Skip to main content

ഇന്നാണ് കാവിലെ മത്സരം


ഇന്നാണ് ആറ്റിന്‍കര കാവില്‍ കൊടിയേറുന്നത്. ആറ്റിന്‍കര ദേശത്തെ കക്കുന്ന, വിളിച്ചാല്‍ വേലിപ്പുറത്തുള്ള മൂദേവിയാണ് കാവിലെ പ്രതിഷ്ട. ഇക്കണ്ട ജനങ്ങളുടെ മുഴുവന്‍ സംരക്ഷണവും, മൂദേവിയെ ഒറ്റക്ക് ഏല്‍പ്പിക്കുന്നത് മനുഷ്യത്വമല്ലല്ലോ. അത് കൊണ്ട് മൂദേവിക്കൊരു കൈ-താങ്ങായി ദേവസ്വം രൂപികരിച്ചു. മൂദേവി അരുളും ദേവസ്വം അനുസരിക്കും, അതാണ്‌ സങ്കല്‍പം. തികച്ചും ജനാധിപത്യപരമായാണ് ദേവസ്വംബോര്‍ഡിനെ തിരഞ്ഞെടുക്കുന്നത്. പൂരത്തിന്‍റെയന്ന് നാട്ടുകാരോരുത്തരും കാണിക്കയിട്ടതിന് ശേഷം കിണറ്റിന്‍ കരയിലെത്തി പ്രാര്‍ഥിക്കണം. അപ്പോള്‍ ഭക്തരുടെ ഇംഗിതം മൂദേവി ടെലിപതി വഴി വായിച്ചെടുക്കും. രോഗികളും, എന്‍ ആര്‍ ഐക്കാരും കാണിക്ക കാവിലെത്തിച്ചാല്‍ മതിയാവും. സൂര്യാസ്തമയത്തോട്‌ കൂടി കിണറിന്‍റെ മുഖം ചെമ്പട്ട് കൊണ്ട് മൂടും, പിറ്റേന്ന് രാവിലെ പട്ട് മാറ്റുമ്പോള്‍, വിരിഞ്ഞത് ആമ്പല്‍പൂവാണെങ്കില്‍ ചെങ്കോട്ടക്കാര്‍ക്ക് ഭരിക്കാം. അല്ല നീലതാമരയാണെങ്കില്‍ നെട്ടോട്ടക്കാര്‍ക്ക്. ദേശത്ത് വേറെയും കുടുംബക്കാരും, അവര്‍ക്കൊക്കെ വെവ്വേറെ പൂക്കളുമുണ്ട്. പക്ഷെ നാളിതുവരെയായിട്ടും മറ്റൊന്നും വിരിഞ്ഞ ചരിത്രമില്ലാത്തത് കൊണ്ട് കൂടുതല്‍ ഡീറ്റയില്‍സിലേക്ക് പോവുന്നില്ല. ജനഹിതത്തിനനുസൃതമായി പൂ വിരിയിക്കുന്നത് മൂദേവിയാണ്. അത് കൊണ്ട് തന്നെ ഒന്നില്‍ കൂടുതല്‍ വിരിഞ്ഞാലോ? ഒന്നും വിരിഞ്ഞില്ലെങ്കിലോ?... തുടങ്ങിയ സാങ്കേതികപ്രശ്നങ്ങള്‍ക്കും പിന്തിരിപ്പന്‍ ചോദ്യങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല.


ഇത്തവണത്തെ പോരാട്ടം അപ്പുകുട്ടനും അശോകനും തമ്മിലാണ്, രണ്ട് പേരും ഒന്നിനൊന്ന് മോശം. രണ്ട് പേരും ചെങ്കോട്ട കളരിയില്‍ ഒരുമിച്ച് തല്ലി തെളിഞ്ഞവര്‍, അവിടത്തെ വിക്രമന്‍ തമ്പ്രാന്‍റെ ആട്ടും തുപ്പും തിന്ന് കൊഴുത്തവര്‍. സാധാരണ ഗതിയില്‍ അഞ്ച് വര്‍ഷത്തിലൊരിക്കലാണ് പൂരം നടത്തേണ്ടത്. പക്ഷെ ഇത്തവണ തന്ത്രിയുടെ പ്രശ്നത്തില്‍ തെളിഞ്ഞത് ഒരിടക്കാല പൂരമാണ്. ബോര്‍ഡ്‌ പ്രസിഡന്റായിരുന്ന അപ്പുകുട്ടന്‍റെ ഒളിസേവയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും ഹേതുവെന്നാണ് ചെങ്കോട്ടക്കാരുടെ വാദം. എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നത്! കഴിഞ്ഞ പൂരത്തിന് ചെങ്കോട്ടക്കാര്‍ക്ക് വേണ്ടി മുന്നില്‍ നിന്ന് പട നയിച്ചവനാണ് അപ്പുകുട്ടന്‍. അപ്പുകുട്ടന്‍റെ വലം കൈയ്യായി നിന്നിരുന്നത് അശോകനും. കഴിഞ്ഞ തവണ എല്ലാവരും പ്രതീക്ഷിച്ച പോലെ ആമ്പല്‍ തന്നെ വിരിഞ്ഞു, അപ്പുകുട്ടന്‍ പ്രസിഡണ്ടുമായി. ഭരിക്കുന്നത് ചെങ്കോട്ടക്കാരാണെങ്കില്‍, ദേവസ്വംബോര്‍ഡ്‌ പ്രസിഡണ്ടിന്‍റെ കാര്യം ഇന്ത്യന്‍ പ്രസിഡണ്ടിനേക്കാള്‍ പരിതാപകരമാണ്. ഓഫീസിലെ ഫാന്‍ കറങ്ങണമെങ്കില്‍ വിക്രമന്‍ തമ്പ്രാന്‍ പറയണം, അതാണവസ്ഥ. ചെങ്കോട്ട തറവാടിനെ കുറിച്ചറിയാത്തവര്‍ക്ക് ഇതൊക്കെ മനസിലാക്കാന്‍ കുറച്ച് പാടാണ്, എങ്കിലും പറഞ്ഞെന്നേയുള്ളൂ.


