ഇനി മരിക്കാം


എഴുതിയത് :  അബ്ദുള്‍ ഹലീം 


AKMG - ഗള്‍ഫില്‍ കുടിയേറിയ കേരളത്തില്‍ നിന്നുള്ള അപ്പോത്തിക്കരിമാരുടെ കൂട്ടായ്മയാണ്. പ്രവേശനപരീക്ഷയുടെ മാനദഢങ്ങള്‍ വച്ച് നോക്കിയാല്‍ ബുദ്ധിരാക്ഷസന്മാര്‍ . അഥവാ പഠനത്തിലിത്തിരി പുറകോട്ട് പോയെങ്കില്‍ പണകിഴിയെറിഞ്ഞു കുറവ് പരിഹരിച്ചവരും കൂട്ടത്തിലുണ്ടെന്നത് മറക്കുന്നില്ല.അസോസിയേഷന്‍റെ സംഗമം നടക്കാന്‍ പോകുന്നു. ലോകത്തിന്ന് വരെ ഉണ്ടായതില്‍ വച്ചേറ്റവും ചിലവേറിയ ഉദ്ഘാടനമാമാങ്കം നടത്തി പെരുമ നേടിയ ഹോട്ടല്‍ അറ്റ്‌ലാന്റിസാണ് വേദി. സപ്തനക്ഷത്രഖചിതമായി, സപ്തര്‍ഷികളെക്കാള്‍ പ്രസിദ്ധി നേടിയ ഇടം. കടല്‍ നികത്തിയുണ്ടാക്കിയ പനയോലയില്‍ പടുത്തുയര്‍ത്തിയ പണകൊഴുപ്പിന്‍റെ പ്രതീകം.


അപ്പോത്തിക്കരിമാര്‍ ആളുകളുടെ മാറും വയറും പിളര്‍ന്ന് കരള്‍ പറിച്ചെടുത്ത് കാശുണ്ടാക്കുന്നവരാണെന്ന് ഒരപഖ്യാതിയുണ്ട്. അതിനൊരറുതി വരുത്താനുള്ള എളുപ്പവഴി തങ്ങള്‍ കലാഹൃദയമുള്ളവരാണെന്ന് തെളിയിക്കുകയാണ്. അതുകൊണ്ട് സംഘടനയുടെ ഉപഘടകങ്ങള്‍ തമ്മില്‍ കലാമത്സരം തന്നെ നടത്തികളയാം എന്നായി. മത്സരത്തില്‍ വിജയിക്കുന്ന ഘടകത്തിന് സ്വര്‍ണ്ണത്തെക്കാള്‍ തിളക്കമാര്‍ന്ന 'ഗപ്പ്' സമ്മാനം!


മൊത്തമായും ചില്ലറയായും വിവിധതരം കലകളെ ഉപാസിച്ച് വശത്താക്കി വെച്ചിരിക്കുന്ന വെളിച്ചപാടുകള്‍ ഒത്ത് കൂടി. മനസ്സിലുറഞ്ഞു കിടന്ന കലയുടെ തെയ്യങ്ങള്‍ കണ്‍‌തുറന്നു. മാമാങ്കത്തിന് അരങ്ങത്താടേണ്ട തെയ്യകോലങ്ങളെ തീരുമാനിക്കണം. കരിക്കോലങ്ങള്‍ മുതല്‍ തീചാമുണ്ടി വരെയുള്ള തെയ്യങ്ങളുടെ ധാരാളിത്തത്തില്‍, ഒത്തുകൂടിയ കാരണവന്മാരുടെ മനം കുളിര്‍ത്തു. പുലരുവോളം നീണ്ടാലും ആടിതീര്‍ക്കാന്‍ വയ്യാത്തത്രയും വേഷങ്ങള്‍ പക്ഷെ, പൂത്തിരിയായി എരിഞ്ഞു തീരണമെന്നാണുഗ്രശാസനം. ആലിബാബയും ആയിരത്തൊന്ന് രാത്രികളും, മഹാഭാരതവും രണ്ടാമൂഴവും, പ്രകൃതിയും പ്രത്യയശാസ്ത്രവും(മാര്‍ക്സിസ്റ്റ്‌ കുത്തകയാണെന്നറിയാതെയല്ല ഒരൊറ്റയാമത്തിനു വേണ്ടിയാണെന്നത് കൊണ്ട് ക്ഷമിക്കുമെന്നോര്‍ത്താണ്) ഒക്കെ ചര്‍ച്ചയുടെ ചുഴിയില്‍ പെട്ടുഴറി (ചര്‍ച്ചന്ന്യെ... ചര്‍ച്ചന്ന്യെ ചര്‍ച്ചന്ന്യെ ചര്‍ച്ച!) 


