Skip to main content

ചത്ത മതേതരത്വത്തിന്‍റെ ജാതകകുറി പരിശോധിക്കുമ്പോള്‍

ഈ തിരഞ്ഞെടുപ്പില്‍ അഹമ്മദിന് ലഭിച്ച മൂരിയഭൂരിപക്ഷത്തിന് പ്രധാന കാരണം സാമുദായികമായി സംഘടിച്ച മതപ്പുറത്തെ മുസ്ലിം വോട്ടുകളാണ്. പുണ്ണ്യപുരാതന മുസ്ലിംലീഗ് മാത്രമല്ല ഇന്നലത്തെ മഴയ്ക്ക് കിളിർത്ത സുഡാപ്പിയും വെൽഫെയറും പോലും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. മൊത്തം മൂന്നര ലക്ഷത്തോളം വോട്ടും, മത്സരിച്ചിടത്തൊക്കെ ആദ്യത്തെ അഞ്ചിൽ പെടാനും ഇവർക്ക് കഴിഞ്ഞു. എന്തിന് യു പിയിലെ മാത്രം പ്രതിഭാസമെന്ന് കരുതിയിരുന്ന എസ് പിയും കേരളത്തില്‍ തീരെ മോശമാക്കിയില്ല. കേരളത്തിലെ പ്രകടനത്തിന് ഇവരെയൊക്കെ അഭിനന്ദിക്കുമ്പോള്‍, കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ ഭാജപാക്കാര്‍ക്കും, മഹാരാഷ്ട്രയിലെ ശവസേനക്കാര്‍ക്കും അഭിനന്ദനങ്ങള്‍ പറയാതിരിക്കുന്നതെങ്ങിനെ!


ന്യൂനപക്ഷസംരക്ഷണത്തിനായുള്ള ഒറ്റമൂലിയായാണ് പലരും മതരാഷ്ട്രീയത്തെ അവതരിപ്പിച്ചു കാണുന്നത്. മനുഷ്യര്‍ മതത്തിന്‍റെ പേരില്‍ സംഘടിക്കുകയും രാഷ്ട്രീയമായി ഒരു കുടക്കീഴില്‍ അണിനിരക്കുകയും ചെയ്യുന്ന കിണാശ്ശേരിയാണ് ഇക്കൂട്ടര്‍ വിഭാവനം ചെയ്യുന്നത്. ഇത്തരം സംഘടനകളില്‍ സജീവമായുള്ള ചില അടുത്ത സുഹൃത്തുക്കള്‍ എനിക്കുണ്ട്. പക്ഷെ അവരെയാരും ഇത്തരം കൂട്ടായ്മകളുണ്ടാവുന്നതിലെ അധാര്‍മികതയോ അപകടമോ ബോധ്യപ്പെടുത്താന്‍ നാളിതുവരെ എനിക്ക് കഴിഞ്ഞിട്ടില്ല. എന്തിന്, ഇത്തരമൊരു ഐക്യം മുസ്ലിങ്ങൾക്കിടയിൽ ഉണ്ടാവുകയെന്നത് തികച്ചും അസ്സാധ്യമാണെന്ന വസ്തുത പോലും അംഗീകരിപ്പിക്കാനായിട്ടില്ല. ഈ വൈകിയ വേളയില്‍ നാളെ മുതല്‍ ചാവാന്‍ തുടങ്ങുന്ന മതേതരത്വത്തിന്‍റെ ജാതകം നോക്കുന്നതില്‍ കഥയില്ലെന്നറിയാം. എങ്കിലും പലപ്പോഴും ഈ സുഹൃത്തുക്കളോട് സ്വകാര്യസംഭാഷണത്തിനിടക്ക് പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെ കൂടി പുനരാവര്‍ത്തിച്ചു ഞാനെന്‍റെ കഴപ്പ് തീര്‍ക്കട്ടെ