ശനിയാഴ്ച്ച ദിവസം അപ്പുക്കുട്ടന് പിടിപ്പത് പണിയാണ്. കാണിക്ക കിട്ടിയ പൈസ എണ്ണി തിട്ടപ്പെടുത്തണം. തമ്പ്രാന്‍റെ വീടുപണി നടക്കുന്നുണ്ട്, പണിക്കാരെ പിരിക്കാനുള്ള കാശ് കാര്യസ്ഥനെ ഏല്‍പ്പിക്കണം. "മൂദേവി ഈ വീടിന്‍റെ ഐശ്വര്യം" സ്റ്റിക്കര്‍ പ്രതീക്ഷിച്ചതിലും നല്ല സെയിലാണ്. വരാന്‍പോകുന്ന ചെങ്കോട്ട കുടുംബസമ്മേളനത്തിനുള്ള ചെലവിലേക്കാണ് സ്റ്റിക്കര്‍ വിറ്റ കാശിന്‍റെ സിംഹഭാഗവും മാറ്റേണ്ടത്. നാല് സമ്മേളനം നടത്താനുള്ള കാശായി, എങ്കിലും സമ്മേളനത്തിനുള്ള ബക്കറ്റ് പിരിവ് നാളെ തുടങ്ങും‍. കള്ളകണക്കെഴുതി തലപെരുത്ത അപ്പുകുട്ടന്‍ ഓഫീസ് മുറിയില്‍ നിന്ന് കുറച്ച്‌ ശുദ്ധവായു ശ്വസിക്കാനായി മുറ്റത്തേക്കിറങ്ങി. വേലിക്കരികിലൂടെ കുണുക്കിക്കുണുക്കി നീങ്ങുന്ന ത്രേസ്യാമ്മയെ കണ്ട്, മനവും തനുവും ഒരു പോലെയുണര്‍ന്നു. നെട്ടോട്ട കാരണവരായ കുഞ്ഞാണ്ടിയുടെ പുതിയ ഇറക്കുമതിയാണ്. എവിടെ നിന്ന് പൊക്കിയതാണെന്നൊക്കെയറിയാം, പച്ചതെറിയായത് കൊണ്ട് ഇവിടെ പറയുന്നില്ല. ഫാര്യയാക്കാമെന്ന് പറഞ്ഞ് പാവത്തെ പറ്റിച്ചതാണെന്നും കേക്കുന്നുണ്ട്, എന്തായാലും ഇപ്പോളൊരു ചീപ്പ് കീപ്പിന്‍റെ റോളെയുള്ളൂ.


പെട്ടെന്നൊരു മിന്നല്‍ പിണറായി തമ്പ്രാന്‍ മുന്നില്‍ . തൊട്ട് പുറകെയെത്തി ഇടിനാദം.
"ആരുടെവിടെ നോക്കി നിക്കുകയാടാ? കഴുവേറിടെ മോന്‍, നാണംകെട്ടവന്‍.." വിശേഷണങ്ങള്‍ പിന്നെയുമുണ്ടായിരുന്നു.
കേട്ട് നില്‍ക്കുന്നവരുടെ ചുണ്ടില്‍ ചിരി വിരിയുന്നത് അപ്പുകുട്ടന്‍ കണ്ടു. ഒരു വര്‍ഷമായി അപ്പുകുട്ടന്‍ പ്രസിഡന്‍റായിട്ട്, തന്‍റെ ചോര്‍ന്നൊലിക്കുന്ന വീടൊന്നു വാര്‍ക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. തമ്പ്രാനാവട്ടെ, ചെങ്കോട്ട തറവാട് ശ്വീതികരിച്ചു, വൈ ഫൈയാക്കി. പുതിയ മാളികയുടെ പണിയേതാണ്ട് തീരാറായി, അതൊന്നു കാണാനുള്ള അനുവാദം പോലും ആര്‍ക്കുമില്ല. എല്ലാം കാവിലെ മൂദേവിയുടെ സ്വത്താണ്. ഇനി വയ്യ ഈ ദാസ്യപണി...
"ഞാന്‍ പോണൂ"


നിറകണ്ണുകളുമായി അപ്പുകുട്ടന്‍ വഴിയോരത്തുള്ള കലുങ്കില്‍ ചെന്നിരുന്നു. ബോര്‍ഡ്‌ മെമ്പര്‍മാര്‍ ചുറ്റിലും കൂടി, അവര്‍ക്ക് ചുറ്റും ജനം കൂടി. തമ്പ്രാന്‍ മാത്രം വന്നില്ല. തിരിച്ച്‌ വരുന്ന അപ്പുകുട്ടനെ പിണങ്ങാനായി വിക്രമന്‍ തമ്പ്രാന്‍, ഓഫീസിന്‍റെ മുന്‍വശത്ത് കാത്ത് നിന്നു. ഈ ധാര്‍ഷ്ട്യമാണ് തമ്പ്രാന്‍റെ സ്ഥായിയായ മുഖമുദ്ര. അശോകന്‍ വന്ന് അപ്പുകുട്ടന്‍റെ അടുത്തിരുന്നു.
"ഓഫീസിലേക്ക് വാടാ അപ്പുകുട്ടാ, പരിപ്പ് വടയുടെ ചൂടാറും"
"ഞാനില്ല ഇനി അങ്ങോട്ട്‌, എനിക്ക് വേണ്ട നിങ്ങടെ പരിപ്പ് വട"
"അലുത്ത ഐസ്ക്രീമിലും നല്ലത് ചൂടന്‍ പരിപ്പ് വട തന്നെയാടാ, നീ വാ"
"അശോകാ എന്നെ എന്‍റെ പാട്ടിന് വിട്ടേക്ക്"
"ഇതേതാണ്ട് ആദ്യമായി കേക്കുന്ന പോലെ. നമ്മളെ ശാസിക്കാനും നേര്‍വഴിക്ക് നയിക്കാനും അവകാശവും അധികാരവും ഉള്ള ആളല്ലേ തമ്പ്രാന്‍"
"എനിക്ക് മടുത്തു. എന്നെ കൊണ്ട് വയ്യ ഇനി അങ്ങേരെ സഹിക്കാന്‍"


അശോകന്‍റെ നിയന്ത്രണം വിട്ട്‌ തുടങ്ങി. തമ്പ്രാനെ തിരസ്കരിക്കുന്നത്‌ സ്വന്തം അച്ഛനാണെങ്കില്‍ കൂടി പൊറുക്കാനാവില്ല അശോകന്.
"അപ്പോ നീ നെട്ടോട്ടക്കാരുടെ കൂടെ കൂടാന്‍ തീരുമാനിച്ചല്ലേ? വര്‍ഗ്ഗവഞ്ചകാ"


അപ്പുക്കുട്ടന്‍റെയും കണ്ട്രോള്‍ വിട്ടു, ചെങ്കോട്ടക്കാരനായിരുന്ന ഒരാള്‍ക്കും സഹിക്കാനാവില്ല ആ അഭിസംബോധന.
"അതിന് ഈ അപ്പുകുട്ടന്‍ മരിക്കണം. അശോകാ ഞാന്‍ താങ്ങിയത്ര മൂടൊന്നും നീ താങ്ങിയിട്ടുണ്ടാവില്ല. നീ പോ മോനെ അശോകാ, നീ പോയി വിക്രമന് കഞ്ഞി വെക്ക്"
കൂടി നിന്ന ജനക്കൂട്ടം എല്ലാം മറന്ന് കൈയടിച്ചു. തോളല്‍പ്പം ചെരിച്ച്, മുണ്ട് മടക്കികുത്തി അപ്പുകുട്ടന്‍ വീട്ടിലേക്ക് നടന്നു.
അല്‍പം ദൂരത്ത്‌ നിന്നാണെങ്കിലും, ഇതെല്ലാം ത്രേസ്യാമ്മ നോക്കി കാണുന്നുണ്ടായിരുന്നു.