യാമങ്ങള്‍ക്ക് പുറമേ യാമങ്ങളും രാത്രികള്‍ക്ക് പുറകെ രാത്രികളും വാരങ്ങളായി പരിണമിച്ച് കൊണ്ടിരുന്നു. വേഷങ്ങളായ വേഷങ്ങള്‍ക്കൊക്കെ ഇല്ലാകളങ്കങ്ങള്‍ കണ്ടെത്തിയ അഴകിയ രാവണന്‍ ഒടുവില്‍ മാത്രം മനസ് തുറന്നു - "ഞാനൊരു കഥ പറയാം" !


അമ്പിളിമാമനെ വേണമെന്ന് വാശി പിടിക്കുന്ന മനസ്സായിരുന്നു അഴകിയ രാവണന്‍റെത്. കൊച്ചീപ്പന്‍ തരകന്റെ മറിയാമ്മ നാടകത്തിന് ശേഷം അവധിക്കാല രാത്രികളില്‍ ഗ്രാമാന്തരങ്ങളിലെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലരങ്ങേറിയ പൈങ്കിളി നാടകത്തിലുടക്കിപോയ മനസ്സ്. വാശി പിടിച്ച് നിന്ന കുട്ടിമനസ്സിന് മുകളില്‍ ചര്‍ച്ചകളത്രയും വഴി മുട്ടിയപ്പോള്‍ കാരണവന്മാര്‍ വഴങ്ങി. രചന സംവിധാനം(അലി), അഭിനയം കല(കൊന്നനാട്ട്), മേക്കപ്പ്(മണി), രംഗസന്ജ്ജീകരണം, ശബ്ധാവിഷ്ക്കാരം തുടങ്ങി നാടകത്തിന്‍റെ സകല മേഖലകളും തനിക്ക് കരതലാമലകമാണെന്ന് കുട്ടിരാവണന്‍ ധരിച്ച് വശായി. ഈശ്വരന്‍ കലക്ക് വേണ്ടി തന്നെ സൃഷ്ട്ടിച്ചോ, അതോ തനിക്ക് വേണ്ടി കലയെ സൃഷ്ട്ടിച്ചോ എന്നതില്‍ മാത്രമേ തെല്ലെങ്കിലും സംശയമുണ്ടായിരുന്നുളളൂ.


അണ്ടിയോടടുക്കുംമ്പോഴല്ലേ മാങ്ങയുടെ പുളിയറിയുക. കേട്ടു പഠിച്ച മഹാഭാരതകഥകള്‍ കഥനം ചെയ്യുമ്പോലെ എളുപ്പമല്ല രചനാസാഹിത്യമെന്ന തിരിച്ചറിവുണ്ടായപ്പോള്‍ രാവണന്‍ ഒന്നയഞ്ഞു. കയ്യക്ഷരം തലയിലെഴുത്താക്കി മാറ്റിയെടുത്ത അപ്പോത്തിക്കരിമാര്‍ക്കിടയില്‍ പാട്പെട്ടാണെങ്കിലും വായിച്ചെടുക്കാവുന്ന വിധം കുറിപ്പടികളെഴുതുന്നയാളെ കണ്ടെത്തി. സാഹിത്യത്തില്‍ കുളിച്ച് സാഹിത്യമുണ്ട് സാഹിത്യം വിസ്സര്‍ജ്ജിച്ച് കഴിയുന്ന സാഹിത്യ ശിരോമണി.


രചന തുടങ്ങി. കണ്വാശ്രമമാണ് ഭൂമികയെന്ന് സാഹിത്യശിരോമണി പറഞ്ഞു. അതൊക്കെ നാക്കുളുക്കി കിടപ്പിലാകുന്ന സംഭവമാണെന്നും കഷ്ട്ടിച്ച് കണ്ണാശുപത്രിയെന്ന് ലളിതമായി പറയാമെന്നും അപ്പോത്തിക്കരിമാര്‍ പറഞ്ഞു. ശകുന്തള കണ്വമഹര്‍ഷിയെ പിതാവേ എന്ന് സംബോദന ചെയ്യുന്നത് ആര്‍ക്കും മനസ്സിലാകുന്നില്ലെന്നും ഡാഡി എന്ന് വിളിച്ചില്ലെങ്കില്‍ അവര്‍ തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമാകില്ലെന്നും അപ്പോത്തിക്കരണിമാര്‍ കൂട്ടമായി പറഞ്ഞു.  ബോധകേടിന്റെ വക്കിലെത്തിയ സാഹിത്യശിരോമണിയെ വെന്റിലേറ്ററില്‍ കയറ്റിയാണ് അപ്പോത്തിക്കരി സമൂഹം രക്ഷപ്പെടുത്തിയെടുത്തത്. ബില്ലിന്‍റെ വിശദാംശങ്ങള്‍ ഇവിടെ പ്രസക്തമല്ലാത്തത് കൊണ്ട് വിട്ടു കളയുന്നു. അപ്പോത്തിക്കരി സമൂഹത്തിലെ നല്ല പങ്കും പഠിച്ചിറങ്ങിയത് ആംഗലം പേശും പള്ളികൂടങ്ങളിലാണെന്നതും ഇത്തിരി മലയാലം ഫടിച്ചെടുക്കുന്നത് രഞ്ജിനി ഹരിദാസ്‌ വഴിയാണെന്നും അപ്പോഴാണ്‌ സാഹിത്യശിരോമണിക്ക് മനസ്സിലായത്‌. അടുത്തിടെയായി ഖേരലത്തിലെ ബെഹുപൂരിപസ്സവും ഇങ്ങിനെ മലയാലത്തെയും വസ്ത്രങ്ങളെയും പിച്ചിചീന്തുന്ന വികടസംസ്കാരത്തിലേക്ക് തിരിഞ്ഞത് സാഹിത്യശിരോമണിയും അറിയാതെ പോയതല്ല. തനിക്ക് മുന്‍പ് വെന്റിലേറ്ററില്‍ കിടന്നിരുന്നത് മലയാളസാഹിത്യമായിരുന്നുവെന്ന കാര്യം ശിരോമണിക്ക് പകല്‍ പോലെ വ്യക്തം ആയത് അപ്പോളാണ്.


