കലാലയ രാഷ്ട്രീയത്തിന്‍റെ ആവശ്യകത തത്വത്തില്‍ തള്ളിക്കളയാനാവില്ല. പക്ഷെ കലാലയങ്ങളില്‍ ഇതു വലിയ തോതില്‍ ദുരുപയോഗപ്പെടുന്നതായാണ് അനുഭവം. പ്രായോഗികവല്‍ക്കരണത്തിലെ ദീര്‍ഘകാലമായുള്ള പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അഭിപ്രായം പറയാന്‍, തടിക്ക് കൊള്ളുന്നില്ലെങ്കില്‍ എളുപ്പമാണ്. ഫെയ്സ്ബുക്കിലൊക്കെ കലാലയ രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കുന്നത് അരാഷ്ട്രീയപട്ടം ഇരന്നു വാങ്ങുന്നതിന് തുല്യമാണ്. പക്ഷെ എന്തുകൊണ്ട് മഹാഭൂരിപക്ഷം രക്ഷിതാക്കളും കലാലയ രാഷ്ട്രീയത്തിനെതിരെയുള്ള "അരാഷ്ട്രീയ" നിലപാടു പിന്‍പറ്റുന്നുവെന്നു ആലോചിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തി ആയാലും വിദ്യാഭ്യാസം രക്ഷിതാവിന്‍റെ ഉത്തരവാദിത്തമാവുന്ന സമൂഹത്തില്‍ രക്ഷിതാവിനെ പരിപൂര്‍ണ്ണമായി മാറ്റിനിര്‍ത്തികൊണ്ടുള്ള അഭിപ്രായങ്ങള്‍ പ്രയോഗത്തിലെത്തിക്കാന്‍ സാധിക്കില്ല. രക്ഷിതാക്കളുടെ കൂടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കലാലയരാഷ്ട്രീയത്തിന് കഴിയേണ്ടതുണ്ട്
സ്കൂളുകളില്‍ നിന്നു വിഭിന്നമായി പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നാണ് അന്നുമിന്നും കരുതുന്നതു. അതെ സമയം നമ്മുടെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പിതൃസംഘടനയുടെ ഇടപെടലുകള്‍ കാരണം പലപ്പോഴും കഴിയുന്നില്ല എന്ന പരാതി ഉണ്ടുതാനും. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അതിനു വേണ്ട പ്രാധാന്യം കൊടുക്കാതെ റദ്ദ് ചെയ്യുന്നതിനും, വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ വലിയ ബോധ്യമില്ലാത്ത വിഷയങ്ങളില്‍ പിതൃസംഘടനയുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി രൂക്ഷമായ സമരങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്നതിനുമൊക്കെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇപ്പോള്‍ കത്തിനില്‍ക്കുന്ന ലോ അക്കാദമിയിലെ സമരം തന്നെ പരിശോധിക്കാം. അതിനു മുന്‍പൊരു മുന്‍കൂര്‍ ജാമ്യം. മൂന്നാം ക്ലാസ്സില്‍ വെച്ചു SFI എന്നെ പിച്ചിയിട്ടുണ്ട്, നാലില്‍ പഠിക്കുമ്പോള്‍ പിണറായി വിജയന്‍ എന്നെ നോക്കി കോക്രി കാണിക്കുകയും ചെയ്തു. അതുകൊണ്ട് ഇവര്‍ രണ്ടുപേരും മുച്ചൂടും മുടിയണമെന്നാണ് ആഗ്രഹം, അതു ഇനിയുള്ള എഴുത്തില്‍ പ്രതിഫലിക്കും.
