Skip to main content

എന്നാലും എന്തിനായിരിക്കും! എന്തിനായാലും even economics is a moral subject

നിയമപ്രകാരം ഏതൊരു കച്ചവടവും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴിലാളികളുടെ കണക്ക് കൃത്യമായി സമര്‍പ്പിക്കേണ്ടതുണ്ട്. ബില്‍ കൃത്യമായി സൂക്ഷിക്കണം. കച്ചവടം ലാഭമായാലും നഷ്ടമായാലും വര്‍ഷാവര്‍ഷം കണക്ക് സമര്‍പ്പിക്കണം. ഇങ്ങിനെയൊക്കെ ചെയ്തില്ലെങ്കില്‍ നികുതി തട്ടിക്കാനും, തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കാനും, പരിശോധനകള്‍ ഒഴിവാക്കാനുമൊക്കെ കഴിയും. അപ്പോള്‍ ഇതൊക്കെ എല്ലാവരും ചെയ്യേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ.
.
ഇനി നാട്ടില്‍ കച്ചവടം ചെയ്തു ജീവിക്കുന്ന നിങ്ങള്‍ക്ക് നേരിട്ടറിയാവുന്ന പത്തു സാധാരണക്കാരെ എടുക്കുക. ഇതിലെത്ര പേര്‍ നൂറു ശതമാനം നിയമാനുസൃതമായി കച്ചവടം ചെയ്യുന്നുണ്ടെന്ന് പരിശോധിക്കുക. മിക്കവാറും ആരും കാണില്ല. എന്തുകൊണ്ട് എന്നന്വേഷിച്ചാല്‍ പല കാരണങ്ങള്‍ കാണാന്‍ സാധിക്കും. അതില്‍ അപ്രായോഗികമായ നിയമങ്ങള്‍ ഉണ്ടാവും, കൈക്കൂലി ഉണ്ടാവും, കാര്യക്ഷമമല്ലാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടാവും, നിയമാനുസൃതമല്ലാതെ കച്ചവടം നടക്കുന്ന ഒരു മാര്‍ക്കറ്റില്‍ പൂര്‍ണ്ണമായി നിയവിധേയമായി കച്ചവടം ചെയ്തു മത്സരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവും, അറിവില്ലായ്മ ഉണ്ടാവും, സമയ പരിമിതികള്‍ കാണും, മടി കാണും, എങ്ങിനെയും പണം ഉണ്ടാക്കാനുള്ള ആര്‍ത്തിയും കാണും. ശ്രദ്ധിക്കേണ്ട കാര്യം ഇതില്‍ പല കാരണങ്ങളുടെയും ഉത്തരവാദിത്വം കച്ചവടക്കാരന്‍റെയല്ല, ഉത്തരവാദിത്വം ഭരണകൂടത്തിനുമുണ്ട്. ഭരണകൂടം തന്‍റെ ഉത്തരവാദിത്തങ്ങളില്‍ നിന്നു മുഴുവന്‍ കൈകഴുകി മാറി നിന്നുകൊണ്ട് സാധാരണക്കാരെ കള്ളന്മാരായി ചിത്രീകരിക്കുന്നത് ക്രൂരമാണ്. നിയമാനുസൃതമായി കച്ചവടം ചെയ്തു മത്സരിക്കാന്‍ കഴിയുന്നൊരു അന്തരീക്ഷം നിലവിലില്ലാത്തിടത്തുള്ള കള്ളപണത്തില്‍ ഭരണകൂടത്തിനും പങ്കുണ്ട്.
.
നിയമാനുസൃതമല്ലാതെ കച്ചവടം ചെയ്യുന്ന സാധാരണക്കാരെ പോലെയല്ല വന്‍കിട സ്ഥാപനങ്ങള്‍. സ്വന്തമായി സാമ്പത്തിക വിഭാഗവും നിയമ വിഭാഗവുമൊക്കെയുള്ള വന്‍കിട കച്ചവട സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം കുറേകൂടി നിയമാനുസൃതമായി കച്ചവടം ചെയ്യാന്‍ കഴിയും. നിയമത്തിന്‍റെ പഴുതുകള്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുന്ന വിദഗ്ദരെ വാങ്ങിക്കാനുള്ള പ്രാപ്തി അവര്‍ക്കുണ്ട്. അധികാരവും സ്വാധീനവും കൊണ്ടു നേടുന്ന അനര്‍ഹമായ ഇളവുകള്‍ തല്‍ക്കാലം അവഗണിക്കാം.