പൂമുഖവാതില്‍ക്കല്‍ അപ്പുകുട്ടനെയും കാത്ത് നില്‍ക്കുകയാണ്, ഭാര്യ ദമയന്തി. അപ്പുകുട്ടന്‍ വീട്ടിലേക്ക് കേറിയതും, ദമയന്തി വീട്ടില്‍ നിന്നിറങ്ങി.
"എടി നീ അറിഞ്ഞോ, ഇന്ന് ..."
"കാര്യങ്ങളെല്ലാം ഞാനറിഞ്ഞു. ഞാനില്ലയിനി നിങ്ങടെ കൂടെ പൊറുക്കാന്‍, ഞാനെന്‍റെ വീട്ടിലേക്ക് പോവുന്നു."
"എടി നീ പേടിക്കേണ്ട, അവരെന്നെയൊന്നും ചെയ്യാന്‍ പോവുന്നില്ല"
"ഓ.. ആ പേടിയൊന്നും എനിക്കില്ല, നിങ്ങള് ആ നെട്ടോട്ടക്കാരുടെ കൂടെ കൂടുമോ?"
ദമയന്തിയുടെ വീട്ടുകാര്‍ പാരമ്പര്യമായി ചെങ്കോട്ടക്കാരുടെ ആശ്രിതരാണ്.
"ആത്മഹത്യ ചെയ്യേണ്ടി വന്നാലും, അവരോട് കൂടില്ല"
"പിന്നെ... ചെങ്കോട്ടയിലേക്ക് തിരിച്ച്‌ പോവോ?"
"അതിനിനി ആ വിക്രമന്‍ ചാവണം"
"അത് വരെ എങ്ങിനെ ജീവിക്കും?"
ഉത്തരം അപ്പുകുട്ടന്‍റെ കൈവശമില്ലായിരുന്നു, ദമയന്തിയെ തടഞ്ഞില്ല. സന്ധ്യ മയങ്ങിയിട്ടും അപ്പുകുട്ടന്‍ വീട്ടിനുള്ളിലേക്ക് കേറാതെ വരാന്തയില്‍ തന്നെ കിടന്നു. അന്നാദ്യമായി അപ്പുകുട്ടന് രാത്രിയോട് പേടി തോന്നി. കാവിലെ മൂദേവിയുടെ വാള് സൂക്ഷിക്കുന്നത് ചെങ്കോട്ടക്കാരാണ്, ആടയാഭരണങ്ങള്‍ നെട്ടോട്ടക്കാരും. രാത്രിയില്‍ വാളുമായി ചെങ്കോട്ടക്കാര്‍ റോന്ത്‌ ചുറ്റാനിറങ്ങും. വാളിന്‍റെ മണി കിലുക്കം കേട്ട് ദേശം സുരക്ഷിതമായി ഉറങ്ങും. രാത്രിയുടെ മറവില്‍ ചെന്താമരമൊട്ടുകള്‍ അറുത്തെടുക്കാനായാണ് റോന്തുചുറ്റല്‍ എന്നാണ് ഗോപാലന്‍റെ വാദം. ചെന്താമര വിരിയുന്നതും, ദേവസ്വം ബോര്‍ഡ്‌ ഭരിക്കുന്നതും സ്വപ്നംകണ്ട് നടക്കാന്‍ തുടങ്ങിയിട്ടേറെ നാളായി പാവം ഗോപാലന്‍. ഗോപാലന്‍റെ ജല്‍പ്പനങ്ങള്‍ക്ക് ആറ്റിന്‍കര ദേശം എന്നും അര്‍ഹിക്കുന്ന അവഗണന കൊടുത്തിരുന്നു. പെട്ടെന്ന് മുറ്റത്തൊരനക്കം തോന്നിയ അപ്പുകുട്ടന്‍ ചാടിയെണീറ്റു.
"ആരാടാ അവിടെ"
അശോകന്‍ ഇരുട്ടില്‍ നിന്ന് മുന്നോട്ട് വന്നു. ഉള്ളിലിരമ്പുന്ന പേടി പുറത്ത് കാണിക്കാതെ അപ്പുകുട്ടന്‍ അലറി.
"നിനക്ക് എന്താടാ, എന്‍റെ തൊടിയില്‍ കാര്യം? കടക്കെടാ പട്ടി പുറത്ത്"
ഒന്നും മിണ്ടാതെ അശോകന്‍ തിരിച്ച് പോയി. അപ്പുകുട്ടന്‍ കതകടച്ച് ഉറങ്ങാന്‍ കിടന്നു. ഉറക്കം വരുന്നില്ല, വാതില്‍ പൂട്ടിയെന്ന് പല തവണ പരിശോധിച്ചു. രാത്രിയിലെപ്പോഴോ അറിയാതെ കണ്ണടഞ്ഞു പോയി. ആരോ വാതിലില്‍ മുട്ടുന്നത് കേട്ടാണ് ഞെട്ടിയെണീറ്റത്. ഈ പാതി രാത്രിയില്‍ ചെങ്കോട്ടക്കാരല്ലാതെ മറ്റാര്‍ ? നന്നായി ശ്രദ്ധിച്ചപ്പോള്‍ മൂദേവിയുടെ വാളിന്‍റെ മണികിലുക്കവും കേട്ടു. ചുമ്മാ ഒന്ന് വിരട്ടി വിടാന്‍ ചെങ്കോട്ടക്കാര്‍ പാതി രാത്രിയാവും വരെ കാക്കില്ലെന്ന് അപ്പുക്കുട്ടന് നന്നായറിയാം. ഈ ചെങ്കോട്ട ഗ്രാമത്തില്‍ ഒരു ഒറ്റുകാരന്‍റെ നിലവിളി ആരും കേള്‍ക്കാന്‍ പോവുന്നില്ല. തീരുമാനമെടുക്കുന്നവരോടല്ലേ മാപ്പപേക്ഷിച്ചിട്ടും കാര്യമുള്ളൂ. അടുക്കള വാതില്‍ തുറന്ന് കഴിയാവുന്നിടത്തോളം ഓടാം, വേറെയൊന്നും ചെയ്യാനില്ല. പതിയെ പതിയെ പോയി അടുക്കള വാതില്‍ തുറന്ന അപ്പുകുട്ടന്‍ കണ്ടത്, പുറത്ത് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ത്രേസ്യാമ്മയെയാണ്.
"കള്ളന്‍! ഇത് വഴി വരുമെന്ന് എനിക്കുറപ്പായിരുന്നു"
അപ്പുകുട്ടനെ പുറകിലേക്ക് തള്ളി മാറ്റി ത്രേസ്യാമ്മ വീട്ടിനുള്ളില്‍ കേറി കതകടച്ചു. അന്തിച്ച് പോയ അപ്പുകുട്ടന്‍ വിശ്വസിക്കണോ, ആശ്വസിക്കണോ, കരയണോ, ചിരിക്കണോ എന്നറിയാതെയങ്ങിനെ നിന്നു. രണ്ടു പേരും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു, എങ്കിലും ത്രേസ്യാമ്മയുടെ കിതപ്പാണ് കിതപ്പ്. ത്രേസ്യാമ്മ അടുക്കളയില്‍ നിന്ന് അറയിലേക്ക് നടന്നു, പാദസ്വരങ്ങള്‍ കുലുങ്ങിചിരിച്ചു.
"അപ്പുകുട്ടാ, എല്ലാവരും പറയുന്നു ഞാന്‍ കാരണമാണ് നിങ്ങള്‍ക്ക്‌ ഈ അവസ്ഥ വന്നതെന്നത്"
"ഇല്ല ത്രേസ്യാ, നീയൊരു കുറ്റവും ചെയ്തിട്ടില്ല, ഞാനും"
"അതൊന്നും പറഞ്ഞാല്‍ ശെരിയാവൂല്ല, ചേട്ടനെനിക്ക് മാപ്പ് തന്നേ പറ്റൂ" പറഞ്ഞ് തീരലും ത്രേസ്യാമ്മ അപ്പുകുട്ടനെ വരിഞ്ഞുമുറുക്കി. വെളുപ്പിനെപ്പോഴോ കുഞ്ഞാണ്ടി മൊതലാളിയുടെ കാര്‍ ത്രേസ്യായെയും അപ്പുകുട്ടനെയുമായി തറവാട്ടിലെത്തി. ത്രേസ്യ പകര്‍ന്ന്‌ തന്ന ആത്മവിശ്വാസത്തില്‍ മുതലാളിയെ മുഖം കാണിക്കാനായി കാത്ത് നിന്നു, മൊതലാളി എത്തുന്നതിനെ മുന്‍പേ അത്തറിന്‍റെ മണം ഒഴുകിയെത്തി.
"എന്താ അപ്പുകുട്ടാ തനിക്ക് ഈ വഴിയൊക്കെ അറിയോ?"
"മൊതലാളി എന്നെ രക്ഷിക്കണം, ഇല്ലെങ്കില്‍ ചെങ്കോട്ടക്കാര്‍ എന്നെ..."
"താന്‍ പേടിക്കണ്ടെടോ, വലിഞ്ഞ് കേറി വരുന്നവന്‍ ഏത് പരനാറിയാണെങ്കിലും താലപ്പൊലിയുമായി എതിരേല്‍ക്കുന്നതാണ് എന്‍റെ പാരമ്പര്യം. ത്രേസ്യാ നീ വേണം ഇവന്‍റെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍"
ഉത്തരത്തിന് കാക്കാതെ തിരക്കിട്ട് പോയ മൊതലാളി, നേരമിരുട്ടിയിട്ടാണ് തിരിച്ചെത്തിയത്.
"തന്ത്രിയാണ് വിളിപ്പിച്ചത്. അപ്പുക്കുട്ടന് പകരം അശോകനെ പ്രസിഡന്‍റ് ആക്കാനാണ്, ചെങ്കോട്ടക്കാരുടെ നീക്കം. പ്രസിഡന്റിനെ മാറ്റുന്നൊരു കീഴ്‌വഴക്കം നമ്മുടെ കാവിനില്ല. ആ നീക്കത്തെ ഞാന്‍ ശക്തമായി എതിര്‍ത്തു. അവസാനം ഒരൊത്തുതീര്‍പ്പെന്ന നിലയില്‍, ഒരിടക്കാല പൂരത്തിന് ധാരണയായി."
"നന്നായി മൊതലാളി, ആ അശോകന് അങ്ങിനെ തന്നെ വേണം. ഇടക്കാല പൂരത്തില്‍ നമ്മള്‍ ജയിക്കും"
"എങ്ങിനെ ജയിക്കും? എന്താണ് എന്‍റെ കുറവ്? നിന്‍റെ അഭിപ്രായം പറയൂ."
അപ്പുകുട്ടന് ഇതൊരു പുതിയ അനുഭവമാണ്. തറവാട്ട് കാരണവരെ വിലയിരുത്തുന്നത് കടുത്ത അച്ചടക്കലംഘനമല്ലേ. താത്വികമായ ചില അവലോകനങ്ങള്‍ ചെങ്കോട്ടയിലും നടത്താറുണ്ട്. പക്ഷെ അതൊന്നും ചെങ്കോട്ട തറവാടിനെ കുറിച്ചോ, തമ്പ്രാനെ കുറിച്ചോ ആയിരുന്നില്ല. ദൂരദേശങ്ങളില്‍ ചെങ്കോട്ട തറവാടില്‍ നിന്നു സംബന്ധം ചെയ്ത ചില പ്രമാണി കുടുംബങ്ങളുണ്ട്, അവരെ കുറിച്ചാണ്. അവര്‍ക്ക് പറ്റിയ പ്രശ്നങ്ങള്‍ ഊഹിച്ച്, അതിനെ കുറിച്ച് കൂലങ്കഷമായി ചിന്തിച്ച്, പോംവഴികള്‍ കണ്ടെത്തും. പക്ഷെ ഇവിടെ അതൊന്നുമല്ല സീന്‍, നേരെ മുന്‍പില്‍ നില്‍ക്കുകയാണ് കുഞ്ഞാണ്ടി മൊതലാളി, പറയേണ്ടത് അങ്ങേരെ കുറിച്ചുള്ള കുറ്റങ്ങളും. മനസ് വായിച്ചെടുത്ത പോലെ, ഒരു ഗ്ലാസ്‌ വെള്ളം ത്രേസ്യാ മുന്നോട്ട് നീട്ടി. ഒരു വലിക്ക് തീര്‍ത്തിട്ട്, രണ്ടും കല്‍പ്പിച്ച് ഒരു കാച്ചാ കാച്ചി.
"അധകൃത വര്‍ഗ്ഗത്തെ പ്രതിനിധികരീക്കുന്നില്ലെന്നുള്ളതാണ് നെട്ടോട്ടക്കാരുടെ ഏറ്റവും വലിയ പിഴവ്"
"എന്ന് വെച്ചാല്‍? മനുഷ്യര്‍ക്ക്‌ മനസിലാവുന്ന ഭാഷയില്‍ പറ"
"എന്ന് വെച്ചാല്‍ മൊതലാളിയുടെ കൂടെയുള്ളവര്‍ മുഴുവന്‍ കള്ളപ്പണക്കാരും, പെണ്ണ് പിടിത്തക്കാരും, കഞ്ചാവ് കച്ചവടക്കാരുമാണെന്ന്"
"അങ്ങിനെയാണോ?"
"അല്ല അത്... പിന്നെ.. ശെരിക്കും അങ്ങിനെയല്ല, പക്ഷെ അങ്ങിനെയാണ് നാട്ടുകാര്‍ വിചാരിച്ചിരിക്കുന്നത്‌"
"ഹും... എന്താ ഇപ്പൊ ചെയ്യുക?"
"ആദ്യം മുതലാളി ഈ തിളങ്ങുന്ന ജുബ്ബയും, സ്വര്‍ണ്ണ ചെയിനുമൊക്കെ മാറ്റണം. കാശിത്തിരി കൂടുതല്‍ കൊടുത്താല്‍ നല്ല കീറിയ, പിഞ്ഞിപറിഞ്ഞ ഷര്‍ട്ടുകള്‍ പട്ടണത്തില്‍ കിട്ടും. പൂരം കഴിയും വരെയെങ്കിലും അത് വേണമിടാന്‍"
"ഇതൊന്നും ചെയ്യാതെയല്ലെടോ മുന്‍പ് പലവട്ടം ഞങ്ങള്‍ ജയിച്ചിട്ടുള്ളത്?"
"അഞ്ച് വര്‍ഷത്തിനൊടുവില്‍ നടക്കുന്ന പൂരം പോലെയല്ല മൊതലാളി ഇത്. കഴിഞ്ഞ ജയങ്ങളെല്ലാം ചെങ്കോട്ടക്കാരുടെ പരാജയങ്ങളായിരുന്നുവെന്നതാണ് സത്യം"
"മുഴുവനങ്ങിട് മനസ്സിലായില്ല, എന്നാലും പറഞ്ഞതില്‍ കുറച്ച് കാര്യമുണ്ട്. ആട്ടെ ഇത്തരം ഷര്‍ട്ടുകള്‍ എവിടെ കിട്ടുമെന്നാണ്‌ പറഞ്ഞത്?"
"ടൌണില്‍ പോയി ഫാബ് ഇന്ത്യ ചോദിച്ചാല്‍ മതി, ആരും കാണിച്ച് തരും. മുന്തിയ കടയാണ്"
"ഞാനൊരു ഷര്‍ട്ടിട്ടാല്‍ തീരാവുന്നതേയുള്ളൂവെങ്കില്‍ അതിലിനി കടുപിടിത്തം പിടിക്കുന്നില്ല, പോരെ?"
"പോരാ, മൊതലാളിയുടെ പടത്തലവനും വേണമൊരു ദരിദ്രവാസി ലുക്ക്‌, അതായത് നമ്മുടെ അടുത്ത പ്രസിഡന്റിന്"
"അപ്പുകുട്ടാ അങ്ങിനെയൊരുത്തന്‍ ജയിച്ചിട്ട്, നമുക്കെന്ത് കാര്യം?"
"മൊതലാളി അവനെ വെറുതെ മുന്നില്‍ നിര്‍ത്താന്‍ വേണ്ടിയാണ്. പണ്ട് അര്‍ജുനന്‍ ...."
"മഹാഭാരതമൊക്കെ ഞാനും വായിച്ചിട്ടുണ്ട്, അതിനി നീ ഇവിടെ വിളമ്പേണ്ട. ഇനിയൊരു ദരിദ്രവാസിയെ ഞാനെവിടെ നിന്നൊപ്പിക്കാന്‍? എന്‍റെ കൂടെ നില്‍ക്കുന്നവരെയൊക്കെ ഞാന്‍ സമ്പന്നരാക്കി കഴിഞ്ഞല്ലോ"
"അതത്ര പാടുള്ള കേസല്ല മൊതലാളി. ആകെ വേണ്ട ഗുണം, ഒരു ഗുണവും പാടില്ലെന്നത് മാത്രമാണ്."
"ഓ എന്‍റെ തലയാകെ പെരുക്കുന്നു. ഒരു കാര്യം ചെയ്യാം‌. ഇത്തവണ നീ തന്നെ നയിക്ക് പട. ജയിച്ചാല്‍ നീ പ്രസിഡന്‍റ്."