സമരത്തില്‍ മാത്രമല്ല ജീവിതത്തിലുടനീളം തന്ത്രം/startegy, വിട്ടുവീഴ്ച്ചകള്‍/ middle ground ഒക്കെ വേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടെന്നൊക്കെ പറയാനേ കൊള്ളൂ, ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ പരാജയപ്പെടാനാണ് സാധ്യത. ഇതിനര്‍ത്ഥം തെറ്റും കാപട്യവുമൊക്കെ അനുവദനീയമാണെന്നോ, അതിനെയൊക്കെ ഇതുകൊണ്ട് മറച്ചു പിടിക്കാമെന്നോ അല്ല. പലപ്പോഴും തെറ്റിദ്ധരി(പ്പി)ക്കുന്ന പോലെ പരസ്പര വിരുദ്ദമായ കാര്യങ്ങളല്ല സത്യസന്ധതയും വിട്ടുവീഴ്ച്ചകളും. സത്യസന്ധതയോടെ നീതിക്ക് വേണ്ടി നിലകൊള്ളുകയെന്നതു ജീവിതത്തില്‍ പുലര്‍ത്തേണ്ട ഗുണമാണ്. ഇവിടെ സമരത്തിനു എന്തെങ്കിലും തരത്തിലുള്ള പ്രത്യേക ഒഴിവുകഴിവ് ഒന്നുമാവശ്യമില്ല. സത്യസന്ധത ബലി കഴിച്ചു കൊണ്ടല്ല തന്ത്രവും വിട്ടുവീഴ്ച്ചകളുമൊക്കെ ഉണ്ടാക്കേണ്ടത്. സത്യസന്ധതയോടെ തന്നെ പരമാവധി നീതി ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രങ്ങള്‍ മെനയാനും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാനുമൊക്കെ കഴിയും.
നിര്‍ഭാഗ്യവശാല്‍ ലോ കോളേജ് സമരത്തില്‍ SFIക്കു ആദ്യാവസാനം ആ സത്യസന്ധത പുലര്‍ത്താന്‍ കഴിഞ്ഞില്ല. പ്രിന്‍സിക്കെതിരെ കുറച്ചു കുട്ടികള്‍ ആരംഭിച്ച പ്രതിഷേധത്തില്‍ മറ്റെല്ലാ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളും പിന്തുണയുമായി എത്തിയപ്പോഴും SFI അതിനു തയ്യാറായില്ല. സമരം വളരെ പെട്ടെന്ന് ശക്തമാവുകയും കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വരാനും തുടങ്ങി. അപ്പോഴേക്കും ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള സമരരൂപം ആ പ്രതിഷേധം കൈവരിച്ചു തുടങ്ങി. അതോടെ SFIയും സമരം ചെയ്യാന്‍ നിര്‍ബന്ധിതമായി, അപ്പോഴും മറ്റുള്ളവരുടെ കൂടെ കൂടി സമരം ശക്തിപ്പെടുത്താനല്ല SFI തയ്യാറായതു. ഓരോ ദിവസവും കൂടുതല്‍ ഗൌരവമുള്ള വിഷയങ്ങള്‍ കോളേജ് മാനേജ്മെന്റിനെതിരെ ഉയര്‍ന്നു വരാന്‍ തുടങ്ങി. സമരക്കാരുടെ ആവശ്യങ്ങളും കൂടി കൂടി വന്നു. ഈ സാഹചര്യത്തില്‍ സമരം ഇനിയും തുടരുന്നത് മാനേജുമെന്റിനെ വളരെ മോശമായി ബാധിക്കുമെന്ന അവസ്ഥയിലെത്തി. അതോടെ മാനേജ്മെന്റ് ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നു. എല്ലാ സംഘടനകളുമുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കാതലായ ആവശ്യങ്ങളില്‍ മാനേജ്മെന്റ് ധിക്കാരപരമായ സമീപനം തന്നെ തുടരുന്നു. SFI ഒഴികെയുള്ള വിദ്യാര്‍ഥികള്‍ ചര്‍ച്ച ബഹിഷ്കരിക്കുന്നു. SFIയും മാനേജ്മെന്റും തമ്മിലുള്ള തുടര്‍ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുവെന്നു അവകാശപ്പെട്ടുകൊണ്ട് SFI സമരം അവസാനിപ്പിക്കുന്നു.