.
ഒറ്റബുദ്ധിയില്‍ ആലോചിക്കുമ്പോഴാണ് നിയമാനുസൃതം കച്ചവടം ചെയ്യാത്ത ചെറുകിട കച്ചവടക്കാരെ ധാര്‍മികതയുടെ പുറത്തു പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കഴിയുക. പ്രസക്തമായ പല ഘടകങ്ങളെ പരിഗണിച്ചു, സമഗ്രമായി കാര്യങ്ങളെ അവലോകനം ചെയ്യാന്‍ വൈദഗ്ധ്യം ആവശ്യമുണ്ട്, ഒറ്റമൂലിയൊട്ടു ലഭിക്കുകയുമില്ല. ഒറ്റബുദ്ധികളെ സംബന്ധിച്ചിടത്തോളം പ്രശ്നവും പരിഹാരവും ഒക്കെ വളരെ ലളിതമാണ്. പക്ഷെ അത്തരം ഒറ്റമൂലി പരിഹാരങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിക്കില്ലെന്നു മാത്രമല്ല, പലപ്പോഴും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
.
ചെറുകിട വ്യവസായികള്‍ കറന്‍സി ഇല്ലാതെ വലയുന്നു, ശമ്പളം കൊടുക്കാന്‍ പോലും കഴിയുന്നില്ല… എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടവര്‍ക്ക് ബാങ്ക് വഴി അവര്‍ക്ക് ശമ്പളം കൊടുത്തുകൂടാ, പര്‍ച്ചേസ് ചെയ്തുകൂടാ എന്നൊക്കെ ചോദിക്കാന്‍ എളുപ്പമാണ്. ബാങ്ക് ആക്കൌണ്ട് ഇല്ലാത്ത തൊഴിലാളികള്‍, നിയമാനുസൃതം രജിസ്ടര്‍ ചെയ്യാത്ത തൊഴിലാളികള്‍, ബാങ്ക് ട്രാന്‍സാക്ഷന്‍ അനുവദിക്കാത്ത  പര്‍ച്ചേസര്‍സ്… അങ്ങിനെ നൂറായിരം പ്രായോഗിക ബുദ്ധിമുട്ടുകളാണ് ചെറുകിട വ്യവസായികള്‍ക്ക് ഉണ്ടാവുക. ഇതെല്ലാം ശരിയാക്കുന്നതിനേക്കാള്‍ എളുപ്പം കച്ചോടം പൂട്ടലായിരിക്കും, പലപ്പോഴും ശരിയാക്കല്‍ അസാധ്യവുമായിരിക്കും. കറന്‍സി ഇല്ലാത്തതു കൊണ്ടു അടച്ചു പൂട്ടിയ ഒരു ജൂട്ട് മില്ലിനെ കുറിച്ചുള്ള വാര്‍ത്ത‍ ഇന്നലെ കണ്ടിരുന്നു. രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടപ്പെട്ടത്. നാലു ലക്ഷത്തിലധികം പേര്‍ക്ക് ജോലി പോയേക്കുമെന്ന് കണക്കാക്കുന്നു. അതുകൊണ്ട് കള്ളപ്പണക്കാരനായ കച്ചവടക്കാരന്‍ ചൊവ്വാ ഗ്രഹത്തിലാണെന്ന തെറ്റിധാരണ ഇനിയെങ്കിലും ഉപേക്ഷിക്കേണ്ടതുണ്ട്. https://goo.gl/XFZz8T https://goo.gl/VbCH9h    
.