ഒരു മത-രാഷ്ട്രീയസംഘടന ശക്തിപ്പെടുമ്പോൾ നിലവിലുള്ള മതേതര-ദേശിയ-രാഷ്ട്രീയകക്ഷികളിലെ പ്രസ്തുത മതപ്രാതിനിധ്യം ദുർബലപ്പെടുന്നത് സ്വാഭാവികമാണ്. ഉദാഹരണമായി ഞമ്മന്റെ കാര്യം തന്നെയെടുക്കാം. മുസ്ലിം ലീഗ് കൂട്ടുകക്ഷിയായുള്ളിടത്തോളം കാലം കോണ്‍ഗ്രസ്സിലെ ഒരു മുസ്ലിം നേതാവിന് അര്‍ഹമായ പരിഗണന ലഭിക്കുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. അങ്ങിനെ വരുമ്പോള്‍ കഴിവുള്ള ഒരു മുസ്ലിം നേതാവിന്  പരിഗണന ലഭിക്കാത്ത കോണ്‍ഗ്രസ്സിനേക്കാള്‍  നല്ല സ്ഥലം ലീഗാവുന്നു.  താരതമ്യേന കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരിലെ മുസ്ലിം പ്രാതിനിധ്യം ദയനീയമായിരിക്കുമെന്നാണ് എന്റെ ഒരൂഹം. അത് സത്യമാണെങ്കിൽ ആ പാർട്ടി വേണ്ടത്ര മുസ്ലിങ്ങളെ പരിഗണിക്കാത്തതിനുള്ള കാരണം ഇനി വേറെ തേടേണ്ട. പുതിയ പുതിയ മുസ്ലിം സംഘടനകള്‍ ഉണ്ടാവുമ്പോള്‍ അതിലെ നല്ലൊരു പക്ഷം അണികളും നിലവിലുള്ള മതേതരകക്ഷികളില്‍ നിന്നും ചേക്കേറുന്നവരായിരിക്കും. അങ്ങിനെ വരുമ്പോള്‍ നിലവിലെ മതേതരപാര്‍ട്ടികളിലെ മുസ്ലിംപ്രാതിനിധ്യ-ദുര്‍ബല ഗര്‍ഭം കൂടി  ധരിക്കുന്നു. ഏതൊരു കൂട്ടത്തിനും ഒരു രാഷ്ട്രീയ സംഘടനയുടെ നയങ്ങളില്‍ ചെലുത്താനാവുന്ന സ്വാധീനത്തിന്‍റെ തോത് നിര്‍ണ്ണയിക്കുന്നത്, ആ കൂട്ടത്തിന്  പാര്‍ട്ടിയിലുള്ള പ്രാതിനിധ്യമാണ്. അതായത് ഉത്തമാ... സ്വന്തം വീട്ടിലെ കുട്ടി കരഞ്ഞാലേ പാല് ഗ്യാരണ്ടിയുള്ളൂ. പാതയോരത്ത് കിടന്ന് വാവിട്ടുകീറുന്ന കുഞ്ഞിന് പാല് കിട്ടിയാല്‍ പറയാം കിട്ടിയെന്ന്.


