ഒരു ദിവസം ഏറണാകുളത്ത് പോയപ്പോള്‍ മൂത്താപ്പ എന്നെയും കൂടെകൂട്ടി, ഞങ്ങള്‍ കട പൂട്ടി എടവനക്കാട്ടേക്ക് തിരിച്ചുവരുകയാണ്. ലാസ്റ്റ് ജങ്കാര്‍ പിടിക്കാനായി കൃത്യസമയത്തു തന്നെ ഞങ്ങള്‍ ജെട്ടിയിലെത്തി. കടവില്‍ നിന്നല്‍പ്പം മാറി ജങ്കാര്‍ നങ്കൂരമിട്ട് കിടക്കുന്നുണ്ട്. പക്ഷെ സമയമേറെ കഴിഞ്ഞിട്ടും ജങ്കാര്‍ ജെട്ടി പിടിക്കുന്നില്ല. വിവരം ചോദിച്ചറിയാനായി ജട്ടിയില്‍ പണിക്കാരാരുമില്ല, എങ്കിലും ജങ്കാറില്‍ ആളനക്കമുണ്ട്. ഒരു വിശ്വാസമാണല്ലോ എല്ലാം, ഞങ്ങളവിടെ കാത്തുനിന്നു. ക്ഷമകെട്ട പലരും പാതാളം വഴി പോയി. ഇനി മൂന്ന് നാല് വണ്ടികളെ അവശേഷിക്കുന്നുള്ളൂ. ഒടുവില്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടൊരു പോലിസ് ജീപ്പെത്തി. ജങ്കാര്‍ ജെട്ടിയോടടുപ്പിച്ചു, ജങ്കാറിന് കാവലായി പോലീസ് നിലയുറപ്പിച്ചു. ഏതോ വി ഐ പ്പി എത്താനുണ്ടത്രേ. സമാധാനം വി ഐ പി ഒന്നല്ലേയുള്ളൂ, പത്ത് കാറൊക്കെ പാട്ടുംപാടി ജങ്കാറില്‍ കേറും. ക്യൂവിലെ ആദ്യ വണ്ടി ഞങ്ങളുടേതാണ്. അധികം വൈകിയില്ല പി പി തങ്കച്ചന്‍ എന്ന വി ഐ പ്പിയേയും സില്‍ബന്ധികളേയും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം ജങ്കാറിലേക്ക് ഇരച്ചുകേറി. മൂന്ന് അംബാസഡര്‍ കാറുകളും രണ്ട് പോലിസ് ജീപ്പും കൊണ്ടവര്‍ ജങ്കാറില്‍ ഒരു ത്രികോണാ പൂക്കളം വരച്ചു. അവശേഷിക്കുന്ന ഒരിത്തിരി സ്ഥലത്തേക്ക് ഞങ്ങളെ മറികടന്നുകൊണ്ട് പുറകിലെ കാറുകാരനും കൂടി കേറ്റി, അതോടെ ജങ്കാര്‍ ജെട്ടിവിട്ടുപോകാന്‍ തുടങ്ങി. മൂത്താപ്പ രണ്ടും കല്‍പ്പിച്ചു വണ്ടി മുന്നോട്ട് എടുത്തു, പകുതി റാമ്പിലും പകുതി കരയിലുമായി വണ്ടി നിര്‍ത്തി. പോലീസുകാര്‍ മുറുമുറുത്തു, വാലുകള്‍ പത്തി വിടര്‍ത്തിയാടി. മൂത്താപ്പയുടെ ഭാഗം കേള്‍ക്കാനുള്ള സഹിഷ്ണുതയും ക്ഷമയുമൊന്നും ആരും കാണിക്കുന്നില്ല. അതിനിടയില്‍ ജങ്കാര്‍ പുറകോട്ട് നീക്കി പേടിപ്പിക്കാനുള്ള ഒരഭ്യാസം ഡ്രൈവറുടെ വക. മൂത്താപ്പ എന്നോട് പുറത്തിറങ്ങാന്‍ പറഞ്ഞു, വണ്ടി പൂട്ടി പുറത്തേക്ക് നടന്നു. അളമുട്ടിയ വി ഐ പി അവസാനം കാറിന് വെളിയിലേക്കിറങ്ങി സംസാരിക്കാന്‍ തയ്യാറായി. ആളെ ചെറിയ എന്തോ മുന്‍പരിചയം മൂത്താപ്പാക്ക് ഉണ്ടായിരുന്നുവെന്ന് തോന്നി. പക്ഷെ ആ ദാക്ഷിണ്യമൊന്നും മൂത്താപ്പക്ക് ഉണ്ടായിരുന്നില്ല. നല്ലോണം പറഞ്ഞു, അതോടെ സ്വല്‍പ്പം നിലാവുദിച്ചു. അഞ്ചു മിനിറ്റുനുള്ളില്‍ ഞങ്ങളും ഞങ്ങള്‍ക്ക് പുറകിലുണ്ടായിരുന്നവരെയും കയറ്റി സുഖസുന്ദരമായി ജങ്കാര്‍ ജെട്ടിവിട്ടു. ജങ്കാറില്‍ നിന്നിറങ്ങിയാല്‍ പതിനെട്ട് കിലോമീറ്റര്‍ ഉണ്ട് വീട്ടിലേക്ക്. അന്നൊക്കെ പോലിസ് ചെക്കിങ്ങ് ഒക്കെ വിരളമാണ്. പക്ഷെ അന്ന് ജങ്കാറില്‍ നിന്നിറങ്ങി വീട്ടിലേക്ക് എത്തുന്നതിനിടയില്‍ മൂന്നിടത്ത് ചെക്കിങ്ങ് ഉണ്ടായിരുന്നു. കലിപ്പ് തീരാഞ്ഞത് തങ്കച്ചനാണോ വാലുകള്‍ക്കാണോ പോലിസിനാണോ എന്നറിയില്ല, എന്തായാലും ചെക്കിങ്ങ് കൊണ്ട് പ്രത്യേകിച്ച് വിശേഷമൊന്നും ഉണ്ടായില്ല. ഉപദ്രവം അതോടെ തീര്‍ന്നോ പിന്നീട് ഉണ്ടായിരുന്നോ എന്നും എനിക്കറിയില്ല.
ഇന്നലത്തെ വാര്‍ത്ത കേട്ടപ്പോള്‍ ഒന്നെനിക്ക് തോന്നി, അക്കാലത്ത് മൊബൈല്‍ ഫോണും ചാനലുകാരുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ മൂത്താപ്പ ഒന്നൂടി തകര്‍ത്തേനെ.
ഹസ്സന്‍ ഇക്ക എടുത്ത മൂത്താപ്പയുടെ ഒരു ഫോട്ടോ ഇക്കയുടെ സമ്മതം ചോദിക്കാതെ ഞാനിവിടെ ഇടുന്നു. പണ്ടൊക്കെ അവധിക്കാലം ഏതാണ്ട് മുഴുവനായും ഈ കുളത്തില്‍ തന്നെയാണ് ഉണ്ടാവുക. കുളത്തിലെ കലക്ക് മാറണമെങ്കില്‍ സ്കൂള്‍ തുറക്കണം.
അനീതിയോട് എതിര്‍ക്കുന്നതില്‍ ഭയമില്ലാത്ത ആളായിരുന്നു മൂത്താപ്പ!
ReplyDelete