മറ്റൊരുദാഹരണം നോക്കാം. ഭക്ഷണ വസ്തുക്കളുടെ സമീപത്തു രാസവസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ അപകടസാധ്യതയുണ്ട്. ഇക്കാരണം കൊണ്ടു ഭക്ഷണ വസ്തുക്കളും രാസവസ്തുക്കളും തമ്മില്‍ ചുരുങ്ങിയത് ഇരുപതു മീറ്റര്‍ അകലം കടകളില്‍ പാലിക്കണമെന്നൊരു നിയമം കൊണ്ടുവരുന്നതില്‍ ധാര്‍മികമായി  തെറ്റൊന്നും ഇല്ലല്ലോ? പക്ഷെ അതോടെ സോപ്പും സവാളയും രണ്ടുംകൂടി കടയില്‍ വെച്ചു വില്‍ക്കാന്‍ ചെറുകിട പലചരക്ക് കച്ചവടക്കാര്‍ക്ക് കഴിയില്ല. പാലിനും പച്ചക്കറിക്കും കോഴിക്കും വെവ്വേറെ ഫ്രീസര്‍ വേണമെന്ന് പറയുമ്പോള്‍ അതു ബാധിക്കുക ചെറുകിട കച്ചവടക്കാരെ മാത്രമാണ്. അവരുടെ ക്ഷീണം, അടച്ചുപൂട്ടല്‍ ഭാവിയില്‍ സഹായിക്കുക വന്‍കിട പലചരക്ക് കടക്കാരായ ബിഗ്‌ ബസാര്‍, റിലയന്‍സ് ഫ്രഷ്, ലുലു പോലെയുള്ളവരെയാണ്. ഒറ്റബുദ്ധിയില്‍ ആലോചിക്കുമ്പോള്‍ നിയമം കൂടുതല്‍ ശരിയാവുകയാണ്, പക്ഷെ അതല്ല വാസ്തവം. തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ചെറുകിടക്കാരെ ബാധിക്കുന്ന ഇത്തരം ധാര്‍മികമായി ശരിയെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവന്നു അവരെ കൂട്ടത്തോടെ പൂട്ടിക്കുകയെന്നതാണ് പലപ്പോഴും അണിയറയില്‍ സംഭവിക്കുക.
.
ഇത്തരം പല ചതികളിലൂടെയാണ് വമ്പന്മാര്‍ വീണ്ടും വലിയ വമ്പന്മാരായിട്ടുള്ളത്, ആയികൊണ്ടിരിക്കുന്നത്. തെളിവൊന്നും എന്നോട് ചോദിക്കേണ്ട, പോക്കറ്റില്‍ തെളിവൊന്നും കൊണ്ടു നടക്കുന്നില്ല. അതുകൊണ്ട് ഇതൊരു സാങ്കല്‍പ്പിക ഉദാഹരണമായി കണ്ടാല്‍ മതി, അങ്ങിനെയൊരു സാധ്യത ഉണ്ടെന്നെങ്കിലും മനസിലാക്കിയാല്‍ മതി. കാരണം നോട്ടുനിരോധനത്തിനു പുറകില്‍ അഴിമതിയും കാലേക്കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയും ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫലം ഒന്നാണ്. ഇത്തരമൊരു നീക്കം അസംഘടിത മേഘലയുടെ, ചെറുകിട വ്യാപാര വാണിജ്യ വ്യവസായങ്ങളുടെ നടുവൊടിക്കും. അതു ഭാവിയില്‍ വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഉപകാരപ്പെടും. അംബാനിയോ യൂസഫലിയോ കുറച്ചു കൂടി കാശ് ഉണ്ടാക്കുന്നതില്‍ വിഷമിക്കേണ്ടതില്ല, നാട്ടിലെ സമ്പത്തും കറന്‍സിയുമൊക്കെ അക്ഷയപാത്രം ആയിരുന്നെങ്കില്‍. നിര്‍ഭാഗ്യവശാല്‍ അതല്ല വസ്തുത, കൂടുതല്‍ ദരിദ്രരെ സൃഷ്ട്ടിക്കാതെ സമ്പന്നര്‍ക്ക് അതിസമ്പന്നരാവാന്‍ കഴിയില്ല. അതുകൊണ്ടാണ് സമ്പത്തിന്‍റെ നീതിപൂര്‍വ്വമായ വിതരണം ഉറപ്പുവരുത്തേണ്ടി വരുന്നത്.
.