മാനേജ്മെന്റു മുട്ടുകുത്തുക ആയിരുന്നില്ല, SFIയെ ഉപയോഗിച്ച് സമരത്തിന്‍റെ മുനയൊടിക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞ SFI ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നു. സമരത്തെ പൊളിക്കാനായി സമരത്തെ ഏറ്റെടുക്കുന്ന തന്ത്രം SFIയെ അകത്തി നിര്‍ത്തിയത് കൊണ്ടു ഇവിടെ വിജയകരമായി നടത്താനായില്ല, ബാക്കിയുള്ളവര്‍ സമരം തുടര്‍ന്നതോടെ “വിജയ”ത്തിന്‍റെ ക്രെഡിറ്റ് അവകാശപ്പെട്ടതും പരിഹാസ്യമായി. മാത്രമല്ല സമരം അവസാനിപ്പിച്ചതോടെ SFIയുടെ വേഷം കാഴ്ച്ചക്കാരനിലേക്ക് പരിമിതപ്പെടുകയും ചെയ്തു. "സമരം വിജയിച്ചുവെന്ന" SFIയുടെ കെണിയില്‍ പെട്ടു സമരം അവസാനിപ്പിക്കാതിരുന്ന വിദ്യാര്‍ഥികളുടെ തീരുമാനത്തിനു പിന്നില്‍ വൈകാരികമായ കാരണങ്ങള്‍ ആവാം പ്രവര്‍ത്തിച്ചത്, പക്ഷെ അതുകൊണ്ട് അതൊരു മോശം തന്ത്രം ആവുന്നില്ല.
SFI വിജയിച്ച സമരത്തില്‍, മറ്റു വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ വിജയിച്ചതായി തോന്നാത്തത് പലരും ആരോപിക്കുന്നത് പോലെ SFI ക്രെഡിറ്റ് അടിച്ചു കൊണ്ടു പോയ വിഷമം കൊണ്ടല്ല. ഇതൊരു വിജയമാണെന്നും, ക്രെഡിറ്റ് തങ്ങള്‍ക്കാണെന്നും SFIക്കല്ലാതെ മറ്റാര്‍ക്കും തോന്നില്ല. SFI ഈ വിഷയത്തില്‍ ഇടപെട്ടതിനുള്ള ക്രെഡിറ്റ് പോലും അവിടെ സമരം ചെയ്ത മറ്റുള്ളവര്‍ക്കുള്ളതാണ്. പന്യനും മുരളീധരന്മാരും വിഎസുമൊക്കെ നടത്തിയ ഇടപെടലുകള്‍ക്ക് സര്‍ക്കാരില്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആയിട്ടുണ്ട്. സമരത്തിന്‍റെ വിജയം എത്ര ഗംഭീരമായി SFI ആഘോഷിച്ചാലും ഇതൊക്കെ മനസിലാക്കേണ്ടവര്‍ മനസിലാക്കുന്നുണ്ട്. സമരത്തില്‍ തോറ്റ മാനേജ്മെന്റും പ്രിന്‍സിപ്പാളും സംസാരിക്കുന്നതു പരാജപ്പെട്ടവരുടെ ഭാഷയിലാണെന്ന് SFIക്കാരല്ലാത്ത ആര്‍ക്കും തോന്നില്ല. അവശേഷിക്കുന്നതൊക്കെ കേവലം വൈകാരിക വിഷയങ്ങള്‍ മാത്രമല്ലേ എന്നാണു SFI ചോദിക്കുന്നത്. ആണെന്നു തന്നെ കരുതുക, എന്നാല്‍ പോലും സമരം തുടങ്ങിയവരുടെ, തുടരുന്നവരുടെ വൈകാരികത അത്ര നിസ്സാരമായി അവഗണിക്കാവുന്ന ഒന്നല്ല. സമരം തുടര്‍ന്നാല്‍ നാളെ പ്രിന്‍സിപ്പാള്‍ രാജി വെക്കുമെന്നോ, അവരെ അറസ്റ്റ് ചെയ്യുമെന്നോ യാതൊരുറപ്പുമില്ല. പക്ഷെ അതുകൊണ്ട് ഈ സമരത്തില്‍ പങ്കെടുത്ത SFI ഒഴികെയുള്ള വിദ്യാര്‍ത്ഥികളെയും അവരുടെ സംഘടനകളെയും പരാജയപ്പെട്ടവരായി കാണാന്‍ കഴിയില്ല. ഇതുവരെ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍, ഇനിയെന്തെങ്കിലും നേടാനായാലും അതിനൊക്കെ അര്‍ഹര്‍ അവരാണ്.