മലയാള സാഹിത്യം വെന്റിലേറ്ററില്‍ മരിച്ചു കൊണ്ടിരിക്കുന്ന ഈ ഭൂമിമലയാളത്തില്‍ ഇനി ജീവിച്ചിരിന്നിട്ട് കാര്യമില്ലെന്ന നിഗമനത്തിലെത്തിയ ശിരോമണി ആദ്യമായി നെറ്റില്‍ കയറി. പഞ്ചനക്ഷത്ര ആശുപത്രിയിലെ വെന്റിലേറ്ററില്‍ കിടന്ന് കീശ കാലിയാവാതെ എങ്ങിനെ മരിക്കാം എന്നാ ഗവേഷണത്തിന്‍റെ ഭാഗമായാണ് ആദ്യമായി നെറ്റില്‍ കയറിയത്. സമ്പൂര്‍ണ്ണമായ മുതലാളിത്ത വ്യവസ്ഥ ഭൂമിയുടെ പഴയ അച്ചുതണ്ട് മാറ്റി കാശ് കൊണ്ടുണ്ടാക്കിയതാക്കിയ ഇക്കാലത്ത് കീശയിലെന്തെന്കിലുമില്ലാതെ പരലോകയാത്ര പോകുന്നതെങ്ങിനെ?


വേണ്ടത് കൃത്യമായി പരതുന്നതെങ്ങിനെയെന്ന അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ശിരോമണി കയ്യിലിരുന്ന ചുണ്ടെലിയുടെ ഇരു ചെള്ളകളിലും അമര്‍ത്തികൊണ്ടിരുന്നു. അതിനനുസൃതമായി മുന്നിലെ സ്ക്രീനില്‍ ചിത്രങ്ങളായും അക്ഷരങ്ങളായും പലതും തെളിഞ്ഞും ഒളിഞ്ഞും ശിരോമണിയെ അതിശയിപ്പിച്ചു. ഇടയില്‍ ശിരോമണിയെ അമ്പരപ്പിച്ച് കൊണ്ട് സുപരിചിതമായ കുറേ പേരുകള്‍. മഹാകവി ഉബൈദ്‌ മാപ്ല, വൈപ്പിന്‍ മുഹമ്മദ്‌ ബഷീര്‍ ഹസ്സന്‍... എല്ലാം ഭൂമിയുടെ അച്ചുതണ്ടിരിക്കുന്ന എടവനക്കാടെന്ന കൊച്ച് ദേശത്ത് നിന്ന്. എല്ലാ പേരുകള്‍ക്കൊപ്പവും അനുഭവങ്ങളെ ഭാവനയുടെ പട്ടുടുപ്പിച്ചൊരുക്കിയ സാഹിത്യസൃഷ്ടികള്‍. പലതും കവിതയോടടുത്ത് നില്‍ക്കുന്നവ!!


ശിരോമണിക്കൊരു കാര്യം വ്യക്തമായി. വെന്റിലേറ്ററില്‍ കിടന്ന രക്ഷപെടില്ലെന്ന് കണക്ക്കൂട്ടിയ മലയാള സാഹിത്യം വെന്റിലേറ്ററില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല എടവനക്കാട്‌ ദേശത്തെങ്കിലും അതിന്‍റെ പഴയ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുത്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആത്മഹത്യ എന്നാ ആശയം ഉപേഷിച്ച് ശിരോമണി മനസ്സമാധാനത്തോടെ മരിക്കാന്‍ കിടന്നു!

അബ്ദുള്‍ ഹലീം 

Comments

Popular posts from this blog

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

Convert Number To Words in SQL Sever

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0