ന്യൂനപക്ഷ ധ്വംസനങ്ങളെ സാമുദായിക ധ്രുവീകരണത്തിനുള്ള വളമായി മാത്രം ന്യൂനപക്ഷ മതസംഘടനകള്‍ കാണുമ്പോള്‍, മറുപക്ഷം ന്യൂനപക്ഷപ്രീണനം കൊണ്ടായിരിക്കും ധ്രുവീകരണം സാധ്യമാക്കുക. രണ്ടു കൂട്ടരും ഈ ഒരേ ലക്ഷ്യത്തിനായി കള്ളകഥകള്‍ കെട്ടിചമക്കുകയും ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിക്കുകയും പര്‍വ്വതീകരിക്കുകയും ചെയ്യും. രണ്ടു കൂട്ടരുമങ്ങിനെ പരസ്പരപൂരകങ്ങളായി കുറെനാള്‍ പരസ്പരം ഏറ്റുമുട്ടി വികസിക്കും. പക്ഷെ ഇതൊരു അനന്തമായ പ്രതിഭാസമല്ല, ഇതിനൊരു പരിധിയുണ്ട്. രണ്ട് കൂട്ടരുടേയും പരിധികള്‍ രണ്ടാണെന്ന് മാത്രം. ഹിന്ദുക്കളില്‍ നിന്നും ഗോക്കളെയും മുസ്ലിങ്ങളില്‍ നിന്നും മൂരികളെയും മാറ്റിനിര്‍ത്തിയാല്‍ ബാക്കിവരുന്ന ചിന്തിക്കുന്ന മനുഷ്യരോളം ഈ വര്‍ഗീയധ്രുവീകരണം സാധ്യമാവും. സ്വാഭാവികമായും വലിയ ഗ്രൂപ്പിന് ഇവിടെ ഒരു മേല്‍ക്കൈയുണ്ട്. അതുകൊണ്ട് തങ്ങളുടെ പരമാവധി വളര്‍ച്ച പെട്ടെന്ന് കൈവരിക്കാന്‍ കഴിയുക ന്യൂനപക്ഷവര്‍ഗീയ സംഘടനകള്‍ക്ക് ആയിരിക്കും. മുസ്ലിം വിരുദ്ധതയിൽ അധിഷ്ടിതം ആയ ഹിന്ദുത്വ ഐക്യത്തിന്‍റെ വളര്‍ച്ചക്കുള്ള സാധ്യത വലുതായത് കൊണ്ട് അവ കുറെ അധികം കൂടി വളരും. കാര്യശേക്ഷിയും ഇച്ചാശക്തിയുമുള്ള ഒരു മതേതരഭരണകൂടത്തിന് എപ്പോള്‍ വേണമെങ്കിലും ന്യൂനപക്ഷ വര്‍ഗീയതക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞേക്കാം. പക്ഷെ ഒരു പരിധി വിട്ടു വളര്‍ന്ന ഭൂരിപക്ഷവര്‍ഗീയതയെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിന് സാധിച്ചേക്കണമെന്നില്ല. ഇവിടെയാണ്‌ രണ്ടും വര്‍ഗീയത തന്നെയാണെങ്കില്‍ കൂടിയും ഒന്ന് കൂടുതല്‍ പേടിപ്പെടുത്തുന്ന ഒന്നാവുന്നത്. താത്വികമായ വിലയിരുത്തലുകള്‍ കൊണ്ട് രണ്ടു വര്‍ഗീയതയും സമമെന്നോ, ഇസ്ലാം/ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ സങ്കുചിതമെന്നോ സമര്‍ത്തിക്കാന്‍ കഴിഞ്ഞേക്കാം. ഇനിയതു സത്യമാണെങ്കില്‍ പോലും അപ്പോഴും കൂടുതല്‍ ഭീകരവും എതിര്‍ക്കേണ്ടതും ഭൂരിപക്ഷ വര്‍ഗീയ ചിന്തകളെയാണ്. കൊതുകും കുത്തും, ആനയും കുത്തും, എന്ന് കരുതി രണ്ടും ഒന്നെന്ന് പറയില്ലല്ലോ. ഇനിയെങ്കിലും ന്യൂനപക്ഷങ്ങള്‍ സാമുദായികമായി സംഘടിച്ചു പ്രതിരോധിക്കാന്‍ ശ്രെമിക്കുന്നതിനു പകരം അവര്‍ മതേതര ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന ദേശിയകക്ഷിയുടെ ഭാഗമായി നിലകൊള്ലാന്‍ തയ്യാറാവണം. "മതേതരത്വം ന്യൂനപക്ഷങ്ങളുടെ മാത്രം ചിലവില്‍ വളരേണ്ട ഒന്നാണോ?" എന്നൊക്കെയുള്ള വൈകാരിക പ്രതികരണങ്ങള്‍ക്ക് ആന കുത്താനോടിച്ചിടുന്ന ഈ വേളയില്‍ പ്രസക്തിയില്ല. ഇന്ത്യയിലെ മതേതരസങ്കല്‍പ്പം കടപ്പെട്ടിരിക്കുന്നത് ഏതെങ്കിലുമൊരു മതവിഭാഗത്തോടല്ല, കാലത്തിന് മുന്നേ നടന്ന ഒരു പറ്റം ധിഷണാശാലികളായ മനുഷ്യരോട് വേണം അതിന് നന്ദി പറയാന്‍. മതേതര കാഴ്ച്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത പരിഷ്കൃത സമൂഹത്തിലെ എല്ലാവരുടെയും കടമയാണെന്ന കാര്യത്തിലൊന്നും തര്‍ക്കമില്ല. പക്ഷെ ഈ ധാര്‍മികമായ ഉത്തരവാദിത്വത്തിന് പുറത്ത് മതേതരശക്തികളോടൊപ്പം നിലയുറപ്പിക്കേണ്ട ബാധ്യത ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ചുണ്ട്, കാരണം അതവന്‍റെ നിലനില്‍പ്പിന്‍റെ കൂടി ആവശ്യമാണ്‌.