അതോടെ സമരം ആരംഭിച്ച, വിദ്യാര്‍ത്ഥികള്‍ക്കായി ശക്തമായി നിലനില്‍ക്കുന്ന AISFനോടായി കലി മുഴുവന്‍. അവരെ കാണാന്‍ വന്ന അവരുടെ നേതാക്കള്‍ അവിടെ നിരാഹാരസമരം ചെയ്യുന്ന മുരളീധരനെ നോക്കി ചിരിച്ചത് മഹാപാതകമായി ചിത്രീകരിച്ചു. സിപിഐക്കാരുടെ കണക്കെടുക്കുന്ന, സിപിഐ ഇല്ലാത്ത ഇടതുമുന്നണിയുടെ സാധ്യതകള്‍ അന്വേഷിക്കുന്ന... തരത്തിലുള്ള ഭീഷണികള്‍ ഒരു വശത്തു. കനയ്യകുമാറിനെ പിന്തുണച്ച സിപിഎമ്മിനോട് തിരിച്ചു സിപിഐ നന്ദി കാണിക്കണമെന്ന തരത്തിലുള്ള തികച്ചും പരിഹാസ്യമായ ആവശ്യങ്ങള്‍ വരെ ഉണ്ടായി. സമരത്തിലൂടെ നഷ്ടപ്പെടുന്ന അധ്യയന ദിനങ്ങളെ കുറിച്ചുള്ള SFIയുടെ ആകുലതകളെ നോക്കി അവരുടെ ചരിത്രം തകുമ ചിരിച്ചു കാണും. ലോ അക്കാദമിയിലെ സമരമെന്ന പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ SFIക്കു കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് സന്ദര്‍ഭത്തിനു ചേരാത്ത ചരിത്രങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമൊക്കെ നിരന്തരം ഉന്നയിക്കേണ്ടി വന്നത്. സമരത്തിന്‍റെ സന്ദര്‍ഭം തന്നെയാണ് പ്രധാനം. ലോ അക്കാദമിയുടെ ആനുകൂല്യങ്ങള്‍ പറ്റിയിട്ടുള്ളത് സിപിഎം മാത്രമല്ല. പക്ഷെ ഇവിടെ വിദ്യാര്‍ത്ഥികളുടെ സമരത്തിനോട് കൂടെനില്‍ക്കാന്‍ ബാക്കിയുള്ളവര്‍ക്ക് കഴിഞ്ഞു. അല്ലെങ്കില്‍ അവരെ അതിനു നിര്‍ബന്ധിതരാക്കാന്‍ ലോ കോളേജിലെ അവരുടെ വിദ്യാര്‍ഥി സംഘടനകള്‍ക്ക് കഴിഞ്ഞു. സിപിഎമ്മിനു ഇവിടെയതിനു കഴിയാത്തതിനും, മറ്റുള്ളവര്‍ അതിനു തയ്യാറായതിനും നമുക്കറിയാത്ത കാരണങ്ങള്‍ കണ്ടേക്കാം. പക്ഷെ രക്ഷിതാക്കള്‍ അടക്കമുള്ള പുറമേ നില്‍ക്കുന്നവരുടെ കലാലയ രാഷ്ട്രീയത്തോടുള്ള സമീപനം രൂപപ്പെടുന്നത് ഇത്തരം കാഴ്ചകളില്‍ നിന്നാണ്.
എതിര്‍പക്ഷത്തെ താറടിക്കാനുള്ള SFIയുടെ ശ്രമങ്ങളും പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെടുന്നു. അങ്ങിനെയാണ് SFI പരിപൂര്‍ണ്ണമായി വിജയിച്ച വിദ്യാര്‍ഥി സമരത്തില്‍ വീണ്ടുമൊരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിദ്യാഭ്യാസ മന്ത്രി തയ്യാറാവുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളോട് അനുഭാവം പുലര്‍ത്താതെ, മാനേജ്മെനറിന്റെ ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടു അംഗീകരിപ്പിക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസ മന്തി ആ ശ്രമത്തില്‍ പരാജിതനായി ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി. തന്‍റെ പതിവു സൌമ്യപുച്ഛത്തോടെ പിണറായി വിജയനും വിഷയത്തില്‍ വ്യക്തമായി പ്രതികരിച്ചു. ഇനി ചെയ്യാനുള്ളത് അഭ്യന്തര മന്ത്രിക്കാണ്, സമരക്കാരെ പോലീസുകാരെ കൊണ്ടു തല്ലിയോടിച്ചു നേരത്തെ വിജയിച്ച സമരത്തില്‍ ഒന്നുകൂടി വിജയിക്കാന്‍ ശ്രമിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
Comments
Post a Comment