എടവനക്കാട് എന്‍റെ വീടിന്‍റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴു മുസ്ലിം പള്ളികളുണ്ട്. ഞങ്ങള്‍ എടവനക്കാട്ടുകാരുടെ അഭിപ്രായത്തില്‍, ഉയര്‍ന്ന ബൌദ്ധിക നിലവാരം പുലര്‍ത്തുന്ന എടവനക്കാട്ടെ മുസ്ലിങ്ങള്‍ പുരാതന കാലം മുതലേ ഭയങ്കര പുരോഗമന ചിന്താഗതിക്കാരാണ്. സ്വാഭാവികമായും മുസ്ലിങ്ങളുടെ ഇടയിലുള്ള പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ ഒക്കെയും അതീവ തീവ്രതയോടെ ഇവിടത്തെ മുസ്ലിംസമുദായം അതാതു കാലങ്ങളില്‍ കൈകാര്യം ചെയ്തു. ഖുതുബ മലയാളത്തില്‍ മതിയോ, നമസ്കാരത്തില്‍ കൈ എവിടെ കെട്ടണം, കൂട്ടപ്രാര്‍ത്ഥന പാടുണ്ടോ, ജിന്ന് ഉണ്ടോ മുതലായ മുസ്ലിങ്ങളെ അലട്ടുന്ന മഹാസമസ്യകള്‍ക്ക് ഉത്തരം തേടി ഇന്നാട്ടുകാര്‍ പലവഴി നടന്നു. തല്‍ഫലമായി വേര്‍പിരിഞ്ഞു നടന്ന ഇടവഴികളിലോരോന്നിലും ഓരോരോ സംഘടനകളും പള്ളികളും കമിറ്റികളും പ്രസിഡണ്ടുമാരും ഉണ്ടായി. അങ്ങിനെ ഈ ചെറിയ ഭൂപ്രദേശത്ത് വലുതും ചെറുതും പഴയതും പുതിയതുമായ ഏഴു പള്ളികള്‍ ഉണ്ടായി, എന്നിട്ടും ഇന്നേ വരെ പുതിയ പള്ളികള്‍ പണിയുന്നതിനോ പഴയ പള്ളികളുടെ സംരക്ഷണത്തിനോ അന്യമതസ്ഥരുടെ ഭാഗത്തു നിന്ന് തടസ്സങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. പള്ളിയെ ചുറ്റിപറ്റിയുള്ള തര്‍ക്കങ്ങളൊക്കെയും മുസ്ലിങ്ങളുടെ ആഭ്യന്തരവിഷയങ്ങള്‍ മാത്രമാണ്. സംഘടനകള്‍ പിളര്‍ന്നു വളര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും ഡിസംബര്‍ ആറിന് എല്ലാ സംഘടനകളും പൊതുശത്രുവിനെതിരെ പ്രതിഷേധിച്ചിരിക്കും. പക്ഷെ അതിനായി പോലും ഒരു വേദി പങ്കിടാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. വെറുതെ കുറ്റം മാത്രം പറയരുതല്ലോ, ഞങ്ങളുടെ നാട്ടിലെ പ്രതിഷേധങ്ങള്‍ ഒന്നുപോലും പൊതുസമൂഹത്തിനു ശല്യം ഉണ്ടാവുന്ന രീതിയില്‍ ആവാറില്ല. ഒരുകൂട്ടര്‍ ഒടുക്കത്തെ സാഹിത്യത്തില്‍ കഴമ്പില്ലാത്ത പോസ്റ്റര്‍ ഒട്ടിക്കും, അതിനു കഴിയാത്തവര്‍ വായില്‍ തുണികെട്ടി റോഡിനരികിലൂടെ പദയാത്ര നടത്തും, പ്രതിഷേധം പരമാവധി വളര്‍ന്നാല്‍ കവലയില്‍ മൈക്ക് കെട്ടി പ്രസംഗിക്കും, അതിനപ്പുറം പോവില്ല.

ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആദ്യമായും അവസാനമായും ഹിന്ദു വര്‍ഗീയവാദികള്‍ പള്ളി പൊളിച്ച വാര്‍ത്ത ഞാന്‍ കേള്‍ക്കുന്നത്. അന്നാ വാര്‍ത്ത കേട്ടപ്പോള്‍ രോക്ഷവും നാണക്കേടും ഭീതിയും തോന്നി. എന്നാല്‍ സമാനമായൊരു സംഭവം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ലെന്നത്, അന്നത്തെ എന്‍റെ ആശങ്കകളെ ക്രമേണ ലഘൂകരിച്ചു. ഞാന്‍ ഭയന്ന പോലെ അത്രയെളുപ്പത്തില്‍ ഇല്ലാതായി പോവുന്നതല്ല അംബേദ്‌കറും നെഹ്രുവുമെല്ലാം കൂടി നിര്‍വചിച്ച ഇന്ത്യയുടെ മതേതര സങ്കല്‍പ്പമെന്ന് ഞാനിന്നു മനസിലാക്കുന്നു. വര്‍ഗീയസംഘടനകളാല്‍ തെറ്റിദ്ധരിക്കപ്പെട്ടു ഭിന്നിച്ചു നില്‍ക്കുന്ന ജനത ഭീതിയില്‍ നിന്നു സ്വതന്ത്രമാവുന്നതോടെ ശരിയായ ചേരികളിലേക്കു തിരിച്ചെത്തുക തന്നെ ചെയ്യും. പരസ്പരം ഇടപഴകാനും മനസിലാക്കാനുമുള്ള പൊതുവിടങ്ങള്‍ പുനര്‍സൃഷ്ട്ടിക്കുക വഴി ജനങ്ങളില്‍ കുത്തിനിറച്ച അന്യമതവിധ്വേഷവും ഭീതിയും താനെ ഇല്ലാതാവും. അസഹിഷ്ണുത വളര്‍ത്താന്‍ പരോക്ഷമായെങ്കിലും സഹായിക്കുന്ന വൈകാരിക പ്രകടനങ്ങള്‍ക്ക് മതേതരവിശ്വാസികള്‍ ഇനിയും കുട പിടിക്കേണ്ടതില്ല. ഡിസംബര്‍ ആറിന് ഓര്‍ക്കാന്‍ ഒരേയൊരു ബാബരി മസ്ജിദ് മാത്രമല്ല ഉള്ളത്, മറിച്ചു ബാബാസാഹിബിന്റെ ചരമവാര്‍ഷികം പോലെ ഒരുപാട് കാര്യങ്ങള്‍ കൂടിയുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിരോധിക്കാന്‍ മസ്ജിദ് ദുരന്തം ആഘോഷിക്കുന്നതിനേക്കാള്‍ ഫലപ്രദമാവുക അംബേദ്‌കറിനെ സ്മരിക്കുന്നതിലൂടെ ആവും.
ഒരേ വിഷയത്തില്‍ രണ്ട് രീതിയില്‍ പ്രതികരിക്കുന്ന എനിക്കറിയാവുന്ന രണ്ടു പ്രദേശങ്ങളാണ് മുകളില്‍ പറഞ്ഞ എടവനക്കാടും കാസര്‍ഗോഡും. രണ്ടും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ആണെങ്കില്‍ കൂടിയും, വിവിധ മതസ്ഥര്‍ ഇടകലര്‍ന്നു ജീവിക്കുന്ന രീതി കാസര്‍ഗോഡില്ല. അതുകൊണ്ടുതന്നെ വര്‍ഗീയ സംഘടനകള്‍ക്ക് തങ്ങളുടെ ശക്തികേന്ദ്രങ്ങളായി ഇത്തരമോരോ പ്രദേശത്തെയും മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മനുഷ്യര്‍ ഇടകലര്‍ന്നു ജീവിച്ചാല്‍ സ്വാഭാവികമായി ഉണ്ടാവുന്ന മതമൈത്രി ഇവിടങ്ങളില്‍ ഉണ്ടാവുന്നില്ലെന്നു മാത്രമല്ല, വര്‍ഗീയവാദികളുടെ നിരന്തരവും ഏകപക്ഷീയവുമായ പ്രചാരണങ്ങള്‍ മൂലം അപകടകരമായ തോതില്‍ ഓരോരുത്തരിലും അന്യമതവിദ്വേഷം കുതിവെക്കപ്പെടുന്നുമുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപെരുപ്പിച്ചും സാമാന്യവല്‍ക്കരിച്ചും വെറുപ്പിന്‍റെയും പകയുടെയും അന്തരീഷം സ്ഥിരമായി നിലനിര്‍ത്തേണ്ടത് വര്‍ഗീയ സംഘടനകളുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും ആവശ്യമാണ്. പാവം അനുഭാവികള്‍ പലപ്പോഴും തന്‍റെ സമൂഹത്തിനായി ചെയ്യുന്ന ഉത്തമ രാഷ്ട്രീയ പ്രവര്‍ത്തനമായി തെറ്റിദ്ധരിച്ചു കൊണ്ടാണ് സമൂഹത്തില്‍ ഭീതി വളര്‍ത്തുകയെന്ന തന്‍റെ സംഘടനയുടെ രഹസ്യ ആവശ്യം ബോധപൂര്‍വ്വമല്ലാതെ നിറവേറ്റുന്നത്. ഇത്തരത്തില്‍ ശക്തിപ്രകടനത്തിനും കൊമ്പ് കോര്‍ക്കലിനും സജ്ജമായൊരു അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഡിസംബര്‍ ആറു പോലെയുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. ദുരന്തങ്ങള്‍ ശക്തി പകരുന്ന വര്‍ഗീയ സംഘടനകള്‍ കൂടുതല്‍ ദുരന്തങ്ങള്‍ വിതക്കാന്‍ കെല്‍പ്പുള്ളവയായി ശക്തി പ്രാപിച്ചു കൊണ്ടുമിരിക്കും. കാലേകൂട്ടി തയ്യാറാക്കിയ ആക്രമണ പരമ്പരകള്‍ ഉണ്ടാക്കി ശത്രുപക്ഷത്തെ തുടച്ചുമാറ്റാനുള്ള കെല്‍പ്പു കാലക്രമേണ ഇവര്‍ കൈവരിക്കും. നിലനില്‍ക്കാന്‍ അവശേഷിക്കുന്ന ഏകവഴി വര്‍ഗീയമായി സംഘടിക്കുക മാത്രമാണെന്ന് പ്രചരിപ്പിക്കുന്ന നമ്മുടെ ന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍, യദാര്‍ത്ഥത്തില്‍ മറുചേരിയില്‍ നിന്ന് ഇതേ കാര്യങ്ങള്‍ പറയുന്ന ഭൂരിപക്ഷ വര്‍ഗീയ സംഘടനകളെ പരോക്ഷമായി സഹായിക്കുകയാണ് ചെയ്യുന്നത്. വര്‍ഗീയമായി സംഘടിച്ചു വളരാന്‍ കൂടുതല്‍ കഴിയുക എപ്പോഴും ഭൂരിപക്ഷത്തിനായിരിക്കും, പ്രത്യേകിച്ച് ശത്രുപക്ഷത്തു ചൂണ്ടികാണിക്കാന്‍ ആരെങ്കിലും ഉള്ളപ്പോള്‍. കാര്യങ്ങള്‍ ഇനിയും കൈവിട്ടു പോകും മുന്‍പേ, വൈകാരികമായ പ്രതികരണങ്ങളില്‍ നിന്ന് മാറി പ്രായോഗികമായി ചിന്തിക്കാന്‍ ന്യൂനപക്ഷത്തിന് കഴിയേണ്ടതുണ്ട്.
ലോകത്തുള്ള മതാധിപത്യ രാഷ്ട്രങ്ങളില്‍ നിന്ന് ഭിന്നമായി ന്യൂനപക്ഷ ദേവാലയങ്ങളും വിശ്വാസങ്ങളും ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുന്നതിന്‍റെ പ്രധാന കാരണം ഇന്ത്യയുടെ മതേതരസങ്കല്‍പ്പമാണ്. അല്ലാതെ ന്യൂനപക്ഷങ്ങളുടെ സംഘടനാ ബലമോ, എണ്ണമോ, തീവ്രതയോ കണ്ട് പേടിച്ചിട്ടല്ല. അതിനാല്‍ ബാബരി മസ്ജിദ് പൊളിച്ചതിന്‍റെ ഓര്‍മ്മ പുതുക്കല്‍ ദിവസം മതേതര മൂല്യങ്ങളെ ശക്തിപ്പെടുത്താനുതകുന്ന രീതിയിലുള്ള പരിപാടികള്‍ വേണം മുസ്ലിങ്ങള്‍ സംഘടിപ്പിക്കാന്‍. കാരണം മതവൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നൊരു രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സ്വതന്ത്രമായ നിലനില്‍പ്പിന് മതേതരസങ്കല്‍പ്പം അനിവാര്യമായ ഒന്നാണ്. വര്‍ഗീയമായി സംഘടിക്കാനും പോരടിക്കാനും ആഹ്വാനം ചെയ്യുന്ന എല്ലാ ന്യൂനപക്ഷ തീവ്രവാദസംഘടനകളിലെയും അണികള്‍ ഇത് മനസിലാക്കാതെയുള്ള വൈകാരിക പ്രകടനങ്ങളാണ് നാളിതുവരെ കാഴ്ച്ച വെച്ചിട്ടുള്ളത്. ആത്മാഭിമാനത്തിന് ക്ഷതമേറ്റ മുസ്ലിമിന്‍റെ വൈകാരിതയൊക്കെ ഇരുപത് കൊല്ലങ്ങള്‍ക്ക് ശേഷവും ഒരേ തീവ്രതയില്‍ അംഗീകരിച്ചു തരാന്‍ പൊതുസമൂഹത്തിന് കഴിഞ്ഞെന്നു വരില്ല. അത് കൊണ്ട് തന്നെ പ്രതിഷേധങ്ങളിലെ വൈകാരികതയുടെ അംശം കുറച്ച്, കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ സമൂഹത്തില്‍ നടത്തിക്കൊണ്ട് മതേതര വിശ്വാസികളെ കൂടെനിര്‍ത്തി കൊണ്ടുവേണം മുസ്ലിങ്ങള്‍ മുന്നോട്ടുപോവാന്‍.
