തനിക്കു വിവാഹം ചെയ്യണമെന്നു ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതു എത്യോപ്യയില്‍ പരമ്പരാഗതമായി തുടരുന്ന ഒരാചാരമാണ്. വിവാഹത്തിനു തടസ്സമുന്നയിച്ചു കൊണ്ട് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വരാതിരിക്കാനായി കഴിവതും വേഗത്തില്‍ ബലാല്‍ക്കാരത്തിനു വിധേയമാക്കും. ഇപ്പോഴിതു വളരെ പ്രാകൃതമായി നമുക്ക് തോന്നുന്നുവെങ്കിലും, അവിടെയിതു ഇന്നും സമൂഹം അംഗീകരിക്കുന്ന ഒരു പൌരാണിക ആചാരം മാത്രമാണ്. ഈ പാരമ്പര്യ ആചാരത്തിനു എത്യോപിയില്‍ നിയമസാധുതയില്ല. പക്ഷെ സമൂഹം പിന്തുടരുന്ന പാരമ്പര്യ ആചാരങ്ങള്‍ അതു നിയമവിരുദ്ദം ആണെങ്കില്‍ പോലും കണിശമായി പിന്തുടരുന്ന കാഴ്ച്ച നമുക്കും പരിചിതമാണ്.

ഈ വാര്‍ത്ത എത്യോപ്യയുടെ തലസ്ഥാന നഗരിയിലുള്ള ഒരു സ്‌ത്രീവിമോചനവാദിയുടെ ശ്രദ്ധയില്‍ പെടുന്നു. തന്റേടിയായ ആ സ്ത്രീ ധീരയായ ഈ പെണ്‍കുട്ടിക്ക് വേണ്ടി നടത്തുന്ന നിയമപോരാട്ടങ്ങളുടെ കഥയാണ് ധൈര്യം എന്നര്‍ത്ഥം വരുന്ന ഡിഫ്രെറ്റ് എന്ന സിനിമ പറയുന്നത്. അന്നു വനിതകളുടെ അവകാശങ്ങള്‍ക്കായുള്ള നിയമപോരാട്ടത്തിനായൊരു സ്ഥാപനം നടത്തുകയായിരുന്നു മുന്‍പ് ജഡ്ജിയായിരുന്ന മഅസാ. പ്രമുഖയും പ്രശസ്തയുമായിരുന്നിട്ടു കൂടി ഹിറൂത് (യദാര്‍ത്ഥ പേര് അബെറാഷ്) എന്ന പെണ്‍കുട്ടിയെ രക്ഷിക്കാനായി മഅസാക്ക് കഠിനമായി പ്രയത്നിക്കേണ്ടി വരുന്നുണ്ട്. ഈയൊരു പോരാട്ടത്തില്‍ പല സമയങ്ങളായി അവര്‍ക്ക് തുണയായി വരുന്നവരില്‍ ഏതാണ്ട് എല്ലാവരും തന്നെ വനിതകളാണ്. ഇതു കേവലമൊരു യാധൃശ്ചികതയല്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒട്ടുമിക്ക പാരമ്പര്യ ആചാരങ്ങളും ആണധികാരം അരക്കിട്ടുറപ്പിക്കാനോ ആഘോഷിക്കാനോ വേണ്ടിയുള്ളതാണ്. അതുകൊണ്ട് പാരമ്പര്യത്തിന്‍റെ മറപറ്റി വരുന്ന നീതിനിഷേധങ്ങള്‍ ഇരകള്‍ക്ക് അഥവാ സ്ത്രീകള്‍ക്ക് എളുപ്പം ബോധ്യപ്പെടും. പുരുഷനതു മനസിലാക്കാന്‍ അവന്‍ ബോധപൂര്‍വ്വം ശ്രമിക്കേണ്ടതുണ്ട്, മാത്രമല്ല ആ ബോധ്യപ്പെടല്‍ അവനൊരു നഷ്ടകച്ചവടം കൂടിയാണ്. ഇന്നു കേരള സമൂഹം മുഴുവന്‍ കുറ്റബോധത്താല്‍ തല താഴ്ത്തി നില്‍ക്കുമ്പോഴും, തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നതു പങ്കജാക്ഷിയും ഷൈനമോളും മാത്രമാവുന്നതും തികച്ചും യാധൃശ്ചികമാവണമെന്നില്ല. നൂറാളെ കൊന്നിട്ടും തീരാത്ത നമ്മളുടെ പൂരമഹാത്മ്യവും പാരമ്പര്യവും ജീവിതത്തില്‍ ഇന്നേവരെ ഈ സ്ത്രീകള്‍ അനുഭവിച്ചിട്ടുണ്ടാവില്ല, അതുകൊണ്ടു നമ്മളെത്ര ആവര്‍ത്തിച്ചാലും അവര്‍ക്കതു മനസിലാവുകയുമില്ല.



എന്നാൽ ഡിഫ്രെറ്റ് ഒന്ന് കണ്ടുനോക്കട്ടെ
ReplyDeleteപങ്കലാക്ഷിയമ്മേടെ കാര്യമോർത്താൽ കഷ്ടമുണ്ട്.
ന്യായമായിട്ടും രാജ്യവും വ്യവസ്ഥിതിയും അവരുടെ കൂടെയാണ് നിൽക്കേണ്ടത്. പക്ഷെ........
യുക്തിയും നിയമവും അനുകൂലമാവുമ്പോള്‍ പോലും പാരമ്പര്യത്തിന്‍റെ മറപറ്റി വരുന്ന അനീതികള്‍ സമൂഹത്തില്‍ നടപ്പിലാവുന്നത് എങ്ങിനെയെന്ന് സിനിമ കാണിക്കുന്നുണ്ട്, കണ്ടു നോക്ക് ഇഷ്ടപ്പെടും
Deleteകാണാം.
ReplyDelete