കള്ളപണമെന്ന ഏക വില്ലനെ നിഗ്രഹിച്ചു സകല പ്രശ്നങ്ങളും പരിഹരിക്കുന്ന ഫോര്‍മുലയുടെ ഭക്തര്‍ വായിച്ചിരിക്കേണ്ട കൌശിക് ബസുവിന്‍റെ ഒരു നിരീക്ഷണമുണ്ട്. ലോകമെമ്പാടും ബാധിച്ച സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ ബാങ്കുകളെ വലുതായി ബാധിക്കാതെ പോയതു കള്ളപണം കൊണ്ടായിരുന്നുവെന്നു അങ്ങേര്‍ സ്ഥാപിക്കുന്നുണ്ട്. ഇക്കാര്യം ആവര്‍ത്തിച്ച അഖിലേഷ് യാദവ്‌ അടക്കം പലരും പരിഹസിക്കപ്പെടുക ആയിരുന്നു. ഈ ലിങ്കില്‍ അദ്ദേഹത്തിന്‍റെ വാദം വായിക്കാം http://www.bbc.com/news/world-asia-india-35610332 . എനിക്കിത് യുക്തിസഹമായി തോന്നി. ലോകത്താകമാനം ഭൂമിയുടെ വില കുത്തനെ ഉയര്‍ന്നപ്പോള്‍ ഇന്ത്യയിലും അതു സംഭവിച്ചു, മറ്റു പല വികസിത രാജ്യങ്ങളെക്കാള്‍ വലിയ തോതില്‍ തന്നെ. പക്ഷെ അപ്പോഴും യദാര്‍ത്ഥ വിലയുടെ പകുതി വിലക്കൊക്കെയാണ് ഇവിടെ രജിസ്ട്രേഷന്‍ നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭൂമി പണയപ്പെടുത്തി നല്‍കിയ ലോണുകളുടെ വാല്യൂവേഷനും ഇന്ത്യയില്‍ കുറവായിരുന്നു. മാന്ദ്യത്തോടെ ഭൂമിയുടെ വില കുറഞ്ഞപ്പോള്‍ പുറം രാജ്യങ്ങളിലെ ബാങ്കുകള്‍ ലോണ്‍ തിരിച്ചു പിടിക്കാന്‍ കഴിയാതെ പൊട്ടി. അതെസമയം ഇന്ത്യയിലും സ്ഥലത്തിന്‍റെ വിലയില്‍ കുറവ് വന്നെങ്കിലും, ലോണ്‍ കൊടുത്ത തുക രജിസ്ടര്‍ ചെയ്ത തുകക്ക് ആനുപാതികം ആയതുകൊണ്ട് ബാങ്കിനെയതു വലുതായി ബാധിച്ചില്ല. അതുകൊണ്ട് ഇന്ത്യന്‍ ബാങ്കുകള്‍ ഒന്നുപോലും സാമ്പത്തികമാന്ദ്യത്തില്‍ പൂട്ടിപോയില്ല. ഇതൊരു വസ്തുതയാണ്, അതിനര്‍ത്ഥം നികുതി വെട്ടിച്ചു വില കുറച്ചു ഭൂമി രജിസ്ടര്‍ ചെയ്യാന്‍ സമ്മതിക്കണം എന്നല്ല. തെറ്റായ കാര്യങ്ങള്‍ പോലും ചില സാഹചര്യങ്ങളില്‍ ഉപകാരപ്രദമാവുമെന്നു ചൂണ്ടികാട്ടിയതാണ്.
.
