എന്നെ തല്ലേണ്ട ഞാന്‍ നന്നാവൂല്ല
ആര്‍ത്തവം അശുദ്ദിയാക്കുമെന്ന മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പമ്പയിലേക്കുള്ള ബസ്സില്‍ നിന്നും നസീറയെ ഇറക്കിവിടുന്നത്. ഇതിനെ തുടര്‍ന്നു ആര്‍ത്തവം അശുദ്ദിയുണ്ടാക്കില്ലെന്ന വസ്തുതയെ കുറിച്ച് യുക്തിഭദ്രമായ വാദങ്ങളും ശാസ്ത്രീയമായ തെളിവുകളും നിരത്തികൊണ്ട് വിജ്ഞാനപ്രദമായ പല ഫെയ്സുബുക്ക് പോസ്റ്റുകളും ഉണ്ടായി. ആര്‍ത്തവമുള്ള സ്ത്രീ അശുദ്ധിക്ക് കാരണമാവുമെന്ന മതവിശ്വാസം പിന്‍പറ്റാത്തവര്‍ക്ക്, തങ്ങളുടെ അഭിപ്രായം അരക്കിട്ടുറപ്പിക്കാന്‍ ഈ പോസ്റ്റുകള്‍ ഉപകാരപ്പെടും. എന്നാല്‍ ഈ മതവിശ്വാസമുള്ള ഒരാളില്‍ ഇത്തരം പോസ്റ്റുകള്‍ എന്തെങ്കിലും ചലനം സൃഷ്ട്ടിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. തന്‍റെ മതവിശ്വാസങ്ങളുടെ പരിസരത്തുപോലും സാമാന്യബുദ്ധിയെ അടുപ്പിക്കാന്‍ വിശ്വാസികള്‍ തയ്യാറാവില്ല. അങ്ങിനെവരുമ്പോള്‍ ആര്‍ത്തവം മനുഷ്യശരീരത്തില്‍ നടക്കുന്ന അനവധി ജൈവിക പ്രക്രിയകളില്‍ ഒന്നുമാത്രമാണെന്നും അതുകൊണ്ടതിൽ അശുദ്ധിയൊന്നും കാണരുതെന്നുമുള്ള സദുദ്ദേശപരമായ ഇത്തരം പ്രചാരണങ്ങള്‍ പോലും ഒരു പുനര്‍ചിന്തക്ക് മഹാഭൂരിപക്ഷം വിശ്വാസികളെയും പ്രേരിപ്പിക്കില്ല. അവിശ്വാസിയായ മതവിശ്വാസികളെ സാമാന്യവല്‍ക്കരിച്ചു കൊണ്ടു നടത്തുന്ന ഏകപക്ഷീയമായ ഒരു വിലയിരുത്തലാണിതെന്നു തോന്നിയേക്കാം. എന്നാല്‍ യുക്തിയുടെ ചോദ്യംചെയ്യലുകളില്‍ നിന്നും മതവിശ്വാസത്തെ വേലികെട്ടി സംരക്ഷിക്കാന്‍ തയ്യാറാവാത്ത ഒരാള്‍ക്കും ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വിശ്വാസിയായി തുടരാന്‍ കഴിയില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് മതവിശ്വാസത്തിന്‍റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ക്കെതിരെ അവിശ്വാസികള്‍ നടത്തുന്ന ബൗദ്ധിക വ്യായാമങ്ങളൊന്നും അതാചരിക്കുന്നവരില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാത്തത്.പട്ടികാട്ടം Vs കോഴി കാഷ്ട്ടം
സ്വന്തം മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ് വിശ്വാസി യുക്തിയോടും ശാസ്ത്രത്തിനോടുമൊക്കെ പൂര്‍ണ്ണമായി പിന്തിരിഞ്ഞു നില്‍ക്കുക. അതേസമയം അന്യമതസ്ഥരുടെ വിശ്വാസങ്ങളിലെ യുക്തിയും ധാര്‍മികതയും ശാസ്ത്രവുമൊക്കെ ഇഴകീറി പരിശോധിക്കാന്‍ ഇവരൊരിക്കലും മടിക്കില്ല. അവിശ്വാസികള്‍ നടത്തുന്ന മതവിമര്‍ശനങ്ങള്‍ക്ക് മറുചേരിയിലുള്ള വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രചാരണം ലഭിക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിന് പലകാരണങ്ങള്‍ ഉണ്ട്, മതങ്ങള്‍ വിശ്വാസികളില്‍ കുത്തിവെക്കുന്ന അന്യമതവിദ്വേഷം അതിലൊരു കാരണം മാത്രമാണ്. സ്വന്തം മതം കൂടുതല്‍ ശ്രേഷ്ട്ടമെന്നു സ്ഥാപിച്ചു കൊണ്ടുള്ള മതപ്രചാരണം, മതം വിശ്വാസിയുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്ന ബാധ്യത മറ്റൊരു കാരണമാണ്. അന്യമതവിശ്വാസത്തെ പരിഹസിക്കുന്ന വിശ്വാസിയുടെ ചെയ്തിയിലുള്ള കാപട്യം അയാള്‍ക്ക് സ്വയം തിരിച്ചറിയാന്‍ കഴിയണം എന്നില്ല. ആര്‍ത്തവം അശുദ്ധിയല്ലെന്ന വാദം തങ്ങളുടെ മതവിശ്വാസത്തെ പോറൽ ഏൽപ്പിക്കില്ല എന്ന തോന്നലുള്ളത് കൊണ്ട് ഇതരമതവിശ്വാസികള്‍ക്കിത് പെട്ടെന്ന് ഉൾകൊള്ളാൻ കഴിയും. സ്വാഭാവികമായും മറ്റവന്മാരുടെ "ആര്‍ത്തവഅശുദ്ദി" തികച്ചും പരിഹാസ്യമായൊരു ഇമ്മിണി ബല്യ അന്ധവിശ്വാസമായി അവര്‍ക്ക് ബോധ്യപ്പെടുകയും ആ രീതിയിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാവുകയുമാണ് സംഭവിക്കുന്നത്. എന്നാല്‍ വിശ്വാസികള്‍ പരസ്പരം നടത്തുന്ന ഇത്തരം ഉപരിപ്ലവമായ വാദപ്രതിവാദങ്ങള്‍ ലിംഗവിവേചനം പോലെയുള്ള അടിസ്ഥാനപ്രശ്നങ്ങളെ ഒരിക്കലും അഭിമുഖീകരിക്കില്ല. അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ചര്‍ച്ച നീണ്ടാല്‍ രണ്ടുകൂട്ടരുടേയും കൈപൊള്ളുമെന്നുള്ളത് കൊണ്ട് ഈ തര്‍ക്കങ്ങള്‍ക്ക് യു ടൂ ഫാലസികള്‍ക്ക് അപ്പുറം സഞ്ചരിക്കാന്‍ ഒരിക്കലും കഴിയില്ല. തങ്ങളിലാരാണ് ഭേദമെന്ന ഇവരുടെ വാദപ്രതിവാദങ്ങള്‍ തികച്ചും അനാവശ്യമായി സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കും.ആര്‍ത്തവത്തിനിടക്ക് പുട്ട് കച്ചോടം
ഇത്രേം വായിക്കുമ്പോള്‍ തന്നെ ഉണ്ടായേക്കാവുന്ന ചില നിഷ്കളങ്ക ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറഞ്ഞിട്ട് തുടരുന്നതാവും നല്ലതെന്ന് തോന്നുന്നു.1. വിമര്‍ശനം ആര് പറയുന്നുവെന്ന് എന്തിന് നോക്കണം, എന്താണ് പറയുന്നതെന്ന് നോക്കിയാല്‍ പോരെ?
ഉത്തരം: പോര, ഈ വിഷയത്തില്‍ പറയുന്നതാരാണ് എന്നതും പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. സ്വന്തം മതാചാരങ്ങളിലെ അനീതിക്കെതിരെ പ്രതികരിക്കുന്ന വിശ്വാസിയുടെയും, അവിശ്വാസിയുടെയും സദുദ്ദേശം മനസിലാക്കാം. എന്നാല്‍ ഒരു അന്യമതവിശ്വാസി ഇതേ വാദങ്ങള്‍ തന്നെയാണ് ഉയര്‍ത്തുന്നതെങ്കില്‍ പോലും അതംഗീകരിക്കാന്‍ കഴിയില്ല, അതിനുകാരണം അറിഞ്ഞോ അറിയാതെയോ അവര്‍ സ്വീകരിക്കുന്ന നിലപാടുകളിലെ ഇരട്ടത്താപ്പാണ്.
2. കണ്മുന്നില്‍ നടക്കുന്ന അനീതിക്കെതിരെ മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് പ്രതികരിക്കരിക്കാന്‍ പാടില്ലേ!!
ഉത്തരം: നടന്ന നിയമലംഘനത്തിനെതിരെ പ്രതിഷേധിക്കാം. പക്ഷെ അതിനപ്പുറം മറ്റുള്ളവരുടെ മതവിശ്വാസത്തെ യുക്തിയും ശാസ്ത്രവും വെച്ചളന്നു കൊച്ചാക്കാന്‍ ശ്രമിക്കുകയോ, അവരെ ധാര്‍മികത പഠിപ്പിക്കാനോ നില്‍ക്കരുത്. അതിനുള്ള യോഗ്യത ഒരു മതവിശ്വാസിക്കും ഇല്ല. മാത്രമല്ല ഇത് അനാവശ്യ സംഘര്‍ഷത്തിനും ചേരിതിരിവിനും വഴിവെക്കും.
3. അവരുടെ മതത്തെ കുറിച്ച് ഉള്ളതല്ലേ പറയുന്നുള്ളൂ, നുണയൊന്നും പറയുന്നില്ലല്ലോ?
ഉത്തരം: നിങ്ങളുടെ മതവിശ്വാസത്തെ യുക്തിസഹമായി വിലയിരുത്താന്‍ തയ്യാറായാല്‍ സമാനമായ യുക്തിരഹിത ആചാരങ്ങള്‍ എത്ര വേണമെങ്കിലും കണ്ടെത്താന്‍ കഴിയും. അതിന് നേരെയെല്ലാം കണ്ണടച്ചിട്ട് മറ്റുള്ളവരുടെതിനെ മാത്രം അന്ധവിശ്വാസം എന്ന് വിളിച്ചാക്ഷേപിക്കുന്നത് കലര്‍പ്പില്ലാത്ത കാപട്യമാണ്.
4. ഞങ്ങളുടെ മതവിശ്വാസത്തില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ ഇല്ല.