സാമുദായികമായി സംഘടിച്ചു രാഷ്ട്രീയത്തിലിറങ്ങാത്തത് കൊണ്ടാണ് ഇന്ത്യന്‍ മുസ്ലിംങ്ങള്‍ അവഗണിക്കപ്പെടുന്നത് എന്നൊരു വാദം പലരും ഉന്നയിക്കാറുണ്ട്. സാമുദായികമായി സംഘടിച്ച് അവകാശങ്ങളും അധികാരവും നേടിയെടുക്കാന്‍ കഴിഞ്ഞതിന് ഉദാഹരണമായി യുപിയില്‍ സ്വത്വരാഷ്ട്രീയം കൈവരിച്ച വളര്‍ച്ചയെയാണ് ചൂണ്ടികാട്ടാറുള്ളത്. മനുഷ്യര്‍ക്ക്‌ മുകളില്‍ ജാതിയെയോ മറ്റേതെങ്കിലും സംവിധാനത്തെയോ പ്രതിഷ്ട്ടിച്ചു കൊണ്ട് രൂപപ്പെടുത്തിയിട്ടുള്ള ഏതൊരു ആശയത്തെ പോലെ തന്നെ സ്വത്വരാഷ്ട്രീയത്തിനും തികച്ചും സങ്കുചിതമായ വീക്ഷണങ്ങളാണ് ഉള്ളത്. പ്രത്യേകിച്ച് അധികാരം ലഭിച്ചതിന് ശേഷമുള്ള അവരുടെ പ്രവൃത്തികള്‍ തീര്‍ത്തും നിരാശജനകമായിരുന്നു. നിലവിലെ വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഉണ്ടാവുന്ന പൊട്ടിത്തെറികള്‍ പൊതുവേ അല്‍പ്പായുസുകളാവാന്‍ കാരണം അവക്ക് വിശാലമായ കാഴ്ച്ചപാടുകളില്ലാതെ പോവുന്നത് കൊണ്ടാണ്. സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും വിധം ഇത്തരം ജനമുന്നേറ്റങ്ങള്‍ നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ അവക്ക് വളരെ പെട്ടെന്ന് തന്നെ ധാര്‍മികമായൊരു ആശയ അടിത്തറ രൂപപ്പെട്ടു വരേണ്ടതുണ്ട്. അതിന് കഴിയാത്തിടത്തോളം കാലം ഈ മുന്നേറ്റങ്ങള്‍ക്ക് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയാതെ വരും. ഇന്നലെ വരെ "അ" "ഇ"യോട് ചെയ്ത അന്യായം ഇന്ന് "ഇ"ക്ക് "അ"യോട് ചെയ്യാന്‍ കഴിയുന്നതിനെ പലപ്പോഴും നീതിയും ന്യായവും ഒക്കെയായി ചിത്രീകരിക്കാറുണ്ട്, എന്നാലിത് പ്രതികാരത്തിലുപരി ഒന്നുമല്ലെന്നുള്ളതാണ് വാസ്തവം. ഇരയുടെയും വേട്ടക്കാരന്‍റെയും വേഷങ്ങള്‍ വെച്ചുമാറി നീതി നടപ്പിലാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ സമൂഹത്തെ മുന്നോട്ട് നയിക്കില്ല. ഇത്തരം താല്‍ക്കാലിക പ്രാദേശിക പ്രതിഭാസങ്ങള്‍ അരങ്ങു വാഴുന്നതോടെ അതുവരെ നിലവിലുണ്ടായിരുന്ന പുഴുകുത്ത് വീണതെങ്കിലും ജനിതകമായി പിശകില്ലാത്ത മതേതര പുരോഗമന ദേശിയ സംഘടനകള്‍ പതുക്കെ ശോഷിച്ചു ഇല്ലാതാവുന്നു. ക്രമേണ സ്വത്വരാഷ്ട്രീയത്തിന്‍റെ പൊള്ളത്തരവും കഴിവുകേടും ബോധ്യപ്പെടുന്ന ജനതയ്ക്ക് മുന്നില്‍ കഴിവുറ്റ ഭരണാധികാരിയുടെ വേഷത്തില്‍ മോടിയോടെ ഫാസിസം അവതരിക്കപ്പെടും. അതോടെ മറ്റ് ചോയിസുകള്‍ ഇല്ലാതായി കഴിഞ്ഞ ജനം പുതിയതിനെ സ്വീകരിക്കാന്‍ തയ്യാറാവുന്നു, അവിടെയാണ് സെല്‍ഫ് മാര്‍ക്കെറ്റിങ്ങും പി ആര്‍ ഓ ജോലിയുമെല്ലാം നിര്‍ണായകമാവുന്നത്. പെട്ടെന്ന് ദഹിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്ന ഇക്കാര്യം സത്യമാണെന്ന് പ്രയോഗത്തിലൂടെ പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്. സ്വത്വരാഷ്ട്രീയം പറയുന്ന ഒരു ദളിതനും വര്‍ഗ്ഗബോധമുള്ള ഒരു സഖാവിനും എങ്ങിനെ ജാതിവ്യവസ്ഥയിലൂന്നിയുള്ള ഒരു വര്‍ഗീയപാര്‍ട്ടിയെ പിന്തുണക്കാനാവുമെന്ന ചോദ്യം ഇനിയും ചോദിച്ചു കൊണ്ടിരിക്കുന്നതില്‍ കഥയില്ല. അതിനൊക്കെ പലവട്ടം നാം ദൃക്സാക്ഷികളായിട്ടുള്ളതാണ്