http://malayalamvaarika.com/2016/December/05/report3.pdf - അനൂപ്‌ പരമേശ്വരന്‍ എഴുതിയ ഈ ലേഖനത്തിലും ഇക്കാര്യം ക്വോട്ട് ചെയ്യുന്നുണ്ട്, വായിക്കേണ്ട ലേഖനമാണ്. Economics is not a moral subject എന്ന കൌശിക്കിന്‍റെ വാദം ഇതിലും ആവര്‍ത്തിക്കുന്നുണ്ട്. പക്ഷെ എനിക്കു തോന്നിയത് സാമ്പത്തിക ശാസ്ത്രവും സദാചാര വിഷയം തന്നെയാണെന്നാണു. അതെസമയം സദാചാരവും സാമ്പത്തിക ശാസ്ത്രത്തെ പോലെതന്നെ ലളിതമല്ലെന്നു മനസ്സിലാക്കണമെന്നു മാത്രം. വെളുപ്പും കറുപ്പും കള്ളികള്‍ മാത്രമുള്ള ഒറ്റബുദ്ധിയില്‍ ധാര്‍മികതയെ നിര്‍വചിക്കുന്നതിലാണ് പ്രശ്നമുള്ളത്. സങ്കീര്‍ണമായ ഒട്ടനവധി പ്രശ്നങ്ങളെ ഒറ്റയടിക്ക് പരിപൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയില്ല. പടിപടിയായുള്ള മെച്ചപ്പെടുത്തലുകള്‍ മാത്രമേ ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയൂ, അങ്ങിനെയേ ചെയ്യാവൂ.
.
പക്ഷെ സാമ്പത്തിക ശാസ്ത്രത്തിലെ സദാചാര ചര്‍ച്ചയൊക്കെ പ്രസക്തമാവുന്നത് ലക്ഷ്യങ്ങളിലെങ്കിലും നന്മ ഉണ്ടാവുമ്പോഴാണ്. ഇവിടെ അക്കാര്യത്തില്‍ പോലും എനിക്കു സംശയമുണ്ട്‌. എന്തുകൊണ്ട് നോട്ടുനിരോധനം ചെറുകിടക്കാരെ പൂട്ടിക്കാനും അതുവഴി കോര്‍പറേറ്റുകളെ സഹായിക്കാനും വേണ്ടി നടപ്പിലാക്കിയൊരു പദ്ധതി ആയിക്കൂടാ? അങ്ങിനെയാണെങ്കില്‍ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നത് പോലെ ഇതൊരു മോശം നടപ്പിലാക്കല്‍ അല്ല, എല്ലാവരെയും കബളിപ്പിച്ചു കൊണ്ടു വളരെ കാര്യക്ഷമമായി തന്നെ നടപ്പിലാക്കിയ ഒന്നാണ് നോട്ട് നിരോധനം. അതൊരു മണ്ടന്‍സ്വപ്നവുമല്ല, മറിച്ചു ബുദ്ധിപൂര്‍വ്വമായൊരു കുതന്ത്രമാണ്.
.
നോട്ട് നിരോധനത്തില്‍ ഡെയിലി ഫിക്സുകളുമായി വന്നത് സര്‍ക്കാര്‍ മാത്രമല്ല. പൊതുജനാഭിപ്രായവും മാറി മാറി കൊണ്ടേയിരുന്നു. ആദ്യ നാളുകളില്‍ നോട്ടുനിരോധനം നല്ല നടപടി ആയിരുന്നു. പിന്നീടത്‌ നല്ല ആശയവും മോശം നടപ്പാക്കലുമായി. ഇപ്പോഴത്‌ നല്ല ഉദ്ദേശവും, മണ്ടന്‍ സ്വപ്നവും, മോശം നടപ്പാക്കലുമാണ്. നാളെയത് ചീത്ത ലക്ഷ്യവും, കാര്യക്ഷമമായ നടപ്പാക്കലും ആവില്ലെന്ന് ആരു കണ്ടു. അതിലേക്കിനി അധികം ദൂരമില്ല.

Comments

Popular posts from this blog

ഗുരു ദേവോ ഭവ:

ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.  ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ രാജേഷ്‌ ഇവിടെ എടുത്തെഴുതുന്നു..... http://chayilyam.com/miscellaneous/personal/%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

Multiple CSS Classes on One Element/Control

You can apply multiple css styles on one element. For example, let's assume we have two css classes in the style sheet named "nrml" and "center" respectively .nrml { font-family: Arial, Verdana; font-size:10px;} .center { text-align: center;} You can apply both the above 2 styles to a div using the following syntax. <div class="nrml center" id="Layer2"> It will render with both classes applied in Internet Explorer 5.0+, Netscape 7+ and Opera 7. CSS 2.0 is really cool and there are lot of powerful unexplored areas