ഉത്തരം: എഴുത്തിലെ മതസന്തുലിതാവസ്ഥ തകരാതിരിക്കാനായി എല്ലാ കുപ്പതൊട്ടിയിലും കയ്യിട്ടുവാരാന്‍ വയ്യ. കുറച്ചെങ്കിലും അടുത്തറിയാവുന്ന ഇസ്ലാം മതാചാരങ്ങളില്‍ നിന്നും കണ്ടറിവുള്ള ചില കാര്യങ്ങള്‍ ഉദാഹരിക്കാം. മതാചാരപ്രകാരം ദിവസേന അഞ്ചുനേരമുള്ള പ്രാര്‍ത്ഥനക്ക് മുന്നോടിയായി ഓരോരുത്തരും "ചെറിയ അശുദ്ധി"യില്‍ നിന്നും ശുദ്ധി വരുത്തേണ്ടതുണ്ട്. അതിനായി കൈകാലുകളും മുഖവും കഴുകി ശുദ്ധിയാവുന്നതിനെ "വുളു എടുക്കുക" എന്നാണ് പറയുക. ഇങ്ങിനെ ശുദ്ധിയായ ഒരു പുരുഷന്‍ വെറുമൊരു സ്ത്രീസ്പര്‍ശനം കൊണ്ട് അശുദ്ധമാവും. അതിന് സ്ത്രീക്ക് ആര്‍ത്തവം ഉണ്ടാവണമെന്ന നിബന്ധന പോലുമില്ല. അശുദ്ധമാക്കാന്‍ സ്ത്രീ തന്നെ ധാരാളം, അശുദ്ധനായ പുരുഷന്‍ വീണ്ടും വുളു എടുത്തതിന് ശേഷം മാത്രമേ പ്രാര്‍ത്തിക്കാവൂ. എതിര്‍ലിംഗത്തിനോട് അകലം പാലിക്കണം എന്നല്ലാതെ ആര്‍ത്തവത്തിനോട് പ്രത്യേകിച്ചൊരു അയിത്തം ഇല്ലാല്ലോ എന്ന് വാദിക്കാന്‍ വരട്ടെ. ഇങ്ങിനെ വുളു എടുത്ത് ശുദ്ധി വരുത്താന്‍ സ്ത്രീ സ്പര്‍ശനം പോലെയുള്ള ചെറിയ അശുദ്ധിയാണെങ്കിലേ കഴിയൂ. അപ്പോള്‍ പിന്നെയെന്താ കഴുകി വെടിപ്പാക്കാന്‍ കഴിയാത്ത ഈ "വലിയ അശുദ്ധി" എന്നല്ലേ. അതാണ് മക്കളെ ഹൈള് അഥവാ ആര്‍ത്തവം. ആര്‍ത്തവം പോലുള്ള വലിയ അശുദ്ധി ശുദ്ധീകരിക്കാന്‍ വഴിയില്ല. ഹൈള് ഉള്ള സ്ത്രീക്ക് പ്രാര്‍ത്ഥിക്കുക പോയിട്ട് ഖുറാന്‍ വായിക്കാനുള്ള സ്വാതന്ത്ര്യം പോലും ന അര്‍ഹതി. അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍ പരിഷ്കരണത്തിനുള്ള വകുപ്പൊക്കെ വേണ്ടത്ര സ്വന്തം മതത്തില്‍ തന്നെയുണ്ട്, പരിഷ്കാരം സ്വന്തം മതത്തില്‍ നിന്ന് തുടങ്ങിയാട്ടെ.
മെല്ലെ മെല്ലെ... മെല്ലെ മെല്ലെ...
ഇനി വിഷയത്തിലേക്ക് തിരിച്ചുവരാം. മതവിമര്‍ശനത്തിന്‍റെ പരിമിതികളെ കുറിച്ചും അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ചുമാണ് ഇതുവരെ പറഞ്ഞത്. എന്നാല്‍ അതിനര്‍ത്ഥം അവിശ്വാസികള്‍ നടത്തുന്ന മതവിമര്‍ശനങ്ങള്‍ പരിപൂര്‍ണ്ണമായി പരാജയപ്പെടുന്നുവെന്നല്ല. പ്രത്യക്ഷത്തില്‍ വിഫലമെന്നു തോന്നുമെങ്കിലും അവിശ്വാസികളുടെ കുരുത്തംകെട്ട ചോദ്യങ്ങളാണ് പലപ്പോഴും മതപരിഷ്കരണത്തിന് പരോക്ഷമായി തുടക്കംകുറിക്കുക. കാലാകാലങ്ങളില്‍ മതസമുദായം മതാചാരങ്ങള്‍ പരിഷ്കരിക്കുന്നത് എങ്ങിനെയെന്ന് പരിശോധിച്ചാല്‍ അത് വ്യക്തമാവും. ബാഹ്യസമ്മര്‍ദ്ദമൊന്നുമില്ലാതെ മതമേലധ്യക്ഷന്മാര്‍ ആത്മവിശകലനത്തിന് തയ്യാറാവുക വഴി മതാചാരങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കപ്പെടില്ല. മറിച്ച് പ്രാകൃതമായ മതാചാരങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളില്‍ പെട്ടു നില്‍ക്കകള്ളിയില്ലാതെ വരുമ്പോള്‍ മാത്രമാണ് മാറ്റങ്ങള്‍ക്ക് തയ്യാറാവുക. അവിശ്വാസികളുടെ സ്വതന്ത്രചിന്തകള്‍ ആദ്യം സ്വാധീനിക്കുക, താരതമ്യേന വിശാല കാഴ്ചപാടുകള്‍ വെച്ചുപുലര്‍ത്തുന്ന ദുര്‍ബല വിശ്വാസികളെയാണ്. നിര്‍ഭാഗ്യവശാല്‍ മതത്തിനെ പ്രതിനിധികരിക്കുന്നവര്‍ ഒരിക്കലും ഈ ദുര്‍ബല വിശ്വാസികള്‍ ആയിരിക്കില്ലെന്നതിനാല്‍ മാറ്റങ്ങള്‍ എളുപ്പമല്ല. എങ്കിലും അവിശ്വാസികളെ പോലെ, വിശ്വാസികള്‍ കൂടിയായ മതപരിഷ്കരണവാദികളെ പൂര്‍ണ്ണമായും അവഗണിക്കാന്‍ സമുദായത്തിന് കഴിയില്ല. കാലക്രമേണ മതപരിഷ്കരണവാദങ്ങള്‍ക്ക് വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നതോടെ മൌലികവാദികളുടെ പ്രതിരോധം മറികടക്കാന്‍ സമുദായത്തിന് കഴിയും. ഈ പരിണാമ പ്രക്രിയയിലൂടെ വിപ്ലവകരമായ മാറ്റങ്ങള്‍ ഒന്നും സാധ്യമല്ലെങ്കില്‍ കൂടിയും സ്വാഭാവികമായ മതപരിഷ്കരണമാണെന്നുള്ളത് കൊണ്ട് ഇത് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട്. ഇതില്‍ മതപരിഷ്കര്‍ത്താക്കളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുക മാത്രമാണ് അവിശ്വാസിയുടെ നിരന്തരമായ മതവിമര്‍ശനങ്ങളുടെ ധര്‍മ്മം.എച്ചിൽപെറുക്കി രാജാവ് മണിയടിക്കും
മതാചാരങ്ങളില്‍ മാറ്റങ്ങള്‍ പെട്ടെന്ന് സംഭവിക്കാന്‍ നിയമ നടപടിയോ ഭരണ തീരുമാനങ്ങളോ ആവശ്യമുണ്ട്. പുരോഗമനപരമായ നയങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പാക്കുന്നതാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ എപ്പോഴും കരണീയമായിട്ടുള്ളത്, കോടതിയുടെ ഇടപെടലുകള്‍ ഇത്തരം വിഷയങ്ങളില്‍ ഉണ്ടാവേണ്ടി വരുന്നത് ദൌര്‍ഭാഗ്യകരമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാഷ്ട്രീയകക്ഷികള്‍ കാലപഴക്കത്താല്‍ കാലഹരണപ്പെടുന്നതായാണ് കാണാന്‍ കഴിയുന്നത്. മതത്തെയും പൊതുബോധത്തെയും തിരുത്തി സമൂഹത്തെ മുന്നോട്ട് നയിച്ചിരുന്ന രാഷ്ട്രീയകക്ഷികള്‍ പോലുമിന്നു പ്രായോഗികതയുടെ പേരില്‍ മതപ്രീണനം നടത്തികൊണ്ടു അധികാരത്തിലെത്താന്‍ ശ്രമിക്കുകയാണ്. മതമേലദ്ധ്യക്ഷന്മാരുടെ സങ്കുചിത വീക്ഷണങ്ങള്‍ക്ക് വഴങ്ങികൊടുക്കുന്ന ഇവര്‍ യദാര്‍ത്ഥത്തില്‍ ഭൂരിപക്ഷം വിശ്വാസികളും വെച്ചുപുലര്‍ത്തുന്ന സഹിഷ്ണുത മനോഭാവത്തെ അവിശ്വസിക്കുകയാണ് ചെയ്യുന്നത്. മതത്തിന്‍റെ സംരക്ഷണത്തില്‍ നിന്നുകൊണ്ട് പരസ്യമായി നിയമലംഘനങ്ങള്‍ നടത്തുന്നതും, അവക്ക് നേരെ ഭരണസംവിധാനങ്ങള്‍ മൌനംപാലിക്കുന്നതും ഇവിടെയൊരു പഴങ്കഥയാണ്. എന്തിന് ഭരണഘടനയെ മറികടന്നുകൊണ്ട് മതനിയമങ്ങള്‍ സമൂഹത്തില്‍ നടപ്പില്‍ വരുത്താന്‍ വിവിധ മതസേനകള്‍ക്ക് സൗകര്യം ഒരുക്കികൊടുക്കാന്‍ പോലും ഭരണാധികാരികള്‍ പലപ്പോഴും മടിക്കാറില്ല. നമ്മുടെ സമൂഹം ഉള്‍ക്കൊണ്ടിട്ടുള്ള വികലമായ മതേതര സങ്കല്‍പ്പത്തിന്‍റെ പ്രതിഫലനങ്ങളാണിതൊക്കെ, ഇത് നാള്‍ക്കുനാള്‍ മോശമായി വരുകയുമാണ്. പൊതുബോധത്തിനു വഴങ്ങികൊടുക്കുന്ന ഭരണാധികാരികളെ ജനാധിപത്യ വ്യവസ്ഥിതിയുടെ ദൌര്‍ബല്യമായോ സ്വാഭാവികമായ പരിണിതിയായോ ആയുള്ള വിലയിരുത്തേണ്ടതില്ല, പൊതുബോധത്തിനു കടകവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന എത്രയോ നേതാക്കള്‍ നമുക്ക് ഉണ്ടായിരുന്നു. ഭരണം മാറിയതുകൊണ്ട് ഇവിടെ കാര്യമായ മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കാനില്ല. എല്ലാം കണക്കാണ് എന്നല്ല, മതപ്രീണനത്തിന്‍റെ തോതില്‍ വിവിധ രാഷ്ട്രീയകഷികള്‍ തമ്മില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ട്. പക്ഷെ മതപ്രീണനത്തില്‍ ആരും പുറകിലേക്കല്ല സഞ്ചരിക്കുന്നത്, തമ്മില്‍ പരസ്പരം മത്സരിക്കുകയാണ്. പുരോഗമന ചിന്താഗതിക്കാരെന്നു അവകാശപ്പെടുന്ന രാഷ്ട്രീയ സംഘടനകള്‍ പോലും താത്വികമായ അവരുടെ എതിര്‍പ്പെല്ലാം എടുത്ത് അട്ടത്തുകേറ്റി വെച്ചിട്ട് മതപ്രീണനം ഒരടവുനയമായി കൊണ്ടുനടക്കണമെന്ന് വിശ്വസിക്കുകയാണ്. ഈയൊരു രാഷ്ട്രീയ സാഹചര്യത്തില്‍ മതത്തെയും പൊതുബോധത്തെയും തിരുത്താന്‍ തയ്യാറാവുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ സമീപഭാവിയിലൊന്നും ഉണ്ടാവുമെന്ന് കരുതുന്നില്ല.