അങ്ങിനെയാണ് അപ്പുകുട്ടനും അശോകനും തമ്മിലുള്ള പോരിന് പൂരം വേദിയായത്. പരസ്‌പരം അവര്‍ അറിയുന്ന പോലെ, അവരെ മറ്റാര്‍ക്കും അറിയില്ല. രണ്ട് പേരുടെയും കളരിയും ആയുധങ്ങളും മുറകളും എല്ലാം ഒന്ന് തന്നെ, തെറിവിളി. രണ്ട് കൂട്ടരും പരസ്പരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞപ്പോള്‍, ജനം ചെവിയും മൂക്കും പൊത്തിയോടി. എങ്ങിനെയും എതിരാളിയെ മലര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടയില്‍ പല രഹസ്യങ്ങളും അങ്ങാടി പാട്ടായി. ഈ കൂട്ടതല്ലില്‍ ഏറ്റവും പരിക്ക് പറ്റിയത് രണ്ടിടത്തെയും കാരണവന്മാര്‍ക്കായിരുന്നു. പതിവ് പോലെ കുറ്റവും കുറവും തൂക്കി നോക്കാന്‍ ത്രാസ്സുമായി ഇറങ്ങിയ ജനങ്ങളാണ് കുഴങ്ങിയത്, ഇത്തവണ രണ്ട് കൂട്ടരും കട്ടക്ക് കട്ട. അപ്പുക്കുട്ടന്‍ ഒറ്റുകാരനും, അശോകന്‍ അടിമയായും ചിത്രീകരിക്കപ്പെട്ടു. നെട്ടോട്ടക്കാര്‍ അഴിമതിക്കാരും സ്വജനപക്ഷപാതക്കാരും ആയപ്പോള്‍, ചെങ്കോട്ടക്കാര്‍ വിക്രമന്‍റെ അക്രമഗുണ്ടകള്‍ മാത്രമായി.