എഴുതി തീര്‍ന്നില്ല, പക്ഷെ പറയുന്നതും പറയാന്‍ പോവുന്നതും ഒട്ടും  ഇഷ്ടമില്ലാത്ത കാര്യം ആയതുകൊണ്ടാവണം ഭയങ്കര മടിയാവുന്നു.  

Comments

  1. അപ്രിയ സത്യങ്ങള്‍ !പറഞ്ഞിട്ട് കാര്യമില്ല റോഷന്‍ .ഇത് നശിച്ചു തന്നെയേ തീരൂ ..:(

    ReplyDelete
  2. മത-മസില്‍-മണി രാഷ്ട്രീയം!!!

    ReplyDelete

Post a Comment

Popular posts from this blog

ഗുരു ദേവോ ഭവ:

ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.  ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ രാജേഷ്‌ ഇവിടെ എടുത്തെഴുതുന്നു..... http://chayilyam.com/miscellaneous/personal/%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

Multiple CSS Classes on One Element/Control

You can apply multiple css styles on one element. For example, let's assume we have two css classes in the style sheet named "nrml" and "center" respectively .nrml { font-family: Arial, Verdana; font-size:10px;} .center { text-align: center;} You can apply both the above 2 styles to a div using the following syntax. <div class="nrml center" id="Layer2"> It will render with both classes applied in Internet Explorer 5.0+, Netscape 7+ and Opera 7. CSS 2.0 is really cool and there are lot of powerful unexplored areas