ഓര്‍ഡര്‍ ഓര്‍ഡര്‍... ഒന്നു പോടപ്പാ
പുരോഗമനപരമായ നയങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയകക്ഷികളുടെ അഭാവത്തില്‍ ശക്തമായ ഭരണനടപടികള്‍ ഉണ്ടാവുകയെന്നത് അടഞ്ഞ അധ്യായമാണ്, ശേഷിക്കുന്നത് നിയമത്തിന്റെ വഴിയാണ്. നിയമം വ്യാഖ്യാനിക്കുന്ന ന്യായാധിപന്റെ നീതിബോധം പൊതുബോധത്തില്‍ നിന്ന് വ്യത്യസ്തമായിക്കൊള്ളണമെന്നില്ല. കൂടാതെ നിയമത്തിന്‍റെ പരിധിയും പരിമിതികളും ഒക്കെ ഇവിടെ വിലങ്ങുതടിയായേക്കാം. എങ്കിലും വോട്ടുബാങ്ക് നഷ്ടമാവാതിരിക്കാന്‍ വേണ്ടി അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യേണ്ട ഗതികേട് കോടതിക്കില്ല. കോടതിയെ സമീപിക്കുക വഴി പ്രത്യക്ഷമായ ഒരു നിയമലംഘനത്തിനെതിരെ നിയമാനുസൃതമായ നടപടി എടുപ്പിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ അടിസ്ഥാന പ്രശ്നങ്ങളെ കോടതി നടപടികളിലൂടെ പരിഹരിക്കാന്‍ സാധിക്കില്ല. മതവിശ്വാസത്തിന്‍റെ പേരില്‍ സ്ത്രീക്ക് യാത്ര സ്വാതന്ത്ര്യം നിഷേധിച്ച കണ്ടക്ടര്‍ക്കെതിരെ കോടതി വഴി നടപടി എടുക്കാന്‍ കഴിയും. എന്നാല്‍ അതിലുപരി സമൂഹത്തില്‍ ലിംഗനീതി നടപ്പിലാക്കാനോ അവബോധം സൃഷ്ട്ടിക്കാനോ കോടതിവിധികള്‍ കൊണ്ട് സാധിക്കില്ല, പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും പ്രസക്തി ഇവിടെയാണ്. കോടതിവിധികളെയും പ്രതിഷേധങ്ങളെയും മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത് എങ്ങിനെയാണ് എന്നുള്ളത് പൊതുബോധം രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.????????????????? അനാദിയായ സംശയങ്ങള്‍
പൊതുവേ സമരങ്ങളോട് മലയാളി സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിന് കാരണം ആത്മാര്‍ത്ഥതയില്ലാത്ത സമരങ്ങള്‍ കണ്ട് മനസ്സുമടുത്തതാണ്. സാമൂഹിക അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രതിഷേധങ്ങള്‍ നമുക്ക് പരിചിതമല്ല, സമരം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സമരങ്ങളാണ് നമുക്ക് കൂടുതല്‍ പരിചയം. സാമൂഹ്യവിഷയങ്ങള്‍ ഉയര്‍ത്തി കാണിച്ചുകൊണ്ടുള്ള സമരങ്ങളുടെ പോലും യദാര്‍ത്ഥ ലക്ഷ്യം അധികാരരാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കും. മുഖ്യമന്ത്രി രാജിവെച്ചാല്‍ തീരുന്ന പ്രശ്നമേ നമ്മുടെ സമരക്കാര്‍ക്ക് കാണൂ. ഇത്തരം സമരങ്ങള്‍ കണ്ടുശീലിച്ച ഒരു സമൂഹം ചുംബന/ആര്‍ത്തവ സമരങ്ങളുടെ ഉദ്ദേശം മനസിലാക്കാന്‍ ശ്രമിക്കാതെ നിഗൂഡ ഉദ്ദേശങ്ങള്‍ ഊഹിച്ചെടുക്കാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതമില്ല. ഇതിനുപിന്നില്‍ ഗൂഢാലോചന നടത്തുന്നത് മാവോയിസ്റ്റ് മുതല്‍ മൊസാദു വരെ ആണെന്നു ആരോപിക്കുന്നവരുണ്ട്, അതൊക്കെ ചിരിച്ചുതള്ളാം. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിച്ചു കൊണ്ടുനടത്തുന്ന അനാവശ്യ പ്രതിഷേധങ്ങള്‍ ആണ് ഇതൊക്കെയും എന്നൊരു വാദമുണ്ട്. സദാചാര ഗുണ്ടായിസവും സ്ത്രീ വിരുദ്ദതയും ഈ സമൂഹത്തില്‍ ഇല്ല എന്ന് വാദിക്കുന്നവര്‍ക്ക്, ഞാന്‍ അനുഭവിച്ചിട്ടില്ല അതുകൊണ്ട് അങ്ങിനെയൊന്നില്ല എന്ന അനുഭവവാദമാണ് പറയാനുള്ളത്. നസീറയെ ബസ്സില്‍ നിന്നിറക്കി വിട്ട സംഭവം തന്നെ പരിശോധിക്കാം. ഈ ഇറക്കിവിടല്‍ നിയമാനുസൃതമല്ല, മതവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് കണ്ടക്ടര്‍ അവരെ ബസ്സില്‍ നിന്നിറക്കുന്നത്. ഇവിടെ കണ്ടക്ടര്‍ നടപ്പിലാക്കിയത് "ശബരിമല സമയത്ത് ഈ റൂട്ടിലെ ബസ്സില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്" എന്ന സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു പൊതുബോധമാണ്. ഏതെങ്കിലും വഴിപോക്കന്‍ ഈ തെറ്റിധാരണ വെച്ചുപുലര്‍ത്തുന്ന പോലെ ലളിതമല്ല ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനം വഹിക്കുന്ന കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഈ സംഭവത്തില്‍ ഒരു കണ്ടക്ടറുടെ വിവരക്കേട് മാത്രമല്ല വെളിവാകുന്നത്, അതിലുപരി "സ്ത്രീ സഞ്ചരിക്കാന്‍ പാടില്ല" എന്ന തെറ്റിധാരണ എത്ര ആഴത്തില്‍ സമൂഹത്തില്‍ വേരുറപ്പിച്ചു എന്നുകൂടിയാണ്. ഇതിനെതിരെ കോടതി വഴി കുറ്റവാളിക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ കുറേക്കാലം നടക്കേണ്ടി വന്നേക്കാം. കുറ്റവാളിക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ നിസാരമാണെങ്കില്‍ പോലും നിയമനടപടികളുമായി മുന്നോട്ടുപോവുക തന്നെയാണ് ചെയ്യേണ്ടത്. കാരണം കാലങ്ങളായി നടക്കുന്ന ഈ നിയമലംഘനത്തിനെതിരെ നാം പാലിച്ച മൌനമാണ് തെറ്റായ ഈ സാമൂഹ്യബോധം ഇവിടെ ഉണ്ടാക്കിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ അയ്യപ്പന്മാര്‍ തിങ്ങിനിറഞ്ഞ ബസ്സിലെ യാത്ര ഒഴിവാക്കാനാണ് സ്ത്രീകള്‍ പൊതുവെ ശ്രമിക്കുക. ഗതികെട്ട് ഇത്തരം ബസ്സില്‍ കേറേണ്ടി വരുന്ന സ്ത്രീകളോട് ആരെങ്കിലും അനിഷ്ടം അറിയിച്ചാല്‍ പ്രതിഷേധിക്കാന്‍ ഒന്നും നില്‍ക്കാതെ സ്വയമേ ഇറങ്ങിപോവുന്ന സ്ത്രീകളാണ് അധികവും. ഇതുകൊണ്ട് മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ നാം ദിവസേന കേള്‍ക്കാത്തത്. വാര്‍ത്തകളുണ്ടാവുന്നില്ല എന്നതുകൊണ്ട് മാത്രം കേരളത്തിലെവിടെയും സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നില്ല എന്നോ, അങ്ങിനെ ചെയ്യുന്നത് കൊണ്ട് അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നില്ല എന്നോ കരുതരുത്.കുറ്റവാളിയെ ശിക്ഷിക്കാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോവുമ്പോഴും അതിനോടൊപ്പം തന്നെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സമരങ്ങള്‍ക്കും ഇവിടെ പ്രസക്തിയുണ്ട്. സമൂഹത്തെ മുന്നോട്ട് നയിക്കാനുതകുന്ന എല്ലാതരം ശ്രമങ്ങളും ചിന്തകളും പ്രധാനപ്പെട്ടതാണ്. അവിശ്വാസിക്കും വിശ്വാസിക്കും ഭരിക്കുന്നവര്‍ക്കും പ്രതിഷേധിക്കുന്നവര്‍ക്കും മാധ്യമങ്ങള്‍ക്കും എല്ലാം അവരുടെതായ പങ്ക് ഇക്കാര്യത്തില്‍ വഹിക്കാനുണ്ട്.