ഇത്തവണ പൂരത്തിന്, പ്രത്യേകിച്ച് കിണറ്റിന്‍ കരയില്‍ പതിവ് തിരക്ക് ഉണ്ടായിരുന്നില്ല. അപ്പുക്കുട്ടനും അശോകനും കൊട്ടികലാശത്തിന്‍റെ മുറുകലില്‍, അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. രണ്ട് പേരും അവരുടെ സില്‍ബന്ധികളും രാവിലെ തന്നെ കിണറ്റിന്‍ കരയിലെത്തി ചങ്ക് പൊട്ടി പ്രാര്‍ത്ഥിച്ചു. അപ്പുക്കുട്ടന്‍ കയില്ലുണ്ടായിരുന്ന സകലതും കാണിക്കയായി സമര്‍പ്പിച്ചു, തരം കിട്ടുമ്പോഴൊക്കെ കിണറ്റിന്‍ കരയിലെത്തി വീണ്ടും വീണ്ടും മൂദേവിയോട് കേണപേക്ഷിച്ചു. രണ്ട് കൂട്ടരുമല്ലാത്ത ഭൂരിപക്ഷം വരുന്ന ജനങ്ങളും, ഉച്ചയോട് കൂടിയാണ് കിണറ്റിന്‍ കരയിലേക്ക് എത്തി ചേര്‍ന്നത്‌. ആരെ തിരഞ്ഞെടുക്കണമെന്ന് അറിയാത്തവര്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചു.
"എന്‍റെ മൂദേവി, ഞങ്ങളെയും നിന്നെയും നീ തന്നെ കാത്തോളണമേ... എല്ലാം അറിയുന്ന നീ തന്നെ തീരുമാനിക്കൂ, എന്‍റെ പക്ഷം"


