോവാന്‍ കിട്ടിയാല്‍ അതായി. അന്നൊക്കെ പുരയും പറമ്പും നിറയെ പണിക്കാരായിരുന്നു. കഴിഞ്ഞ ദിവസം തമ്പ്രാട്ടി മാതു പെലക്കള്ളിയെ വിളിച്ചു മുറ്റത്തെ പുല്ലു പറിപ്പിച്ചു.  വൈകീട്ട് പണി കഴിഞ്ഞു പോകാന്‍ നേരത്ത് ഇരുന്നൂര്‍ രൂപ കൂലി ചോദിച്ചത്രേ! 

ആദ്യമായാണ് ഉമ്മയുടെ പഴങ്കഥകള്‍ സുബൈറിനു ഇഷ്ടപ്പെടാതിരിക്കുന്നത്. മുറ്റത്തെ പുല്ലു അവര്‍ക്ക് തന്നെ പറിച്ചാല്‍ പോരെ ഉമ്മാ? വീട്ടിനുള്ളില്‍ അടയിരിക്കുന്ന ഇല്ലത്തെ ആണുങ്ങള്‍ക്ക് കുളം വെട്ടാന്‍ പോയ്കൂടെ? തെങ്ങു കേറാന്‍ പോവാലോ? നല്ലോണം പണിയും കൂലിയും കിട്ടും. അതെങ്ങിനെ ഇപ്പോഴും പുറത്തിറങ്ങി മനുഷ്യരുമായി ഇടപഴകാന്‍ മടിയല്ലേ? എന്തിനു ബാക്കിയുള്ളവരെ തൊടാന്‍ തന്നെ അവര്‍ക്ക് അറപ്പാണല്ലോ! ഉമ്മാക്ക് അറിയോ, എത്രയോ തവണ ഞാനും എന്‍റെ മുദീറും ഒരു പ്ലേറ്റില്‍ നിന്നു ഭക്ഷണം കഴിച്ചിരിക്കുന്നു. 

ഇത്തവണ സുബൈറിന്‍റെ വിപ്ലവം ഉമ്മാക്കും രസിച്ചില്ല. ഇല്ലെടാ പഴയപോലെ ഒന്നുമല്ല, ഇല്ലത്തുള്ളവര്‍ക്ക് അങ്ങിനെയൊരു തൊട്ടുകൂടായ്മയൊന്നും ഇപ്പോഴില്ല. വിട്ടുകൊടുക്കാന്‍ സുബൈര്‍ തയ്യാറായിരുന്നില്ല. എങ്കില്‍ പിന്നെ ഉമ്മാക്കാണ് തൊട്ടുകൂടായ്മ. നിങ്ങളെന്തിനാണ് ആ ഗീതക്ക് പാലിന്‍റെ കാശ് കയ്യില്‍ വെച്ചു കൊടുക്കാതെ ഇട്ടു കൊടുത്തത്? ഗീതയെ തൊട്ടാല്‍ ഉമ്മാടെ വുളു മുറിയോ? 

അതു പിന്നേ… 

(തുടരും)  

Comments

Popular posts from this blog

ഗുരു ദേവോ ഭവ:

ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.  ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ രാജേഷ്‌ ഇവിടെ എടുത്തെഴുതുന്നു..... http://chayilyam.com/miscellaneous/personal/%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

കൈപ്പത്തി

പുറത്ത് നിര്‍ത്താതെ നിലവിളിക്കുന്ന ഫയര്‍ അലാറം കേട്ടിട്ട് പേടിയൊന്നും തോന്നിയില്ല. ആവശ്യമുള്ളപ്പോഴൊന്നും  ഒരലാറവും മുന്നറിയിപ്പ് തന്നിട്ടില്ല, ഇതും മോക്ക്‌ ഡ്രില്ലാവാനെ തരമുള്ളൂ. ബോയിലര്‍ റൂമില്‍ കേറി, പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തിയിട്ട് പുറത്തേക്കിറങ്ങി. അസംബ്ലി പോയന്‍റില്‍ ഏതാണ്ടെല്ലാവരും എത്തിയിട്ടുണ്ട്. അരികെയുള്ളോരു  മരച്ചുവട്ടില്‍ കുടയും ചോറ്റുപാത്രവും ഒളിപ്പിച്ച്, ഞാനും ആ കൂട്ടത്തിലേക്ക് ലയിച്ചു.  സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആറു മാസം കൂടുമ്പോള്‍ പണിയെടുക്കാന്‍ കിട്ടുന്ന ഏക അവസരമാണ്, അതവര്‍ നന്നായി ആഘോഷിക്കുന്നുമുണ്ട്. കമ്പനിയില്‍ പുതുതായി ചേര്‍ന്നവരെല്ലാം മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. മീനസൂര്യനോട് കെറുവിച്ച് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ കുറച്ച് പേര്‍ ഏറ്റവും പുറകിലും.