അതിപ്പൊ ഓരോ ആചാരങ്ങള്‍ ആവുമ്പോള്‍ ....
ലിംഗസമത്വം എന്ന ആശയത്തെ തത്വത്തില്‍ പോലും അംഗീകരിക്കാന്‍ കഴിയാത്തൊരു സമൂഹത്തില്‍, അതിനെതിരായി നടത്തുന്ന സമരത്തോട് ഭൂരിപക്ഷം വിയോജിക്കുകയാണ് വേണ്ടത്. മറിച്ച് സമരത്തിന് വലിയ ജനപിന്തുണ ലഭിക്കുന്നെങ്കില്‍ അതിനര്‍ത്ഥം സമരത്തിന്‍റെ ലക്ഷ്യം പോലും സമൂഹത്തിന് മനസിലായിട്ടില്ല എന്നാണ്. സമരത്തിന്‍റെ ഉദ്ദേശം പോലും മനസിലാക്കാത്ത സമരാനുകൂലികള്‍ ഇത്തരം സമരങ്ങള്‍ക്ക് ശക്തി പകരില്ല. വെള്ളം ചേര്‍ക്കാത്ത നിലപാടുകള്‍ സത്യസന്ധമായി അവതരിപ്പിച്ചാല്‍ സമരം മുന്നോട്ട് വെക്കുന്ന ആശയം സമൂഹത്തിന് ബോധ്യപ്പെടും. സമരം മുന്നോട്ട് വെക്കുന്ന ആശയത്തോട് എതിര്‍പ്പ് ഉണ്ടെങ്കില്‍ പോലും സമൂഹം എപ്പോഴും അതിനെതിരെ പ്രതികരിക്കണം എന്ന് നിര്‍ബന്ധമില്ല. എന്തിനീ പൊല്ലാപ്പ് എന്നാവും അധികപേരും ചിന്തിക്കുക, സമരത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോവാന്‍ കഴിയാത്തവണ്ണം പ്രകോപനപരമായ സമരരീതി സ്വീകരിക്കേണ്ടി വരുന്നത് ഇതുകൊണ്ടാണ്. സമരത്തിന്‍റെ ഉദ്ദേശം മനസിലാക്കി അതിനെ എതിര്‍ക്കാന്‍ തയ്യാറാവുന്ന സത്യസന്ധരായ മനുഷ്യരില്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷ വെക്കേണ്ടതുള്ളൂ. തുടര്‍ച്ചയായ ബോധവല്‍ക്കരണ ശ്രമങ്ങള്‍ കൊണ്ട് നാളെ ഇവര്‍ മാറി ചിന്തിച്ചേക്കാം, അതാണ് സമരം ആത്യന്തികമായി ലക്ഷ്യം വെക്കുന്നതും. സമരം അത് ലക്ഷ്യം വെക്കുന്ന കൂട്ടത്തെയെങ്കിലും ഞെട്ടിക്കാന്‍ പ്രാപ്തമായിരിക്കണം, എങ്കില്‍ മാത്രമേ ഒരു ചര്‍ച്ചക്കായി അവര്‍ അവരുടെ വാദങ്ങളെയും തെളിച്ചുകൊണ്ട് പൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടൂ.സാമൂഹ്യ അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ഏതു പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ത്തപ്രാധാന്യം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. വാര്‍ത്തയിലിടം കിട്ടാനും ജനശ്രദ്ധ ആകര്‍ഷിക്കാനും പുതുമയുള്ള സമരരീതി തിരഞ്ഞെടുക്കേണ്ടതുണ്ട്. ആകാശത്തേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചാലേ സമരമാവൂ എന്ന് നിര്‍ബന്ധമൊന്നുമില്ല, ആശയം വ്യക്തമാവും വിധമുള്ള പ്രതീകാത്മക സമരരീതിയാണ് ഇത്തരം ലക്ഷ്യത്തോടെയുള്ള സമരങ്ങള്‍ക്ക് കൂടുതല്‍ യോജിക്കുന്നത്. സാമൂഹ്യ അവബോധ സമരത്തിനോട് എല്ലാവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം എന്നല്ലാതെ അതിന്‍റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കാന്‍ ഏതെങ്കിലുമൊരു വ്യവസ്ഥാപിത സംഘടനയെ അനുവദിക്കരുത്. ഇത്തരം സമരലക്ഷ്യങ്ങളോട് യോജിക്കാന്‍ കഴിയുന്നവര്‍ വിത്യസ്ത സംഘടനയിലും സമുദായത്തിലും ഉള്ളവരായിരിക്കും. ഈ ആശയത്തിന്‍റെ പ്രചാരണം ഏറ്റെടുത്തുകൊണ്ട് സമരത്തില്‍ പങ്കാളികളാവാന്‍ എല്ലാവര്‍ക്കും കഴിയണമെങ്കില്‍ നിലവിലെ ഒരു സംഘടനയുടെയും മേല്‍വിലാസത്തില്‍ അല്ലാതെ വേണം ഇത് സംഘടിപ്പിക്കാന്‍.