സന്ധ്യ മയങ്ങി, ആചാരപ്രകാരം പട്ടുടുപ്പിച്ചു കിണര്‍ മറച്ചു. അപ്പുകുട്ടന്‍ എന്തോ ഭയക്കുന്ന പോലെ, കിണര്‍ വിട്ട് പോവാന്‍ അവന്‍ തയ്യാറല്ലായിരുന്നു. അങ്ങിനെ ആദ്യമായി അപ്പുകുട്ടന്‍റെ നേതൃത്വത്തില്‍ നെട്ടോട്ടക്കാര്‍ രാത്രിയില്‍ കിണറിന് കാവലിരുന്നു. അപ്പുകുട്ടന് കാവലായി അശോകനും കൂട്ടരുമിരുന്നു. നേരം വെളുത്തു, ജനങ്ങള്‍ കൂട്ടം കൂട്ടമായി പൂര പറമ്പിലേക്ക് എത്തിതുടങ്ങി. സാധാരണ രണ്ട് കുടുംബക്കാരുടെയും ആശ്രിതസംഘം മാത്രമേ, പിറ്റേന്ന് രാവിലേ എത്താറുള്ളൂ. തന്ത്രിയെത്തി, പൂജ തുടങ്ങി. അപ്പുക്കുട്ടനും അശോകനും ആകാംഷയുടെ മുള്‍മുനയിലാണ്. കാരണവന്മാര്‍ രണ്ട് പേരും ഇതിലൊന്നും വലിയ താല്പര്യമില്ലെന്ന വ്യാജേന, അല്‍പ്പം മാറി കാറില്‍ തന്നെ ഇരുന്നു. തന്ത്രിയുടെ ജപോച്ചാരണവും അവിടെ കൂടിയിരിക്കുന്നവരുടെ ഹൃദയമിടിപ്പും ഉച്ചസ്ഥായിലായി. തോറ്റാലും കൊഴപ്പമില്ല, പെട്ടെന്നോന്ന് അറിഞ്ഞാല്‍ മതിയായിരുന്നു എന്ന നിലയിലാണ് അപ്പുകുട്ടനും അശോകനും.


ഉദ്യോഗം നിറഞ്ഞ കുറെ നിമിഷങ്ങള്‍ക്കവസാനം തന്ത്രി പൂജ നിര്‍ത്തിയെണീറ്റു. കിണറിന് ചുറ്റും തീര്‍ത്ത മനുഷ്യചങ്ങലക്കകത്തേക്ക് അപ്പുക്കുട്ടനെയും അശോകനെയും മാത്രം കേറ്റി. പെട്ടെന്ന്‍ മൂദേവിയുടെ വെളിപാട് കൊണ്ടെന്നവണ്ണം ഉറഞ്ഞുതുള്ളിയ അശോകന്‍ ആര്‍ത്ത് വിളിച്ചു.
"പട്ട്, പട്ട്, വീരാളി പട്ട്... പട്ട് തുറന്നപ്പോള്‍ അപ്പുക്കുട്ടന്‍ പൊട്ടിയേ..."
ചെങ്കോട്ട അണികളും, പുറകില്‍ നില്‍ക്കുന്നവരും അതേറ്റു വിളിച്ചു. ജയ്‌ വിളി കേട്ട വിക്രമന്‍ തമ്പ്രാന്‍ കാറില്‍ നിന്ന് ചാടിയെറങ്ങി. അപ്പോഴേക്കും കുഞ്ഞാണ്ടി മൊതലാളിയുടെ വണ്ടി പതിയെ മുന്നോട്ട് നീങ്ങി തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായ ഈ അക്രമണത്തില്‍ അപ്പുകുട്ടന്‍ ഒന്ന് പകച്ചെങ്കിലും, പെട്ടെന്ന് തന്നെ മനസാന്നിദ്ധ്യം വീണ്ടെടുത്തു. മൂദേവിയെന്താ അശോകന്‍റെ തറവാട്ട് സ്വത്തോ? വൈകിയില്ല അപ്പുക്കുട്ടനും ആവാഹിച്ചു മൂദേവിയെ. ആകാശത്തേക്ക് മുഷ്ടി ചുരുട്ടി കൊണ്ട് അപ്പുക്കുട്ടനും വിളിച്ചു.
"വിടരട്ടങ്ങിനെ വിടരട്ടെ.. നീലത്താമര വിടരട്ടെ...
തോറ്റിട്ടില്ല, തോറ്റിട്ടില്ല... തോറ്റ ചരിത്രം കേട്ടിട്ടില്ല..."
ഇത്തവണയും നേരത്തെ അശോകന്‍റെ കൂടെ വിളിച്ചവര്‍ തന്നെ നെട്ടോട്ടക്കാരുടെ കൂടെയും കൂടി മുദ്രാവാക്യം ഏറ്റു വിളിച്ചു. പുതിയ മുദ്രാവാക്യം കേട്ട് കുഞ്ഞാണ്ടി മൊതലാളി വണ്ടി റിവേര്‍സ്‌ ഗിയറില്‍ ഇട്ടപ്പോഴേക്കും, വിക്രമന്‍ തമ്പ്രാന്‍ കാറിനുള്ളില്‍ കേറി കഴിഞ്ഞിരുന്നു.


ഇനിയും ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈ വിട്ടു പോകുമെന്ന് മനസിലാക്കിയ തന്ത്രി രണ്ടു കൂട്ടരോടും അടങ്ങി നില്‍ക്കാന്‍ ആജ്ഞാപിച്ചു. എന്തൊക്കെയോ ഉരുവിട്ട് കൊണ്ട് കിണറിനടുത്തേക്കെത്തിയ തന്ത്രി, ഒറ്റ വലിക്ക് പട്ട് പറിച്ച് മാറ്റി. അപ്പുകുട്ടനും അശോകനും ചാടി വീണു. രണ്ട് പേരും കിണറിന്‍റെ താഴേക്ക് നോക്കി, അന്തം വിട്ട് ആകാശത്തേക്ക് നോക്കി, വിശ്വാസം വരാത്തയെന്നവണ്ണം വീണ്ടും കിണറ്റിലേക്ക് നോക്കി, പരസ്പരം മുഖത്തോട് മുഖം നോക്കി, നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി, പിറുപിറുത്തു കൊണ്ട് തലതല്ലി, അവസാനം ദയനീയമായി തന്ത്രിയെ നോക്കി. തന്ത്രി രണ്ട് പേരോടും കൂടിയെന്തോ അടക്കം പറഞ്ഞു. അത് കേട്ടതോടെ രണ്ടാളും തലക്ക് കൈ കൊടുത്തു നിലത്തിരുന്നു.