സത്യത്തില്‍ മതേതര സങ്കല്‍പ്പത്തിന്‍റെ യദാര്‍ത്ഥ മഹത്വത്തെ കുറിച്ചൊന്നും പറയാതെ, ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷത്തിനു നിലനില്‍ക്കാനായി അവശേഷിക്കുന്ന ഏകവഴിയായതു കൊണ്ട് മതേതരത്വം ശക്തിപ്പെടുത്താന്‍ ആവശ്യപ്പെടുന്നത് ഒരു ഗതികേടാണ്. പക്ഷെ മതം പഠിപ്പിച്ച ധാര്‍മികത കൈവശമുള്ളവര്‍ക്ക് എത്രയൊക്കെ വിശദീകരിച്ചാലും മതേതര ജനാധിപത്യ മൂല്യങ്ങളില്‍ ഉള്‍കൊണ്ടിട്ടുള്ള നൈതികമായ ശരി ബോധ്യപ്പെടണമെന്നില്ല. കൂട്ടത്തില്‍ മെച്ചപ്പെട്ട മതേതര ജനാധിപത്യ വ്യവസ്ഥിതിയെ തള്ളികളയാന്‍ വിശ്വാസിക്ക് എപ്പോഴും തന്‍റെ പൂര്‍ണ്ണവും ദൈവീകവുമായ ഒരു ബദല്‍ കയ്യില്‍ കാണും. ദൈവികമായ ബദലായതു കൊണ്ട് ചര്‍ച്ചക്കൊന്നും അവിടെ സ്കോപ്പില്ല, വൃഥാ വായിട്ടലക്കാന്‍ ഇതില്‍ ഉദ്ദേശിക്കുന്നുമില്ല. തല്‍ക്കാലം ഒരു ന്യൂനപക്ഷ മതവിശ്വാസം മുന്നോട്ടുവെക്കുന്ന ബദല്‍വ്യവസ്ഥ അതെത്ര ശ്രേഷ്ഠം ആണെങ്കില്‍ പോലും ഇന്ത്യയില്‍ ബലംപ്രയോഗിച്ചോ അല്ലാതെയോ നടപ്പിലാക്കുക അസാധ്യമാണ്. അപ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ അവശേഷിക്കുന്ന വഴി മതേതരവിശ്വാസികളോടൊപ്പം ചേര്‍ന്ന് ഭൂരിപക്ഷ വര്‍ഗീയതയെ ദുര്‍ബലപ്പെടുത്തുക മാത്രമാണ്. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ കുറേകൂടി വിശാലമായ നിലപാടുകള്‍ സ്വീകരിക്കാന്‍ മുസ്ലിങ്ങള്‍ക്ക് കഴിഞ്ഞാല്‍ സ്വാഭാവികമായും അതിന്‍റെ പ്രതിഫലനങ്ങള്‍ എല്ലാ കോണില്‍നിന്നും ഉണ്ടാവും. പൌരന്‍റെ രാഷ്ട്രീയ നിലപാടുകളും സാമൂഹ്യ കാഴ്ചപ്പാടുകളും സ്വതന്ത്രമായ ചിന്താഗതിയിലൂടെ സ്വയമേ രൂപപ്പെടേണ്ടതാണ്, അതിനു ശ്രമിക്കാതെ മതപണ്ഡിതരുടെയും സാമുദായിക നേതാക്കളുടെയും കാല്‍ക്കീഴില്‍ തലച്ചോര്‍ പണയം വെക്കുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കണം. അതിനു കഴിയാത്തിടത്തോളം വിരലിലെണ്ണാവുന്ന മതനേതാക്കളുടെ സങ്കുചിത വീക്ഷണത്തിന്‍റെ പാപഭാരം മൊത്തം സമുദായം താങ്ങേണ്ടി വരും. ഓരോ മുസ്ലിം നാമധാരിയും സദാസമയവും തങ്ങളുടെ ദേശസ്നേഹം ഉദ്ഘോഷിക്കേണ്ട ഗതികേടിലെക്കെത്തിയതിനൊരു പ്രധാന കാരണം ഇതാണ്. ബാക്കി പിന്നെ സമയം കിട്ടുന്നതിനനുസരിച്ച് .... :)
പ്രായോഗികവും വിവേകപൂര്‍ണ്ണവുമായ ഒരു ലേഖനം
ReplyDelete