സമരത്തെ തെറ്റായി ചിത്രികരിച്ചുകൊണ്ട് വര്‍ഗീയകക്ഷികള്‍ മുതലെടുപ്പ് നടത്തിയാലോ എന്ന ആശങ്ക ചിലര്‍ പങ്കുവെച്ചിരുന്നത് കണ്ടു. ഈ വാദം ശെരിയാണ് എന്നാദ്യം തോന്നിയിരുന്നെങ്കിലും, ഇതൊരു അനാവശ്യ ഭീതിയാണ് എന്നിപ്പോള്‍ തോന്നുന്നു. ഒരുപാട് ചിന്തിച്ചു എല്ലാ പഴുതുകളും അടച്ചു നാം തയ്യാറാക്കുന്ന സമരത്തിന് അതിന്‍റെ മൂര്‍ച്ചയും സത്യസന്ധതയും നഷ്ട്ടപ്പെടാനാണ് സാധ്യത. താറടിച്ചു കാണിക്കണം എന്നുള്ളവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുകയോ അതവര്‍ തന്നെ സൃഷ്ട്ടിക്കുകയോ ചെയ്യും. ഇത്തരം മുതലെടുപ്പുകളോടും ചെളി വാരി എറിയലുകളോടും സത്യസന്ധമായും ധീരമായും പ്രതികരിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുക. കാപട്യം നിലനിര്‍ത്തിക്കൊണ്ട് പോവുകയെന്നത് എത്ര പഠിച്ച കള്ളനും അത്ര എളുപ്പം ചെയ്യാന്‍ കഴിയില്ല, ഒളിപ്പിച്ചുവെക്കാന്‍ ഒന്നുമില്ലാത്തവന് വളരെ അനായാസമായി സത്യസന്ധമായ തന്‍റെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുകയും ചെയ്യും. ഇതിലൂടെ ഫലപ്രദമായി ആശയവിനിമയം നടക്കുമെന്നതിലുപരി വന്‍പിച്ച പരസ്യപിന്തുണയൊന്നും ഉടന്‍ പ്രതീക്ഷിക്കേണ്ടതില്ല. നിലവിലെ സാഹചര്യത്തില്‍ പുതിയൊരു ആശയത്തെ/കൂട്ടത്തെ പരസ്യമായി അംഗീകരിക്കാന്‍ പലകാരണങ്ങള്‍ കൊണ്ടും അധികംപേരും മടികാണിക്കും. പ്രത്യക്ഷമായ പിന്തുണ ഇല്ല എന്നതുകൊണ്ട് പ്രതിഷേധം പരാജയപ്പെട്ടു എന്ന് വിലയിരുത്തുന്നത് വിഡ്ഢിത്തമാണ്. തോറ്റമ്പി പോയെന്ന് പലരും ആക്ഷേപിക്കുന്ന ആപ്പും ചുംബനസമരവുമൊക്കെ വിജയിച്ചുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നേടിയ അധികാരമോ ജനപിന്തുണയോ കൊണ്ടല്ല പ്രതിഷേധങ്ങളുടെ വിജയം അളക്കേണ്ടത്. എങ്കില്‍ മാത്രമേ ലക്ഷ്യം കാണാതെ പോയ സമരങ്ങളും പ്രതിരോധങ്ങളും എന്തിനൊരു കൂക്ക് വിളിപോലും വിജയമായിരുന്നുവെന്നു നമുക്ക് മനസിലാക്കാന്‍ കഴിയൂ.
മതങ്ങള്‍ അല്ല മനുഷ്യര്‍ ആണ് പിഴച്ചതെന്ന് എന്തു തെമ്മാടിത്തരം കാണിച്ച ശേഷവും മതവിശ്വാസികള്‍ ന്യായീകരിക്കാറുണ്ട് ,അത് നല്ല അസ്സല്‍ മണ്ടത്തരമാണ് ,എത്ര നല്ല മനുഷ്യനും ഫാസിസം അനുഷ്ഠിച്ചാല്‍ അത് ക്രൂരമായിട്ടേ വരൂ ,,അത് പോലെത്തന്നെയാണ് മതങ്ങളുടെ കാര്യവും
ReplyDeleteജയിക്കാനുള്ള അടവുനയങ്ങള്‍ എന്നതിനപ്പുറത്തേക്ക് ചിന്തിക്കാന്‍ കഴിയാതെ ഞാന്‍ എന്റെ എന്നതിലേക്ക് ചുരുങ്ങുന്ന മനുഷ്യന്‍ ന്യായവും നീതിയും എല്ലാം ചിലപ്പോഴെങ്കിലും വാക്കുകളില്‍ മാത്രം ഒളിപ്പിക്കുന്നതല്ലാതെ ശരി എന്നതിനെക്കുറിച്ച് മറക്കാന്‍ തുടങ്ങിയിരിക്കുന്നു. മതം അതിനു പറ്റിയ നല്ല മരുന്നാണ്.
ReplyDeleteമതവിശ്വാസം എല്ലാ യുക്തികളേയും പുറത്താക്കുന്നു
ReplyDeleteആദ്യമായാണ് ഇവിടെ... വിശദമായി എഴുതി. ഇങ്ങനെ ചിന്തിക്കുന്ന ചില പുരുഷന്‍മാരെങ്കിലുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം
ReplyDeletekidilam ezhuthu... ithokke fbyilum link cheythoode roshan pm
ReplyDelete