സ്തബ്ധരായ ജനം അവരുടേതായ നിഗമനങ്ങളിലെത്തി. പൂ വിരിയാത്തതിന് പ്രധാന കാരണം, പതിവ് തെറ്റി വന്ന ഈ ഇടക്കാല പൂരം തന്നെയെന്ന് എല്ലാവരും ഉറപ്പിച്ചു. തന്ത്രിയോടായിരുന്നു ജനരോക്ഷം അധികവും‍. അക്ഷമരായ ജനകൂട്ടത്തെ പിടിച്ച് നിര്‍ത്താന്‍ മനുഷ്യചങ്ങലയിലെ കണ്ണികള്‍ നന്നേ പ്രയാസപ്പെട്ടു. പക്ഷെ തന്ത്രി ഈ ഭർത്സനങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. തന്ത്രിയുടെ കണ്ണുകള്‍ ഇളകിമറിയുന്ന ജനകൂട്ടത്തിലാരെയോ തിരയുകയാണ്. പെട്ടെന്നാണ് തന്ത്രി കൂട്ടത്തില്‍ നിന്ന് ഗോപാലനെ വലിച്ച് കിണറ്റിന്‍ കരയിലേക്കെറിഞ്ഞത്. ഗോപാലന് കാര്യം മനസ്സിലാവുന്നതിനെ മുന്‍പേ സംഗതി പുടികിട്ടിയ ജനക്കൂട്ടം, ചങ്ങലകണ്ണികളോടൊപ്പം അങ്ങോട്ടേക്ക് ആര്‍ത്തിരമ്പി. കണ്ണുകളെ വിശ്വസിക്കാനാവാതെ തല കറങ്ങി വീണതാണോ... അതോ ആ തള്ളിലും തിരക്കിലും പെട്ട് വീണു പോയതാണോ... അറിയില്ല. എന്തായാലും ഫയര്‍ എന്‍ജിന്‍ വന്ന് കിണറ്റില്‍ നിന്ന്‌ പൊക്കിയെടുക്കുമ്പോള്‍ ഗോപാലന്‍റെ കയ്യില്‍, വിരിഞ്ഞൊരു ചെന്താമാരയുണ്ടായിരുന്നു.



ഒറിജിനല്‍ കോലം

Comments

  1. നന്നായി അവതരിപ്പിച്ചു

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും പ്രോത്സാഹനത്തിനും നന്ദി റൈഹാന

      Delete
  2. കഥയിലെ ആക്ഷേപഹാസ്യം കുറിക്കുകൊള്ളുന്നതാണ്. കാലത്തിന്റെ ദുർനടപ്പുകളെ നന്നായി വരച്ചിട്ടു. എന്നാൽ ഇത്രയധികം പരത്തിപ്പറയുന്നത് വായനക്കാരന്റെ ഏകാഗ്രതയെ ചിതറിച്ചു കളയും.

    ReplyDelete
    Replies
    1. വിശദമായ വായനക്കും, കൃത്യമായ നിര്‍ദേശത്തിനും നന്ദി നാസ്സര്‍. പരത്തിപറയുക എന്നത് മനപ്പൂര്‍വ്വമായ ഒരു ശ്രമമായിരുന്നില്ല, ചെറിയ വാക്കുകളില്‍ കാര്യം പറയാനുള്ള എന്‍റെ കഴിവ്കേട് കൊണ്ട് അങ്ങിനെ സംഭവിച്ച്‌ പോവുന്നതാണ്. സമയം കിട്ടുന്നതനുസരിച്ച് ഇതിലെ കുറെ ഭാഗങ്ങള്‍ എടുത്ത് കളയണം.

      Delete
  3. ഒരു കാര്യം ചോദിക്കാൻ വിട്ടു. കഥയുടെ അവസാനം നടത്തിയ പ്രവചനം, 'വെണ്ണപ്പുഴക്കര'യിൽ നിന്നും കിട്ടിയ വല്ല 'രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടി'ന്റെയും അടിസ്ഥാനത്തിലായിരുന്നോ? :) :)

    ReplyDelete
    Replies
    1. ഹ ഹ ഹാ. ഒരു റിപ്പോര്‍ട്ടിന്‍റെയും പിന്‍ബലമില്ല, വെറുതെ ഒരാഗ്രഹം പറഞ്ഞെന്നേയുള്ളൂ നാസര്‍ . ചെന്താമരക്കാരുടെ ഇഷ്ടദേവത മൂദേവിയാണെന്നറിയാഞ്ഞിട്ടല്ല, കുഞ്ഞാണ്ടിക്കും വിക്രമനും ഒരു ഷോക്ക്‌ ട്രീറ്റ്മെന്‍റ് കിട്ടേണ്ട സമയം അതിക്രമിച്ചു. ആദ്യമായും അവസാനമായും ഒന്ന് വിരിഞ്ഞാല്‍ മതി, കൊറേയൊക്കെ നന്നാവുമെന്നാണ് വിശ്വാസം. നാസറിന് എന്ത് തോന്നുന്നു, ഏതു പൂ വിരിയും?

      Delete
    2. എനിക്കാകെ ഇഷ്ടമുള്ളത് മുല്ലപ്പൂവാണ്. അതങ്ങ് കിഴക്കൂന്ന് വിരിഞ്ഞ് വിരിഞ്ഞ് വരുമ്പോഴേക്കും നമ്മുടെയൊക്കെ കാലം കഴിയുമെന്നാ തോന്നുന്നെ. :(

      Delete
    3. മുല്ലപൂമൊട്ടില്‍ അരാഷ്ട്രീയകീടനാശിനി തളിക്കും, ഇവിടത്തെ കക്ഷിരാഷ്രീയക്കാര്‍ . മണമില്ലാത്ത മുല്ലപൂ ആരെ ആകര്‍ഷിക്കാന്‍! നമ്മുടെ നാട്ടില്‍ അങ്ങിനെ ഒരു മുന്നേറ്റത്തിന് പ്രസക്തിയുണ്ടോ? അറിയില്ല. കക്ഷിരാഷ്ട്രീയത്തിനും മതചിന്തകള്‍ക്കും അതീതമായി സമൂഹത്തിന്‍റെ പൊതുവായ പ്രശ്നങ്ങളില്‍ (അഴിമതി, വികസനം, സാമൂഹ്യ സുരക്ഷ...) സജീവമായി ഇടപെടുന്ന ഒരു മുന്നേറ്റം ഉണ്ടായാല്‍ മതിയായിരുന്നു. ഏതെങ്കിലും ഒരുത്തന്‍ നന്നായാല്‍ എല്ലാരും നന്നാവും എന്നാണ് എനിക്ക് തോന്നുന്നത്, ഇത് നിലനില്‍പ്പിന്റെ കൂടി പ്രശ്നമാണല്ലോ. എപ്പോ എങ്ങിനെ ഒന്നും അറിയില്ല. അഭിപ്രായങ്ങള്‍ക്ക് നന്ദി നാസര്‍

      Delete
  4. വേറേ ഏതേലും പൂവീരിഞ്ഞാ നന്നായിരുന്നേനെ..... എന്ത് ചെയ്യാനാ , ആകെപ്പാടെ മൂന്ന് പൂവല്ലേയുള്ളു. നല്ല ആക്ഷേപഹാസ്യം... പക്ഷേ കൊറച്ചൂടി ആറ്റിക്കുറുക്കക

    ReplyDelete
    Replies
    1. ഇത് തന്നെ ഒടുക്കത്തെ അത്യാഗ്രഹം ആണ്, പിന്നല്ലേ വേറൊന്ന് :) വെട്ടിനിരത്താനുണ്ട് സമയം കിട്ടുമ്പോള്‍ ചെയ്യാം. അതിനു കാത്തു നിന്നാല്‍ ചിലപ്പോള്‍ പൂരം തീര്‍ന്നു പോവുമെന്ന് തോന്നിയത് കൊണ്ടാണ്, ഇക്കോലത്തില്‍ തന്നെ പൂശിയത്.

      Delete
  5. ഹ ..ഹ..റോഷന്‍..സംഭവം കലക്കി ട്ടോ. പൊതുവേയുള്ള ആക്ഷേപ ഹാസ്യങ്ങള്‍ക്ക് ഇല്ലാത്ത ഒരു പ്രത്യേകത ഇതിനുണ്ട്. അത് മറ്റൊന്നുമല്ല, ഇത് തികഞ്ഞും ആനുകാലിക രാഷ്ട്രീയ പ്രസക്തിയുള്ള ഒരു വിഷയമാണ് എന്നതും , അത് അശോക- അപ്പുക്കുട്ടന്‍ ഫ്രെയ്മില്‍ വളരെ ഭംഗിയായി നെയ്തെടുത്തിരിക്കുന്നു എന്നതുമാണ്‌.

    എന്തിനെയും ഏതിനെയും വിവാദമാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആണ് പലരും. ഈ ആക്ഷേപ ഹാസ്യത്തിലും അത്തരം ഒരു വലിയ സംഭവം ഉറങ്ങിക്കിടക്കുന്നുണ്ട് ..അത് ക്ലൈമാക്സില്‍ വരെ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്തിരിക്കുന്നു. എന്തായാലും ഞാന്‍ ആയിട്ട് അതിനു തുടക്കമിടുന്നില്ല. കാരണം ഞാന്‍ ഈ എഴുത്തിന്റെ എല്ലാ നര്‍മ മുഹൂര്‍ത്തങ്ങളും ഉള്‍ക്കൊണ്ടു കൊണ്ട് തന്നെയാണ് വിലയിരുത്തുന്നത്.

    ഇത്തരം ഒരു ആക്ഷേപഹാസ്യത്മകമായ ലേഖനം തികഞ്ഞ ഔചിത്യത്തോടെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ ..ആശംസകള്‍..വീണ്ടും കാണാം..

    ReplyDelete
    Replies
    1. വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി പ്രവീണ്‍
      എങ്ങിനെയും ഒരു വിവാദമുണ്ടാക്കി ആളാവുക തന്നെയായിരുന്നു ഇതിന് പിന്നിലെയും ഉദ്ധേശം. എന്ത് ചെയ്യാന്‍ ആരും കൊത്തിയില്ല :)

      Delete
  6. പൂ വിരിഞ്ഞു .ചിരിച്ചു ,കുറെ പരിചയമുള്ള പൂക്കള്‍ ,വെടിയുണ്ട വിരിയണം എന്ന് പറയും ചിലര്‍ .അത് പോലെ ഒരാഗ്രഹമല്ലേ ഇതും .ഏതായാലും ആക്ഷേപ ഹാസ്യം നാന്നായി .പക്ഷെ ഇത്തരം ഹാസ്യത്തിന് ഒരു കുഴപ്പമുണ്ട് ,പ്പൂക്കാലം കഴിയുമ്പോഴേക്കും എടുത്തു കളയേണ്ടി വരും .

    ReplyDelete
  7. ഒരു കാര്യം പറയാന്‍ വിട്ടു ,ഈ കറുത്ത ബാക്ക ഗ്രൌണ്ട് കണ്ണിനു വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നു .മാറ്റിയാല്‍ നന്നായിരുന്നു

    ReplyDelete
  8. ഇതിപ്പോഴാ കാണുന്നത്..പറയാനുള്ളത് നാസർ പറഞ്ഞു..

    ReplyDelete
  9. ആക്ഷേപ ഹാസ്യം കൊള്ളം, നന്നായി അവതരിപ്പിച്ചു,വീണ്ടും എഴുതുക റോഷന്‍, ആശംസകള്‍!!!

    ReplyDelete

Post a Comment

Popular posts from this blog

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0

Recently we upgraded our Web Application Server to Windows Server 2008. After this, crystal reports in the VS2005 applications failed to load. This is because VS 2005 applications were using crystal report version 10.2.3600.0 which we can't install in Windows Server 2008. In the new server we can only install the crystal report version 10.5.3700.0. I had to follow the below steps to resolve this issue. Downloaded and installed new version of crystal report from the page below. http://wiki.sdn.sap.com/wiki/pages/viewpage.action?pageId=56787567 Changed versions(10.2.3600.0 to 10.5.3700.0) in Web.Config and report viewer pages We removed all the crystal report reference from the project and tried to refer the new versions. But new versions were not displayed in the list. So I decided to take a local copy of these dlls and refer them. To do this run the below command( as Admin ) regsvr32 -u C:\WINDOWS\Microsoft.NET\Framework\v2.0.50727\shfusion.dll The above command will help you

ഗുരു ദേവോ ഭവ:

ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.  ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം

Timeout expired. The timeout period elapsed prior to completion of the operation or the server is not responding.

I was getting timeout error while executing a stored procedure from the web application. But this stored procedure is executing within a second while running from SQL management studio. This issue can happen when database's statistics and/query plan cache are incorrect. This can be resolved by updating statistics by executing  exec sp_updatestats Error: Timeout expired.  The timeout period elapsed prior to completion of the operation or the server is not responding. Solution:  exec sp_updatestats If issue didn't resolve even after executing above this, you may need to optimize the query.